Image

കോവിഡ് മരണം  പാമ്പും കോണിയും കളിപോലെ ; ഇത്  കൊടുങ്കാറ്റിന്റെ ആരവമോ? (ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 07 May, 2020
കോവിഡ് മരണം  പാമ്പും കോണിയും കളിപോലെ ; ഇത്  കൊടുങ്കാറ്റിന്റെ ആരവമോ? (ഫ്രാൻസിസ് തടത്തിൽ)
വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ആരവമാണെന്ന് സൂചിപ്പിക്കും വിധമാണ് അമേരിക്കയില്‍ കോവിഡ് -19 മരണനിരക്ക് വര്ധിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റക്കുറച്ചിലുകളുടെ പാമ്പും കോണിയും കളി തുടങ്ങിയിട്ട് നാളുകളേറെയായിട്ടും കൊറോണ വൈറസിന്റെ സ്വഭാവത്തെക്കുറിച്ചു കൃത്യമായ ഒരു വിവരവും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ലെന്നുവേണം കരുതാന്‍.

കോവിഡ്-19 മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരിച്ച അമേരിക്കയിലെ വൈദ്യശാസ്ത്ര രംഗത്തെ മുഴുവന്‍ ആശങ്കയിലും ആശയക്കുഴപ്പത്തില്‍ ആക്കിക്കൊണ്ടിരിക്കുന്ന ഈ മഹാമാരി എപ്പോള്‍ അവസാനിക്കുമെന്ന് ഇതുവരെ വ്യക്തമായ സൂചന പോലും നല്‍കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഓരോ ദിവസവും പരസ്പരവിരുദ്ധമായി വിവരങ്ങളാണ് അമേരിക്കയിലെ ശാത്രലോകം നല്‍കികൊണ്ടിരിക്കുന്നത്. അവരെ പറഞ്ഞിട്ട് കാര്യമില്ല. കാരണം ആര്‍ക്കും പിടികൊടുക്കാത്ത ഒരു അത്ഭുത പ്രതിഭാസമായി തുടരുന്ന കോവിഡ് -19 എന്ന മനുഷ്യരാശിയുടെ അന്തകനെ പൂര്‍ണമായും ഉന്‍മൂലനം ചെയ്യാന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

ഇന്നലെ അമേരിക്കയില്‍ 2,528 പേര്‍ മരിക്കുകയും 25,459 പുതിയ രോഗികളുമുണ്ടായി. ചൊവ്വാഴ് 2,350 പേര് മരിക്കുകയും 24,798 പുതിയ രോഗികള്‍ ഉണ്ടാകുകയും ചെയ്തു. അതെ സമയം ഒന്നുമുതല്‍ നാലുവരെ മരണ സംഖ്യ നേര്‍ പകുതിയോ അതിലും കുറവോ ആയിരുന്നു. മെയ് ഒന്ന് മുതല്‍ നാലുവരെ അമേരിക്കയിലെ മരനിരക്ക് ബ്രാക്കറ്റില്‍ പുതിയ കേസുകള്‍ മെയ് ഒന്ന് 1,897 (36,007), മെയ് രണ്ട് 1,691(29,744) മെയ് മൂന്ന് 1,53(27,384), മെയ് നാല് 1,324(24,713).ഏപ്രില്‍ മാസത്തിലാണ് അമേരിക്കയില്‍ ഇതുവരെ ഏറ്റവും കൂടിയ മരണനിരക്ക് രേഖപ്പെടുത്തിയത്. ഏപ്രില്‍ 15 നു ശേഷം ശരാശി മരണനിരക്ക് ദിവസേന 2000 നു മുകളിലായിരുന്നു.

എന്നാല്‍ മെയ് ഒന്ന് മുതല്‍ മരണസംഖ്യ കുത്തനെ ഇടിഞ്ഞു.മേല്‍ സൂചിപ്പിച്ച കണക്കുകള്‍ പ്രകാരംകൊറോണ വൈറസിനെക്കുറിച്ച് പഠനം നടത്തുന്ന ദേശീയ തലത്തിലുള്ള വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക്ക് ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായ കുറവുകള്‍ മരണനിരക്കില്‍ വന്നതിനാല്‍ രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴോട്ടാണെന്നു അപഗ്രഥിച്ചു. ഇതു തീര്‍ത്തും തെറ്റായ അപഗ്രഥനമായിരുന്നുവെന്നു വേണം കരുതാന്‍ . കാരണംകൊറോണവൈറസിന്റെ കാര്യത്തില്‍ വെറും നാലു ദിവസത്തെ മരണ നിരക്കുകൊണ്ടു വിധിയെഴുതാന്‍ മാത്രം വളര്‍ന്നിട്ടില്ല നമ്മുടെ ശാസ്ത്രലോകം.

കൊറോണ രോഗത്തിന്റെ വ്യക്തമായ സ്വഭാവം (CHARACTERISTICS)എന്തെന്ന് വൈദ്യശാത്രത്തിന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.അതൊന്നും മുഖവിലക്കെടുക്കാതെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വാനിയ, കണക്ടിക്കട്ട്, മസാച്യുസെസ് തുടങ്ങിയ സ്റ്റേറ്റുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ഇളവ് വരുത്തുന്നതിനുള്ള മാനദന്ധമായി ഈ മരണനിരക്കിനെയല്ലകാണേണ്ടത്. കേസുകളുടെ എണ്ണത്തെ മാനദന്ധമാക്കിവേണം ഇത്തരം നടപടികള്‍ എടുക്കേണ്ടത്. ഈ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ എങ്ങനെ മരണസംഖ്യ കൂടി എന്നറിയാം.

ഏപ്രില്‍ 30 വരെ ശരാശരി പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 25,000 വീതമായിരുന്നു. ജനുവരി ഒന്നിന് രോഗികളുടെ എണ്ണം പെട്ടെന്ന് 36,000 മായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറഞ്ഞുവെങ്കിലും ശരാശരി രോഗികളുടെ എണ്ണം 27,000 നു മുകളിലായിരുന്നു. ഇതിനു മുന്‍പും മരണസംഖ്യ കുറഞ്ഞിരുന്നപ്പോള്‍ പുതിയ രോഗികളുടെ എന്നതില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിരുന്നു. മരണസംഖ്യയിലെ ഏറ്റക്കുറച്ചിലുകള്‍ കഴിഞ്ഞമാസവും നാം കണ്ടതാണ്.

ഇതിനിടെ ഈ മാസം അവസാനത്തോടെ രാജ്യത്തെ മരണ നിരക്ക് പ്രതിദിനം 3000 കടക്കുമെന്ന് പ്രസിഡണ്ട് ട്രമ്പ് പ്രഖ്യപിച്ചിരുന്നു. അതിനു ആക്കം കൂട്ടുന്നതാണ് പെട്ടെന്നുണ്ടായ മരനിരക്കിലെ ഉയര്‍ച്ച. രാജ്യത്തെ പുതിയ ഹോട്ട് സ്‌പോട്ടുകളിലാണ് മരണനിരക്ക് കൂടിവരുന്നത്. കഴിഞ്ഞ മാസം ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, മിഷിഗണ്‍,മസാച്യുസെസ്,ലൂയിസിയാന, കണക്ടിക്കട്ട്,ഇല്ലിനോയിസ് എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ പുതിയ ഹോട്ട് സ്‌പോട്ടുകളായ പെന്‍സില്‍വാനിയ, ടെക്‌സാസ്, മേരിലാന്‍ഡ്, ഒഹായോ, ഫ്‌ലോറിഡ, അരിസോണ, മിനിസോട്ട, കൊളറാഡോ,വിര്‍ജീനിയ, ഇന്‍ഡിയാന തുടങ്ങിയ ഇതര സ്റ്റേറ്റുകളിലേക്കും രോഗവ്യാപനവും മരണസംഖ്യയും ഉയര്‍ന്ന നിരക്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മരണസംഖ്യ മുക്കാല്‍ ലക്ഷത്തിനോടടുക്കുന്ന അമേരിക്ക കഴിഞ്ഞ ആഴ്ച്ച കടന്നുപോയത് ഓരോ ദിവസവും മരണസംഖ്യയുടെ ഏറ്റക്കുറച്ചിലുകളിലൂടെതന്നെയാണ്.അമേരിക്കയില്‍ പ്രധാന പ്രഭവ കേന്ദ്രമായിരുന്ന ന്യൂയോര്‍ക്കില്‍ മരണംസംഖ്യ കുറഞ്ഞു വരികയും ന്യൂജേഴ്സി ഒന്നാം സ്ഥാനത്ത് എത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇന്നലെ ഒഴികെ കഴിഞ്ഞ നാലു ദിവസങ്ങളിലായി ന്യൂജേഴ്സിയാണ് മരണനിരക്കില്‍ ന്യൂയോര്‍ക്കിനെക്കാള്‍ മുന്നില്‍.ന്യൂയോര്ക്കിനെ പിന്നിലായി ന്യൂജേഴ്സി മൂന്ന് നാള്‍ നിലകൊണ്ടപ്പോള്‍ ചൊവാഴ്ച്ച അപ്രതീക്ഷിതമായി പെന്‍സില്‍വാനിയയില്‍ മരണ നിരക്ക് കുത്തനെ ഉയര്‍ന്ന് രാജ്യത്ത് ഒന്നാം സഥാനത്തെത്തി. ബുധനാഴ് വീണ്ടും ന്യൂജേഴ്സി മരണനിരക്കില്‍ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.

ആകെ മരണസംഖ്യ 26,000 അടുക്കുന്ന ന്യൂയോര്‍ക്കില്‍ കഴിഞ്ഞ കുറേദിവസങ്ങളായി മരണനിരക്ക് കുത്തനെ കുറയുന്നുണ്ടെങ്കിലും ഇന്നലെ അപ്രതീക്ഷിതമായി 752 പേര്‍ മരിച്ചു. ബുധനാഴ്ച്ച ഇവിടെ 260 പേര് മാത്രമായിരുന്നു മരണം. ഇപ്പോഴും രണ്ടര ലക്ഷം രോഗികള്‍നിലവില്‍ ചികിത്സയിലുണ്ട്. അതേസമയം 8500 ല്‍പരംപേര്‍ മരിച്ച ന്യൂജേഴ്സിയില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെ ആകെ 333,491 കൊറോണ രോഗബാധിരാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.10.50 ലക്ഷത്തില്‍ പരം ആളുകളില്‍ ടെസ്റ്റിംഗ് നടത്തിയിട്ടുള്ള ന്യൂയോര്‍ക്കില്‍ ഒരു മില്യണ്‍ ആളുകളില്‍ പ്രതിശീര്‍ഷ രോഗവ്യാപനം 16,669 പേരിലാണ് ഉള്ളത്. ഒരു മില്യണ്‍ ആളുകളില്‍ പ്രതിശീര്ഷമരണം 1233 വീതമാണ്. 3,332 പുതിയ രോഗികളാണ് ഇന്നലെ ഇവിടെ ഉണ്ടായത്.

8,587 പേര് മരിച്ച ന്യൂജേഴ്സിയില്‍ ഇന്നലെ 280 പേര്‍ മരിച്ചു. ആകെ രോഗ ബാധിതരായ 133,059 ആളുകളില്‍ 123,043 ആളുകള്‍ ഇപ്പോഴും ചികിത്സയില്‍ ആണ്. ഇന്നലെ 1354 പുതിയ രോഗികള്‍ ഉണ്ടായി. ബുധനാഴ്ച്ച ഇവിടെ 341 പേര്‍ മരിച്ചിരുന്നു.അന്ന് 2360 പുതിയ രോഗികളുമുണ്ടായി .ആകെ 286,207 പേരില്‍ ടെസ്റ്റിംഗ് നടത്തിയ ന്യൂജേഴ്സിയില്‍ ഓരോ ദശലക്ഷം ആളുകളില്‍ പ്രതിശീര്‍ഷ രോഗബാധിതരുടെ എണ്ണം 14,981 ആണ്.ഓരോ പത്തുലക്ഷം പേരില്‍ പേരില്‍ പ്രതിശീര്‍ഷ മരണം 965 ആണ്.

ന്യൂയോര്‍ക്ക്-ന്യൂജേഴ്സി സ്റ്റേറ്റുകയില്‍ കൊറോണവൈറസ് വ്യാപകമാകും മുന്‍പ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചുകൊണ്ടിരുന്ന കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ മരണസംഖ്യയും രോഗവ്യാപനവും കൂടിക്കൊണ്ടിരിക്കുകയാണ്. അവിടെ ഇന്നലെ 74 പേര് മരിക്കുകയും 1876 പുതിയ രോഗികള്‍ ഉണ്ടാകുകയും ചെയ്തു. കഴിഞ്ഞമാസം ഇവിടെ മരണ സംഖ്യയും രോഗവ്യാപനവും വളരെ കുറഞ്ഞ നിരക്കിലായിരുന്നു. കാലിഫോര്‍ണിയയില്‍ കോവിഡ് -19 ന്റെ രണ്ടാമത്തെ പ്രഹരം ആരംഭിച്ചുവെന്നാണ് ഇത് നല്‍കുന്ന സൂചന. കാലിഫോര്‍ണിയയില്‍ 8 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതില്‍ 60,500 രോഗ ബാധിതരാണ് ആകെയുള്ളത്. അവരില്‍48,488 പേര് ചികിത്സയിലാണ്. ആകെ 2452 പേര് മരിച്ചു.

മസാച്യുസാസിലും സ്ഥിതി മോശമായി തുടരുന്നു. 4250 പേര് മരിച്ച മിഷിഗണിനു തൊട്ടു പിന്നിലായി 4,220 മരണവുമായി തുടരുന്ന മസാച്യുസെസില്‍ ഇന്നലെ 208 പേര് മരിച്ചു. അവിടെ 1274 പുതിയ രോഗികളുമുണ്ടായി. ഇവിടെ മരണനിരക്കില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഇല്ല. ആകെയുള്ള 72,000 വരുന്ന കൊറോണ രോഗികളില്‍ 59,487 പേരും നിലയില്‍ ചികിത്സയില്‍ കഴിയുന്നവരാണ്.3.40 ലക്ഷം രോഗികളില്‍ ടെസ്റ്റിംഗ് നടത്തിയതില്‍ ഓരോ 10 ലക്ഷം ആളുകളില്‍ 10,545 പേര്‍ രോഗബാധിതരാകുകയും 965 പേര് മരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം മിഷിഗണിലെ രോഗികളുടെ എണ്ണം കുറയുകയും മരണസംഖ്യയിലും കുറവും കണ്ടു വരുന്നുണ്ട്. ഇന്നലെ അവിടെ 71 പേര് അംരിക്കുകയും 751 പുതിയ രോഗികള്‍ ഉണ്ടാകുകയും ചെയ്തു.

136 പേര് മരിച്ച ഇല്ലിനോയിസില്‍ ആണ് രോഗ ബാധിതരുടെ ഇന്നല രണ്ടാം സ്ഥാനത്തു വന്നത്. ഇവിടെ2,277 പുതിയ രോഗികള്‍ ഉണ്ടയി. അവിടെ ആകെ മരണസംഖ്യ 3000ത്തോടടുക്കുകയാണ്.ആകെയുള്ള 68,000 രോഗബാധിതരില്‍ 64,500 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരാണ്. ടെക്‌സാസ്, മെരിലാന്‍ഡ്, പെന്‍സില്‍വാനിയ എന്നിവിടനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ ഉണ്ടായത്. പെന്‍സില്‍വാനിയ 1000 ത്തിനടുത്തും മറ്റു രണ്ടു സ്റ്റേറ്റുകളില്‍ 1000 പുതിയ രോഗികളുമുണ്ടായി. പെന്‍സില്‍വാനിയയില്‍ ബുധനാഴ്ച്ച 346 പേരും ഇന്നലെ 151 പേരും മരിച്ചു.പെന്‍സില്‍വാനിയയില്‍ അകെ രോഗ ബാധിതരായ 54,898 പേരില്‍ 50,507 പേരും നിലവില്‍ ചികിത്സയില്‍ കഴിയുന്നവരാണ്. കണ്‍കട്ടിക്കാട്ടില്‍ ഇന്നലെ 74 പേര് മരിച്ചു. ഇവിടെ പുതിയ രോഗികളുടെ 374 മാത്രമായിരുന്നു. ഇന്നലെ 47 പേര് മരിച്ച മെരിലാന്‍ഡില്‍ ഇന്നലെ 1046 പുതിയ രോഗികളുണ്ടായതില്‍ ആശങ്കപ്പെടേണ്ടതുണ്ട്.

രാജ്യത്തെ 50 സ്റ്റേറ്റുകളില്‍ 15 സ്റ്റേറ്റുകളിലും അകെ മരണസംഖ്യ നാലക്കം കടന്നു. ന്യൂയോര്‍ക്ക് മാത്രമാണ് അഞ്ചക്കം കടന്ന് ഏക സ്റ്റേറ്റ് . ന്യൂജേഴ്‌സിയും മരണസംഖ്യയില്‍ 10,000 ത്തോടടുക്കുകയാണ്. മസാചൂസസും മിഷിഗണും 4,000 കടന്നപ്പോള്‍ പെന്‍സില്‍വാനിയ അതിവേഗം 3000 കടന്നു. ഇല്ലിനോയിസും കണക്റ്റിക്കറ്റും 3000 ത്തോടടുക്കുകയാണ്. കാലിഫോര്ണിയായും ലൂയിസിയാനയുമാണ് 2000 കടന്ന് മറ്റു രണ്ടു സ്റ്റേറ്റുകള്‍. ഫ്‌ലോറിഡ, മേരിലാന്‍ഡ്, ഇന്‍ഡിയാന,ജോര്‍ജിയ, ഒഹായോ, ടെക്‌സാസ്എന്നെ സ്റ്റേറ്റുകളാണ് 1000 കടന്ന മറ്റു സ്റ്റേറ്റുകള്‍. കൊളറാഡോയില്‍ മരണസംഖ്യ 1000 ത്തോടടുക്കുകയാണ്.യു.എസ്. സേനയില്‍ 23 ഉം വെറ്ററന്‍ ഹോസ്പിറ്റലുകളില്‍ 793 പേര് വേറെയും മരിച്ചു. ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പലില്‍ മൂന്നും 42 പേരും മരിച്ചു.

രാജ്യവ്യാപകമായി നിരവധി സ്റ്റേറ്റുകളില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതിനെ തുടന്ന് നിരവധി ബിസിനസ് കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ ഹോട്ടല്‍,റെസ്റ്റോറന്റ് മേഖലകള്‍ ഇപ്പോഴും പ്രതിസന്ധിയികള്‍ തുടരുകയാണ്. ഇതിനിടെ അമേരിക്കയിലെ തൊഴിലില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയരത്തില്‍ എത്തിനിക്കുകയാണ്. ഏതാണ്ട് 33.5 മില്യണ്‍ ആളുകളാണ് ജനങ്ങളാണ് എപ്പോള്‍ തൊഴില്‍ രഹിതരായി തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. 334 മില്ല്യന്‍ വരുന്ന ആകെ ജനസംഖ്യയുടെ 10 ശതമാനം പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ തൊഴില്‍ രഹിതര്‍ 15 ശതമാനത്തോളം വരുമെന്നാണ്

അമേരിക്കയില്‍ ആകെ കോവിഡ് മരണം ,75,000 ത്തോടടുക്കുന്ന കോവിഡ് മരണത്തില്‍ പകുതിയോളം മരണം നടന്നത് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമാണ്. രാജ്യത്തിന്റെ 50 സ്റ്റേറ്റുകളിലേക്കും പടര്‍ന്ന ഈ മഹാമാരിയില്‍ പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ മൊത്തം 1.35 ലക്ഷ്മ ആളുകള്‍ വരെ മരിക്കുമെന്നാണ് വൈറ്റ് ഹൌസ് കൊറോണ വൈറസ് ഉപദേശകരുടെ നിഗമനം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിക്കൊണ്ടിരിക്കുന്ന ഈ മഹാ മാരി എന്നവസാനിക്കും? ഇതിന്റെ ബാക്കിപത്രമെന്തായിരിക്കുമെന്നു കാത്തിരുന്നു കാണുകമാത്രമേ എപ്പോള്‍ കഴിയുകയുള്ളു.ആര്‍ക്കും പിടികൊടുക്കാത്ത ഈ അത്ഭുതപ്രതിഭാസം ലോകം മുഴുവനുമുള്ള ശാസ്ത്ര ലോകത്തിനു തലവേദന സൃഷിച്ചുകൊണ്ടിരിക്കുന്നു.
കോവിഡ് മരണം  പാമ്പും കോണിയും കളിപോലെ ; ഇത്  കൊടുങ്കാറ്റിന്റെ ആരവമോ? (ഫ്രാൻസിസ് തടത്തിൽ)
Join WhatsApp News
George Thumpayil 2020-05-07 12:00:22
Excellent statistical report.
George Nadavayal 2020-05-07 14:14:07
Studious journalism of Francis Thadathil🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക