Image

ഒമാനില്‍ ഇന്ന് രോഗികളുടെ എണ്ണം 372, കൂടുതല്‍ വിമാനങ്ങള്‍ കാത്ത് പ്രവാസി സമൂഹം

Published on 20 May, 2020
 ഒമാനില്‍ ഇന്ന് രോഗികളുടെ എണ്ണം 372, കൂടുതല്‍ വിമാനങ്ങള്‍ കാത്ത് പ്രവാസി സമൂഹം

മസ്‌കറ്റ്: രാജ്യത്ത് 220 വിദേശികള്‍ക്കും 152 സ്വദേശികള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഒമാനിലെ രോഗ ബാധിതരുടെ എണ്ണം 6043 ആയി. ഇതുവരെ 27 പേര്‍ മരിച്ചു.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ സലാലയില്‍ നിന്നും കോഴിക്കോട്ടേക്കും മസ്‌കറ്റില്‍ നിന്നും ബംഗളൂര്‍ക്കും പുറമെ, കണ്ണൂരിലേക്ക് നേരത്തെ എയര്‍ ഇന്ത്യ പുറത്തുവിട്ട ഷെഡ്യൂളില്‍ നിന്നും അധികമായി സര്‍വീസ് നടത്തി. മൂന്നാം ഘട്ടത്തില്‍ മസ്‌കറ്റിലെ പ്രവാസികള്‍ കൂടുതല്‍ വിമാനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ അടിയന്തര സാഹചര്യങ്ങള്‍ പരിഗണിച്ചാണ് യാത്രക്കാരുടെ പട്ടിക തയാറാക്കുന്നത്.

ഒമാനില്‍ ഈദ് പ്രമാണിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. മേയ് 23 മുതല്‍ 27 വരെയാണ് പൊതു അവധി. സ്വകാര്യ മേഖലക്കും ഇതു ബാധകമായിരിക്കും.

ഇതിനിടയില്‍ ഈദ് അവധിയോടനുബന്ധിച്ചുള്ള എല്ലാ കൂട്ടായ്മകളും ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി )ആവശ്യപ്പെട്ടു. വീട് സന്ദര്‍ശനങ്ങള്‍ , പരമ്പരാഗത രീതിയിലുള്ള ആഘോഷങ്ങള്‍ക്കുള്‍പ്പെടെ കോവിഡ് പ്രതിരോധത്തിനായി രൂപം കൊണ്ട ഉന്നതാധികാര സമിതിയായ സുപ്രീം കമ്മറ്റിയുടെ കര്‍ശന വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവര്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ആര്‍ഒപി അറിയിച്ചു.

മുഖാവരണങ്ങള്‍ക്ക് അമിത വിലയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് മസ്‌കറ്റ് മുനിസിപ്പല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ട്:സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക