Image

ഒരു കോവിഡ് ഡയറിക്കുറിപ്പ്- (ദേശാന്തരം-ബ്ലസി വര്‍ഗീസ്, നഴ്സ് പ്രാക്ടീഷ്ണര്‍, ന്യൂയോര്‍ക്ക്)

Published on 30 April, 2020
ഒരു കോവിഡ് ഡയറിക്കുറിപ്പ്- (ദേശാന്തരം-ബ്ലസി വര്‍ഗീസ്, നഴ്സ് പ്രാക്ടീഷ്ണര്‍, ന്യൂയോര്‍ക്ക്)
ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ വസന്തകാലമാണ്. നോക്കെത്താ ദൂരത്തത്രയും പൂക്കള്‍ വന്നു മൂടുന്ന കാലം. ലോക്ക് ഡൗണിലായതുകൊണ്ട് വസന്തം വന്നതും പോയതും ആരുമറിഞ്ഞില്ല. അടങ്ങാത്ത ആഘോഷങ്ങളുടെ, രാത്രിയില്‍ ഇമചിമ്മാത്ത ദീപങ്ങളുടെ നഗരത്തിനുമേല്‍ ഇപ്പോഴും ശിശിരത്തിന്റെ തണുപ്പാണ്.

പുകമഞ്ഞ് പോലെ മരണം പുതച്ചു നില്‍ക്കുന്ന ന്യൂയോര്‍ക്ക്, പ്രേതനഗരം പോലെ നിശ്ശബ്ദമായ നിരത്തുകള്‍. ആശുപത്രികളുടെ പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ശീതികരിച്ച ട്രെയ്ലറുകളില്‍ നിറയെ ശവശരീരങ്ങളാണ്. അരലക്ഷത്തിലധികം കടന്ന മരണം. ഉയരുന്ന മരണസംഖ്യ. ആ നമ്പറുകളിലോരോന്നും പാതിവഴിയില്‍ മടങ്ങിപ്പോയ ആരുടെയൊക്കെയോ ഉറ്റവരും, ഉടയവരും, അച്ഛനും, അമ്മയും, സഹോദരനും സഹോദരിയുമൊക്കെ ആണ്. ഹോം ക്വാറന്റീനില്‍ അതിലും എത്രയോ ഇരട്ടി പേര്‍. ആരവങ്ങളും, തിരക്കിട്ടോടുന്ന ജനക്കൂട്ടങ്ങളുമൊക്കെ എവിടെയോ പോയി മറഞ്ഞു.

മാര്‍ച്ച് 23 2020

'എന്തൊരുറക്കമാണിത്. ജോലിക്ക് പോവേണ്ടേ?' ഭര്‍ത്താവിന്റെ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. എന്റെ മുറിഞ്ഞുപോയ ഉറക്കത്തില്‍ ഞാന്‍ കണ്ടതത്രയും ദുഃസ്വപ്നങ്ങളായിരുന്നു. ചാടിയെണീറ്റ് തിടുക്കത്തില്‍ പ്രഭാതകര്‍മ്മങ്ങള്‍ കഴിച്ച് ഞാന്‍ ഓടി. കൈയ്യില്‍ ഒരു വലിയ ചായപാത്രം മാത്രം. 'ഉച്ചഭക്ഷണം കൊണ്ടുപോ.' പുറകില്‍ നിന്ന് മമ്മി വിളിച്ചു പറഞ്ഞു. അതിന്റെ ആവശ്യം വരില്ല. കാരണം എനിക്കറിയാം ജോലിക്കു ചെന്നാല്‍ നിന്ന് തിരിയാന്‍ സമയം കിട്ടില്ല. ഭക്ഷണം കഴിക്കാനോ, ബാത്ത്റൂമില്‍ പോകാനോ ഒന്നും.... പലപ്പോഴുംഇ.ആര്‍. (എമര്‍ജന്‍സി റൂം) അങ്ങനെയാണ്. എനിക്കതില്‍ പരാതിയില്ല.

ചെറിയ ചാറ്റല്‍മഴ പൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു. ജോലിക്ക് കയറി, മാസ്‌ക്കും, ഗ്ലൗസും, ഫേസ് ഷീല്‍ഡുമായി ഞാന്‍ എന്റെ ഡോക്കിലേക്ക് നടക്കുമ്പോള്‍ പെട്ടെന്ന് ഓവര്‍ഹെഡ് പേജിങ്ങ് സിസ്റ്റം ശബ്ദിച്ചു. കോഡ് ഇന്‍ ദി പാര്‍ക്കിംഗ് ലോട്ട്.അതിനര്‍ത്ഥം ആരോ പുറത്ത് മരിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ പുറത്തേയ്ക്ക് പാഞ്ഞു... സെക്യൂരിറ്റി പറഞ്ഞു.... ഏമര്‍ജന്‍സിയിലേയ്ക്ക് നടന്നു വന്ന ഒരു മദ്ധ്യവയ്ക്കന്‍ ചോര ഛര്‍ദ്ദിച്ച് കുഴഞ്ഞു വീണിരിക്കുന്നു. ശ്വാസം നിലച്ചുപോയിരിക്കുന്നു. സഹായിക്കാനായി കുറെയധികം പേര്‍ ഓടി വന്നു.

ഞാന്‍ ഡോ.ജി. (പേരെഴുതുന്നില്ല), പേരറിയാത്ത രണ്ട് മെഡിക്കല്‍ ടെക്നീഷ്യന്‍സ്.... നഴ്സുമാര്‍ പി.പി.ഇ. ഇല്ലാത്തവര്‍ മാറി നില്‍ക്കൂ? ഞാന്‍ ബഹളം കൂട്ടി. നടുറോഡില്‍ ആ വ്യക്തിയെ ഞങ്ങള്‍ ഇന്റൂബേറ്റ് ചെയ്തു.സി.പി.ആര്‍. ചെയ്തുകൊണ്ട് സ്ട്രെച്ചറിലേക്ക് മാറ്റി നേരെ 'ക്രിട്ടിക്കല്‍ കെയറിലേയ്ക്ക്' 30-35 മിനിറ്റുകള്‍....

ചോരക്കട്ടകള്‍ കാരണം എയര്‍വേപോലും കാണാന്‍ പറ്റുമായിരുന്നില്ല. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും ജീവന്‍ പറന്നുപോയിരുന്നു.... മരണസമയം 8.15 എ.എം. കണ്ണുനീര് എന്റെ കാഴ്ചയെ മറച്ചുകളഞ്ഞു. ദീര്‍ഘനിശ്വാസമെടുത്ത് ഞാന്‍ പുറത്തേയ്ക്കു നടന്നു. സങ്കടപ്പെടാന്‍ എനിക്ക് സമയമില്ല. എന്റെ ടീമില്‍ ഞാനും, ഡോ. മക്കെല്‍റോയും മാത്രമേയുളളൂ. ഞങ്ങളുടെ പേഷ്യന്റിന്റെ ചാര്‍ട്ടുകള്‍ വയ്ക്കുന്ന റാക്ക് നിറഞ്ഞുകവിഞ്ഞിരിക്കുന്നു. കുറച്ചു ദിവസങ്ങളായി ഞാന്‍ കാണുന്ന പേഷ്യന്റ്സിനെല്ലാം ഒരേ തരം രോഗലക്ഷണങ്ങളാണ്. 'പനി, വരണ്ട ചുമ, വിറയല്‍, തലവേദന, തൊണ്ടവേദന, മസില്‍പെയില്‍....വയറിളക്കം.' കാണുന്ന എല്ലാ എക്‌സ് റേ കളും ഒരുപോലെയാണ്. വെളുത്ത, പാച്ചി ഓപേസിറ്റീവ് (ശ്വാസകോശത്തെ മുക്കികൊല്ലുന്ന പോലെയുള്ള പ്രത്യേകതരം ന്യൂമോണിയ.

'ബസ്സീ, ഈ പേഷ്യന്റിനെ ഒന്നും വേഗം കാണാമോ?' നഴ്സിങ്ങ് സൂപ്പര്‍വൈസര്‍ പരിഭ്രാന്തിയോടെ ഒരു ചാര്‍ട്ട് എനിക്കു വച്ചുനീട്ടി. നോക്കിയപ്പോള്‍, കഴിഞ്ഞ ആഴ്ച ഞാന്‍ തന്നെ രണ്ട്, കോവിഡ് 19 ഡയഗ് നോസ് ചെയ്ത്, 14 ദിവസത്തെ, ഹോം ക്വാറന്റീനില്‍ വിട്ട 40 കാരിയായ സ്പാനിഷ് യുവതി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മ. അമേരിക്കയില്‍ രേഖകളില്ലാത്ത ഒരു അണ്‍ഡോകുമെന്റഡ് ഇമിഗ്രന്റ്. അവളുടെ ഭര്‍ത്താവിനെ അടുത്തിടെ മെക്സിക്കോയിലേയ്ക്ക് പോലീസ് തിരിച്ചയച്ചു.

അവളും കുഞ്ഞുങ്ങളും ഒരു കുഞ്ഞു ബേസ്മെന്റിലാണ് താമസം. ഐസൊസേഷന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ 'ഞാന്‍ ഇനി എന്തു ചെയ്യും എന്നു കരഞ്ഞവള്‍' നോക്കുമ്പോള്‍ അവളുടെ ഓക്സിജന്‍ ലെവല്‍ താഴേയ്ക്ക്.... 85 അല്ല 82% -Stal oxygen, CXR, respiratery, vent, labi-   നഴ്സിനോട് ഓര്‍ഡര്‍ പറഞ്ഞുകൊണ്ടിരിക്കേ, അവള്‍ എന്റെ കൈ അവളുടെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. ഗ്രാസിയസ്.....നിങ്ങള്‍ ചെയ്തു തന്ന എല്ലാത്തിനും, ഇനി, എനിക്കുവേണ്ടി ചെയ്യാന്‍ പോകുന്നതിനും നന്ദി.

സെക്കന്റുകളില്‍, വെന്റിലേറ്ററിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങി 1-2 മിനിട്ട് ഭര്‍ത്താവിനോട് സംസാരിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍, 1-2-3, റാപ്പിഡ് സ്വീക്വന്‍സ് ഇന്‍ട്യൂബേഷന്‍..... ലൈഫ് സപ്പോര്‍ട്ടല്ലാതെ, അവളെ തിരിച്ചു പിടിക്കാന്‍ വേറെ മാര്‍ഗ്ഗമില്ല...ലങ്ങ്സ് നോക്കി...' ഗുഡ് ബ്രെത് സൗണ്ട്സ്.... ഗുഡ് ജോബ്..... എന്റെ പിന്നില്‍ നിന്ന് ടീം മേറ്റ് ഡോക്ടര്‍ മക്കെല്‍റോയുടെ ശബ്ദം ഞാന്‍ കേട്ടു. ആ കുഞ്ഞുങ്ങള്‍ ഇപ്പോഴെവിടെയായിരിക്കും? ആ മുറിയില്‍ നിന്ന് പുറത്തേയ്ക്ക് നടക്കുമ്പോള്‍ അങ്കലാപ്പോടെ ഞാനോര്‍ത്തു.

പെട്ടെന്ന് ചിന്തകളെ ഭേദിച്ച് ആബുലന്‍സിന്റെ അലര്‍ച്ചകള്‍ ഞാന്‍ കേട്ടു. ടോമാറൂമിന് പുറത്തേയ്ക്ക് തലയിട്ടുനോക്കിയപ്പോള്‍, ആബുലന്‍സിന്റെ ചുവന്ന ബീക്കണ്‍ലൈറ്റ് എന്റെ ഫേസ് ഷീല്‍ഡില്‍ തട്ടി എന്റെ കണ്ണു മഞ്ഞളിച്ചു. 35 കാരനാണ്.... റെസ്പിറേറ്ററി ഫെയിലിയര്‍. ഏതു ടീമാണ്...? ഞാന്‍ പെട്ടെന്ന് ചോദിച്ചു. 'ബ്ലൂ...' ഭാഗ്യം എന്റെ ടീമല്ല. അടുത്ത ടീമിലെ ഡോക്ടര്‍ ഓടിക്കഴിഞ്ഞു. സമയം 10 എ.എം.

ഒന്നില്‍ നിന്ന് അടുത്ത മുറിയിലേയ്ക്ക്.... രോഗികളുടെ മുഖങ്ങളെ ഓര്‍മ്മയുളളൂ. പേരുകള്‍ ഓര്‍മ്മിക്കുന്ന പരിപാടി ഞാന്‍ പണ്ടേ നിര്‍ത്തിയതാണ്. ആബുലന്‍സുകള്‍ വരിവരിയായി വന്നുകൊണ്ടിരുന്നു. ബെഡ്ഡിനായി കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുന്നവരുടെ എണ്ണം പെരുകിവന്നു. ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റുന്നവരെ പാര്‍ക്കിങ്ങ് ലോട്ടിലെ പുതുതായി നിര്‍മ്മിച്ച ടെന്റുകളിലേയ്ക്ക് പറഞ്ഞുവിട്ടു. പുതുതായി ഒരുപാട് ബെഡുകള്‍ കൂട്ടിച്ചേര്‍ത്തിട്ടും, വരാന്തകളില്‍ വരെ രോഗികള്‍.

നഴ്സുമാരുടെ ഷൂസുകള്‍ക്കടിയില്‍ സ്‌കേറ്റിങ്ങ് വീലുകള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് ഞാന്‍ ഉള്ളിലോര്‍ത്തു. 'വിശക്കുന്നേ' എന്ന് എന്റെ വയര്‍ ബഹളം കൂട്ടിയപ്പോള്‍ 'തല്‍ക്കാലം വേറെ പണിനോക്കൂ' എന്ന് ഞാന്‍ പറഞ്ഞു. കുഞ്ഞ് തലവേദന തന്ന് ശരീരം പ്രതിഷേധിച്ചു. അമ്മ തന്ന ചായപ്പാത്രത്തിലെ ചായയെടുത്ത് ഞാന്‍ തൊണ്ട നനച്ചു. മേശപ്പുറത്ത് നിന്ന് എന്റെ സെല്‍ ഫോണ്‍ ബെല്ലടിച്ചു. നോക്കിയപ്പോള്‍ 5-6 മിസ്ഡ് കോള്‍.... അപ്പുറത്ത് എന്റെ ഭര്‍ത്താവാണ്. ബോബിന്‍.... ഹോസ്പിറ്റല്‍ ഫോണില്‍ നിന്ന് ഞാന്‍ തിരിച്ചു വിളിച്ചു.

'എന്താണ് അത്യാവശ്യം?' ഞാന്‍ തിരക്കി... 'വേഗം പറയണം, സമയമില്ല.' നീ എന്റെ സുഹൃത്തിന്റെ ഭാര്യയോട്ഒന്നു സംസാരിക്കാമോ? അത്യാവശ്യമാണ്, ഞാന്‍ നമ്പര്‍ ടെക്സ്റ്റ് ചെയ്തേക്കാം.' ശരിയെന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.

വിളിച്ചപ്പോള്‍ അപ്പുറെ അനുവാണ് (ഇത് റിയല്‍ പേരാണ്). അനു പറഞ്ഞു. 'എന്റെ സുഹൃത്തിന്റെ ഭര്‍ത്താവിനു വേണ്ടിയാണ് ഞാന്‍ വിളിക്കുന്നത്. പേര് സുബിന്‍ (യഥാര്‍ത്ഥ പേരല്ല) 39 വയസ്സ്. രണ്ടു ദിവസമായി സുബിനെക്കുറിച്ച് ഒരു വിവരവുമില്ല. നടന്ന് ഹോസ്പിറ്റലില്‍ പോയ ആളാണ് 4-5 ദിവസം മുമ്പേ....' സുബിന്റെ ഭാര്യ ഭയങ്കരമായ സങ്കടത്തിലാണ്. ഒന്ന് അന്വേഷിക്കുമോ?'

ശരിയാണ്. ആര്‍ക്കും കൂടെ വരാനോ, വിസിറ്റ് ചെയ്യാനോ ഇപ്പോള്‍ പറ്റില്ല. നിയമങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുന്നു. കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വരാതിരിക്കാന്‍. ഞാന്‍ പെട്ടെന്ന് എന്റെ ഡെസ്‌ക്ക് ടോപില്‍ അഡ്മിഷന്‍ ലോഗ് നോക്കി, സുബിനിവിടുണ്ട്. ലൊക്കേഷന്‍ കാണിക്കുന്നത് 'മെഡിക്കല്‍ ഐസിയു'എന്നാണ്. എന്റെ ഉള്ളില്‍ ഒരു തീപ്പന്തം പുകഞ്ഞു. കേട്ട വിവരം ശരിയെങ്കില്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ അപ്പനാണ്. 39 വയസ്, മെയില്‍.. ആരോഗ്യവാനായ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥന്‍ ഞാന്‍ പെട്ടെന്ന് സുബിന്റെ ഭാര്യ റിയയെ (പേര് മാറ്റുന്നു) വിളിച്ചു. പെട്ടെന്ന് തന്നെ ക്രിട്ടിക്കല്‍ കെയറിന്റെ സീനിയര്‍ ഡോക്ടര്‍ക്ക് മെസ്സേജ് ചെയ്തു. 'ഡോക്ടര്‍ മഞ്ജിമ (പേര് മാറ്റുന്നു) റിയയെ ഈ നമ്പറില്‍ വിളിച്ച് ഒരു അപ്ഡേറ്റ് കൊടുക്കുമോ? ഇതായിരുന്നു സന്ദേശം. 10 മിനിറ്റില്‍ ഡോക്ടര്‍ മഞ്ജിമ വിളിച്ചു. സുബിന്‍ വെന്റിലേറ്ററിലാണ്. എമര്‍ജന്‍സിയായി വെന്റിലേറ്ററിലാക്കേണ്ടിവന്നു. വിളിച്ചപ്പോള്‍ ഫോണിലൂടെ റിയ കരഞ്ഞു. വിഷമിക്കേണ്ട, എല്ലാം ശരിയാവും.' ഞാന്‍ ആശ്വസിപ്പിച്ചു. ശരിയാവുമെന്ന് എനിക്കു പോലും ഉറപ്പില്ലെങ്കിലും. കാരണം ഇത് മനുഷ്യശരീരത്തില്‍ എന്തു ചെയ്യുന്നു എന്ന് പഠിച്ചുവരുന്നതേയുള്ളൂ. വ്യക്തമായ ട്രീറ്റ്മെന്റ് പ്രോട്ടോക്കോളില്ല. ചികില്‍സ ഫലിക്കുമെന്ന് ഉറപ്പില്ല-പ്രതിരോധ വാക്സിനും ഇല്ല.

ഞങ്ങളുടെ ആത്മവിശ്വാസം ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രതിരോധിച്ചേ പറ്റൂ. കാരണം ആരെയും മരണത്തിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. ഒരു ഇത്തിരിക്കുഞ്ഞന്‍ വൈറസിനോട് തോല്‍ക്കാനും.....വി ഷാല്‍ ഓവര്‍കം'

വീട്ടില്‍ ചെന്നപ്പോള്‍ മമ്മിയോട് ഞാനാവശ്യപ്പെട്ടപോലെ എന്റെ സാധനങ്ങള്‍ എല്ലാം മുകളിലത്തെ നിലയിലേക്ക് മാറ്റിയിരുന്നു. ഞാന്‍ എന്റെ ഏകാന്തവാസത്തിലാണ്. പ്ലാസ്റ്റിക് ഗ്ലാസിലും, കപ്പിലും ഭക്ഷണം കഴിക്കുന്നു. തുണികള്‍ വേറെ ചൂടുവെള്ളത്തിലും സോപ്പിലും, ആവശ്യത്തില്‍ കൂടുതല്‍ ഡെറ്റോളിലും കഴുകുന്നു. കുഞ്ഞുങ്ങളെയും മാതാപിതാക്കളേയും ഗ്ലാസ് ഡോറിലൂടെ കാണുന്നു. എന്നെ കാണാനായി കുഞ്ഞുങ്ങള്‍ വാശിപിടിച്ചു കരയുന്നു. ഗ്ലാസ്ഡോര്‍ തല്ലിപ്പൊട്ടിക്കാന്‍ നോക്കുന്നു. പിന്നെ, തളര്‍ന്നു കരഞ്ഞുറങ്ങുന്നു. ഭര്‍ത്താവും എന്റെ ഒപ്പം ഐസൊലേഷനില്‍ ആണ്. ഭര്‍ത്താവിന്റെ പ്രിയമിത്രത്തിന് (ഡേവിഡ് ചേട്ടന്‍) പേര് യാഥാര്‍ത്ഥമല്ല); കോവിഡ് പോസിറ്റിവ് ആണ്. ഇനി 14 ദിവസംനിരീക്ഷണത്തില്‍ കഴിയണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആളാകെ അപ്സെറ്റ് ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഓകെ ആണ്.

ഇത് സുബിന്റെ കഥയാണ്. ഇന്ന് ഏപ്രില്‍ 25, 2020. കഴിഞ്ഞ 30-35 ദിവസങ്ങള്‍ ചരിത്രം ആവുകയായിരുന്നു. കോവിഡ് 19 മായി വന്ന സുബിന്‍ ആദ്യം തന്നെ ആന്റിബയോട്ടിക്ട്കൊടുത്തു കാരണം, ചെസ്റ്റ് എക്സറേയില്‍ ശ്വാസകോശത്തെ ഞെരിച്ചുകൊല്ലുന്ന ആ വൈറല്‍ ന്യൂമോണിയ തന്നെ. മാര്‍ച്ച് 31 ആയപ്പോഴേയ്ക്കും വിട്ടുമാറാത്ത പനി, നിര്‍ത്താതെയുള്ള ചുമ, അതീവ ഗുരുതരമായ ന്യൂമോണിയ.... ക്ലോറോക്വിനും, ഡോക്സിസൈക്ലീനും കൊടുത്തിട്ടും രക്ഷയില്ല. വെന്റിലേറ്ററിലേയ്ക്കു മാറ്റി.

ഇ.കെ.ജിയില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് ക്ലോറോക്വിന്‍ നിര്‍ത്തിവച്ചു. 'Kaletra'  എന്ന പുതിയ മരുന്ന് തുടങ്ങി. സുബിന്റെ ശരീരത്തില്‍ കോവിഡ് 19 എന്ന കുഞ്ഞന്‍ രോഗാണു താണ്ഡവനൃത്തമാടുകയായിരുന്നു. ചവിട്ടി മെതിച്ച്, ശ്വാസകോശത്തെയും, വൃക്കകളെയും ഞെരുക്കി കൊല്ലാനുള്ള വ്യഗ്രതയോടെ. ദിവസങ്ങള്‍ക്കുള്ളില്‍ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. രക്തത്തില്‍ അണുബാധയുണ്ടായി. കാലുകളിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചു. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നായ Heprin കൊടുത്തപ്പോള്‍ വയറിനകത്ത് ബ്ലീഡിങ്ങ് ഉണ്ടായി. എക്കോ ചെയ്തു നോക്കിയപ്പോള്‍ ഹൃദയത്തിലേയ്ക്കുള്ള വഴിയിലും ഒരു രക്തക്കട്ട.... അതോ 'കാര്‍ഡിയാക് വെജിറ്റേഷനോ?' അണുബാധ ശരീരമൊട്ടാകെ വ്യാപിച്ചു. ഇടയ്ക്കിടെ സുബിന് 'ഡെലീരിയം' പോലെ.... വെന്റിലേറ്റര്‍ മാറ്റാനേ പറ്റുന്നില്ല. പരിഹാസച്ചിരിയുമായി പല്ലിളിച്ചുകാണിക്കുന്ന അദൃശ്യനായ കുഞ്ഞന്‍ വൈറസ് ഒരു സൈഡില്‍..... 39 കാരന്റെ ജീവന്‍ രക്ഷിച്ച് റിയയെയും, കുഞ്ഞുങ്ങളേയും തിരിച്ചേല്‍പ്പിക്കാന്‍ പാടുപെടുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പട മറ്റൊരു വശത്ത്.... മൂന്നു കുഞ്ഞുങ്ങളേയും ചേര്‍ത്ത് റിയ ബൈബിള്‍ നെഞ്ചോടടുക്കി കരഞ്ഞ് തളര്‍ന്നു... അനു എന്നെ വിളിച്ചുകൊണ്ടേയിരുന്നു. അനുവിന്റെ ഫോണ്‍ എടുക്കുമ്പോള്‍ പലപ്പോഴും എന്റെ കൈ വിറച്ചു. അവളോട് ഞാന്‍ എങ്ങനെ പറയും....' മരണത്തിന്റെ നൂല്‍പാലത്തില്‍ അങ്ങേയപ്പുറമാണ് സുബിന്‍ ഇപ്പോഴെന്ന്....? എപ്പോള്‍ വേണമെങ്കിലും അങ്ങോട്ടോ, ഇങ്ങോട്ടോ എന്ന നിലയില്‍ ഒരു 30-35 ദിവസങ്ങള്‍... ഉറപ്പുള്ള മരുന്നില്ല. ഈ വൈറസിനെക്കുറിച്ച് ഇനിയും അറിയാനും പറയാനുമേറെ....

മരുന്ന് ഫലിക്കുമോ എന്ന് പോലും ഉറപ്പില്ല...

ഏപ്രില്‍ രണ്ടാം വാരമായപ്പോഴേയ്ക്കും ഡേവിഡ് ചേട്ടന്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി. പൂര്‍ണ്ണ ആരോഗ്യത്തോടെ. എന്റെ ചുറ്റുവട്ടത്ത് ഒരുപാട് പേര്‍ക്ക് രോഗം വന്നു. ഭര്‍ത്താവിന്റെ ഐസൊലേഷന്‍ പിരീഡ് കഴിഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് എന്റെ അവസ്ഥ മനസ്സിലായി. ഇപ്പോള്‍ അവര്‍ ഗ്ലാസ് ഡോറിനപ്പുറം ശാന്തരാണ്. വീഡിയോ ചാറ്റ് വഴി എന്നോട് സംസാരിക്കും. എന്റെ മെന്റര്‍ ഡോ. വെറിയന്‍ കോവിഡിന് കീഴടങ്ങി. പല സുഹൃത്തുക്കള്‍ക്കും രോഗം ബാധിച്ചു. കുറെയധികം പേര്‍ക്ക് കുഴപ്പമില്ലാതെ പോയി. ഞാന്‍ ഡിസ്ചാര്‍ജ് ചെയ്ത പലരും പിന്നീട് നടന്ന് വന്ന് വെന്റിലേറ്ററില്‍ കയറി. കുറെയധികം പേര് മരിച്ചു. അമേരിക്ക പതിവ് തെറ്റിക്കാതെ ഒന്നാം നമ്പറായി. രോഗികളുടെ എണ്ണത്തില്‍.... രോഗവ്യാപനത്തില്‍..... മരണ നിരക്കില്‍....

ഏപ്രില്‍ 21, 2020...

അവസാനം സുബിന്‍ ജയിച്ചു. മരണത്തെ ചെറുത്തു തോല്‍പ്പിച്ച് അവന്‍ കണ്ണ് തുറന്നു. തനിയെ ശ്വാസമെടുക്കാന്‍ തുടങ്ങി. ഒരു കുഞ്ഞിനെപ്പോലെ പിച്ച വച്ച് വാക്കറില്‍ പിടിച്ച് നടന്നു. കഴിഞ്ഞുപോയ ദിവസങ്ങള്‍ സുബിന് ഓര്‍മ്മയില്ല. ഒരു ജേതാവിനെപ്പോലെ നിഷ്‌ക്കളങ്കമായി ചിരിച്ചു. ട്രക്കിയോസ്റ്റമിയുമായി റീഹാബിലേയ്ക്കല്ല.... സ്വന്തം ഭാര്യയുടെയും, പിഞ്ചുകുഞ്ഞുങ്ങളുടെയും അടുത്തേയ്ക്ക മടങ്ങിപ്പോയി. ഫേസ്ടൈമില്‍ സുബിന്‍ സംസാരിച്ചപ്പോള്‍ എന്റെ അച്ഛനുള്‍പ്പെടെ പലരും കരഞ്ഞു. സന്തോഷം കൊണ്ട്.

അവന്‍ ആശുപത്രി വിട്ടപ്പോള്‍ സ്പെഷല്‍ മ്യൂസിക് ആശുപത്രിയൊന്നാകെ മുഴങ്ങി. സുബിന്റെ ചിരി ഞങ്ങള്‍ ആരോഗ്യമേഖല പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം അത്ര വലുതാണ്. ദൈവത്തിലുള്ള വിശ്വാസം. പഠിച്ചതും, ശ്രമിച്ചതും ഒന്നും പാഴായി പോയിട്ടില്ല എന്ന വിശ്വാസം. കോവിഡ്-19.... കുഞ്ഞന്‍ വൈറസ്.... നിന്നെ ഞങ്ങള്‍ തോല്‍പ്പിക്കും. കാരണം, ഈ ഭൂമി ഞങ്ങളുടേത് കൂടിയാണ്. ഇവിടെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. ന്യൂയോര്‍ക്കില്‍ ഇനിയും വസന്തങ്ങള്‍ വരും. അതിജീവനത്തിന്റെ ഹര്‍ഷമുള്ള, നിറകണ്‍ചിരികളുടെ വസന്തങ്ങള്‍.... ഇരുളിന്റെ ഭീകരതകള്‍ക്കിപ്പുറം, ഇനിയും നിലാവിന്റെ നദികളൊഴുകും. പ്രത്യാശയേക്കാള്‍ വലിയൊരു മെഡിസിന്‍ പ്രിസ്‌ക്രൈബ് ചെയ്യാന്‍ ഇല്ലെന്നെനിക്കറിയാം.

ബ്ലസി വര്‍ഗീസ്, നഴ്സ് പ്രാക്ടീഷ്ണര്‍
ഏമര്‍ജന്‍സി മെഡിസിന്‍
ന്യൂയോര്‍ക്ക്. 
ഒരു കോവിഡ് ഡയറിക്കുറിപ്പ്- (ദേശാന്തരം-ബ്ലസി വര്‍ഗീസ്, നഴ്സ് പ്രാക്ടീഷ്ണര്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
Thomas kk 2020-04-30 13:29:32
Very touching narration, may God strengthen all of you.
Jojo Thomas Palathra 2020-04-30 15:03:27
വളരെ ഹൃദയസ്പർശിയായി അനുഭവം വായനക്കാരിലേക്ക് പങ്കു വെച്ചിരിക്കുന്നു. ഇത്‌ ഒരു ദൈവ നിയോഗമാണ്. ഈ നൈമിഷീക ലോക ജീവിതത്തിൽ ചെയ്യാവുന്ന പുണ്യം. ആശംസകളോടെ ജോജോ തോമസ് പാലത്ര
Shaju Joseph 2020-05-01 06:49:05
Excellent writing. Heart touching. Yes, we shall overcome! God Bless for all you do!
Anu 2020-05-02 16:25:06
Blessy, you did your job well and this is a well written professional experience. May God bless you. We are so proud of you. Anu Varghese DNP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക