Image

കേരളത്തിലുമുണ്ട് ജോർജ്ജ് ഫ്ലോയിഡുമാർ നിരവധി (ജയ്.എൻ.കെ)

Published on 29 May, 2020
കേരളത്തിലുമുണ്ട്  ജോർജ്ജ് ഫ്ലോയിഡുമാർ നിരവധി  (ജയ്.എൻ.കെ)

2016 മാസത്തിലാണ്, ശ്രീജിത് എന്ന് പേരുള്ള ഒരു 26വയസ്സ്കാരണ് പയ്യനെ മൂന്ന് പോലീസുകാർ വരാപ്പുഴ(?)യിലുള്ള വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു ആശുപത്രിയിൽ വച്ച് അവൻ മരിച്ചുപോയി. അവനെ ആദ്യം ചികിത്സിച്ച സർക്കാർ ഡോക്റ്റർ അവൻ മൂന്നാം മുറ ഏറ്റിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു, മനുഷ്യാവകാശ കമ്മീഷനും അതിന് സാക്ഷി.

ജൂലൈ 2017ലാണ് വിനായകൻ എന്ന ദളിത് പയ്യനെ അവന്റെ ഹെയർ സ്റ്റൈൽ ഇഷ്ടപെട്ടില്ല എന്ന് പറഞ്ഞ് പോലീസ് പിടിച്ചത്. രണ്ടു ദിവസത്തിന് ശേഷം അവൻ ആത്മഹത്യ ചെയ്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അവന്റെ തലയിലും നെഞ്ചിനു താഴെയുമായി പരിക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിന് ഒരാഴ്ച കഴിഞ്ഞില്ല ഫോറസ്റ്റ് ഓഫീസിൽ ഹാജരായ പട്ടിക്കാട് കാരൻ ബൈജു തന്റെ വീട്ടിൽ തൂങ്ങി മരിക്കുമ്പോൾ അയാളുടെ ദേഹത്ത് 19മുറിവുകളും ക്ഷതമേറ്റ പാടുകളും ഉണ്ടായിരുന്നു.

2017 ഒക്ടോബറിലാണെന്ന് തോന്നുന്നു, കുണ്ടറക്കാരൻ ഒരു കുഞ്ഞുമോൻ തിരുവനന്തപുരത്ത് ഒരു ആശുപത്രിയിൽ വച്ച് മരിച്ചു. അതിനൊരു ദിവസം മുമ്പാണ് അയാളെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചത്.

പെരുമ്പാവൂർ ജിഷ കൊലക്കേസിലെ യഥാർത്ഥ രക്തസാക്ഷി ജിഷയായിരുന്നില്ല, ആദ്യം പോലീസ് കസ്റ്റഡിയിലെടുത്ത സാബുവായിരുന്നു. മർദ്ദനവും അപമാനവും കൊണ്ട് തൂങ്ങി മരിച്ച സാബു.

2016 ൽ തലശ്ശേരിയിൽ ഒരു സേലംകാരൻ കാളിമുത്തു മോഷണത്തിനറസ്റ്റിലായി. അയാളെയും ലോക്കപ്പിൽ നിന്ന് പുറത്തിറക്കിയത് മരിച്ച നിലയിലാണ്. മനുഷ്യാവകാശകമ്മീഷൻ കേസ്സെടുത്തിട്ടുണ്ട്.

2016ൽ അജിതയെയും കുപ്പുരാജിനെയും ജീവനോടെ പിടിക്കുന്നതായിരുന്നു നീതിയെന്ന് പറഞ്ഞാൽ UAPA ചുമത്തിലായിരിക്കുമല്ലോ.

വണ്ടൂർ പോലീസ് സ്റ്റേഷനിൽ 2016 സെപ്റ്റംബറിൽ ലത്തീഫ് എന്ന ഡ്രൈവർ അഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയാളുടെ അറസ്റ്റ് പോലും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

2014ലാണ്, പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്ത ശ്രീജീവ് എന്ന ചെറുപ്പക്കാരൻ വിഷം കാഴ്ചാത്മഹത്യ ചെയ്‌തെന്ന് പോലീസ് അവകാശപ്പെട്ടത്. അവന്റെ ചേട്ടനെ നിങ്ങളറിയും. സെക്രട്ടേറിയറ്റിന്റെ മുമ്പിലെ നടവഴിയിൽ ഇപ്പോഴുമിരിക്കുന്ന ശ്രീജിത്ത്.

2019 ജൂൺ 12 ന് കസ്റ്റഡിയിലെടുത്ത് പതിനഞ്ചിന് അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാൻഡ് ചെയ്ത രാജ്‌കുമാർ എന്നയാൾ ആശുപത്രിയിൽ വച്ച് മരിച്ചപ്പോൾ, അയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ 22 മുറിവുകളാണ് കണ്ടെത്തിയത്. തല്ലിക്കൊല്ലുകയായിരുന്നുവെന്ന് സാരം.

2019 ഒക്ടോബറിലാണ് തൃശൂരിൽ എക്സൈസ് അറസ്റ്റ് ചെയ്ത കഞ്ചാവ് കേസിലെ പ്രതിയായ രഞ്ജിത്ത് ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിലും തലക്ക് പിന്നിലും 12ൽകൂടുതൽ ക്ഷതങ്ങൾ ഉണ്ടായിരുന്നു

2005 ലാണ് ഉദയകുമാർ ഉദയകുമാർ എന്നയാളെ ഉരുട്ടിക്കൊന്നത്. 2018 ൽ രണ്ടു പോലീസുകാർ വധശിക്ഷയ്ക് വിധിക്കപ്പെട്ടിരുന്നു , മറ്റുള്ള പ്രതികൾക്ക് തടവും പിന്നെയെന്തായി എന്നറിവില്ല.

2005ൽ കൊല്ലം ഈസ്റ് പോലീസ് സ്റ്റേഷനിൽ രാജേന്ദ്രൻ എന്ന ഒരാൾ ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ടു. രണ്ടു പോലീസ് കാർ 2014ൽ ശിക്ഷിക്കപ്പെട്ടിരുന്നു

2010ലെ ഷീലാവധക്കേസ്സിലെ പ്രതിയായ സമ്പത്ത് കസ്റ്റഡിയിൽ മരിച്ചത് മറന്നിട്ടില്ലല്ലോ?

ആനക്കൊമ്പ് കേസിൽ പ്രതിയുടെ അടിനാഭി ചവിട്ടിപ്പൊളിച്ച ഫോറെസ്റ്കാർ തൊട്ട് ലിസ്റ്റ് ഇനിയും നീളും. മുകളിൽ സൂചിപ്പിച്ച ഹതഭാഗ്യരിൽ രണ്ടോ മൂന്നോ പേരൊഴികെയാരും ക്രിമിനലുകൾ പോലുമായിരുന്നില്ല. സ്ഥിരം ക്രിമിനലുകളൊക്കെ സുഖമായി പുറത്ത് കറങ്ങുന്നുമുണ്ട് .

കഴിഞ്ഞ പതിനാറ് വര്ഷങ്ങളായി 1500 ലേറെ കസ്റ്റഡി മരണങ്ങൾ ഇന്ത്യയിലുണ്ടായി എന്നാണ് ക്രൈം റിക്കാർഡ്‌സ് ബ്യുറോയുടെ കണക്ക്.

മാനവികതവാദികളായ/ അന്യനാട്ടിലെ അനീതി കണ്ട് രോഷം കൊള്ളുന്ന നമുക്ക് ഈ മരണങ്ങളിലൊന്നും അത്ര വലിയ ഞെട്ടൽ വരാതിരുന്നത് ഈ മരണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഇല്ലാതിരുന്നതൊന്ന് കൊണ്ട് മാത്രമാണ്. അമേരിക്കയിലെ മിനിപൊളിസിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ ഒരു വിഡിയോദൃശ്യം ഉണ്ടായത് കൊണ്ടാണ് നമ്മുടെ കണ്ണീർ പൊട്ടിയൊലിച്ചു , മനസ്സ് മരവിച്ചു. അല്ലായിരുന്നുവെങ്കിൽ അത് അമേരിക്കൻ പത്രങ്ങളിലെ ഒരു ഉൾപ്പേജ് വാർത്തയായി ഒടുങ്ങിയേനെ.

ഓരോ സമയത്ത് മാധ്യമങ്ങളിൽ നിറയുന്ന കേസ്സുകൾ ചർച്ചയാവുമ്പോൾ അവന്റെ അടിനാഭി ചവിട്ടിക്കലക്കിയേക്കണമെന്നും, കോടതിക്ക് വിട്ടുകൊടുക്കാതെ എൻകൗണ്ടർ ചെയ്ത് തീർത്തുകളഞ്ഞേക്കണമെന്നും ഒരു തവണയെങ്കിലും പറയാത്തവർക്ക് മാത്രമേ ജോർജിനെയോർത്ത് കണ്ണീരൊഴുക്കാൻ അവകാശമുള്ളൂ.

മറ്റുള്ളവരുടെ, അമേരിക്കക്കാരന്റെ വൈകൃതവും വർണ്ണവെറിയും ചൂണ്ടിക്കാട്ടുന്നവർ കണ്ണാടിമുന്പിൽ നിന്ന് സ്വന്തം മുഖവും ഒന്ന് നോക്കണം. അവരുടെ വെറിയിൽ നിന്ന് അത്ര വ്യത്യസ്തമല്ല നമ്മളുമെന്ന് മനസ്സിലാവും.

 
 
കേരളത്തിലുമുണ്ട്  ജോർജ്ജ് ഫ്ലോയിഡുമാർ നിരവധി  (ജയ്.എൻ.കെ)
Join WhatsApp News
JACOB 2020-05-30 13:14:20
Please do not publish negative articles about Kerala police. The Indians living in America pretend Kerala is a perfect state in India, and only America has problems. None of them want to go back and enjoy their socialist paradise called Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക