Image

ഇവർ ആയുധമില്ലാതെ യുദ്ധമുഖത്തു നെഞ്ച് വിരിച്ചു പോരാടുന്ന ധീരയോദ്ധാക്കൾ 

Published on 01 May, 2020
ഇവർ ആയുധമില്ലാതെ യുദ്ധമുഖത്തു നെഞ്ച് വിരിച്ചു പോരാടുന്ന ധീരയോദ്ധാക്കൾ 
ഫിലാഡല്‍ഫിയ, യു.എസ്.എ.: അനുദിനം മരണത്തോടു മല്ലടിക്കുന്ന കൊവിഡ്-19 രോഗികളുടെ ഭീതിയും വേദനയും നേരില്‍ കണ്ടുകൊണ്ട് പരമാവധി പരിചരണം കൊടുത്ത് വീട്ടിലേക്കുള്ള മൂകവും ഏകാന്തവുമായ യാത്രയില്‍ മാനസിക ദാര്‍ഢ്യതയും വ്യക്തിപ്രഭാവവും എല്ലാം അറിയാതെ മറയുന്ന അനേകായിരം മലയാളി നേഴ്‌സുമാര്‍ ഇപ്പോള്‍ കുറവല്ല. 1968 മുതല്‍ ആരംഭിച്ച അമേരിക്കയിലേക്കുള്ള നേഴ്‌സസ് കുടിയേറ്റം മൂലം അനേകലക്ഷം മലയാളി കുടുംബങ്ങള്‍ വിവിധ കുടിയേറ്റ നിയമങ്ങളുടെ പഴുതുകളുടെ ബലത്തില്‍ ഇവിടെ സ്ഥിരവാസികളായി. ആതുര സേവന രംഗത്ത് ഒരു വ്യക്തിയെങ്കിലും ഇല്ലാത്ത മലയാളി ഭവനങ്ങള്‍ അമേരിക്കയില്‍ തികച്ചും വിരളമാണ്. ലേഖന ഫോട്ടോയിലെ കേന്ദ്രബിന്ദുവായ ഗ്രേസി കുര്യന്റെ എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ മകനടക്കം മൂന്നു മക്കളും ആതുരസേവന രംഗത്താണ്.

പില്‍ക്കാലയളവില്‍ സമൂഹത്തിലെ അവഗണിക്കപ്പെട്ട നേഴ്‌സുമാര്‍ 2020-ല്‍ ആഗോളതലത്തില്‍ മെഡിക്കല്‍ പ്രൊഫഷനിലെ കുലപതികളായി. ഒരിക്കലെങ്കിലും ആശുപത്രി പടവുകളില്‍ പാദം പതിപ്പിച്ച ഏതു വ്യക്തിയും നേഴ്‌സിന്റെ പ്രഫഷനോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണ മനസ്സും മനസ്സിലാക്കിയിരിക്കും. 1820 മെയ് 10 ന് ഇറ്റലിയില്‍ ജനിച്ച് 1910 ആഗസ്റ്റ് 10 ന് ലണ്ടനില്‍വച്ച് മൃതിയടഞ്ഞ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്‍ഗാമികളായ ഈ ത്യാഗമതികള്‍ മെയ് 10 “നേഴ്‌സസ് ഡേ’ ആയി ആചരിക്കുന്നു, ആഘോഷിക്കുന്നു. 

കൊറോണ വൈറസിന്റെ ഭീകരരൂപഭാവം മുഖതാവില്‍ അനുദിനം ത്യാഗശീലരായ നേഴ്‌സുമാര്‍ വിടര്‍ന്ന പുഞ്ചിരിയോടെ അഭിമുഖീകരിക്കുന്നു. ശ്വസനശേഷി നശിച്ച് കൊടും വേദനയോടെ പിടയുന്ന കൊറോണ വൈറസ് രോഗികളുടെ ആര്‍ത്തനാദം കേട്ടു പലപ്പോഴും പകര്‍ച്ച വ്യാധി സംരക്ഷണത്തിനുളള മുഖ കവചമോ, ഗൗണോ, കൈയ്യുറകളോ ഇല്ലാതെ ആകസ്മികമായി ഓടിയെത്തുന്നു. സഹജീവിയോടുള്ള സഹാനുഭൂതികൊണ്ട് പലപ്പോഴും പ്രാഥമിക പ്രതിരോധ ലംഘനം നടത്തുന്നത് സ്വന്തം ജീവനോടുള്ള അവഗണനമൂലം അല്ല. മനുഷ്യന്‍ അറിയാതെയുള്ള അനിച്ഛാപൂര്‍വ്വമായ ചലനവും സഹജീവിയോടുള്ള സഹതാപവും സ്‌നേഹവും പരിചരണവുമാണ് പല നേഴ്‌സുകളും കൊറോണ വൈറസ് രോഗികളാകുന്നതിന്റെ മുഖ്യ കാരണം. ഈ മാനുഷിക പ്രവണതയെ ധീരതയെന്നോ അലക്ഷ്യമെന്നോ അലസതയെന്നോ കരുതുന്നത് മൗഢ്യമാണ്. കോവിഡ്-19 ബാധിച്ച് അതിവേദനയോടെ വിടവാങ്ങിയ നേഴ്‌സുമാര്‍ യഥാര്‍ത്ഥമായി ധീരസഹാനുഭൂതിക്കുള്ള മൃത്യു അവാര്‍ഡിന് അര്‍ഹരാണ്. കൊറോണ വൈറസിന്റെ ഭയാനകത്വം സമ്പൂര്‍ണ്ണമായി സമാപിച്ചതിനുശേഷം എല്ലാ ആശുപത്രികളും സമൂഹമായോ വ്യക്തിപരമായോ നേഴ്‌സുമാരെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.

കുടുംബവും കുട്ടികളും സമൂഹവുമായി അഭേദ്യമായ ബന്ധത്തിലുള്ള മലയാളി നേഴ്‌സുമാര്‍ വാരിപ്പുണര്‍ന്ന് ചുംബനങ്ങള്‍ നല്‌കേണ്ട സ്വന്തം ശിശുക്കളെ 10 അടി അകലം പാലിച്ച് കൈയുയര്‍ത്തി “ബൈ’ പറഞ്ഞ് വേദനയോടെ മൃദുലവികാരങ്ങള്‍ ബാഷ്പദാരയോടെ കടിച്ചമര്‍ത്തിയാണ് ആശുപത്രിയിലേയ്ക്കുള്ള നിത്യയാത്രയുടെ തുടക്കം. മിനിറ്റുകളോ നാഴികകളോ ദൈര്‍ഘ്യമുള്ള യാത്രാമദ്ധ്യേ ആയിരം രക്തരക്ഷസ്സുകള്‍ സ്വന്തം രക്തം ഊറ്റിക്കുടിക്കുന്നതായ മരണഭീതി. പരമോന്നതന്റെ പരിരക്ഷ മാത്രമെന്ന് മനസ്സില്‍ പ്രതിഷ്ഠിച്ച് വിജനമായ വിശാലവഴിയിലൂടെ ഡ്രൈവ് ചെയ്യുമ്പോഴും മനോമുകുളത്തില്‍ വേദനയോടെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തിയ പൂമൊട്ടുകള്‍, സ്വന്തം കണ്ണില്‍നിന്നും മറയുന്നതുവരെ നനഞ്ഞ നയനങ്ങളുമായി മൂകതയോടെ വിദൂരതയില്‍ ദൃഷ്ടി നട്ടുനില്‍ക്കുന്ന ജീവിതസഖി. എല്ലാമെല്ലാം വൃഥാ എന്ന് നിസര്‍ക്ഷമായ നിരാശാബോധം തന്നെയും മരണം ചക്രവാളസീമയ്ക്ക് പിന്നില്‍നിന്നും ശവമഞ്ചവുമായി മാടിവിളിക്കുന്നതായ തോന്നല്‍.

കൊറോണ വൈറസ് ഭീതിയില്‍ ഓരോ മലയാളി നേഴ്‌സും അന്ത്യമില്ലാതെ സ്വന്തം ഉപജീവനമാര്‍ക്ഷം കൃത്യമായി പ്രഥാനംചെയ്യുന്ന നേഴ്‌സിംഗ് പ്രൊഫഷനോട് വിടുതല്‍ നേടി സ്വസ്ഥതയും സൈ്വര്യവുമുള്ള ജീവിതമാര്‍ക്ഷം തേടാമെന്ന് അനുദിനം ആവര്‍ത്തികള്‍ അറിയാതെ ചിന്തിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് 4 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലമായി ഈശ്വരനെ സാക്ഷീകരിച്ച് രോഗ പീഢിതരെ പരിരക്ഷിക്കാമെന്ന സത്യപ്രതിജ്ഞയിലെ ഓരോ വാക്കുകളും വചനങ്ങളും മനസ്സിന്റെ മണിയറയില്‍നിന്നും സകല കവചങ്ങളും പിളര്‍ന്ന് ശ്രവണപഥത്തില്‍ എത്തി ഉദ്ദിഷ്ഠമാര്‍ക്ഷം മാത്രം കൈക്കൊള്ളുവാന്‍ ഉപദേശിക്കുന്നു.


ഇവർ ആയുധമില്ലാതെ യുദ്ധമുഖത്തു നെഞ്ച് വിരിച്ചു പോരാടുന്ന ധീരയോദ്ധാക്കൾ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക