Image

ജീവനക്കാര്‍ക്ക് കോവിഡ് ബാധ; ദക്ഷിണറെയില്‍വേ ആസ്ഥാനം അടച്ചു

Published on 28 May, 2020
ജീവനക്കാര്‍ക്ക് കോവിഡ് ബാധ; ദക്ഷിണറെയില്‍വേ ആസ്ഥാനം അടച്ചു
ചെന്നൈ: ദക്ഷിണറെയില്‍വേയുടെ ചെന്നൈയിലെ ആസ്ഥാനവും ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഓഫിസും അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

റെയില്‍വേ ആസ്ഥാനത്തെ ഒരു ഓഫിസര്‍ക്കും ഓഫിസ് സൂപ്രണ്ടിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഓഫിസിലെ ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.

ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി. ആരുടെയും പരിശോധന ഫലം വന്നിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഓഫിസ് അണുവിമുക്തമാക്കിയശേഷം രണ്ടുദിവസത്തിനുള്ളില്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശ പ്രകാരം 33 ശതമാനം ജീവനക്കാര്‍ മാത്രമായിരുന്നു ലോക്ഡൗണിന്‍െറ ആദ്യഘട്ടം മുതല്‍ ജോലിയിലുണ്ടായിരുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് 50 ശതമാനം ജീവനക്കാര്‍ ഓഫിസില്‍ എത്തിതുടങ്ങിയതെന്നും അധികൃതര്‍ പറയുന്നു.

ഓഫിസ് രണ്ടു ദിവസത്തേക്ക് അടച്ചെങ്കിലും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് വഴി ബന്ധപ്പെടണമെന്നും ദക്ഷിണറെയില്‍വേ ഡെപ്യൂട്ടി ചീഫ് ഓഫിസര്‍ സിദ്ധാര്‍ഥ് എസ്.കെ. രാജ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക