Image

വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യമതേതരത്വ ചേരിക്ക് കനത്ത നഷ്ടം: മുഖ്യമന്ത്രി

Published on 28 May, 2020
വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യമതേതരത്വ ചേരിക്ക് കനത്ത നഷ്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്‍റെ വിയോഗം ജനാധിപത്യമതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലില്‍ ഒരുമിച്ച് കഴിഞ്ഞിരുന്നു. വര്‍ഗീയ ഫാഷിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടി. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ വീരേന്ദ്രകുമാര്‍ മുന്‍നിരയിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

വീരേന്ദ്രകുമാറിന്‍റെ വിയോഗം അവിശ്വസനീയമായ വാര്‍ത്തയായി തോന്നുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രണ്ട് ദിവസം മുന്‍പുള്ള എം.പിമാരുടെ കൂടിക്കാഴ്ചയില്‍ പോലും അദ്ദേഹം വളരെ സജീവമായി ഇടപെട്ട് സംസാരിച്ചിരുന്നു. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. കേരളത്തിന് വലിയ നഷ്ടമാണ് ഈ വിയോഗം. ഗുരുതുല്യനായ നേതാവായിരുന്നു അദ്ദേഹം തനിക്ക്. സ്‌നേഹത്തിന്‍റെ തണല്‍ നഷ്ടപ്പെട്ട തോന്നലാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

വീരേന്ദ്രകുമാറിന്‍റെ വേര്‍പാട് രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിത്വം പതിപ്പിച്ച് വിജയം കൊയ്ത നേതാവാണ്. ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവിന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പൗരാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും മനുഷ്യന്മയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. സോഷ്യലിസ്റ്റ് പാരമ്പര്യം പ്രവൃത്തിയിലൂടെ ഉയര്‍ത്തിപ്പിടിച്ച നേതാവിന്‍റെ വിയോഗത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രീയരംഗത്തേയും സാമൂഹിക സാംസ്കാരിക രംഗത്തേയും വേറിട്ട വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിന്‍റേതെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. രണ്ട് ദിവസം മുന്‍പ് വരെ അദ്ദേഹവുമായി സംസാരിച്ചു. സാംസ്കാരിക രംഗത്തും സാഹിത്യ രംഗത്തും രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു അദ്ദേഹം. എംപി വീരേന്ദ്രകുമാറിന്‍റെ സംഭാവനകള്‍ അമൂല്യമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

എം.പി വീരേന്ദ്രകുമാറിന്‍റെ വേര്‍പാട് നികത്താനാകാത്ത വിടവാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. വീരേന്ദ്രകുമാറിന്‍റെ വേര്‍പാട് ഞെട്ടലുണ്ടാക്കി. രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും പുസ്തകപ്രസാധന മേഖലയിലുമെല്ലാം അതികായനായിരുന്നു വീരേന്ദ്രകുമാറെന്ന് തരൂര്‍ അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക