Image

ആനച്ചേനക്കാര്യങ്ങൾ : ആൻസി സാജൻ

Published on 27 May, 2020
ആനച്ചേനക്കാര്യങ്ങൾ : ആൻസി സാജൻ
ശരാശരിക്ക് മുകളിലുള്ളതെന്ന് ഭാവിക്കുന്ന വായനക്കാർക്കെല്ലാം കയ്യിലെടുത്ത് നടക്കാൻ ആഗ്രഹമുള്ള വാരികയെക്കുറിച്ച് അജിത് നീലാഞ്ജനം എന്ന പേരു വച്ച് ഫേസ് ബുക്കിൽ കണ്ട കുറിപ്പാണ് ഈ എഴുത്തിന്റെ ആദ്യ കാരണം. ഉള്ളടക്കത്താൽ ഇന്ത്യയിലെ ഏറ്റം മികച്ച ആഴ്ചപ്പതിപ്പുകളിൽ ഒന്നായിരുന്ന ഇതിനെ ഇപ്പോഴത്തെ പത്രാധിപന്മാർ കൈകാര്യം ചെയ്യുന്ന രീതിയോടായിരുന്നു നീലാഞ്ജനത്തിന്റെ വിമർശന പ്രതികരണം. ആനപ്പുറത്തിരുക്കുന്ന പാപ്പാൻമാരോടാണ് അദ്ദേഹം സമീപകാല പത്രാധിപരെയൊക്കെ സാമ്യപ്പെടുത്തിയത്. സ്വജനപക്ഷപാതവും താൻപോരിമയുമാണ് ആരോപിക്കുന്നത്.(അത് എവിടെയാണ് ഇല്ലാത്തത്?)
ഇപ്പോൾ വിമർശകനെ ക്ഷോഭം കൊള്ളിക്കുന്നതെന്തെന്നാൽ: ഇന്ദുമേനോൻ (ചന്തുമേനോൻ അല്ല ) എന്ന എഴുത്തുകാരിയുടെ കഥയും വാരികയുടെ കവർ ആയി വന്ന അവരുടെ ചിത്രവുമാണ്. (മുൻപും ആഴ്ചപ്പതിപ്പുകളുടെ കവറിൽ വന്നിട്ടുണ്ട് ശ്രീമതി ഇന്ദുമേനോൻ. എഴുത്തിനെക്കാൾ ഉപരി എഴുത്തുകാരുടെ സൗന്ദര്യം പ്രദർശിപ്പിക്കാനും അതുവഴി വാരികയുടെ പ്രചരണം കൂട്ടാനുമുള്ള ശ്രമമാണെന്ന ആക്ഷേപമാവും ഇതിലൊക്കെ ഉള്ളത്.(സൗന്ദര്യം എഴുത്തുകാരികളിൽ കണ്ടെത്തുന്നതായിരിക്കും പ്രശ്നം )

മറ്റിടങ്ങളിൽ നിന്നുമൊക്കെ ഈ മുഖചിത്ര പ്രവൃത്തിയെക്കുറിച്ച് എതിരഭിപ്രായങ്ങൾ വന്നു കഴിഞ്ഞു. ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി കമിഴ്ന്നു കിടക്കുന്ന ഇന്ദുമേനോൻ എന്ന കമൻറും പിന്നെ വർഗ്ഗീയത ആരോപിക്കുന്ന അഭിപ്രായങ്ങളുമൊക്കെ ഉയരുന്നുണ്ട്.
എന്നാൽ ഇന്ദുമേനോൻ പറയുന്നത് .. എത്രയോ എഴുത്തുകാരികളുടെ ഫോട്ടോ വരുന്നുണ്ട്.കെ.ആർ.മീര, കെ.രേഖ അങ്ങനെ എത്രയധികം പേരുടെ , എന്റെ മാത്രം വരുമ്പോൾ എന്തിനാണ് കോലാഹലങ്ങൾ: ? എന്നാണ്. നാൽപതിലെത്തിയ 3 മക്കളുള്ള ഒരു സ്ത്രീയുടെ പടമാണത്. അതിലെന്താണ് അപാകത .., ?ഇന്ദു ചോദിക്കുന്നു.
അപാകത ഒന്നുമില്ലായിരിക്കും. പക്ഷേ, എത് രംഗത്തായാലും ആളുകളെ എളുപ്പത്തിൽ ആകർഷിച്ച് ലാഭവും നേട്ടവും ഉണ്ടാക്കുന്ന ഗൂഢലക്ഷ്യം (കച്ചവട തന്ത്രം ) ഇത്തരം കാര്യങ്ങളിൽ ഉണ്ടെന്നതിൽ യാതൊരു തർക്കവും ഇല്ല.

സാഹിത്യ പത്ര രംഗങ്ങളിൽ മരണം കൊ ണ്ടും ആഘോഷങ്ങൾ നടക്കും. നന്ദിത എന്ന വയനാട്ടുകാരി മരണം വഴിയാണ് കേരളത്തിന് പ്രിയങ്കരിയായത്. അതു വരെ ആരോരുമറിയാതെ ജീവിച്ച ആ പെൺകുട്ടിയെ മരണശേഷം അങ്ങേറ്റെടുത്തു കേരളത്തിലെ 'അക്ഷര പ്രേമികൾ '
കാലമെത്ര കഴിഞ്ഞിട്ടും അവളുടെ ജന്മദിനം, ചരമദിനം എന്നു വേണ്ട കിട്ടുന്ന ഒരവസരവും വിട്ടു കളയുന്നില്ല മലയാള പത്രങ്ങളും സോഷ്യൽ മീഡിയയുമൊന്നും .
മകളുടെ അകാലത്തിലുള്ള വേർപാട് ഉലച്ചു കളഞ്ഞ പ്രായമായ മാതാപിതാക്കളെ നീറ്റാനല്ലാതെ വേറൊന്നിനും ഉപകരിക്കുന്നില്ല ഇതൊന്നും ..

നല്ല സമയമാണിപ്പോൾ .യഥാർത്ഥ ലോക് ഡൗൺ ഇപ്പോഴല്ലേ തുടങ്ങേണ്ടിയിരുന്നത്?
കോവിഡ് 19 രോഗികൾ കേരളത്തിലും ദിനംപ്രതി കൂടി വരുന്നു. അന്യദേശങ്ങളിൽ പെട്ടു പോയവർ സ്വന്തം കൂടണയാൻ വേപഥു വോടെ കാത്തിരിക്കുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും എത്രയെത്ര ചെറുപ്പക്കാരുടെ മരണവാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അനാഥമാവുന്ന 
എത്രയെത്ര കുടുംബങ്ങളുടെ കണ്ണീരാണ് ഇവിടെ ഒഴുകി നിറയുന്നത് ..!

സൗജന്യ കിറ്റിലെ സാധനങ്ങളത്രയും തീർന്നു കാണും ഇപ്പോൾ ...
മനുഷ്യർ എങ്ങിനെ മുന്നോട്ട് ജീവിക്കും.?
മാവേലി സ്റ്റോറുകളിൽ അരിയല്ലാതെ വേറൊന്നുമില്ല; കിറ്റിലുണ്ടായിരുന്ന മറ്റ് ഐറ്റങ്ങളൊന്നും ഇപ്പോൾ കാശ് കൊടുത്താലും മാവേലി സ്റ്റോറിൽ കിട്ടാനില്ല എന്ന് ഇന്നലെ ഒരാൾ പറഞ്ഞു.
വരുമത്രെ...
'വരുമോ?
ആ...

ഇത്തരം ആനക്കാര്യങ്ങൾക്കിടയ്ക്കാണ് മുഖചിത്ര ഭംഗികൾ ...

ഇതൊക്കെ നോക്കാനും വായിക്കാനും പോകുന്നവർക്കല്ലേ പ്രശ്നങ്ങൾ ...
ബാക്കി കോടാനുകോടിക്ക്
ജീവനും ജീവിതവുമല്ലേ പ്രധാനം..?
ancysajans@gmail.com
Join WhatsApp News
സുന്ദരേശൻ 2020-05-27 15:10:48
മുഖ ചിത്രം വരുന്നതിൽ എതിരഭിപ്രായമൊന്നുമില്ല അത് കച്ചവടത്തിനായാൽ പോലും . എന്നാൽ ഉള്ളിലുള്ള കൃത്രിമ കഥ വായിക്കാൻ ഉള്ള കൈക്കൂലി യായി അത് കാണുമ്പോഴാണ് ... ഇരച്ചു കയറുന്നത് . ഇന്ന യാൾ എഴുതിയാൽ ഗംഭീരം എന്ന് ഉളുപ്പില്ലാതെ വിളിച്ചു കൂവാൻ കുറെ സ്തുതി പാഠക വൃന്ദവും . നല്ല എഴുത്താണെങ്കിൽ അതിന് ഒരു അലങ്കാരമാണ് പടം . ഇത് ആളെപറ്റിക്കാനുള്ള ചെപ്പിടി വിദ്യ . ചിത്രം കണ്ടു രസിക്കാൻ എത്രയോ സിനിമാ താരങ്ങളുണ്ട് എന്നാൽ എഴുത്തിന്റെ മനോഹാരിത യാണ് എഴുത്തുകാരിയുടെ സൗന്ദര്യം . എഫ് ബി നിരൂപകർ അവരുടെ സില്ബന്ധി കളായ പൂച്ചകളെ പുലിയാക്കുന്ന കാഴ്ച നിത്യവും കാണുന്നുണ്ട് . അവരെയും വിശ്വസിക്കാൻ അറപ്പു തോന്നും നന്ദിത യെ പോലെ മരിച്ചു കഴിഞ്ഞ് ഘോഷിക്കപ്പെടേണ്ട അവസ്ഥ വരുന്നതിനെ യും ന്യാ യീകരിക്കാൻ വയ്യ പണ്ട് കൃഷ്ണൻ നായർ എന്ന പുലി ഉണ്ടായിരുന്നു . ഇന്ന് സോഷ്യൽ മീഡിയ റോബോട്ടുകൾ മാത്രമല്ലെ ഉള്ളൂ .
annapoorna 2020-06-08 07:27:04
ആ കഥ ഒന്ന് വായിച്ചു മാഡത്തിന് നാല് വാക്കു നിരൂപണം എഴുതാൻ മേലല്ലേ.അത് ബുദ്ധിമുട്ടാണല്ലോ.ഇവിടെ ആരാണ് കമിഴ്ന്നു കിടക്കുന്നത്.ഈ ചിത്രത്തിൽ അശ്ലീലം ഉണ്ടോ.അവർ ഒരുങ്ങി വന്നാലും നിന്നാലും എന്താണ് പ്രശ്നം.നിങ്ങൾ കഥയെപ്രതി ഒരു വാക്കു മിണ്ടുന്നില്ല.കഥയെ ഭാഷയെ ആഖ്യാനത്തെ പറ്റി ഒന്നും മിണ്ടാനില്ലാത്തപ്പോ മുഖചിത്രത്തിൽ അല്പം വെളുത്തും ഒരുങ്ങിയും കണ്ടതിനെ പറയുക.നമ്മൾ തരം താഴുന്നതല്ലേ മാഡം.കരി പൂശി വന്നു നിൽക്കാൻ പറയാൻ പറ്റുമോ അവരോട്.എഴുത്തിനെ ചർച്ച ചെയ്യുന്നേ.അതിമ്മിണി പുളിക്കും അല്ലേ.ഹഹ.അവർ പത്തൊൻപത് വയസ്സിൽ എഴുതി തുടങ്ങിയ എഴുത്തുകാരി ആണ്.ഇന്നോ ഇന്നലെയോ വന്നും,ആണ്ടുകൾ ചവർ എഴുതിയും അവരോട് മത്സരിച്ചിട്ടു എന്തെങ്കിലും കാര്യം ഉണ്ടെന്നു തോന്നുന്നില്ല.ഇത് നിങ്ങളോടല്ല.പൊതുവെ പറഞ്ഞെ ആണേ മാഡം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക