Image

മസ്‌കറ്റില്‍ നിന്നുള്ള വന്ദേഭാരത് രണ്ടാം ഘട്ടം അവസാനിച്ചു

Published on 24 May, 2020
 മസ്‌കറ്റില്‍ നിന്നുള്ള വന്ദേഭാരത് രണ്ടാം ഘട്ടം അവസാനിച്ചു

മസ്‌കറ്റ്: വന്ദേഭാരത് രണ്ടാം ഘട്ടം അവസാനിച്ചപ്പോള്‍ മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്ക് ഐഎക്‌സ് 0442 വിമാനം180 യാത്രക്കാരെയും ഐഎക്‌സ് 0554 തിരുവനന്തപുരം വിമാനം
183 യാത്രക്കാരെയും എ.ഐ. 0974 വിമാനം ഗയയിലേക്ക് 154 പേരെയും എത്തിച്ചു.

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ സ്വകാര്യ വിമാന കമ്പനികള്‍ക്കും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടുവരാന്‍ അനുവാദം നല്‍കിയതോടെ ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഇന്‍ഡിഗോയും സ്പൈസ്ജെറ്റും ഉള്‍പ്പെടയുള്ള വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തും.

ഇന്‍ഡിഗോ ഗള്‍ഫില്‍ നിന്നും നടത്തുന്ന 97 സര്‍വീസുകളില്‍ ആകെയുള്ള 10 മസ്‌കറ്റ് സര്‍വീസുകളില്‍ കൂടുതലും കേരളത്തിലേക്കായിരിക്കുമെന്ന് ഇന്‍ഡിഗോ വക്താവ് ദീപികയോട് പറഞ്ഞു.തിങ്കളാഴ്ചയോടെ വിശദമായ ഷെഡ്യൂള്‍ ലഭ്യമാകും.

വിദേശകാര്യ വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്കുള്‍പ്പെടെ പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനാണ് ഇന്ത്യാ ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഗര്‍ഭിണികള്‍, തുടര്‍ചികില്‍സ ആവശ്യമുള്ളവര്‍, വയോധികള്‍ ഉള്‍പ്പെടെ അടിയന്തരമായി നാടണയാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് തീരുമാനം എന്നാല്‍ പ്രവാസികളുടെ കുത്തൊഴുക്കിന് ഇത് കാരണമായേക്കാം. ഇങ്ങനെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്‍പ്പെടെ കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കുമ്പോള്‍ ഇവരെ സ്വീകരിക്കേണ്ട സംസ്ഥാനങ്ങള്‍ എത്രകണ്ട് സജ്ജമാണെന്നുള്ളത് ആശങ്കയുണര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നാടിനിത് പരീക്ഷണ ഘട്ടമാണ്. ബന്ധപ്പെട്ടവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പരീക്ഷണ ഘട്ടം വിജയിക്കുകയുള്ളു.

ദീര്‍ഘകാല അവധിക്ക് നാട്ടിലേക്ക് അയയക്കാന്‍ ജീവനക്കാരുടെ നീണ്ട പട്ടികയുമായി ചാര്‍ട്ടര്‍ വിമാനത്തിനുള്ള അനുമതിക്കായി മസ്‌ക്കറ്റിലെ സൗദ് ബവാന്‍ കമ്പനിയുള്‍പ്പെടെ കാത്തിരിക്കുകയാണ്. ഇതില്‍ നല്ല പങ്കും മലയാളികളും തമിഴ്‌നാട്ടുകാരുമാണ്.

ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യ ഇന്നലെ

ഒമാനില്‍ ഇന്നലെ 463 കോവിഡ് കേസുകളാണ് ആരോഗ്യ വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനുശേഷം ഒരു ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഇന്നലെയാണ്. ഇതില്‍ 253 പേര്‍ വിദേശികളാണ് . 22 വിദേശികളും 12 സ്വദേശികളുമാണ് ഇന്നലെ വരെ മരണപ്പെട്ടിട്ടുള്ളത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക