Image

ഞാനാകട്ടെ മണ്ണും ജലവും പച്ചയുമാണ് ( ദിനസരി-6: ഡോ.സ്വപ്ന.സി. കോമ്പാത്ത്)

Published on 09 May, 2020
ഞാനാകട്ടെ മണ്ണും ജലവും പച്ചയുമാണ്  ( ദിനസരി-6: ഡോ.സ്വപ്ന.സി. കോമ്പാത്ത്)
"അർഥം പോലുമറിയാത്ത അനേകായിരം വാക്കുകളാൽ ബന്ധിപ്പിക്കപ്പെട്ടവരാണ് ഭൂമിയിൽ എല്ലാവരും "   വാക്കുകൾ കൊണ്ട് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കാനുള്ള ഒരു മാന്ത്രികവിദ്യ   എഴുത്തുകാർക്ക് സ്വന്തം. ആകാശത്തെക്കുറിച്ച് സ്വപ്നം കാണാനും ഭൂമിയുടെ വേദനകളിൽ കണ്ണുനിറയാനും ഏറ്റവുമെളുപ്പത്തിൽ സാധിക്കുന്നവർ..തിയോഡോർ റൂസ് വെൽറ്റിന്റെ ,
 keep your eyes on the  stars
and your feet on the ground എന്നീ വരികൾ വായിച്ചപ്പോഴാണ് ഷാഹിനയുടെ ഗൊദാർദും യക്ഷിക്കഥകളും എന്ന വായനാനുഭവം ഓർമ വന്നത്.

കാല്പനികതയുടെ ചാതുരിയോടെ ജീവിത യാഥാർത്ഥ്യങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ലേഖനസമാഹാരമാണ് ഐവറിബുക്സ് പ്രസിദ്ധീകരിച്ച ഈ ഓർമപുസ്തകം. ജിതയ്ക്ക് .... എന്ന സമർപ്പണവാചകത്തോടെയാണ് പുസ്തകം  ആരംഭിക്കുന്നത്. ചില ജാലകക്കാഴ്ചകൾ ,പലയിടങ്ങളിൽ പലകാലങ്ങളിൽ കോറിയിട്ടവ എന്നീ രണ്ട് ആമുഖവാചകങ്ങളോടെ സമാഹരിക്കപ്പെട്ട 22 ലേഖനങ്ങളാണിതിലുള്ളത്. സാറ ടീച്ചറുടെ ആതി എന്ന നോവൽ വായനയും സ്വന്തം വീട്ടുകിണറിലെ വെള്ളത്തിന്റെ ദൗർലഭ്യം ഉണ്ടാക്കിയ  ആധിയുമാണ് ഒന്നാമത്തെ ലേഖനത്തിന്റെ പ്രമേയം. പണത്തിനപ്പുറം മറ്റൊന്നുമില്ലാത്ത നമ്മുടെ നാട്ടിലെ 'കുമാരന്മാരെ'ക്കുറിച്ചുള്ള ആധിയും മുറിവേറ്റ ജലത്തെക്കുറിച്ചുള്ള ഓർമയുമാണ് "എല്ലാനാടും ആതിയാകുമ്പോൾ " എന്ന ലേഖനത്തെ ഹൃദയസ്പർശിയാക്കുന്നത്.

ഒരിക്കലും ആരുടെയും സ്വന്തമാകാത്ത എന്നാൽ വിട്ടകലാത്ത ഒരു കരിനീലക്കടലിനെ ഓർമ്മിപ്പിക്കുന്ന അജ്ഞാതസന്ദേശങ്ങളിലൂടെ ഉള്ളുകവർന്നൊരാളാടെ ഹൃദ്യമായ വിവരണമാണ് "എങ്കിലുമെന്നജ്ഞാത സന്ദർശക "  എന്ന ലേഖനം. പ്രണയത്തിന്റെ കടുംചുവപ്പായ സൂര്യനോട് പരിഭവം പറയുന്നൊരു കൗമാരക്കാരിയുടെ പ്രണയാർദ്രതയാണ്  ആ ലേഖനത്തിന്റെ ആത്മാവ്. കെ.കെ.നായരും ഞാനും പിന്നെ പേരറിയാത്തൊരുവളും എന്ന ലേഖനത്തിലൂടെ പേരിനൊരു  പ്രസക്തിയുമില്ലാത്ത ഒട്ടനവധി സഹോദരിമാരുടെ ഹൃദയം നമുക്കു മുന്നിൽ തുറന്നുകാണിക്കുന്നു.

ആൺ വണ്ടികളും ആൺ വഴികളും നിറഞ്ഞ ലോകത്തിൽ ഒറ്റയ്ക്കായി പോകുന്ന പെൺസ്വപ്നത്തഴമ്പുകളാണ് "സൈക്കിൾ എന്ന ആൺവണ്ടി"യുടെ പ്രമേയം ."അവിവാഹിതർ സാമൂഹ്യ വിരുദ്ധരല്ല " എന്ന ലേഖനം എത്ര സൂക്ഷ്മതയോടെയാണ് അന്യരുടെ ജീവിതത്തിൽ വിധി പ്രസ്താവിക്കുന്ന നമ്മുടെ മുഖംമൂടികളെ വലിച്ചു കീറുന്നത്. ജീവിതത്തെ സധൈര്യം നേരിടുന്ന, ആസ്വദിക്കുന്ന ഒരാളുടെ അനുഭവങ്ങൾ നമ്മളിൽ പലർക്കും അപരിചിതമാകാം. പ്രത്യയശാസ്ത്രങ്ങൾക്കു മുന്നിൽ അടിയറവ് പറയാതെ തനിക്ക് തോന്നുന്ന യുക്തിസഹമായ കാര്യങ്ങൾ, താനനുഭവിക്കുന്ന നേരുകൾ, പ്രതിഭാധനയായ ഒരെഴുത്തുകാരിയുടെ കാല്പനിക ഭാവമുള്ള ഹൃദയ ക്കുറിപ്പുകൾ,എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളെ അടയാളപ്പെടുത്തുന്ന യാത്രാനുഭവങ്ങളുടെ കൗതുകം . ഷാഹിനയുടെ ഓർമചിന്തകൾക്ക് വായനയുടെ കുതൂഹലത്തെ സംതൃപ്തിപ്പെടുത്താനാവുന്നുണ്ട്.

 നിലപാടുകളുള്ള ഒരെഴുത്തുകാരിയുടെ ധീരതയാണവരുടെ രചനകളെ വ്യതിരിക്തമാക്കുന്നത്. " പെണ്ണെണ്ണം കൂടുതലുണ്ടായിട്ടും നാളിതുവരെ മുഖ്യമന്ത്രിക്കസേര അലങ്കരിക്കാൻ ഒരു പെണ്ണുമില്ലാതായിപ്പോയ സംസ്ഥാനമാണിത്" എന്നുറക്കെ പറയാനാകുന്നിടത്തും, "എന്റെ ആൺ സങ്കല്പം ഒരിക്കലും പ്രതിലോമമല്ല. സംസ്കാരമുള്ള കണ്ണുകളും കൈവിരലുകളും ഉള്ളവനാണ് ഞാൻ ബഹുമാനിക്കുന്ന പുരുഷനെന്ന് " വ്യക്തമാക്കുന്നിടത്തും "നമ്മുടേതെന്ന് ഉറക്കെ പറയാൻ ഇനിയുമൊരു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും കാലമുണ്ടായിരിക്കുമെന്ന് "  പ്രത്യാശിക്കുന്നിടത്തും ഷാഹിനയെന്ന നിലപാടുള്ള സ്ത്രീയെ നമുക്ക് കൃത്യമായി വേർതിരിച്ചെടുക്കാനാകും.

"സ്നേഹിച്ചു കൊണ്ട് വെറുക്കുമ്പോളാവണം അല്ലെങ്കിൽ വെറുത്തു കൊണ്ട് സ്നേഹിക്കുമ്പോളാവണം നമ്മൾ ഒന്നിനെ ഏറ്റവും സ്നേഹിക്കുക " എന്ന തിയറിയാണ് ജീവിതത്തിലെമ്പാടും ഷാഹിന പുലർത്തുന്നതെന്ന് നമ്മളെ ധരിപ്പിക്കുന്ന രീതിയിലുള്ള എഴുത്ത്. പക്ഷേ എഴുത്തുകാരിയെന്നെ നിലയിൽ ഈ സമാഹാരത്തിൽ ഷാഹിനയെ നമ്മളറിയുന്നത് ഒരു മനുഷ്യസ്നേഹിയായാണ്. " മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാനാ കൂനിപ്പതുങ്ങിയിരിക്കുന്ന സ്ത്രീയുടെ വലം കയ്യിൽ വെറുതെ ഒന്നമർത്തിപ്പിടിച്ചു " എന്ന വാചകത്തിൽ നമുക്കാ സ്പർശം തിരിച്ചറിയാനാവുന്നുണ്ട്.

 സ്ത്രീയെ അത്രമാത്രം അകറ്റിനിർത്തുന്ന ഒരു സമൂഹത്തിന്റെ മുഖംമൂടികൾ "ഗൊദാർദും യക്ഷിക്കഥകളും "  ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ വായനയിൽ ചിന്തയുടെ പുതിയ മുകുളങ്ങൾ സൃഷ്ടിക്കുന്ന ആഖ്യാനരീതി. നമ്മൾ കടന്നു പോയ ഇന്നലകളെ, നമ്മൾ നടന്നു നീങ്ങുന്ന ഇന്നിനെ, നമ്മൾ താങ്ങേണ്ടി വരുന്ന നാളെയുടെ ദൂരത്തെ എല്ലാം സ്വന്തം കാഴ്ചപ്പാടിൽ നിന്നുകൊണ്ട് എഴുത്തിലേക്കാവാഹിക്കുന്ന രചനാതന്ത്രത്തെ ഏറ്റവും ശക്തമായി ബോധ്യപ്പെടുത്തുന്ന രാജേഷ് ചേലോടിന്റെ കവർ ഡിസൈനിങ്ങിന്റെ ഹൃദ്യതയും കൂടി എടുത്തു പറയാതെ വായനാനുഭവങ്ങൾ പൂർണ്ണമാകില്ല.
ഞാനാകട്ടെ മണ്ണും ജലവും പച്ചയുമാണ്  ( ദിനസരി-6: ഡോ.സ്വപ്ന.സി. കോമ്പാത്ത്)ഞാനാകട്ടെ മണ്ണും ജലവും പച്ചയുമാണ്  ( ദിനസരി-6: ഡോ.സ്വപ്ന.സി. കോമ്പാത്ത്)
Join WhatsApp News
Shahina EK 2020-05-11 11:17:47
Thanks much swapna 4 ur Interesting revw
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക