Image

ആപ്പ് മഹാ ആപ്പ് (നര്‍മ്മം : ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ് )

ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ് Published on 29 May, 2020
ആപ്പ് മഹാ ആപ്പ് (നര്‍മ്മം : ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ് )
ഈ ആപ്പ്  ഒരു മഹാ ആപ്പായിപ്പോയി ! സ്പ്രിങ്ക്‌ലെര്‍ എന്നൊരു ആപ്പുകാരന്‍ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുമെന്ന് മുന്‍കൂട്ടി ഭയന്നതിന്റെ തീവ്രത ഇന്നല്ലേ മനസിലായത്.
ബീവറേജ് തുറക്കാത്തതിനെ ഇത്രയും നാള്‍ വിമര്ശിക്കുന്നതിനു കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ കുടിയന്മാരും സഹകരിച്ചതിനു നന്ദിയുണ്ട്. പൊതുജനവികാരം തത്സമയം മനസ്സിലാക്കിത്തന്നെ മുഖ്യന്‍ വളരെ ലളിതമാക്കി ബെവ് ക്യൂ ആപ്പ് വഴി ഏതു ബ്രാന്‍ഡും കരസ്ഥമാക്കാന്‍ ഉള്ള വിദ്യ, യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കിയതിനെ അനുമോദിക്കാതിരുന്നാല്‍ നന്ദികേടായിരിക്കും.

സംഗതികള്‍ അങ്ങനെ ആണെങ്കില്‍, ഈ ആപ്പിനിടയില്‍ മറ്റൊരു ആപ്പ് നമുക്ക് തന്നിട്ടുണ്ട്. ഈ ആപ്പിലൂടെ നമ്മുടെ പേരും വിശദവിവങ്ങളും വെളിപ്പെടുമ്പോള്‍, പ്രത്യേകിച്ചും കോണ്‍ഗ്രസ് ലോക്കല്‍ കമ്മറ്റിക്കാരും ബ്ലോക്ക് കമ്മറ്റി പ്രതിനിധികളും പണ്ട് തലയില്‍ തോര്‍ത്തിട്ടു ഷാപ്പില്‍ കയറിയിറങ്ങിയിരുന്നെങ്കില്‍, ഈ ആപ്പ് ഉപയോഗിച്ച് സ്ഥിരം മദ്യം വാങ്ങിക്കുന്ന നേതാക്കളുടെ ലിസ്റ്റ് താമസിയാതെ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍, വീണ്ടും തലയില്‍ തോര്‍ത്തിട്ടു മുങ്ങി നടക്കേണ്ടിവരുമെന്നുറപ്പ്.
പണ്ടൊരു കുരങ്ങന്‍ ആപ്പ്  വലിച്ചൂരിയപ്പോഴല്ലേ  സ്വന്തം വാല് തന്നെ തടിക്കിടയില്‍  കുടുങ്ങിപ്പോയത് !

രണ്ടുവര്‍ഷം മുമ്പ് കൊച്ചുമകന്‍ ഒത്തിരി നിര്ബന്ധിച്ചതാണ് ഒരു ലാപ്‌റ്റോപ് വാങ്ങിച്ചു തരാന്‍. അന്ന് ഞാന്‍ എതിര്‍ത്തതിനു കാരണമുണ്ട്. പണ്ട് എല്‍ ഐ സി യില്‍ കമ്പ്യൂട്ടര്‍ വെക്കാന്‍ തുടങ്ങിയപ്പോള്‍, ഈ യന്ത്രം വന്നാല്‍ നമ്മുടെയൊക്കെ ജോലികള്‍ നഷ്ടപ്പെടുമെന്ന് ഘോരഘോരം മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കി മുന്നില്‍ത്തന്നെ നിന്ന എന്നെ നാട്ടുകാര്‍ ഇന്ന് കളിയാക്കുകയില്ലേ ?.  ചിലപ്പോള്‍ അതൊക്കെ എല്ലാവരും മറന്നിട്ടുണ്ടാവാം.

ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഇത്രയും പുരോഗമിച്ച ഈ കാലഘട്ടത്തില്‍ , ഒരു നല്ല ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണും ഇല്ലെങ്കില്‍ സൊസൈറ്റിയിലെ സ്റ്റാറ്റസ് സിമ്പല്‍ നിലനിര്‍ത്താനാകില്ലെന്നു ഇന്നലെ കൊച്ചുമോന്‍ വീണ്ടും ഓര്‍പ്പിച്ചപ്പോള്‍, വാങ്ങിച്ചോളാന്‍ സമ്മതിച്ചു കൊടുത്തേച്ചു. ഇനിയും അവന്റെ വെറുപ്പും കൂടി  സമ്പാദിച്ചാല്‍, അവസാനം തുള്ളി വെള്ളം വായില്‍ ഒഴിച്ച് തരാന്‍ അവന്‍ പോലും മിനക്കെട്ടില്ല. 

ഇന്നലെ ലാപ്‌റ്റോപ്പും വാങ്ങി സന്തോഷത്തില്‍ തുള്ളി ച്ചാടി  വന്ന കൊച്ചുമകന്റെ നന്ദി പ്രകടനം ! 
' അച്ചാച്ചന്‍ എന്തുപറ്റി ഇന്നലെ നല്ല ലാപ്‌ടോപ്പ് വാങ്ങണമെന്ന് പറഞ്ഞു മടിയൊന്നും കൂടാതെ കാശ് എടുത്ത് വീശി ത്തന്നത് ? വല്ല ലോട്ടറിയും അടിച്ചോ, അതോ കോവിഡ് വന്ന് തട്ടിപ്പോകുമെന്നു ഭയമുണ്ടോ അച്ചാച്ചാ ?'

' എന്റെ പൊന്നുകുട്ടാ, അപ്പുറത്തെ മാത്തുക്കുട്ടി പറഞ്ഞപ്പോളല്ലേ ഞാന്‍ അറിഞ്ഞത് കംപ്യൂട്ടറില്‍ക്കൂടി അറിഞ്ഞത്, ഏതാണ്ട് ആപ്പ് വഴിയേ ഇനി ബിവറേജിന്ന് നമ്മുടെ പൈന്റ്  വാങ്ങിക്കാന്‍ പറ്റത്തൊള്ളൂന്ന്,  നീ വേഗം ആ ആപ്പോന്നു കേറ്റിവിടാടാ കുട്ടാ '

ആപ്പ് മഹാ ആപ്പ് (നര്‍മ്മം : ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക