Image

കോവിഡ് മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 24 May, 2020
കോവിഡ് മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഒരു കുഞ്ഞു കോവിഡിന്‍ ഭീകരതാണ്ഡവം
മരണ വക്ത്രത്തിലെറിയുന്നു ലോകരെ
മരണനിരക്കിന്‍ കണക്കുകള്‍ കേള്‍ക്കവേ
കരളു വിങ്ങുന്നു മിഴികള്‍ നിറയുന്നു
മരണ വൃത്താന്തങ്ങള്‍ തുടര്‍ക്കഥയായി
കരയുവാനാവില്ല കണ്ണീരു വറ്റിപ്പോയ്
കരുണയ്ക്കായ് കേഴുവാനല്ലാതെ രക്ഷിപ്പാന്‍
സുരലോകനാഥനോടര്‍ത്ഥനയേവരും
പരനെ മറന്നു ജീവിതം നീക്കീടുവാന്‍
ഒരുവനും സാദ്ധ്യമല്ലെന്നതു വാസ്തവം!
തിരുസവിധം വിട്ടു മര്‍ത്യന്‍ ജീവിച്ചുവോ
അരുതാത്ത പാതയില്‍ പാദം ചരിച്ചുവോ
നിരീക്കാ നേരത്തു കൊറോണാ കവര്‍ന്നതാല്‍
പരിചയ സീമയീന്നെത്രപേര്‍ മാഞ്ഞുപോയ്
ഒരുതരം മരവിപ്പായ് ദുഃഖം മാറുന്നു
ഒരു വിലയുമില്ലല്ലോ ജീവിതത്തിനിന്ന്
ചുറുചുറുക്കാര്‍ന്ന യുവാക്കള്‍ മദ്ധ്യമരും
ഒരുപാടു സ്വപ്നങ്ങള്‍ ബാക്കിയാക്കിപ്പോയി
മരണമടുക്കലേക്കെത്തുന്ന നേരത്തു
അരികിലിരിക്കുവാനാവതില്ലാര്‍ക്കുമേ,
കരുണാക്കരവുമായാതുരസേവകര്‍്
അരികിലുണ്ടെന്നതു മാത്രമാണാശ്വാസം.
കരുണ കാട്ടാന്‍ താമസമരുതേ ദേവാ,
കരുണാമയനായ സര്‍വ്വാധിനാഥനേ!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക