Image

എം.പി.വീരേന്ദ്രകുമാറിന്റെ സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് വയനാട്ടില്‍

Published on 28 May, 2020
എം.പി.വീരേന്ദ്രകുമാറിന്റെ സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് വയനാട്ടില്‍
കോഴിക്കോട്: അന്തരിച്ച രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ എം.പി.വീരേന്ദ്രകുമാറിന്റെ (84) സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വയനാട്ടില്‍. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഭൗതിക ശരീരം വയനാട്ടിലേക്കു കൊണ്ടുപോകും.

 മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമാണ്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.  ജനതാദള്‍(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദള്‍(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി സ്ഥാപക നേതാവാണ്.

ഉഷയാണ് ഭാര്യ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ(ജോയിന്റ് മാനേജിങ് ഡയറക്ടര്‍, മാതൃഭൂമി). സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയിലാണ് വീരന്ദ്രകുമാര്‍ ജനിച്ചത്. മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എംബിഎ. ബിരുദവും നേടി. 1987 ല്‍ നിയമസഭാംഗവും വനം മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പിടിഐ ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍(യു) സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. 2004 ലും 1996 ലും കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായി. 2016 ലും 2018 ലും രാജ്യസഭാംഗമായി.

ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യപുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം, മൂര്‍ത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക