Image

തെളിക്കട്ടെ സ്‌നേഹദീപങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 26 May, 2020
തെളിക്കട്ടെ സ്‌നേഹദീപങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
പാപത്തില്‍ മുഖമുദ്ര കുത്തി,
പറുദീസാനഷ്ടം സഹിച്ച്,
പാതയിലിടറി വീഴുന്ന,
മര്‍ത്ത്യന് മനശ്ശാന്തിയെങ്ങ്?
അണിയറയ്ക്കുള്ളില്‍ നിന്നാരോ,
മഹനീയ വേഷം കൊടുത്ത്,
സമ്മതമറിയാതെതന്നെ,
അണിയിച്ചരങ്ങിലെത്തിച്ചു;
തിരക്കഥ മുമ്പേ കുറിച്ച്
 അമ്പേ, നിഗൂഢതയാക്കി
രസഭാവഭേദങ്ങളോടെ
നടനം തുടങ്ങുകയായി;
അനുഭവത്താളുകള്‍ തോറും
അഭിനയ പാഠങ്ങളേകി
ഇരുളില്‍, വെളിച്ചത്തിലൊപ്പം-
വിജയം കരഗതമാക്കാന്‍.
മിഥ്യയെന്നറിയാത്ത ജന്മം,
സ്വപ്‌നങ്ങള്‍ നെയ്യുന്ന മനസ്സ്,
ചുവടുകള്‍ തെറ്റുന്നിടയ്ക്ക്,
ഉള്‍ക്കിളി ശരിയോതിടുന്നു;
ഉള്‍ക്കടചിന്തകളോടെ,
നേട്ടങ്ങള്‍ക്കായി നെട്ടോട്ടം....
കോട്ടങ്ങള്‍ കോട്ട കെട്ടുന്ന,
ദുര്‍ഘടമാര്‍ഗ്ഗങ്ങള്‍ മുന്നില്‍;
സങ്കടക്കടലുതുഴഞ്ഞ്,
നീറ്റുന്ന മരുഭൂമിയാത്ര....
മൃഗതൃഷ്ണ പായുന്നു ദൂരെ....
ലക്ഷ്യത്തിനിനിയെത്രകാതം?
കാലത്തിന്‍ നഖക്ഷതമേറ്റ്,
മോഹങ്ങള്‍ മുറിവേറ്റിടുമ്പോള്‍,
അഭയത്തിനാരുമില്ലാതെ,
അക്ഷണം വീണു പോകുമ്പോള്‍;
അദൃശ്യമായ മഹാശക്തി,
അലിവോടെയാനയിക്കുന്നു.
നിരന്തരം പേടിപ്പെടുത്താന്‍,
നേര്‍ക്കുനേര്‍ തടങ്ങളെത്ര?
ദുരന്തങ്ങളി, ടിമിന്നല്‍ പോല്‍,
മഹാമാരികള്‍, യുദ്ധങ്ങളും,
കര്‍മ്മങ്ങള്‍ സഫലമായ് മന്നില്‍,
സൗഭഗ, മൃദയമാകുമ്പോള്‍,
സ്വന്തം കഴിവിലഹനും,
സഹയാത്രികരോടവജ്ഞ,
പരിഹാരം തേടി രാപ്പകല്‍,
പരീക്ഷിണരാകുന്നവര്‍ നാം,
തിരശ്ശീല വീഴുംമുമ്പ്,
ഉള്‍ക്കൊള്ളാംപരമമാംസത്യം,
അനന്തമിപ്പരിവേഷത്തില്‍,
വിമുക്തമാകട്ടെ ജീവിതം;
ഹൃദയം ബലിവേദിയാക്കാന്‍,
തെളിക്കട്ടെ സ്‌നേഹദീപങ്ങള്‍.

തെളിക്കട്ടെ സ്‌നേഹദീപങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക