Image

കേരളം ഇന്നനുഭവിക്കുന്ന സ്വസ്ഥതയുടെ പേരാണ് പ്രവാസി : സാറാ ജോസഫ്

Published on 14 May, 2020
കേരളം ഇന്നനുഭവിക്കുന്ന സ്വസ്ഥതയുടെ പേരാണ് പ്രവാസി : സാറാ ജോസഫ്


റിയാദ്: പ്രവാസിയുടെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ ജീവിക്കുന്നവരെ വേദനിപ്പിക്കുമെന്നും കേരളം ഇന്നനുഭവിക്കുന്ന സ്വസ്ഥതയുടെ പേരാണ് പ്രവാസിയെന്നും സാറാ ജോസഫ്. എല്ലാകാലത്തും പ്രവാസി അനുഭവിക്കുന്ന സന്തോഷവും ദുഃഖവുമെല്ലാം കേരളീയരുടേതാകുന്നതും അതുകൊണ്ടാണ്. ചില്ലയുടെ പ്രതിവാര വെര്‍ച്വല്‍ വായനാ-സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കോവിഡ് കാലത്ത് മനുഷ്യര്‍ അവരുടെ ഏകാന്തതയിലേക്ക് ചുരുങ്ങി. പരസ്പരം തൊട്ടാല്‍ മരിക്കും എന്നുള്ള അവസ്ഥ ഇത്രത്തോളം ഉണ്ടായിട്ടില്ല. മറ്റൊന്നിനും സമയം കാണാതെ മനുഷ്യന്‍ തന്റെ ആഹ്‌ളാദങ്ങളില്‍ തലതല്ലി ഒഴുകുകയായിരുന്നു. പെട്ടന്നാണ് മനുഷ്യന്‍ അടച്ചിടപ്പെട്ടത്. ധാരാളം കിട്ടിയ സമയം അവന്‍ എങ്ങനെ ഉപയോഗിച്ചു എന്നത് പ്രധാനമാണ്. മനസിന്റെ മനസിലേക്ക് നോക്കിയിരിക്കാന്‍ ഓരോ വ്യക്തിയും പരുവപ്പെട്ടിട്ടുണ്ടാകും. അതേസമയം മനുഷ്യരെ അടച്ചിട്ടപ്പോള്‍ പ്രകൃതിക്കു വന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് പലതരത്തിലുള്ള തിരിച്ചറിവുകള്‍ ഉണ്ടാകുന്നുണ്ട്. ചികിത്സാ നീതിയെക്കുറിച്ചുള്ള ചിന്തയാണ് ഇതില്‍ പ്രധാനപ്പെട്ടത്. വികസിതം എന്ന് നാം പൊതുവെ കരുതപ്പെടുന്ന രാജ്യങ്ങളില്‍ രോഗം വരുന്നവര്‍ക്ക് കിട്ടേണ്ട ചികിത്സ അപ്രാപ്യമാണ്. അവിടെ ചികിത്സ കിട്ടാതെ മരിക്കുന്നവര്‍ കൂടിവരുന്നു. ഇവിടെയാണ് നമ്മുടെ നാടിന്റെ പ്രസക്തി. ആരോഗ്യം അവകാശമാണ് എന്ന ചിന്തയില്‍ നിന്നാണ് നമ്മുടെ ആരോഗ്യരംഗം കെട്ടിപ്പൊക്കിയത്.

സമൂഹത്തിലെ ലിംഗപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്നത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളാണ്. മനുഷ്യരാശിയുടെ പകുതിയോ, അതിലധികമോ ഉള്ളവരുടെ ജീവിതം എങ്ങനെ അടിച്ചമര്‍ത്തപ്പെട്ടതായി എന്നുള്ള ചോദ്യമുയര്‍ന്നു. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ ഒട്ടനവധി എതിര്‍പ്പുകള്‍ അതിജീവിച്ചാണ് പലരും ഈ ചോദ്യങ്ങള്‍ തുടരെ ചോദിച്ച് മുന്നേറിയത്. ജനാധിപത്യപരമായ തുല്യനീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണ് ആ പോരാട്ടങ്ങള്‍ ഇന്നും നടക്കുന്നതെന്ന് തുടര്‍ന്നു നടന്ന സംവാദത്തില്‍ സാറാ ജോസഫ് പറഞ്ഞു.

അമൃത സുരേഷ്, ബീന ആര്‍ ചന്ദ്രന്‍, സീബ കൂവോട്, ലീന കൊടിയത്ത്, ജുനൈദ് അബൂബക്കര്‍, അനിത നസീം, ജയചന്ദ്രന്‍ നെരുവമ്പ്രം, അഖില്‍ ഫൈസല്‍, ഷംല ചീനിക്കല്‍, ഇക്ബാല്‍ കൊടുങ്ങല്ലൂര്‍, ബീന, നൗഷാദ് കോര്‍മത്ത്, എം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. സാറാ ജോസഫിന്റെ 'ഒരു പരമരഹസ്യത്തിന്റെ ഓര്‍മയ്ക്ക്' എന്ന കഥയുടെ വായനയും ചര്‍ച്ചയും നടന്നു. വിപിന്‍ കുമാര്‍ കഥ വായിച്ചു. നജിം കൊച്ചുകലുങ്ക്, അഡ്വ. ആര്‍ മുരളീധരന്‍, റസൂല്‍ സലാം, സാലു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക