Image

ലോക്ക്ഡൗൺ കാലത്തെ ജീവിതം (ഗീത പുഷ്കരൻ)

Published on 26 May, 2020
ലോക്ക്ഡൗൺ കാലത്തെ ജീവിതം (ഗീത പുഷ്കരൻ)

ജീവിതം വല്ലാതെ മാറി മറിഞ്ഞിരിക്കുന്നു. ഒരു പ്രളയകാലത്തെന്ന പോലെ മരവിച്ചിരുന്നു ഹൃദയം ആദ്യഘട്ടത്തില്‍. നിത്യേനയെന്നോണം പലരുടേയും കലാസൃഷ്ടികള്‍ നേരില്‍ കണ്ടും കേട്ടും ടൗണില്‍ പോയി സംഘടനയിലെ പലരുമായും നേരിട്ടു സംവദിച്ചും റിട്ടയര്‍മെന്റ് ജീവിതം ആഘോഷമാക്കിയിരുന്ന ഞാന്‍ ഇതാ വീടിനുള്ളില്‍ അടങ്ങിയിരിക്കുന്നു.

രണ്ടു പ്രസവിച്ച കാലത്ത് കിട്ടിയ 90 ദിവസം മെറ്റേണിറ്റി ലീവിലൊഴികെ ഏതാണ്ട് മൂന്നു വയസ്സിനു ശേഷം ഞാന്‍ വീട്ടില്‍ അടങ്ങിയിരിക്കുന്ന കാലമിതാണ്.

വളരെ പെട്ടന്ന് ഞാന്‍ ഞാന്‍ സുഖദമായ ഒരു മാനസികാവസ്ഥ വീണ്ടെടുത്തു.
എല്ലാ സാംസ്‌കാരിക സംഘടനകളും ഗായകരും പ്രാസംഗികരും കലാകാരന്മാരും നിത്യേന ലൈവില്‍ എത്തി നമ്മെ നേര്‍ക്കുനേര്‍ കണ്ടെന്ന പോലെ ഹൃദയത്തിലേക്ക് കാവ്യ മഴ പൊഴിക്കുന്നു.

യുവകലാസാഹിതി പ്രസിഡന്റും കാവ്യ സൗന്ദര്യത്തിന്റെ പ്രതീകവുമായ ശ്രീആലംകോടും ,ഉണര്‍ച്ചയുടെ , സമരത്തിന്റെ, വിപ്‌ളവത്തിന്റെ ,സ്ത്രീ വിമോചനത്തിന്റെ , തീപ്പന്തമായ പ്രൗഢ കവി കരിവെള്ളൂരും പ്രിയരില്‍ പ്രിയയായ പി കെ മേദിനിയമ്മയും നമ്മിലേക്ക് കാറ്റും വെളിച്ചവും മഴയും വെയിലുമായി പൊഴിയുന്നു.. ഓണ്‍ലൈനില്‍ പ്രിയ ഗായിക സിതാരയും പുഷ്പവതി പൊയ്പ്പാടത്തും കൂടെയുണ്ട് കട്ടക്ക്.എത്രയോ ആയിരക്കണക്കിന് കലാകാരന്മാരും.

പ്രഭാഷണങ്ങളുടെ പരമ്പര തന്നെ. കലാവിരുന്നു തന്നെ.
ആഘോഷമാകുന്നു രാവും പകലും .പക്ഷേ അടിസ്ഥാനപരമായി ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നു പറയാതെ വയ്യ.അവക്കാണെങ്കിലോ ലോക ചരിത്രത്തില്‍ സ്വയം രേഖപ്പെടുത്തുവാനും ആവും.നൂറു കണക്കിനു മൈലുകള്‍ നടന്ന് തളര്‍ന്ന് തെരുവില്‍ മരിച്ചുവീഴുന്ന പണവും പദവിയും സ്വാധീനവും ഇല്ലാത്തവരുടെ നരകയാതനയുടെ കാഴ്ച സൃഷ്ടിച്ച നടുക്കം വിട്ടുമാറുന്നില്ല. രണ്ടു കഷണം റൊട്ടിക്കായി മൈലുകളോളം തീക്കുന്തംവെയിലില്‍ ക്യൂ നില്‍ക്കുന്നവരുടെ മുഖങ്ങള്‍, വെടിഞ്ഞു കീറിയ പാദങ്ങള്‍,കേറിക്കിടക്കാന്‍ മേല്‍ക്കൂരയില്ലാത്തവര്‍ എല്ലാം ദുരിതക്കാഴ്ച..സ്ത്രീകളും കുഞ്ഞുങ്ങളും പാതയോരത്ത് ജഡങ്ങളായി മാറുന്നു.

നമ്മള്‍ ,മനുഷ്യര്‍ ഒട്ടും മാറുന്നില്ല പ്രളയവും സുനാമിയും കോവിഡും കൂടിഒന്നിച്ചു വന്നാലും എന്ന അറിവ് ഭയാനകമാണ്.
ഭീകരമായ വിപത്തു വിഴുങ്ങാന്‍ വന്നു നില്‍ക്കുമ്പൊഴും മതത്തിന്റെ ജാതിയുടെ ,പണത്തിന്റെ രാഷ്ട്രീയം കളിക്കുന്ന ഭരണാധികാരികള്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിനെത്തന്നെ തൂക്കി വില്‍ക്കുന്ന കാഴ്ചയും കോവിഡ് കാലത്തില്‍ നാം കാണുന്നു.

ഈ കാഴ്ചകളെല്ലാം ഹൃദയത്തില്‍ തറയുന്നത് നാം ലോക്ക്ഡൗണില്‍ ആയതിനാല്‍ മാത്രമാണ്. ലോക്ക് ഡൗണിനു മുന്‍പുള്ള ജീവിത
സാഹചര്യത്തിലായിരുന്നു എങ്കില്‍ ഈ കാഴ്ചകളൊന്നും തീവ്‌റമായ അനുഭവ സാക്ഷ്യങ്ങളായി നെഞ്ചില്‍ കോറിയിടപ്പെടില്ലായിരുന്നു.
ഞാനും എന്റെ .സ്വാര്‍ത്ഥതയുടെ കോട്ടയില്‍ തളക്കപ്പെട്ടു കിടന്നേനേ.
മറ്റൊരു വ്യക്തമായ മാറ്റം നമ്മള്‍ കണ്ടറിഞ്ഞത് -

മനുഷ്യര്‍ക്ക് സമൂഹത്തില്‍ ഈശ്വരനു മേലേ ,പണത്തിനു മേലേ പൊടുന്നനെ കൈവന്ന സ്ഥാനമാണ്.ഭീമമായ സമ്പത്തുള്ള കാപ്പിറ്റലിസ്റ്റ് രാഷ്ട്രമായ അമേരിക്കയും മതാധിപത്യ രാഷ്ട്രങ്ങളും ,ഇറ്റലിയടക്കം,
തെരുവില്‍ മരിച്ചുവീഴുന്നവരുടെ നാടായി മാറുന്ന അത്ഭുതാവഹവും ഭീകരവുമായ കാഴ്ചയാണ് നമ്മള്‍ കാണുന്നത്.
മനുഷ്യനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ചെറു രാജ്യമായ ക്യൂബയൊക്കെയും കോവിഡിനെ വിജയകരമായി തടുത്തു നിര്‍ത്തുന്നു.

വിത്താധിപത്യവും മതാധിപത്യവും ജനാധിപത്യത്തിനു കീഴെയാണ് എന്നു തെളിയിക്കപ്പെടുന്ന മനോഹര ദൃശ്യം ഈ കൊച്ചു കേരളവും കാട്ടിത്തരുന്നുണ്ട്.
കോവിഡ്‌നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ
കാര്യപ്രാപ്തിയില്‍. ലോകമെമ്പാടുമുള്ള ആരാധനാലയങ്ങള്‍
അടഞ്ഞു കിടക്കുമ്പോള്‍ ആതുരാലയങ്ങള്‍
മനുഷ്യര്‍ക്ക് അഭയമാകുന്നു.

തടിച്ചു കൊഴുത്തു ചുവന്ന പൂജാരിമാര്‍ക്കും തന്ത്രിമാര്‍ക്കും മൗലവിമാര്‍ക്കും കൃസ്ത്യന്‍പുരോഹിതന്മാര്‍ക്കും കതക് അടച്ചു്
അകത്തിരിക്കേണ്ട സ്ഥിതിവിശേഷം.മെക്കയും കാശിയും റോമും ഒരേപോല്‍ അടഞ്ഞുകിടക്കുന്നു.
പക്ഷേ - മെലിഞ്ഞു വിളറിയ പാവങ്ങള്‍
ആതുര ശുശ്രൂഷകര്‍ ലോകം മുഴുവന്‍
അനുഗ്രഹവര്‍ഷവുമായി പ്രവര്‍ത്തിക്കുന്നു.

മതവും സമ്പത്തുമല്ല മനുഷ്യരാണ് പ്രധാനം
എന്ന് ലോകം തിരിച്ചറിയുന്ന കാലമായി
കോവിഡ് കാലം ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന കാഴ്ചയാണ്
സുപ്രധാനവും പ്രഥമവും ആയ
മാറ്റവും തിരിച്ചറിവും.
ആ തിരിച്ചറിവില്‍ ഹൃദയം പാടുന്നു..

വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ..
തരിക തരുണകിരണങ്ങളീ മണ്ണില്‍
ഇരുളില്‍ വിറകൊള്ളുമേകാന്ത ജ്വാലയായ്
ഹൃദയഭരിതമെന്‍ രാജ്യം മരിക്കുന്നു.
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ
തരിക തരുണ കിരണങ്ങളീ മണ്ണില്‍..

അതെ .. നമുക്ക് ഈ കോവിഡ് ലോക്ക് ഡൗണ്‍ കാലത്തില്‍ നിന്ന് മാനവികതയുടെ, മതേതരതയുടെ, നന്മയുടെ, ഒരുമയുടെ
ദേശീയതയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് പാടാം..

തോല്‍ക്കയില്ലാ
തോല്‍ക്കുവാനോ മനസ്സില്ല
തോറ്റുവെങ്കില്‍ തോറ്റു കാലം ..
നമ്മള്‍ തോല്‍ക്കില്ല.. വിജയിക്കുവാനായി
നമുക്ക് ഒന്നിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക