Image

നഷ്ടമായത് ജനങ്ങള്‍ക്കായി ജീവിച്ച ഇടതുമനസ്സുള്ള സോഷ്യലിസ്റ്റിനെ; എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ നവയുഗം അനുശോചിച്ചു.

Published on 29 May, 2020
 നഷ്ടമായത് ജനങ്ങള്‍ക്കായി ജീവിച്ച ഇടതുമനസ്സുള്ള സോഷ്യലിസ്റ്റിനെ; എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ നവയുഗം അനുശോചിച്ചു.
ദമ്മാം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, രാജ്യസഭാ എം.പിയും, എഴുത്തുകാരനും, വാഗ്മിയും, മികച്ച പാര്‍ലമെന്റേറിയനും, മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

സാധാരണക്കാരായ ജനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച ഇടതുമനസ്സുള്ള ഒരു സോഷ്യലിസ്റ്റിനെയാണ് എം.പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ നാശമായതെന്ന് നവയുഗം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച അനുശോചനപ്രമേയത്തില്‍ പറഞ്ഞു.

രാഷ്ട്രീയത്തിലും, മാധ്യമ രംഗത്തും, സാമൂഹിക, സാഹിത്യ, സാംസ്‌കാരിക രംഗത്തും ഒരു യുഗത്തിന്റെ അന്ത്യമാണ് എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കേന്ദ്രമന്ത്രി, സംസ്ഥാനമന്ത്രി, എം.പി, എം.എല്‍.എ, ഇടതുമുന്നണി കണ്‍വീനര്‍, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങി ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം, എന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിയ്ക്കായി കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച നേതാവാണ്.

രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി, തത്വചിന്ത, സാഹിത്യം, യാത്രാവിവരണം എന്നിവയുള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളും, പ്രൗഢമായ ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും,  ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, സ്മൃതിചിത്രങ്ങള്‍ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം, ബുദ്ധന്റെ ചിരി തുടങ്ങിയ പ്രശസ്തമായ ഒട്ടേറെ ഗ്രന്ഥങ്ങളിലൂടെ മലയാളസാഹിത്യത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, സി. അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം, മഹാകവി ജി. സ്മാരക അവാര്‍ഡ്, കേസരി സ്മാരക അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

കേരളം കണ്ട ഏറ്റവും മികച്ച വാഗ്മിമാരില്‍ ഒരാളായിരുന്ന വീരേന്ദ്രകുമാര്‍, വിവിധ വിഷയങ്ങളെക്കുറിച്ചു നിയമനിര്‍മ്മാണസഭകളിലും പൊതുസമൂഹത്തിലും നടത്തിയ ദീര്‍ഘമായ പ്രഭാഷങ്ങള്‍ കേരള ചരിത്രത്തിന്റെ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. ഭാരതീയ തത്വചിന്തയിലുള്ള ആഴത്തിലുള്ള അറിവ്, പരന്ന വായന, അപാരമായ നര്‍മ്മബോധം എന്നിവയാല്‍ തൊങ്ങല്‍ പിടിപ്പിച്ചവയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍, ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ തുടങ്ങി മാധ്യമരംഗത്തെ ഒട്ടേറെ ഉത്തരവാദിത്വങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഒരു യഥാര്‍ത്ഥ ഇടതുപക്ഷനേതാവിനെപ്പോലെ, ബഹുരാഷ്ട്രക്കുത്തകകള്‍ക്കെതിരായ പോരാട്ടത്തിലൂടെയും, വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി നിലപാടുകളിലൂടെയും ശ്രദ്ധേയനായ ജനകീയനേതാവായിരുന്നു വീരേന്ദ്രകുമാര്‍. പ്ലാച്ചിമട ഉള്‍പ്പെടെ ജലചൂഷണത്തിനെതിരേ അദ്ദേഹം നേതൃത്വം നല്‍കിയ പോരാട്ടത്തിനൊടുവില്‍ കോളക്കമ്പനികള്‍ക്ക് പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ടിവന്നത് പരിസ്ഥിതി സംരക്ഷണപോരാട്ടങ്ങളുടെ തിളങ്ങുന്ന ചരിത്രമാണ്.

തുറന്നുസംസാരിക്കുന്ന സൗഹൃദവും, രാഷ്ട്രീയ നിലപാടുകളിലുള്ള വ്യക്തതയും, കാലത്തിന്റെ മാറ്റം കാതങ്ങള്‍ക്കിപ്പുറംനിന്ന് നോക്കിക്കാണാനുള്ള ദീര്‍ഘദര്‍ശിത്വവുമുള്ള ഇടതുമനസ്സുള്ള സോഷ്യലിസ്റ്റായിരുന്നു എം.പി. വീരേന്ദ്രകുമാര്‍. 
അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുതുന്നതിനോടൊപ്പം, അദ്ദേഹത്തെ സ്‌നേഹിയ്ക്കുന്നവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

 നഷ്ടമായത് ജനങ്ങള്‍ക്കായി ജീവിച്ച ഇടതുമനസ്സുള്ള സോഷ്യലിസ്റ്റിനെ; എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ നവയുഗം അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക