Image

സ്‌റ്റെംസെല്‍ ചികിത്സ: നിര്‍ണായക നേട്ടവുമായി യുഎഇ

Published on 02 May, 2020
സ്‌റ്റെംസെല്‍ ചികിത്സ: നിര്‍ണായക നേട്ടവുമായി യുഎഇ
അബുദാബി: കോവിഡിനെതിരെ മൂലകോശ (സ്‌റ്റെംസെല്‍) ചികിത്സ വികസിപ്പിച്ച് നിര്‍ണായക നേട്ടം കൈവരിച്ച യുഎഇ ഗവേഷകരെ അഭിനന്ദിച്ച് ഭരണാധികാരികള്‍. അബുദാബി സ്‌റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ് മൂലകോശ ചികിത്സ വികസിപ്പിച്ചത്.

യുഎഇയില്‍ 73 രോഗികള്‍ക്കു മൂലകോശ ചികിത്സ വിജയകരമായി നടത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ ചികിത്സയിലൂടെ രോഗിയുടെ ശ്വാസകോശ സെല്ലുകള്‍ പുനരുജ്ജീവിപ്പിച്ച്, പ്രതിരോധ പ്രതികരണം ക്രമീകരിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിച്ച് ആരോഗ്യകരമായ കോശങ്ങള്‍ക്കു കൂടി കൂടുതല്‍ അപകടം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ക്ലിനിക്കല്‍ ട്രയലില്‍ രോഗികള്‍ക്കു യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പരമ്പരാഗത ചികിത്സകള്‍ക്കൊപ്പമാണ് രോഗികള്‍ക്ക് മൂലകോശ ചികിത്സ കൂടി പരീക്ഷിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ചികിത്സയുടെ ഫലപ്രാപ്തി സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ പുറത്തുവരുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

യുഎഇയിലെ ജനങ്ങളുടെ പേരില്‍ ഗവേഷകരോടു നന്ദി പറയുന്നുവെന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ആഗോളതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഇതു സഹായിക്കുമെന്നും ഭരണാധികാരികള്‍ അറിയിച്ചു. കോവിഡ് രോഗിയുടെ രക്തത്തില്‍നിന്ന് മൂലകോശം വേര്‍തിരിച്ച് അതില്‍ പരീക്ഷണം നടത്തി വീണ്ടും രോഗിയുടെ ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണു വികസിപ്പിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക