Image

അമ്മക്കൊപ്പം ഇത്തിരിനേരം (ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)

Published on 10 May, 2020
അമ്മക്കൊപ്പം ഇത്തിരിനേരം (ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)
മനസ്സിന്റെ താളുകളില്‍ ഒളിച്ചുവച്ച് പെറ്റുപെരുകുന്ന ഓര്‍മ്മകളുടെ മയില്പീലിയാണ് ഓരോ മനുഷ്യനും അവന്റെ 'അമ്മ. ജീവിതാവസാനം വരെയും മാതൃസ്മരണ ഒരിയ്ക്കലും മനസ്സില്‍ മരിയ്ക്കുന്നില്ല. കവികളും, ഗായകരും, കലാകാരന്മാരും എത്ര വര്‍ണ്ണിച്ചാലും ആവര്‍ത്തനവിരസതയില്ലാതെ പുതിയ ചിന്താതലങ്ങളിലൂടെ   അമ്മയെകുറിച്ചുള്ള ചിന്തകള്‍ ഓരോ മനസ്സിലും പൊട്ടിവിടര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു. അത്രയ്ക്കും വിശാലമായ ഒന്നാണ് അമ്മതന്‍ വാത്സല്യം.. 

ഏതു മാനസികാവസ്ഥയിലും, ഏതു പ്രായത്തിലും ഓര്‍മ്മ ചിമിഴില്‍ കാത്തുവയ്ക്കാനും, അയവിറക്കുവാനും ഇഷ്ടപ്പെടുന്ന സുവര്‍ണ്ണ കാലമാണ് ഓരോ മനുഷ്യജന്മത്തിനും തന്റെ ബാല്യം.  “യാതൊരു ചിന്തയുമില്ലാതെ കേവലം ചേതസി തോന്നിയമാതിരിയില്‍” എന്ന് വള്ളത്തോള്‍ നാരായണ മേനോന്റെ വരികളില്‍ ഉദ്ദരിച്ചിരിയ്ക്കുന്നത് പോലെ ജീവിതത്തില്‍ യാതൊരു മാനസിക സംഘര്ഷങ്ങളും ഇല്ലാതെ മോഹങ്ങളുടെ വര്‍ണ്ണശഭളമായ ചിറകുകള്‍വച്ച് പറന്നുനടക്കുന്ന കാലഘട്ടമാണ് ഓരോരുത്തര്‍ക്കും ബാല്യം. കൗമാരത്തിന്റെ അവസാനത്തില്‍ ഈ സുവര്‍ണ്ണ കാലഘട്ടം നമ്മോടു വിടപറഞ്ഞു ഉത്തരവാദിത്വങ്ങളും, ജീവിത സമസ്യകളും നമ്മെ കൈയേറ്റം ചെയ്യുന്നു. എങ്കിലും മാറോടണച്ച് കൊഞ്ചിച്ചും, വാത്സല്യം ചുരന്നും, ആരോഗ്യത്തിലും പഠനത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തിയും നമ്മെ വളര്‍ത്തിയെടുത്ത അമ്മയുടെ സ്‌നേഹം ഒരിയ്ക്കലും അലിഞ്ഞു തീരാത്ത തേന്‍ തുള്ളിയായി നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. 

വിശാലമായ നെല്‍വയലുകള്‍ക്ക് കര തുന്നിച്ചേര്‍ത്തതുപോലെ തെങ്ങും, കവുങ്ങും തങ്ങിനില്‍ക്കുന്ന തൊടിയില്‍ നടുവിലായി ഒരു വീട്. വീടിനോടനുബന്ധിച്ച് നില്‍ക്കുന്ന പൂര്‍വ്വികരാല്‍ പണിതീര്‍ത്ത ദേവി ക്ഷേത്രം. ഓര്‍മ്മവച്ചനാള്‍മുതല്‍, മനസ്സിന് സന്തോഷം വരുമ്പോഴും ദുഃഖം വരുമ്പോഴും എല്ലാം കൈകൂപ്പി ദേവിയോട് പറഞ്ഞാല്‍ മതി എന്ന് 'അമ്മ പഠിപ്പിച്ചു. ഏതു സന്ദര്‍ഭത്തിലും ഒരു രക്ഷാകവചം പോലെ ഈ ദേവി കൂടെയുണ്ടെന്ന് പറഞ്ഞു കുഞ്ഞുനാളില്‍ എന്റെ 'അമ്മ എന്നിലേയ്ക്ക് പകര്‍ന്ന ആത്മവിശ്വാസം ഇന്നും ജീവിതത്തിന്റെ ഓരോ ചുവടിലും കൂടെ നിലനില്‍ക്കുന്നു. 'അമ്മ എന്നിലേയ്ക്ക് പകര്‍ന്നു തന്ന ദേവി സങ്കല്പം എന്റെ അമ്മയുടേത് തന്നെയോ എന്ന് പലപ്പോഴും എനിയ്ക്ക് തോന്നാറുണ്ട്. രാവിലെ കുളികഴിഞ്ഞു ഒരു നിമിഷമെങ്കിലും കൈകൂപ്പി എല്ലാ ചിന്തകളും വെടിഞ്ഞു പരാശക്തിയ്ക്ക് മുന്നില്‍ ആത്മസമര്‍പ്പണം ചെയ്താല്‍ ആ ദിവസത്തെ നന്മയുടെ വഴികളിലൂടെ മാത്രം നയിയ്ക്കാനാകുമെന്ന ചിന്ത കുഞ്ഞുനാളില്‍ 'അമ്മ പറഞ്ഞു വിശ്വസിപ്പിച്ചു. സന്ധ്യാ സമയത്ത് ആ ദിവസം നടന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും മറന്നു  സന്ധ്യ നാമം ജപിച്ചാല്‍ മനസ്സിലെ എല്ലാ ചീത്ത ചിന്തകളെയും ദൂരീകരിച്ച്  സുഖമായി ഉറങ്ങാന്‍ കഴിയുമെന്നും 'അമ്മ പഠിപ്പിച്ചു. വളര്‍ന്നു വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതൊക്കെ വിശ്വാസം മാത്രമാണെന്നുള്ള തിരിച്ചറിവ് തോന്നി.  എന്നിരുന്നാലും   പല സാഹചര്യത്തിലും മനസ്സിനെ തുലനപ്പെടുത്തുവാനും,  ആത്മവിശ്വാസം കാത്ത് സൂക്ഷിയ്ക്കുവാനും, എല്ലാം ഒരു ശക്തിയില്‍ സമര്‍പ്പിച്ച് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും 'അമ്മ പകര്‍ന്നു തന്ന കൊച്ചു വിശ്വാസങ്ങള്‍ ജീവിത യാത്രയില്‍ ഇന്നും കൂടെ നടക്കുന്നു. 

വിദ്യാഭ്യാസം കഴിഞ്ഞു ജോലിയ്ക്കായുള്ള ശ്രമത്തില്‍ ജന്മനാടും, കളിമുറ്റവും മാതാപിതാക്കളെയും വിട്ടുപിരിയേണ്ടതായി വന്നു. ഇവയെല്ലാം ഉപേക്ഷിച്ചുള്ള ഒരു യാത്ര മനസ്സില്‍ ആഴവും വേദനയും ഉളവാക്കുന്ന മുറിവുണ്ടാക്കി. സോഷ്യല്‍ മീഡിയയുടെ സ്വാധീനം അത്രമാത്രം വളര്‍ച്ച എത്താത്ത ആ കാലത്ത് ദുരെപോകുന്നത് മനസ്സിനെ പിഴുതുകൊണ്ടുപോകുന്ന വേദനയായിരുന്നു. അന്നുവരേയ്ക്കും പരസ്പരം വിട്ടുപിരിഞ്ഞു ശീലിയ്ക്കാത്ത എനിയ്ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ സഹിയ്ക്കാന്‍ കഴിയാത്ത ഒരു അകലമായിരുന്നു അത്. എന്നിരുന്നാലും  കണ്ണുകളില്‍ ഉരുണ്ടു കൂടിയ കണ്ണുനീരിനെ അടര്‍ന്നു വീണാല്‍ ഞാന്‍ വേദനിയ്ക്കും എന്നുള്ളതുകൊണ്ട് അത് അനുവദിയ്ക്കാതെ പിടിച്ച് നിന്ന് 'അമ്മ എന്നെ ഉപദേശിച്ചു. മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ദുരെ ആണെങ്കിലും ഒരു കുറവുമില്ലാതെ നിന്റെ കൂടെ തന്നെ ഉണ്ടാകും. പറന്നുയരാന്‍ ചിറകുകള്‍ ലഭിയ്ക്കുമ്പോള്‍ പറന്നുയരണം. എത്ര ശക്തിയുണ്ടോ അത്രത്തോളം. ഭാവി സുരക്ഷിതത്വത്തിനു ജീവിത യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളണം.

ഈ ആശ്വാസ വാക്കുകള്‍ ജീവിതത്തില്‍ ഇനിയും മുന്നോട്ടു പറക്കാന്‍, നഷ്ടങ്ങളെ   അഭിമുഖീകരിയ്ക്കാന്‍ ആത്മധൈര്യമായി മനസ്സില്‍ പതിഞ്ഞു കിടക്കുന്നു. മാതാപിതാക്കളുടെ പവിത്രമായ സ്‌നേഹം ഉയര്‍ച്ച താഴ്ചകളില്‍ എന്റെ ജീവിതം പറന്നു കളിയ്ക്കുമ്പോഴും മരുപ്പച്ചയായി കൂടെത്തന്നെ കാണുന്നു. 

അമ്മയുടെ സ്‌നേഹം ഓരോ മനസ്സിലും വ്യത്യസ്ത ഭാവത്തിലാണെങ്കിലും അതിന്റെ സ്ഥായിയായ ഭാവം പവിത്രമായ, ആത്മാര്‍ത്ഥമായ, പ്രതിഫലം ആഗ്രഹിയ്ക്കാത്ത വാത്സല്യം തന്നെ. അതിനാല്‍ അമ്മയെ സ്മരിയ്ക്കുന്നതിനു പ്രത്യേകമായ ഒരു ദിനത്തിന്റെ ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല .

എന്നിരുന്നാലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി സ്വന്തം കുഞ്ഞിനെ കല്ലിലടിച്ച് കൊല്ലുന്ന മാതാവും, മാതാപിതാക്കളെ വഴിയിലും അനാഥാലയത്തിലും ഉപേക്ഷിയ്ക്കാനും,  സ്വത്തിനും, പണത്തിനും വേണ്ടി അവരെ എന്തും ചെയാനും മടിയ്ക്കാത്ത  മക്കളും ജീവിച്ചിരിയ്ക്കുന്ന ഈ സമൂഹത്തില്‍ പലപ്പോഴും ചില ബന്ധങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാകുന്നു എന്നുള്ളത് മറച്ചുവയ്ക്കാന്‍ കഴിയാത്ത സത്യമാകുന്നു.



Join WhatsApp News
Sudhir Panikkaveetil 2020-05-10 09:40:44
ആവർത്തന വിരസതയില്ലാതെ എഴുതാൻ കഴിയുന്ന വിഷയം 'അമ്മ എന്ന ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരുടെ അഭിപ്രായം ശരിയാണ്. എത്ര എഴുതിയാലും തീരാത്ത വിശേഷങ്ങൾ മക്കൾക്കുണ്ട്. വിശാലമായ നെൽവയലുകളും, തെങ്ങും കവുങ്ങും, കുടുംബ ക്ഷേത്രവും ഗൃഹാതുരത്വം പകരുന്നു. 'അമ്മ നൽകിയ ആത്മവിശ്വാസവും, ഭക്തിയും ജീവിതപാതയിൽ അഭൗമ ജ്യോതിയായി മക്കൾക്ക് ശക്തി പകരുന്നു. ശരിയാണ്, അമ്മയല്ലാതൊരു ദൈവമുണ്ടോ? എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ !!
Anil Mitranandapuram 2020-05-10 12:40:29
ഒത്തിരി നല്ല ലേഖനം. അഭിനന്ദനങ്ങൾ...!!! ഓർക്കാൻ ഒരു ദിനം വേണ്ട. നമ്മളറിയാതെ നമ്മളിലുള്ള നന്മയാണ് നമ്മുടെ അമ്മ. മലയാളത്തിന്റെ മാതൃത്വം മനോഹരമായ വരികളിൽ വരച്ചു കാട്ടി.
Glory of Transformation 2020-05-10 16:51:52
‘Mother’- precious, beautiful & reverend, A joy that is incarnated. A glorious transformation of body& attitude from a Woman to a Mother! But there is a naked sleeping giant of truth. The Mother cannot own the child & the child cannot own the Mother. Mother belongs to the Present, Mother is the Vehicle of the Future; the Child.-andrew.c
GIRISH NAIR 2020-05-11 10:17:47
അടുക്കളയിൽ വിയർപ്പിൽ കുതിർന്ന അമ്മയെ കെട്ടിപ്പിടിക്കാൻ നമുക്ക്‌ കഴിയുമെങ്കിൽ, ഒറ്റപ്പെടലും പരാധീനകളുമായി കഴിയുന്ന അവരുടെ ഏകാന്തകളെ സ്നേഹം കൊണ്ടും നിറക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് മാതൃദിനത്തെ പൂർണതയിലെത്തിക്കുന്നത്. ഏതൊരാളെയും തന്റെ വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു വാക്കാണ് അമ്മ. നിരുപാധികമായ സ്നേഹത്തിന്റെ പര്യായം. എത്ര തിരക്കാണെങ്കിലും ദിവസം ഒരു തവണയെങ്കിലും അമ്മയെ ഓർക്കാത്തവർ ഉണ്ടാകില്ല. വഴക്കിടുമ്പോഴും, മിണ്ടാതിരിക്കുമ്പോഴും ഉള്ളിൾ അമ്മയോട് സ്‌നേഹം സൂക്ഷിക്കുന്നവർ തന്നെയാകും നമ്മളെല്ലാം. നെൽവയൽ, തെങ്ങും കവുങ്ങും തോപ്പ്, വിടും പരദേവതയും, ഗൃഹാതുരത്വം പകരുന്ന ഒരു ലേഖനം ലേഖികക്ക് അഭിനന്ദനം..
Sasidharan Nair 2020-06-17 02:21:46
Excellent and well written.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക