Image

അമ്മയും അമ്മച്ചിയും (കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്‌സുമാര്‍ക്കുവേണ്ടി) - വാസുദേവ് പുളിക്കല്‍

Published on 08 May, 2020
അമ്മയും അമ്മച്ചിയും (കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്‌സുമാര്‍ക്കുവേണ്ടി) - വാസുദേവ് പുളിക്കല്‍
കേരളത്തില്‍ നിന്നുള്ള അമേരിക്കന്‍ കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തില്‍ ഇവിടെ എത്തിയ വനിതകളില്‍ ഭൂരിപക്ഷവും നേഴ്‌സുമാരായിരുന്നു. പുതിയൊരു ജീവിതം കെട്ടിപ്പടുക്കണമെന്ന സ്വപ്നവുമായി   അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഇവരെ അമേരിക്കയിലെ ആര്‍ഭാടജീവിതമോ പാശ്ചാത്യ പരിഷ്ക്കാരമോ ആകര്‍ഷിച്ചില്ല. കുടുംബം, തറവാട്ടു മഹിമ, അവരുടെ പാരമ്പര്യം മുതലായവക്കനുസൃതമായ ഒരു ജീവിതരീതി ആവിഷ്ക്കരിക്കുന്നതിലാണ് അവര്‍ ശ്രദ്ധ പതിപ്പിച്ചത്. തന്മുലം അവര്‍ക്ക് കുടുംബ ഭദ്രത ഉറപ്പു വരുത്താനും പില്‍ക്കാലത്ത് നല്ലൊരു ശതമാനം കേരളീയ കുടിയേറ്റക്കാര്‍ക്ക് അമേരിക്കയുടെ സമ്പത്ത് നുകരാനും അമേരിക്കന്‍ മലയാളികള്‍ എന്ന് അവകാശപ്പെടാനുള്ള അവസരമൊരൊക്കാനും സാധിച്ചു.  അത് അഭിമാനിക്കാവുന്ന കാര്യമാണ്.
     
നേഴ്‌സുമാര്‍ അഭിനന്ദിക്കപ്പെടുന്നതിനു പകരം പലപ്പോഴും അവഹേളിക്കപ്പെടുന്നതായിട്ടാണ് കാണുന്നത്.  അവര്‍ അവഗണിക്കപ്പെടുകയും അവരുടെ സേവനത്തിന്റെ മഹത്വം അംഗീകരിക്കപ്പടാതിരിക്കുകയും ചെയ്യുന്നു.  ആതുരസേവനത്തിന് ഇറങ്ങിത്തിരിച്ചവര്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ സേവനപാരമ്പര്യത്തില്‍ നിന്ന് തെന്നി മാറി ഡോളറിന്റെ പിന്നാലെ പായുന്നു എന്ന ആരോപണം പലപ്പോഴും ഉന്നയിച്ചു കാണാറുണ്ട്. ഇവര്‍ ചെയ്യുന്ന ജോലിക്ക് ഭേദപ്പെട്ട വേതനം ലഭിക്കുന്നതുകൊണ്ട് സാമാന്യം ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നു. അതുകൊണ്ട് ഇവര്‍ തങ്ങളുടെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന നിഗമനത്തില്‍ വിമര്‍ശനത്തിന്റെ ശരങ്ങള്‍ തൊടുത്തു വിടുന്നത് അപലപനീയമാണ്. ആര്‍ഷ സംസ്കാരത്തിന്റെ കെട്ടുറപ്പുള്ള കുടുംബത്തിന്റെ മാഹാത്മ്യം നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ള ഇവര്‍ കുടുംബസ്‌നേഹത്തിന്റെ പ്രതീകങ്ങളാണെന്ന് സ്വയം തെളിയിച്ചുകൊണ്ട് നൈതിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആദര്‍ശപരമായ ജീവിതം നയിക്കുന്നു. വിവാഹത്തിനു ശേഷവും തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ ഒരംശം ജനിച്ച കുടുംബത്തിന്റെ അഭിവൃദ്ധിക്കും സഹോദരി സഹോദരന്മാരുടെ ഉന്നമനത്തിനും ദുരിതം അനുഭവിക്കുന്ന പാവങ്ങളുടെ ദുരിത നിവാരണത്തിനും വേണ്ടി ചിലവഴിക്കുന്ന ഇവരില്‍ ജീവകാരുണ്യം തുളുമ്പി നില്‍ക്കുന്നു. ഇവരുടെ കാരുണ്യം കൊണ്ട് ഇവിടെ എത്തിയിട്ടുള്ളവരില്‍ പലരും ഡോളറിന്റെ കുമ്പാരത്തിന് മുകളില്‍ ഇരുന്നു കൊണ്ട് ഇവരെ തള്ളിപ്പറയുമ്പോഴും അത് സഹിക്കാനും ക്ഷമിക്കാനുമുള്ള ഹൃദയ വിശാലതയും ഇവര്‍ക്കൂണ്ട്. 
    
ഇവരില്‍ പലരും സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നു വീണവരെല്ലെന്നു കരുതി മാനുഷിക മൂല്യങ്ങളുടെ കാര്യത്തില്‍ ആരുടേയും പിന്നിലല്ല. ജന്മം കൊണ്ട് ആര്‍ക്കും ബ്രഹ്മജ്ഞാനം കൈവരിക്കാന്‍ സധിക്കുകയില്ല എന്നത് സത്യമായിരിക്കുന്നതു പോലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചു എന്ന കാരണം കൊണ്ട് മാനുഷിക മൂല്യങ്ങളോ സംസ്കാരമോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇതിനൊക്ക ആധാരം മനസ്സിലെ നന്മയും കുടുംബ പാരമ്പര്യവുമാണ്.  നിഷ്ക്കളങ്കരായ  നേഴ്‌സുമാരെ കുറിച്ച് കഥകളും കവിതകളും എഴുതി അവരുടെ വികാരങ്ങളെ കുത്തി നോവിച്ച് രസിക്കുന്ന സാഡിസ്റ്റുകള്‍ അവര്‍ ചെയ്യുന്നത് പാപമാണെന്നു ധരിക്കേണ്ടതാണ്. നേഴ്‌സുമാരുടെ പാതിവൃത്യത്തെ ചോദ്യം ചെയ്തു കൊണ്ട്, അവരെ അഭിസാരികമാരായി എഴുത്തുകാര്‍ ചിത്രീകരിക്കുമ്പോള്‍ അതില്‍ നിന്ന് വമിക്കുന്നത് ചീഞ്ഞളിഞ്ഞ സ്വന്തം മനസ്സിന്റെ ദുര്‍ഗ്ഗന്ധമാണെന്ന് ഈ എഴുത്തുകാര്‍ക്ക് മനസ്സിലാകണമെങ്കില്‍ മനസ്സില്‍ നന്മയുടെ കണികയെങ്കിലും ഉള്ളവരോ ജീവിതത്തില്‍ ഒരിക്കലെങ്കിലും മനസ്സാക്ഷിയോട് നീതി പുലര്‍ത്തിയിട്ടുള്ളവരോ ആയിരിക്കണം. സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കും വണ്ണം മാനസികരോഗികള്‍ ആക്രോശിക്കുമ്പോള്‍ സമൂഹത്തിന്റെ നന്മ കണക്കിലെടുത്ത് അവരെ ശുശ്രൂഷക്കായി മാറ്റി നിര്‍ത്തേണ്ടതുണ്ട്. സന്മനസ്സുള്ളവര്‍ ഇവര്‍ക്കുവേണ്ടി, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചാലും നികൃഷ്ടരായ ദുഷ്ടമാനസരോട് പൊറുക്കണമോ വേണ്ടയോ എന്ന് ദൈവം പലവട്ടം ചിന്തിച്ചു നോക്കും
    
ചാരിത്രനിഷ്ഠക്ക് കളങ്കം വരുത്താതെ സന്മാര്‍ഗ്ഗികതയില്‍ അടിയുറച്ചു നില്‍ക്കുന്ന ഈ കേരളീയവനിതകള്‍ സ്വധര്‍മ്മത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്നവരല്ല. പ്രതികൂലസാഹചര്യങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും മുഖത്ത് വേദനയുടെ പുഞ്ചിരിയുമായി അവര്‍ കര്‍ത്തവ്യനിരതരാകുന്നു. നേഴ്‌സുമാര്‍ ആതുരസേവനത്തില്‍ മാത്രമല്ല, സാമൂഹ്യപ്രവര്‍ത്തനം, സാഹിത്യം മുതലായ രംഗങ്ങളിലും സ്വന്തം പ്രതിഭ തെളിയിക്കുന്നുണ്ട്്. സ്ര്തീയെ സംബന്ധിച്ച് ഓരോരുത്തരുടേയും ഉള്ളില്‍ വരുന്ന ലൗകികമായ വാസനയുടെ സ്വരൂപത്തില്‍ വ്യത്യസ്ഥമായ സാംസ്കാരിക ബന്ധങ്ങള്‍ ഉണ്ടാകുന്നു. ശരീരത്തില്‍ എത്രമാതിരി വാസനകള്‍ ചുരുണ്ടുകിടക്കുന്നു എന്ന് പറയാന്‍ നിവൃത്തിയില്ല. ഒരു സ്ര്തീയോട് ഒരു പുരുഷന് ഉണ്ടായിരിക്കാവുന്ന രാഗം എന്റെ പ്രിയപ്പെട്ട അമ്മ എന്ന സ്‌നേഹമായിരിക്കുമ്പോള്‍ വേറൊരാള്‍ക്ക് അതേ സ്ത്രീയോടു തൊന്നുന്ന രാഗം ഭാര്യയോടു തോന്നുന്ന സ്‌നേഹമാണ്. വേറൊരു പുരുഷന് ആ സ്ത്രീ മകളാണ്. പിന്നെയൊരുവന് സഹോദരിയാണ്. ഒരുവന്‍ മനോനിയന്ത്രണങ്ങളെല്ലാം വിട്ട് അവളെ കാമുകിയായി കണ്ടെന്നു വരാം. ഇനിയൊരുവന്‍ സര്‍വ്വരക്ഷയുടേയും കേന്ദ്രമായിരിക്കുന്ന സാക്ഷാല്‍ ജഗജ്ജനനിയായി അമ്മയെ വഴ്ത്തുന്നുണ്ടെന്ന് വരാം. നിസ്തുലസ്‌നേഹത്തിന്റെ പ്രതീകമായ അമ്മ ദേവതയാണ്, പൂജാര്‍ഹയാണ്.  ഇങ്ങനെ അമ്മ, ഭാര്യ, കുടുംബിനി തുടങ്ങിയ നിലകളില്‍ അവര്‍ അവരുടെ വ്യക്തിത്വത്തിന് ശോഭ നല്‍കുന്നു. കുട്ടികളുടെ സംരക്ഷണയില്‍ അമ്മയെപ്പോലെ കരുതല്‍ ഉള്ളവര്‍ മാറ്റാരുമില്ല. റോസാപുഷ്പം മനോഹരമാണ്, ദളങ്ങള്‍ മൃദുലമാണ്. പക്ഷെ തണ്ടില്‍ കൂര്‍ത്തുമൂര്‍ത്ത മുള്ളുകളുണ്ട്. റോസാപ്പുക്കളിറുക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കയ്യില്‍ മുള്ള് തറച്ച് വേദനിക്കും. റോസാപുഷ്പ്പങ്ങള്‍ പോലെ മനോഹരമാണ് ഈ ലോകവും. പക്ഷെ ചതിക്കുഴികളും അപകടങ്ങളും  മറഞ്ഞിരിപ്പുണ്ട്. ആ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ കുട്ടികള്‍ക്ക് അമ്മ മുന്നറിയപ്പു നല്‍കുന്നു. മനുഷ്യര്‍  ചെയ്യൂന്ന പ്രവൃത്തിയുടെ മഹത്വവും പവിത്രതയും ആത്മാര്‍ത്ഥതയുമാണ് അവരെ വിശുദ്ധരാക്കുന്നത്.  നേഴ്‌സായ ചേച്ചിയുടേയോ, ഇളയമ്മയുടേയോ സഹായം കൊണ്ട് എത്തിയവര്‍ "ഞാനൊരു നേഴ്‌സിനെ കല്യാണം കഴിക്കയില്ല'' എന്ന് വീമ്പിളക്കുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും അവസാനം നേഴ്‌സിനെ തന്നെ കല്യാണം കഴിച്ച് ഞനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തില്‍ നടക്കുന്നത് നമ്മള്‍ ഈ സമൂഹത്തില്‍ കണ്ടിട്ടുണ്ട്. ഏതു ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
    
ഇന്നത്തെ കൊറാണാ സാഹചര്യം ആതുരസേവനത്തിന് ഒരു വെല്ലുവിളിയായി നില്‍ക്കുന്നു. കോറോണ വൈറസ് പടര്‍ന്നു പിടിച്ച്് പതിനായിരക്കണക്കിന് ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു നാശത്തെപ്പറ്റി ബൈബിളില്‍ സൂചനയു ണ്ടെന്നു വിശ്വാസികള്‍ക്കറിയാം.  ഭുഭാരം കുറയ്ക്കാന്‍ വേണ്ടി ഉണ്ടായ ശ്രീരാമാവതാരം പോലെ ലോകത്തിലെ ജനസഖ്യാനിയന്ത്രണത്തിനായി ഉണ്ടായിട്ടുള്ള ഒരു അവതാരമാണ് കൊറോണാ എന്നും ലോകരാഷ്ട്രങ്ങളുടെ സമ്പദ്
വ്യവസ്ഥിതിയെ അട്ടിമറിച്ച് സാമ്പത്തികാധിപത്യം സ്ഥാപിക്കുന്നതിനായി ചൈന കൃതൃമമായി കോറാണാ വൈറസ് സൃഷ്ടിച്ച് ലോകമെമ്പാടും പരത്തിയതാണെന്നും വിശ്വസിക്കുന്നവരുണ്ട്. ചൈന കൊറാണാവൈറസ് കൃതൃമമായി പരീക്ഷണശാലയില്‍ സൃഷ്ടിച്ചതാണെന്നതിന്റെ തെളിവ്  തന്റെ കൈവശമുണ്ടെന്ന് ട്രമ്പ് പറയുന്നുണ്ടെങ്കിലും അത് ലോകരാഷ്ട്രങ്ങള്‍ക്ക് ബോധ്യപ്പെടണം. അങ്ങനെ വ്യക്തമായ ഒരു തെളിവു ലഭിച്ചാല്‍ ലോകരാഷ്ട്രങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിശ്ചയിക്കാന്‍ നിവൃത്തിയില്ല. പിന്നെ കേള്‍ക്കുന്നത് ഒരു ലോകമഹായുദ്ധത്തിന്റെ കാഹളമായിരിക്കാം.  ഈ സാഹചര്യത്തില്‍ യുദ്ധത്തിന്റെ കെടുതി കൂടി ജനങ്ങള്‍ക്ക് എങ്ങനെ താങ്ങാനാകും. കോറോണാ വൈറസ്സു മൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗം ബാധിച്ചവരെ ശുശ്രൂഷിക്കാനായി ഡോക്ടറന്മാരും നേഴ്‌സുമാരും മറ്റ് ആശുപത്രി ജോലിക്കാരു മുന്‍നിരയില്‍ തന്നെയുണ്ടെങ്കിലും അതില്‍ മുഖ്യപങ്കു വഹിക്കുന്നത് നേഴ്‌സുമാരാണ്. അവരാണല്ലോ രോഗികളുടെ അടുത്തു നിന്ന് അവരെ ശുശ്രൂഷിക്കുന്നത്. രോഗം തങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അവര്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതില്‍ യാതൊരു അവഗണനയും കാണിക്കുന്നില്ല. അവര്‍ അതില്‍ അഭിമാനിക്കുന്നു. അതാണ് അവരുടെ വ്യക്തിത്വത്തിന്റെ മഹത്വം. ഇതിനോടകം പല നേഴ്‌സുമാരും കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഭായാനകവും അമ്പരപ്പിക്കുന്നതുമായ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴും അവര്‍ അവരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്നും പിന്മാറുന്നില്ല. അവരുടെ ജോലിയുടെ മഹത്വം അവര്‍ മനസ്സിലാക്കുന്നു. ലോകജനത അവരെ ആദര്‍പൂര്‍വ്വം അംഗീകരിക്കുന്നു. അവര്‍ ആദരവിന്റേയും അഭിനന്ദനത്തിന്റേയും പടവുകള്‍ കയറിപ്പോകുമ്പോള്‍ അവരെ കളിയാക്കിക്കൊണ്ട് കഥകളും കവിതകളും രചിക്കുന്ന അധമന്മാരുടെ അസുയയും കുശുമ്പും വര്‍ദ്ധിക്കാനിടയുണ്ട്.
    
നേഴ്‌സുമാര്‍ മേന്മയുള്ളവരാണ്. ഇവിടെ മേന്മയെപ്പറ്റി പറയുന്നത് അവരുടെ സാമൂഹ്യതലത്തിലുള്ള മേന്മയെപ്പറ്റിയല്ല, കാര്യക്ഷമമായി ഒരു പ്രവൃത്തി ചെയ്യാനുള്ള വൈദഗ്ദ്ധ്യത്തിന്റെ മേന്മയെപ്പറ്റിയാണ്. ഈ വൈദഗ്ദ്ധ്യം ആര്‍ജ്ജിക്കാനുള്ള പരിശീലനവും കഴിവും നേടിയിട്ടുള്ളവരാണ് നേഴ്‌സുമാര്‍. ആശുപത്രിയില്‍ വരുന്ന ഓരോ കോവിഡ് രോഗികളും അവരുടെ ജീവന് നേഴ്‌സുമാരോട് കടപ്പെട്ടിരിക്കുന്നു. ഇവരുടെ വിശിഷ്ട സേവനത്തിന്റെ മാഹാത്മ്യത്തെ അംഗീകരിക്കുന്നതിന്റെ അനിവാര്യത നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഭീകരമായ മഹാമാരിക്കെതിരെ പൊരുതുന്നവര്‍ക്കായി, പ്രത്യേകിച്ച് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്‌സുമാര്‍ക്കായി, അവര്‍ക്ക് സര്‍വ്വനന്മകളും സൗഭാഗ്യങ്ങളും നേര്‍ന്നുകൊണ്ട് ഈ ലേഖനം സമര്‍പ്പിക്കുന്നു. ഈശ്വരീയമായ പ്രഭാവം കൊണ്ട് ഈ മഹാവ്യാധി ലോകത്തില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന് നമുക്കു പ്രത്യാശിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക