Image

ഫോര്‍ട്ട് ബെന്‍ഡില്‍ ജഡ്ജ് കെ.പി. ജോര്‍ജ് മുന്നണി പോരാളി; തളര്‍ച്ചയില്ലാത്ത രക്ഷാ ദൗത്യം

Published on 30 April, 2020
ഫോര്‍ട്ട് ബെന്‍ഡില്‍ ജഡ്ജ് കെ.പി. ജോര്‍ജ് മുന്നണി പോരാളി; തളര്‍ച്ചയില്ലാത്ത രക്ഷാ ദൗത്യം
കോവിഡിനെതിരായ പോരാട്ടത്തില്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും ഉന്നതസ്ഥാനീയനായ മുന്നണിപ്പോരാളിയാണ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്. എട്ടു ലക്ഷത്തിലേറെ ജനങ്ങളുടെ സുരക്ഷയുടെ ചുമതല. ഒറ്റപ്പെട്ട രാഷ്ട്രീയ എതിര്‍പ്പുകള്‍ ഒഴിച്ചാല്‍ ജനങ്ങളില്‍ നിന്നു പൂര്‍ണ സഹകരണം ലഭിക്കുന്നതായി ജഡ്ജ് ജോര്‍ജ് പറഞ്ഞു.

ഒന്നര മാസത്തിനുശേഷം തിങ്കളാഴ്ച (മെയ് 4) കൗണ്ടി ഓഫീസുകള്‍ തുറക്കുകയാണ്. 3000-ത്തോളം ജോലിക്കാര്‍ ഓഫീസുകളിലെത്തും. അവരുടെ സുരക്ഷയും അവര്‍ ഇടപെടേണ്ടി വരുന്നവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനജീവിതവുമായി ഏറെ ബന്ധപ്പെടുന്നതാണെന്നതിനാല്‍ കൗണ്ടി ഓഫീസുകള്‍ അടച്ചിടുന്നത് ഏറെ വിഷമത സൃഷ്ടിച്ചിരുന്നു.

സാമ്പത്തികമായി കോവിഡ് കൗണ്ടിയെ ബാധിച്ചു. 400 മില്യന്‍ ബജറ്റില്‍ 14 മില്യന്‍ കുറവ് പ്രതീക്ഷിക്കുന്നു. ചില പ്രോഗ്രാമുകള്‍ വെട്ടിക്കുറച്ച് 7 മില്യന്‍ കണ്ടെത്തി. കൗണ്ടിയില്‍ എല്ലാ പുതിയ നിയമനവും തത്കാലം വേണ്ടെന്നുവെച്ചു. അതേസമയം ആര്‍ക്കും ജോലി നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക കരുതലെടുത്തിട്ടുണ്ട്.

കൗണ്ടിയില്‍ 1018 പേര്‍ക്കാണ് കോവിഡ് ബാധ. 24 പേര്‍ മരിച്ചു. ടെക്സസ് സ്റ്റേറ്റില്‍ 27,000 പേര്‍ക്ക് രോഗബാധയുണ്ടായി. എഴുനൂറില്‍പ്പരം പേര്‍ മരിച്ചു.

രോഗബാധയുടെ മൂര്‍ദ്ധന്യാവസ്ഥ കഴിഞ്ഞോ എന്നു വ്യക്തമല്ലെന്നു ജഡ്ജ് ജോര്‍ജ് പറഞ്ഞു. സ്റ്റേ അറ്റ് ഹോം ഉത്തരവ് പൊതുവില്‍ ഫലപ്രദമായിരുന്നു. മെയ് ഒന്നു മുതല്‍ ബിസിനസുകള്‍ ആരംഭിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. റെസ്റ്റോറന്റുകളിലും മറ്റും 25 ശതമാനം മാത്രം ആളുകളേയേ പ്രവേശിപ്പിക്കാവൂ എന്നാണ് ഉത്തരവ്. അവ എത്രകണ്ട് പാലിക്കപ്പെടുമെന്നു ഉറപ്പില്ല.

കോസ്‌കോയിലും മറ്റും ജനങ്ങള്‍ അകലം പാലിച്ച് നില്‍ക്കുന്നത് നല്ല മാതൃകയായി തോന്നി.

സമ്പദ് രംഗം തുറക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് താനായിരുന്നുവെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചകൂടി കഴിഞ്ഞേ തുറക്കുമായിരുന്നുള്ളൂ. പക്ഷെ തീരുമാനം എടുക്കുന്നത് ഗവര്‍ണറാണ്.

സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഈ സ്‌കൂള്‍ വര്‍ഷം തുറക്കാന്‍ സാധ്യതയില്ല. ഇക്കാര്യംഅതാത് സ്‌കൂള്‍ ഡിസ്ട്രിക്ടുകളാണ് തീരുമാനമെടുക്കേണ്ടത്.

കൗണ്ടിയില്‍ കൊറോണ ടെസ്റ്റ് ആര്‍ക്കു വേണമെങ്കിലും ലഭിക്കും. വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്താല്‍ പിറ്റേന്ന് ടെസ്റ്റ് ചെയ്യാം. രണ്ടു കേന്ദ്രങ്ങള്‍ ഇപ്പോഴുണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ ശ്രമിക്കുന്നുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ പൊതുവെ ജനങ്ങള്‍ അംഗീകരിച്ചു. സമീപ കൗണ്ടിയില്‍ മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ശിക്ഷ ഏര്‍പ്പെടുത്തിയത് എതിര്‍പ്പ് വരുത്തിയിരുന്നു. ഫോര്‍ട്ട് ബെന്‍ഡില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നു കര്‍ശനമായ ഗൈഡ്ലൈന്‍ കൊടുത്തിട്ടുണ്ട്. പക്ഷെ നിര്‍ബന്ധപൂര്‍വം അതു നടപ്പിലാക്കുക വിഷമകരം. അതിനു മാത്രം പോലീസൊന്നുമില്ല. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ 90 ശതമാനം പേരും മാസ്‌ക് ധരിക്കുന്നതായാണ് കാണുന്നത്. ജനങ്ങള്‍ക്കു തന്നെ തിരിച്ചറിവ് ഉള്ളതില്‍ സന്തോഷമുണ്ട്.

ബിസിനസ് തുറക്കാന്‍ കാണിക്കുന്ന താത്പര്യം തുടക്കത്തില്‍ പേഴ്സണല്‍ പ്രൊട്ടക്ഷനും മറ്റും കാണിച്ചിരുന്നെങ്കില്‍ മരണ സംഖ്യ ഇത്ര കൂടില്ലായിരുന്നു. അമേരിക്കപ്രായമായവരോട് ഒരു ദാക്ഷിണ്യവും കാണിച്ചില്ലെന്ന ധാരണയാണ് തനിക്കുള്ളത്.

സ്റ്റേറ്റിലെ പ്രധാന കൗണ്ടികളിലെല്ലാം ഡമോക്രാറ്റുകളാണ് ഭരിക്കുന്നത്. അവിടെയൊക്കെ നേരത്തെ തന്നെ മുന്‍കരുതലുകള്‍ ശക്തമാക്കിയിരുന്നു.

ന്യൂയോര്‍ക്കിലുള്ള 27 വയസ്സുള്ള അനന്തരവനൊഴിച്ച് കുടുംബത്തില്‍ ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല. ഹെല്ത്ത് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അനന്തിരവന് പത്തു ദിവസം കൊണ്ട്രോഗം ഭേദമായി. അതിനുശേഷമാണ് ടെസ്റ്റ് റിസള്‍ട്ട് വന്നത്. 88 വയസ്സുള്ള അമ്മ റോക്ക്ലാന്‍ഡ് കൗണ്ടിയിലുണ്ട്. റോക്ക്ലാന്‍ഡ് ഹോട്ട്സ്പോട്ടുകളിലൊന്നാണ്.

മകന്‍ മെഡിക്കല്‍ സ്‌കൂളിലും, മകള്‍ നഴ്സായും ജോലി ചെയ്യുന്നു. ഭാര്യയും സ്‌കൂളില്‍ പഠിക്കുന്ന ഇളയ മകളും വീട്ടില്‍.

ഈ പ്രതിസന്ധിയെ കൗണ്ടി കാര്യക്ഷമതയോടെ നേരിട്ടു എന്നാണ് വിശ്വാസം. പക്ഷെ അതിന്റെ ക്രെഡിറ്റ് ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് ശരിയല്ല. ശക്തമായ ഒരു ടീം ആണ് പ്രവര്‍ത്തിച്ചത്. അതു ഫലംകണ്ടു. ഹൂസ്റ്റണിലെ പ്രളയകാലത്തെ അനുഭവങ്ങള്‍ പ്രയോജനപ്പെട്ടുവെന്നോ ഇല്ലെന്നോ പറയാനാവില്ല. രണ്ടും രണ്ടുതരം ദുരന്തമാണല്ലോ. പ്രളയം കഴിഞ്ഞപ്പോള്‍ വീടിനു കേടു വന്നവര്‍ക്ക് ടാക്സ് ഇളവ് കിട്ടി. ഇപ്പോള്‍ വീടിനൊന്നും കുഴപ്പമില്ല. ആളുകള്‍ക്കാണ് വിഷമത. പ്രോപ്പര്‍ട്ടി ടാക്സ് കുറക്കുന്നത് തീരുമാനിക്കുന്നത് ഗവര്‍ണറാണ്.

മുന്‍ കരുതലെന്ന നിലയില്‍ താത്കാലിക ആശുപത്രിയുണ്ടായിക്കത് നീക്കം ചെയ്തു. അതുപെലെ തന്നെ ആവശ്യമെങ്കില്‍ ആസുപത്രിയായി ഉപയോഗിക്കാന്‍ ഒരു ഹോട്ടലും തയാറാക്കിയിരുന്നു.

കേരളത്തില്‍ കോവിഡിനെ ശക്തമായി നേരിടുന്നത് നല്ലതു തന്നെ. കൂട്ടത്തില്‍ അമേരിക്കയെ താഴ്ത്തിക്കെട്ടിയുള്ള പ്രചാരണവും കണ്ടു. അമേരിക്കയെപ്പറ്റി എന്ത് അറിഞ്ഞിട്ടാണ് അവര്‍ അതു പറയുന്നത്? ഇത്തരം പ്രശ്നം ഉണ്ടായപ്പോള്‍ തന്നെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരിട്ട് പണം ജനങ്ങല്ക്ക് എത്തിച്ചു. ബിസിനസുകാര്‍ക്കും മറ്റും സഹായം നല്‍കുന്നു. ജോലി നഷ്ടപ്പെടാതിരിക്കാന്‍ പേ ചെക്ക് പ്രൊട്ടക്ഷന്‍. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി 332 മില്യന്‍ ആവശ്യപ്പെട്ടപ്പോള്‍ 142 മില്യന്‍ കയ്യോടെ തന്നു.

താത്കാലികമായി അമേരിക്കയ്ക്ക് ഒരു വിഷമത വന്നാലും ശക്തമായി തിരിച്ചുവരും. അതാണ് അമേരിക്ക. 22 ട്രില്യന്റെ ബജറ്റാണ് അമേരിക്കയുടേത്. ഇന്ത്യയുടേത് 3.3 ട്രില്യന്‍ മാത്രം. എന്നു മാത്രമല്ല കൊറോണ കാലത്ത് ആറ് ഇന്ത്യന്‍ രൂപ കൂടുതലായി കൊടുത്താലേ ഒരു ഡോളര്‍ വാങ്ങാനാവൂ എന്ന സ്ഥിതിയും വന്നു. പെട്രോളും മറ്റും വാങ്ങുമ്പോള്‍ ഈ വിലവര്‍ധന ബാധിക്കും. ഇതൊന്നും അമേരിക്കന്‍ വിരുദ്ധര്‍ കാണുന്നില്ല. പലരും അസൂയ കൊണ്ടാണു അമേരിക്കന്‍ വിരുദ്ധത പറയുന്നത് എന്നാണു തോന്നിയിട്ടുള്ളത്.

അതുപോലെ തന്നെയാണ് ഇമിഗ്രേഷന്‍ തല്ക്കാലം നിര്‍ത്തിവെച്ച പ്രസിഡന്റ് ട്രമ്പിന്റെ നടപടിയെ ഇവിടെയുള്ള മലയാളികള്‍ സ്വാഗതം ചെയ്യുന്നത്. നമ്മുടെ കാര്യം കഴിഞ്ഞു. ഇനി ആരും ഇങ്ങോട്ടു വരേണ്ടതില്ല എന്ന ചിന്താഗതി. കുറച്ച് ഇന്ത്യക്കാര്‍കൂടി വരുന്നതുകൊണ്ടൊന്നും അമേരിക്കയ്ക്ക് ഒന്നും വരാനില്ല. ഇത്തരം ചിന്തയില്‍ നിന്നൊക്കെ നാം എന്നാണു വളരുക?

കോവിഡ് വന്നപ്പോള്‍ ഒബാമയോ ജോര്‍ജ് ബുഷോ പോലെ പ്രസിഡന്റ് ട്രമ്പ് ശക്തമായ നടപടികള്‍ എടുത്തില്ല എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്. അതു വ്യക്തിപരമായ ഒരു കാര്യം മാത്രം. പക്ഷെ അത് കൊണ്ട് അമേരിക്ക തകര്‍ന്നു എന്നൊക്കെ പ്രചാരണം നടത്തുന്നവര്‍ കഥ അറിയാത്തവര്‍ തന്നെ.
ഫോര്‍ട്ട് ബെന്‍ഡില്‍ ജഡ്ജ് കെ.പി. ജോര്‍ജ് മുന്നണി പോരാളി; തളര്‍ച്ചയില്ലാത്ത രക്ഷാ ദൗത്യം
ഫോര്‍ട്ട് ബെന്‍ഡില്‍ ജഡ്ജ് കെ.പി. ജോര്‍ജ് മുന്നണി പോരാളി; തളര്‍ച്ചയില്ലാത്ത രക്ഷാ ദൗത്യം
ഫോര്‍ട്ട് ബെന്‍ഡില്‍ ജഡ്ജ് കെ.പി. ജോര്‍ജ് മുന്നണി പോരാളി; തളര്‍ച്ചയില്ലാത്ത രക്ഷാ ദൗത്യം
ഫോര്‍ട്ട് ബെന്‍ഡില്‍ ജഡ്ജ് കെ.പി. ജോര്‍ജ് മുന്നണി പോരാളി; തളര്‍ച്ചയില്ലാത്ത രക്ഷാ ദൗത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക