Image

കൊറോണകാലത്തെ ജീവിതദർശനങ്ങൾ (റവ.ഡോ. വര്‍ഗീസ് മഠത്തികുന്നത്ത്‌)

Published on 18 May, 2020
കൊറോണകാലത്തെ ജീവിതദർശനങ്ങൾ (റവ.ഡോ. വര്‍ഗീസ് മഠത്തികുന്നത്ത്‌)
Paradygm Shift എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയിൽ ഒരു ശൈലിയാണ്. ഈ വാക്ക് ഒരു ശൈലി എന്ന നിലയിൽ ആദ്യമായി ഉപയോഗിച്ചത് തോമസ് കൂൺ എന്ന അമേരിക്കൻ തത്വചിന്തകൻ ആണ്. ചില ചിന്താധാരകളിൽ ഉണ്ടാകുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ ആണ് ഈ പദം വിവക്ഷിക്കുന്നത്. നിലനിൽക്കുന്ന ധാരണകളിൽ വ്യക്തമായ വ്യതിയാനങ്ങൾ സംഭവിക്കൽ, ചില മാതൃകകളിൽ വ്യത്യാസം ഉണ്ടാവുക എന്നൊക്കെയാണ് ഈ വാക്കിന് അർത്ഥം. കൊറോണ എന്ന ഭീകര വ്യാധി ജീവിതത്തിൽ ഭീതി ഉളവാക്കുംബോൾ മനുഷ്യൻ തന്റെ അസ്ഥിത്വസമസ്യകളെ കുറിച്ച് ഏറെ ആകുലനാണ്. ജീവിതത്തെ കുറിച്ചുള്ള ആകുലതകൾ പുതിയ വിചിന്തനങ്ങൾ ക്കും അന്വേഷണങ്ങൾക്കും വഴിതുറക്കുന്നു. ഈ കൊറോണ കാലം മനുഷ്യന് നൽകേണ്ടത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ അടിസ്ഥാനപരമായ മാറ്റമാണ്. മനുഷ്യന്റെ ചിന്തയിലും പ്രവർത്തനങ്ങളിലും ഒരു മാതൃക മാറ്റം അനിവാര്യമാണ്. കൊറോണ കാലത്തിനു മുമ്പുള്ള തെറ്റായ, തെറ്റിപ്പോയ മാതൃകകളിൽ തിരുത്തൽ ആവശ്യമാണ്. നിഷേധാത്മകതകളിൽ അഭിരമിക്കാതെ സർഗ്ഗാത്മകത കൊണ്ട് ജീവിതത്തെ ഉന്നതമാക്കണം. ഉപരിപ്ലവമായ അധാർമികതകളിൽ തളച്ചിടാതെ ധാർമിക നിലവാരം കൊണ്ട് ജീവിതം സമ്പുഷ്ടമാകണം. പ്രതീക്ഷ കൈവിടാതെ പുതിയ പന്ഥാവിലൂടെ ജീവിതം നയിക്കണം. പ്രായത്തെയും കാലത്തെയും അതിജീവിക്കുന്ന നിത്യ സാധ്യതകൾ കണ്ടെത്താൻ മനുഷ്യൻ പരിശ്രമിക്കണം.

ചരിത്രത്തിലെ പല കാലഘട്ടങ്ങളിലും മനുഷ്യരാശിയുടെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്തിട്ടുള്ള മഹാമാരികൾ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. മനുഷ്യചരിത്രത്തിന്റെയും നാഗരികതകളുടെയും മതങ്ങളുടെ പോലും ഗതിവിഗതികൾ നിർണയിക്കുന്നതിൽ മഹാമാരികൾ കാരണമായിട്ടുണ്ട്. ബിസി 1800 വർഷങ്ങൾക്കുമുമ്പ് രേഖപ്പെടുത്തപ്പെട്ട മഹാമാരി ആണ് സ്‌മോൾപോക്സ്‌ (Smallpox). ആഫ്രിക്കയിലും ഈജിപ്തിലും ഗ്രീസിലും എല്ലാം പിന്നീട് കാലാകാലങ്ങളിൽ മഹാമാരികൾ ഉണ്ടായിട്ടുണ്ട്. ക്രിസ്തുവർഷം 165 ലാണ് അന്തോനിയൻ പ്ലേഗ് (Antonian Plague) എന്ന മഹാമാരി റോമാസാമ്രാജ്യത്തിൽ മരണം വിതച്ചത്. ഈ മഹാമാരി റോമാസാമ്രാജ്യത്തിൽ ക്രിസ്തുമതം വളർന്നു ഔദ്യോഗികമതമായി മാറാൻ കാരണമായി എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവർഷം 541ൽ കിഴക്കൻ റോമാസാമ്രാജ്യത്തിലെ ഇസ്താംബുൾ എന്ന മഹാനഗരത്തിൽ ആഞ്ഞുവീശിയ മഹാമാരിയുടെ പേര് ജസ്റ്റിനിയൻ പ്ലേഗ് (Justinian Plague) എന്നായിരുന്നു. 1346 മുതൽ 1351 വരെ യൂറോപ്പിനെ പിടിച്ചുകുലുക്കിയ മഹാമാരി ആയിരുന്നു Black Death എന്ന് വിളിച്ച Bubonic Plague.

മഹാമാരിയുടെ കാലത്തെ അതിജീവനകഥകളും ദുരന്തങ്ങളും ചിത്രീകരിച്ച സാഹിത്യകൃതികൾ കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. കറുത്ത മരണത്തെ അതിജീവിച്ച കഥകൾ പറയുന്ന Giovanni Boccaccio യുടെ ഡകാമറൻ (The Decameron) കഥകൾ മുതൽ ആധുനിക കാലത്തെ പ്രതീകാത്മകത പറയുന്ന തെക്കൻ അമേരിക്കൻ നോവലിസ്റ്റായ ഗബ്രിയേൽ ഗർസിയ മാർക്വേസ്ഇന്റെ പ്രസിദ്ധമായ ‘ലൗ ഇൻ ദ ടൈം ഓഫ് കോളറ’ (Love in the Time of Cholera) വരെ ഈ ഗണത്തിൽ പെടുന്നവയാണ്. എന്നാൽ മഹാമാരികളെക്കുറിച്ച് പ്രവചനാത്മകമായി രചിക്കപ്പെട്ട കൃതിയാണ് ഫ്രഞ്ച് സാഹിത്യകാരനായ ആൽബർട്ട് കാമുവിന്റെ ‘ദ പ്ലേഗ്’ (The Plague /La Peste). 1947 ൽ എഴുതിയ ഈ കൃതി അൾജീരിയയിലെ കടൽത്തീരത്തുള്ള ഒറാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് നെ കുറിച്ചാണ്. എങ്കിലും യഥാർത്ഥത്തിൽ ഈ നോവലിനെ വിഷയം കാലത്തെയും സമയത്തെയും അതിജീവിക്കുന്നതാണ്. ഒറാൻ നഗരത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന രോഗത്തിന്റെ ഭീകരത, ഒറ്റപ്പെടൽ, സഹനങ്ങൾ, പ്ലേഗ് അതിജീവിക്കാനുള്ള മനുഷ്യന്റെ ഇച്ഛ, രോഗത്തോടുള്ള മനോഭാവം, സാമൂഹ്യ അകലം പാലിക്കൽ, ദുരിതങ്ങളുടെ മധ്യേ സ്നേഹത്തിന്റെ മൂല്യം ഇവയെല്ലാം പ്രതിപാദിക്കപ്പെടുന്ന ഈ നോവൽ ഒറാൻ എന്ന കൊച്ചു നഗരത്തിന്റെ കഥ എന്നതിലുപരി നമ്മുടെ ഇന്നിന്റെ കൊറോണ കാലത്തിന്റെ കഥയാകുന്നു അതുകൊണ്ടാണ് ഈ നോവലിന്റെ പ്രസക്തി വർധിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് ലോകത്ത് ഏറ്റവും വിറ്റഴിയുന്ന പുസ്തകമെന്ന നിലയിൽ അതിന്റെ പുതിയ പതിപ്പ് ഇറങ്ങുന്നത്. അതുകൊണ്ടാണ് 1980കളിൽ വായിച്ച പുസ്തകത്തിന്റെ ഓർമ്മ ഇന്നും ഈ ലേഖകന്റെ മനസ്സിൽ മായാതെ നിൽക്കുന്നത്. അതിജീവനത്തിന്റെ കഥകൾ മനുഷ്യന് അന്നും ഇന്നും എന്നും പ്രചോദനങ്ങൾ ആണ്.
മനുഷ്യർ എല്ലാകാലത്തും അതിജീവന വീരഗാഥകൾ രചിച്ചിട്ടുള്ളവരാണ്. അതിജീവനം അവന്റെ അസ്ഥിത്വത്തിന്റെ ഭാഗമാണ്. സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് (Survival of the fittest) എന്ന് ഡാർവീനിയൻ തിയറി മനുഷ്യൻ അവന്റെ അതിജീവനത്തിനു വേണ്ടി ഉപയോഗിച്ചതിന് ചരിത്രം സാക്ഷി. പ്രാചീന സുമേറിയയിൽ രൂപംകൊണ്ട് അനേകം നാഗരികതകളുടെ ഉയർപ്പിനും താഴ്ചയ്ക്കും മനുഷ്യവംശം സാക്ഷ്യംവഹിച്ചു. ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മെസോപ്പൊട്ടാമിയായും ഈജിപ്തും ഇൻഡസ് വാലിയും മനുഷ്യന്റെ ഉയർത്തെഴുനേൽപ്പപിന്റെയും അതിജീവനത്തിന്റെയും കഥകളാണ് പറയുന്നത്. പിന്നീട് ഗ്രീസിലും റോമിലും എത്തിച്ചേർന്നപ്പോൾ മനുഷ്യകുലം ചരിത്രത്തിൽ സംസ്കാരത്തിന്റെ വിജയഗാഥകൾ രചിക്കുകയായിരുന്നു. തത്വചിന്തയും കലയും സാഹിത്യവും ആർട്ടും, ആർക്കിടെക്ചറൂം ഒക്കെ മനുഷ്യന്റെ വീരഗാഥകൾ പാടിപ്പുകഴ്ത്തി. ഗ്രീസിലെ ഡൽഫീയിൽ ആരംഭിച്ച ഏതൻസിലെയും റോമിലെയും രാജവീഥികളിൽ മനുഷ്യൻ പടുത്തുയർത്തിയത് നാഗരികതയുടെ പുതിയ വീരചരിതങ്ങൾ ആയിരുന്നു. പാക്സ് റോമാന (Roman Peace) എന്ന ഓമനപ്പേരിട്ട് വിളിച്ച യുഗവും ചരിത്രത്തിന് സാക്ഷിയായി. Anno Domini (Lords Year) എന്ന AD കാലയളവ് 2000 വർഷങ്ങൾ പിന്നിടുമ്പോൾ മനുഷ്യൻ ഇന്ന് പുരോഗതിയുടെ ഔന്നത്യത്തിൽ എത്തിനിൽക്കുകയാണ്. സൂര്യൻ അസ്തമിക്കാത്ത രാജ്യം, അതിർത്തികൾ കീഴടക്കിയ സാമ്രാജ്യങ്ങൾ, നവീന കണ്ടുപിടുത്തങ്ങൾ, ടെക്നോളജി സംഭാവന നൽകിയ വിപ്ലവാത്മക പുരോഗതികൾ എല്ലാം മാനവികതയുടെ സംഭാവനകൾ ആയി വിലയിരുത്തപ്പെട്ടു. വാനവിജികളിലെ താരധാരകളെ കുറിച്ച് അറിവ് നേടിയ മനുഷ്യൻ ചന്ദ്രനെ കീഴടക്കി ചൊവ്വയിലേക്ക് കുതിക്കുന്നു. ഇത്രയൊക്കെ നേടിയ മനുഷ്യൻ ഇന്ന് ഒരു കൊച്ചു വൈറസിന്റെ മുന്നിൽ പകച്ചു നിൽക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ആകുലപ്പെടുന്നു.

കൊറോണ എന്ന മഹാമാരി ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ക്വാറന്റൈൻ കാലത്തെ ഒറ്റപ്പെടലിൽ അകപ്പെട്ടുപോയ മനുഷ്യ സമൂഹങ്ങൾ ഇന്ന് ഏറെ അസ്വസ്ഥരാണ്. ഭയം മനുഷ്യനെ മുമ്പെങ്ങുമില്ലാത്തവിധം ചകിതനാക്കുന്നു. മനുഷ്യകുലം മുമ്പെങ്ങുമില്ലാത്തവിധം സാർവജനീനമായ ഭയത്തിന് പിടിയിലാണ്. ഏകാന്തത, ഒറ്റപ്പെടൽ, ജീവനെ കുറിച്ചുള്ള ആകുലതകൾ തുടങ്ങിയവയാണ് ഈ ഭയത്തിന് കാരണം. രോഗപീഡകൾകപ്പുറം മരണമെന്ന വ്യാളി ഭീകര രൂപം പൂണ്ട് മനുഷ്യനെ തുറിച്ചു നോക്കുന്നു. പാമരൻ എന്നോ പണ്ഡിതൻ എന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ മനുഷ്യ സമൂഹങ്ങൾ ഇന്ന് ഓരോ തുരുത്തുകളായി മാറിയിരിക്കുന്നു. ടെക്നോളജി കൊണ്ടും ആയുധബലം കൊണ്ടും അഹങ്കരിച്ചു പോയ സമ്പന്ന രാഷ്ട്രങ്ങൾ മുതൽ പട്ടിണിയുടെ നീർ കയങ്ങളിൽ നീന്തിതുടിക്കുന്ന മൂന്നാം ലോകരാജ്യങ്ങൾ വരെ ഇന്ന് നിസ്സഹായരായി നിലവിളിക്കുകയാണ്. നിരാശയുടെ നിലയില്ലാകായങ്ങളും നിസ്സഹായതയുടെ നീലനിശീഥിനികളും മരണത്തിന്റെ താഴ്വരകളും മനുഷ്യന് നേർക്കാഴ്ചകളാണ്. അഹങ്കാരം, സ്വാർത്ഥത, താൻപോരിമ ഇവയെല്ലാം കൊണ്ട് കെട്ടിപ്പടുത്ത ബാബേൽ ഗോപുരം തകർന്നടിയുകയാണ്. ഒറ്റപ്പെട്ടുപോയി നിശബ്ദതയുടെ ഏകാന്തതകളിൽ ഇരുന്ന് മനുഷ്യന്റെ നിസ്സഹായതകളെ കുറിച്ച്, ചെയ്തുകൂട്ടിയ അർത്ഥശൂന്യതകളെക്കുറിച്ച് നെടുവീർപ്പിടുകയാണ്. കെട്ടിപ്പടുത്തതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്ന ദുരന്തഭൂമികളിൽ മനുഷ്യർ നിസ്സഹായരായിരിക്കുന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ നിരാലംബരായി പകച്ചുനിൽക്കുകയാണ് മനുഷ്യർ. ദുരന്ത മുഖങ്ങൾ മുഖാമുഖം കാണുമ്പോൾ മനുഷ്യമനസ്സുകളിൽ വീണ്ടും വീണ്ടും ഉയർന്നു വരുന്നു ആ പഴയ ചോദ്യം. എന്തുകൊണ്ട് ദൈവമേ?. ഈ ചോദ്യം പുതിയ ചോദ്യം ഒന്നുമല്ല. ഏറെ പഴക്കമുണ്ട്. തത്വചിന്തകരും സാഹിത്യകാരന്മാരും എല്ലാം ചോദിച്ചിട്ടുണ്ട്. ലോകത്തെ മാറ്റിമറിച്ച മഹാമാരികളുടെയും യുദ്ധങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും മുന്നിൽ എല്ലാകാലവും മനുഷ്യൻ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.


പതിനാലാം നൂറ്റാണ്ടിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലെ പകുതിയിലേറെ ജനങ്ങളുടെ ജീവനെടുത്ത മഹാമാരി ആയിരുന്നു കറുത്തമരണം (Black Death) എന്ന് പേരിട്ട പ്ലേഗ്. മഹാ നഗരമായ ലണ്ടൻ പട്ടണത്തിലും ഫ്രാൻസിലെ മർസ്സായിലും ഇന്ന് കൊറോണയുടെ ഭീകരത ആടിത്തിമിർത്ത വടക്കൻ ഇറ്റാലിയൻ നഗരങ്ങളിലും എല്ലാം കറുത്തമരണ കാലത്തു മരണം പറന്നിറങ്ങി. മരണത്തിന്റെ ഭീകരമുഖം മുഖാമുഖംകണ്ട ഇംഗ്ലീഷ് കവിയായ വില്യം ലാഗ് ലാണ്ട് (William Lang Land) തന്റെ പ്രശസ്തമായ ‘Piers Plowman’ എന്ന കവിതയിൽ കുറിച്ചുവച്ചു. “God is deaf nowadays and will not hear us. And for our guilt he grinds good men to dust”. ഇന്നും സ്ഥിതി വ്യത്യസ്തമല്ല ദൈവത്തിനെതിരെ കുറ്റവിചാരണക്കു ഇറങ്ങുന്ന നിരീശ്വരവാദികളും അഗ്നോസ്റ്റിക്കുകളും തെരുവിലിറങ്ങി കഴിഞ്ഞു. ആൽബർട്ട് കാമുവിന്റെ പ്ലേഗ് എന്ന നോവലിൽ ഒരു കഥാപാത്രം പറയുന്നതുപോലെ ദൈവത്തിന്റെ പ്രതികാരമാണ് പ്ലേഗ് എന്നമട്ടിൽ ചില വിശ്വാസികളു വിളിച്ചു കൂവുന്നു. ശരി എന്നു തോന്നാം. അതിശക്തനായ സർവ്വമഹത്വമുള്ള സർവ്വ അറിവുമുള്ള കാരുണ്യവാനായ ദയാലുവായ് ദൈവം എവിടെ? മനുഷ്യന്റെ ദുരന്തങ്ങളുടെ മുന്നിൽ ദൈവം കണ്ണടക്കുകയാണ്?. അതോ ഉറങ്ങിപ്പോയോ?. അതുമല്ലെങ്കിൽ പ്രതികാരദാഹിയായി ലോകത്തെ വിധിക്കുകയാണ്?. ഈ ചോദ്യത്തിന് ഉത്തരം തേടാൻ തത്വചിന്തകരും സാഹിത്യകാരന്മാരും എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ട്. വിശ്വസാഹിത്യകാരനായ ദസ്തയോവിസ്കി മുതൽ കാഫ്കയും ആൽബർട്ട് കാമുവും സാർത്രും ഒക്കെ ഇതിനു ഉത്തരം തരാൻ ശ്രമിച്ചു. ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയിൽ ആർത്തനാദം പോലെ പായുന്ന ജീവിതം അർത്ഥശൂന്യം ആണെന്നും ആബ്‌സർഡിറ്റി (Absurdity) യാണ് ജീവിതത്തിന്റെ സാധ്യതയെന്നും മാത്രമേ ഇവർക്ക് ചിന്തിക്കാൻ പറ്റിയുള്ളൂ. എന്നാൽ ശരിയായ ഉത്തരം കണ്ടെത്താൻ ദസ്തയോവിസ്കിയിൽ നിന്ന് കുറച്ചു നൂറ്റാണ്ടുകൾ പിന്നോട്ടുയാത്ര ചെയ്യേണ്ടതുണ്ട്. BC ആറാം നൂറ്റാണ്ടിൽ തത്വചിന്തയും കവിതയും കരളിൽ സൂക്ഷിച്ച ഒരു കഥാകാരൻ സൃഷ്ടിച്ചെടുത്ത ഒരു കൃതി ഉണ്ട്. യഹൂദ- ക്രിസ്ത്യൻ ബെബിളിലെ ‘ജോബിന്റെ പുസ്തകം’. ജോബിനെ നാം അറിയണം. ജോബിന്റെ സങ്കടങ്ങളെ അറിയണം. ജോബിനു ദൈവം നൽകിയ താക്കീത്കളെ കുറിച്ച് അറിയണം. ഈ പുസ്തകത്തെക്കുറിച്ച് ആൽഫഡ് ടെന്നീസൻ പറഞ്ഞത് ഇങ്ങനെയാണ്, “The greatest poem of ancient and modern times”. മനുഷ്യന്റെ സഹനങ്ങളുടെ വെളിച്ചത്തിൽ ദൈവത്തിന്റെ നീതി എന്താണെന്ന് പറയുകയാണ് ഈ പുസ്തകത്തിൽ. എല്ലാം നഷ്ടപ്പെടുന്ന ജോബ് രോഗം വന്ന് സഹനത്തിന്റെ ചൂളയിൽ വെന്തു നീറുന്നു. ഭാര്യ പോലും ദൈവത്തെ ശപിക്കാൻ ആവശ്യപ്പെടുന്നു. സുഹൃത്തുക്കൾ പാപം എന്ന് കാരണം കണ്ടെത്തുന്നു. എലീഹൂ എന്ന കഥാപാത്രത്തെ കൊണ്ട് ദൈവത്തിന്റെ മാർഗ്ഗങ്ങളെ ന്യായികരിക്കുന്നുട്ണ്ട്. തുടർന്ന് ദൈവം തന്നെ ജോബിന് ഉത്തരം നൽകുന്നു. “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്ക് അറിയാമെങ്കിൽ പറയുക. അതിന്റെ അളവുകൾ നിശ്ചയിച്ചത് ആരാണ്? അല്ലെങ്കിൽ അതിന് അളവുനൂൽ പിടിച്ചത് ആരാണ്?” (ജോബിന്റെ പുസ്തകം 38/4) ദൈവം നക്ഷത്രങ്ങളെ കുറിച്ചും മേഘങ്ങളെ കുറിച്ചും പ്രഭാതത്തെ കുറിച്ചും സൂര്യോദയത്തെ കുറിച്ചും ഭൂമിയുടെ വിശാലതയെ കുറിച്ചും ചോദിച്ചു. ജോബിന് ഉത്തരമില്ല, തന്റെ ശൂന്യതയെ കുറിച്ചും അറിവില്ലായ്മയെ കുറിച്ചും ഓർത്ത് ജോബ് നിശബ്ദനായി. ദൈവം തന്നു ദൈവം എടുത്തു ദൈവനാമം മഹത്വപെടട്ടെ. ദൈവത്തിന്റെ ബുദ്ധിയിലെ സമസ്യകളെ അനാവരണം ചെയ്യാൻ ഞാൻ ആര്? നിശബ്ദതയായിരുന്നു ജോബിനെ ഉത്തരം.
മനുഷ്യൻ സൃഷ്ടിയുടെ മകുടം ആണ്. സൃഷ്ടിയുടെ കൊറോണയാണ്. കൊറോണ എന്ന വാക്കിന്റെ അർത്ഥം മകുടം എന്നാണ്. എല്ലാത്തിനെയും അതിജീവിക്കാൻ പ്രാപ്തിയുള്ളവരാണ് മനുഷ്യൻ. സഹനം വേദന മഹാമാരികൾ ദുരന്തങ്ങൾ ഇവയുടെ പിന്നിൽ എന്താണെന്ന് മനുഷ്യന് അഗ്രാഹ്യമാണ്. ഉപരി നന്മ (Greater Goodness) എന്നാണ് ഇതിനെ ആസ്നതികർ വിളിക്കുന്നത്. ദൈവം ഉപരി നന്മയുടെ ഉറവിടം ആണ്. ദൈവത്തിൽ തിന്മയുടെ അംശം ഇല്ല. കരുണാമയനിൽ പ്രതികാരം നിലനിൽക്കില്ല. തിന്മ എന്നത് നന്മയുടെ ഇല്ലായ്മയാണ്. ലത്തീൻ ഭാഷയിൽ Prevacio Boni (Privation of Gooodness) എന്ന് വിളിക്കും. അതായത് നൻമയുടെ അഭാവമാണ് തിൻമ. ദൈവം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. തിന്മ, ദുരന്തങ്ങൾ, രോഗപീഡകൾ എന്നിവ ദൈവം അനുവദിച്ചുവോ എന്ന് ചോദിക്കുവാൻ പോലും മനുഷ്യൻ ആര്? കൊറോണകാലം സഹനങ്ങളുടെ കാലമാണ്. ദുരന്തങ്ങളുടെ കാലമാണ്. ഈ മഹാമാരിയിൽ നിന്ന് മനുഷ്യകുലത്തിനു സ്വാതന്ത്ര്യം വേണം. മനുഷ്യസമൂഹം രോഗപീഡകളേയും മരണത്തെയും അതിജീവിക്കണം. രോഗപീഡകളിൽ മനുഷ്യർക്കു ആശ്വാസം വേണം. മരണത്തിന്റെ വരണ്ട താഴ്‌വരകളിലൂടെ ചരിക്കുന്ന മനുഷ്യകുലം പച്ചയായ പുൽപുറങ്ങളിലേക്ക് നയിക്കപ്പെടണം. നിരാശയുടെ നീർകയത്തിൽ നിന്നും പ്രത്യാശയുടെ തീരത്തേക്ക് മനുഷ്യകുലം നയിക്കപെടണം. സഹനങ്ങൾക്ക് അപ്പുറം ജീവിതമുണ്ട്. നിരാശക്ക് അപ്പുറം പ്രതീക്ഷയുണ്ട്. ജീവിതം മരണത്തേക്കാൾ ശക്തമാണ്.

ജർമൻ സാഹിത്യകാരനായ ഗൊയ്ഥെയുടെ വിശ്വപ്രസിദ്ധമായ നാടകമാണ് ‘ഫൗസ്റ്റ്’. ഈ കൃതിയിൽ ഫൗസ്റ്റ് എന്ന കഥാപാത്രം നിരാശനായി ആത്മഹത്യ ചെയ്യണം എന്ന ചിന്തയിൽ തെരുവിലൂടെ അലയുന്ന ഒരു രംഗമുണ്ട്. പെട്ടെന്ന് അടുത്തുള്ള ദേവാലയത്തിൽ നിന്നും പള്ളിമണികൾ മുഴങ്ങി. പള്ളിമണികളെ പിന്തുടർന്ന ഫൗസ്റ്റ് ജീവിതത്തെ കുറിച്ചുള്ള ചിന്തയിൽ മുഴുകുന്നു. അത് ജീവിക്കാനുള്ള ആഗ്രഹം ഫൗസ്റ്റ്റ്റിൽ സൃഷ്ടിക്കുന്നു. ജീവിതത്തിലെ ഡിപ്രെഷനിൽ നിന്ന് ഫൗസ്റ്റ് കരകയറുന്നു. കൊറോണ കാലത്ത് പുതിയൊരു ജീവിതത്തെ കുറിച്ച് നമുക്ക് ചിന്തിക്കാം. പുതിയ ഒരു ജീവിതവീക്ഷണം കരുപിടിപ്പിക്കാം. ദുഃഖത്തിലും വേദനയിൽ കഴിയുന്ന മനുഷ്യവർഗ്ഗത്തോട് നമുക്ക് സോളിഡാരിറ്റി കാണിക്കാം. സ്നേഹവും കരുണയും ഉള്ളവരാകാം കൊറോണ എന്ന മഹാമാരിയുടെ മധ്യത്തിൽ പ്രതീക്ഷയുള്ള മനുഷ്യരാകാം. മറ്റുള്ളവർക്ക് പ്രതീക്ഷ കൈമാറുന്നവരാകാം. ജീവിതത്തെക്കുറിച്ചും ജീവിതത്തിന്റെ അതുല്യമായ സാധ്യതകളെയും കുറിച്ച് നമുക്ക് പ്രതീക്ഷയുള്ള വരാകാം. ഓ ഹെൻട്രിയുടെ മനോഹരമായ ഒരു ചെറുകഥയുണ്ട്. ‘ദ ലാസ്റ്റ് ലീഫ്’ (The Last Leaf) അല്ലെങ്കിൽ ‘അവസാനത്തെ ഇല’ എന്നാണ് ആ ചെറുകഥയുടെ പേര്. ജോൺസി, സുയി, ബെർഗ്മാൻ എന്നീ മൂന്ന് ആർട്ടിസ്റ്റ് സുഹൃത്തുക്കളുടെ കഥയാണിത്. ബർഗ്മാൻ എന്ന വൃദ്ധനായ ആർട്ടിസ്റ്റ് ഇതുവരെയും തന്നെ ജീവിതത്തിൽ ഒരു മാസ്റ്റർപീസ് ആയിട്ടുള്ള ആർട്ട് വർക്ക് ചെയ്തിട്ടില്ല. അതിൽ അദ്ദേഹം ദുഃഖിതനായിരുന്നു. എങ്കിലും താൻ മരിക്കുന്നതിനു മുമ്പ് ഒരു മാസ്റ്റർപീസ് ചിത്രം വരക്കുമെന്ന് അദ്ദേഹം പ്രതീക്ഷ ഉള്ളവനായിരുന്നു. ഒരിക്കൽ കൊറോണ പോലെ ഒരു മഹാമാരി ഗ്രാമത്തിലുണ്ടാകുന്നു. രോഗിയായിരുന്ന ജോൺസി തന്റെ സുഹൃത്തായ സുയിയും കൂടി ഒരു ഫ്ലാറ്റിൽ അഭയം പ്രാപിക്കുന്നു. രോഗത്തോട് മല്ലിട്ട് മരണത്തെ മുന്നിൽ കണ്ടുകൊണ്ട് ജോൺസി നിരാശയായി തന്റെ ഫ്ലാറ്റിന് പുറത്തേക്ക് നോക്കി ഇരിക്കുന്നു. ശീതകാലം തുടങ്ങുന്നതിനുമുമ്പ് ഇലകൊഴിയുന്ന കാലം. ഒരു മുന്തിരിചെടികൾ രണ്ട് ഇലകൾ മാത്രം കൊഴിയാറായി നിൽക്കുന്നു. അവസാനത്തെ ഇലയും കൊഴിഞ്ഞു വീഴുമ്പോൾ താൻ മരിച്ചുപോകുമെന്ന് ജോൺസി മനസ്സിൽ കരുതുന്നു. പക്ഷേ അവസാനത്തെ ഇല വീഴാതെ നിൽക്കുന്ന ദിവസങ്ങൾ കടന്നു പോയപ്പോൾ ജോൺസിയിൽ പ്രതീക്ഷ മുളപൊട്ടി. ജോൺസി ജീവിതം തിരിച്ചു പിടിച്ചപ്പോൾ വൃദ്ധനായ ബെർഗ്മാൻ തണുത്തുവിറച്ച് മുന്തിരിതോട്ടത്തിൽ മരിച്ചു വീഴുന്നു. കൊഴിഞ്ഞു വീഴാതെ നിന്ന അവസാനത്തെ ഇല ബെർഗ്മാൻ എന്ന ആർട്ടിസ്റ്റ് വരച്ച മാസ്റ്റർപീസ് ചിത്രം ആയിരുന്നു. മരണത്തിനപ്പുറം പ്രതീക്ഷ കൊണ്ട് ജീവിതം തിരിച്ചു പിടിക്കാം എന്ന മനോഹരമായ സന്ദേശമാണ് ഈ കഥയുടെ കാതൽ. പ്രതീക്ഷ ഒരു വെളിച്ചമായി നമ്മുടെ പാതകളിൽ തിളങ്ങട്ടെ. അന്ധകാരം നിറഞ്ഞ വഴികളിൽ പ്രതീക്ഷ എന്ന വെളിച്ചം പ്രകാശിക്കട്ടെ. അന്ധകാരം നിറയുന്ന ലോകത്ത് വെളിച്ചം പ്രകാശിക്കട്ടെ. തമസോമാ ജ്യോതിർഗമയ. അസതോമ സദ്ഗമയ. മൃത്യോമ അമൃതം ഗമയ.

(റവ.ഡോ. വര്‍ഗീസ് മഠത്തികുന്നത്ത്‌, കാല്‍ഗരി, കാനഡ)

കൊറോണകാലത്തെ ജീവിതദർശനങ്ങൾ (റവ.ഡോ. വര്‍ഗീസ് മഠത്തികുന്നത്ത്‌)
Join WhatsApp News
Jasmin -Nurse 2020-05-19 05:56:28
I work 10-12 in the hospital and always wear a mask. When I am in shopping places I wear a mask. People look at me as if I am an alien. I think they are trumpers, the most ignorant I have ever seen. Why? their leader always seen with no mask. Instead of taking hydrocloroquin- he is lying- he can wear a mask and be safe.
RAJU THOMAS 2020-05-19 18:28:40
I am sure the previous comment, meant for some other piece, was entered here by mistake. This article is very rich, rich with history and references to literature. It is truly edifying.
Tom Abraham 2020-05-20 09:45:40
Whatever. “ MAN PROPOSES, GOD DISPOSES” WHAT VISION, WHAT WITHOUT EFFECTVE VACCINE FOR WHICH MAY GOD HELP US ,
Corona Gone 2020-05-21 07:05:09
Christian Prophet Cindy Jacobs reports that the coronavirus “will cease worldwide” because the virus is now “illegal” in the name of Jesus. In a silly but not surprising development, Cindy Jacobs, a popular Christian “prophet,” self-described faith-healer, and co-founder of Generals International, has issued a “decree that the coronavirus will cease worldwide.”-
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക