Image

രഹ്ന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 28 April, 2020
രഹ്ന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല  (വെള്ളാശേരി ജോസഫ്)
അര്‍ദ്ധ നഗ്‌നയായി രഹ്ന ഫാത്തിമ മത്തിക്കറി വെക്കുന്ന വീഡിയോ ഇപ്പോള്‍ യു ട്യൂബില്‍ സൂപ്പര്‍ ഹിറ്റാണ്. സ്ത്രീ ഉടലിന്റ്റെ നഗ്‌നതയെ എത്ര തെറി വിളിച്ചാലും പലരും കാണാന്‍ കൊതിക്കുന്നതാണല്ലോ അത്. പക്ഷെ ഈ നഗ്‌നതയിലൂടെയുള്ള പ്രതിഷേധം ഇന്ത്യയെ പോലുള്ള ഒരു യാഥാസ്ഥിതിക രാജ്യത്ത് പോസിറ്റീവ് ആയി എത്ര പേര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്നത് യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തപ്പെടേണ്ടതാണ്.

'കേവലം പ്രശസ്തിക്കായി മാത്രം റോഡില്‍ ചുംബനസമരം....വത്തക്ക മാഷിനെതിരെ മാറു തുറക്കല്‍ സമരം...ശബരിമലയിലെ സുപ്രീം കോടതി വിധിയെ മുന്‍നിര്‍ത്തി വിശ്വാസികളെ വെല്ലുവിളിച്ചു അയ്യപ്പവേഷം കെട്ടി തുട കാണിക്കല്‍....മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ ക്ഷണിച്ചു വരുത്തിയ സന്ദര്‍ഭങ്ങള്‍' - ഇങ്ങനെ രഹ്ന ഫാത്തിമക്കെതിരെ അനേകം വിമര്‍ശനങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇനി അര്‍ദ്ധനഗ്‌നയായി മത്തിക്കറി വെച്ചതുകൊണ്ട് യു ട്യൂബ് പോസ്റ്റ് മൂലം കേരളത്തിലെ യാഥാസ്ഥിതിക സമൂഹത്തില്‍ നിന്ന്  രഹ്ന ഫാത്തിമക്കെതിരെ വിമര്‍ശനങ്ങള്‍ കൂടാനേ പോകുന്നുള്ളൂ.

രഹ്നാ ഫാത്തിമക്കെതിരെ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ ആര്‍ക്കും സമൂഹത്തെ അക്രമ രഹിത മാര്‍ഗത്തിലൂടെ പ്രകോപിപ്പിക്കാനുള്ള അവകാശവുമുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാനിഷ് കാര്‍ട്ടൂണ്‍ വിഷയത്തില്‍ ഇസ്ലാമിക മതമൗലികവാദികള്‍ക്കെതിരെ ഉയര്‍ത്തിയ ചോദ്യവും ഒരു ജനാധിപത്യ സമൂഹത്തില്‍ പ്രകോപിപ്പിക്കുവാനുള്ള അവകാശമായിരുന്നു. അതു തന്നെയാണ് രഹ്ന ഫാത്തിമയും തന്റ്റെ നഗ്‌നതാ പ്രദര്‍ശനത്തിലൂടെ ചെയ്തത്. ഇത് അരാജകത്വമാണെന്ന് ചിലരൊക്കെ പറയുമ്പോള്‍ ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യത്ത് അരാജകവാദിയായി ജീവിക്കാനുള്ള ഒരു വ്യക്തിയുടെ താല്പര്യവും മാനിക്കപ്പെടേണ്ടതാണെന്നുള്ള കാര്യവും ആരും മറക്കരുത്.

ഒരു സമൂഹത്തില്‍ മാറ്റം കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ സമൂഹത്തിന്റ്റെ സാന്മാര്‍ഗിക ബോധത്തിലും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. തത്വത്തില്‍ നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇത് അംഗീകരിക്കുമെങ്കിലും പ്രാക്റ്റിക്കലായി അവര്‍ക്ക് ഇത് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണ് കേരളത്തിലെ CPM സര്‍ക്കാര്‍ തന്നെ രഹന ഫാത്തിമയെ പിടിച്ചു ജയിലില്‍ ഇട്ടത്. രഹന ഫാത്തിമയുടെ ഫെയിസ് ബുക്ക് ഫോട്ടോകള്‍ കണ്ട CPM സര്‍ക്കാരിനു കീഴിലുള്ള പോലീസുകാര്‍ തന്നെ അവര്‍ക്കെതിരെ കേസെടുത്തത് രഹ്ന ഫാത്തിമയുടെ മൂല്യബോധം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല എന്ന സന്ദേശം നല്‍കാനായിരുന്നു; അതിന്റ്റെ  കൂടെ സര്‍ക്കാര്‍ ജാമ്യം നിഷേധിക്കുവാനുള്ള എല്ലാ അടവുകളും പയറ്റുകയും ചെയ്തു. പോലീസിലുള്ളവരുടെയോ, ഭരിക്കുന്നവരുടെയോ മൂല്യബോധം മാറ്റാനറിയിത്തവര്‍ക്കു എങ്ങനെ 'സമ്പൂര്‍ണ വിപ്ലവം' പറയാന്‍ സാധിക്കും? പ്രായോഗിക രാഷ്ട്രിയം മാത്രം നോക്കിയാണ് രഹന ഫാത്തിമയെ CPM സര്‍ക്കാര്‍ ജയിലില്‍ ഇട്ടത് എന്നുള്ളത് കേരളത്തിലെ സുബോധമുള്ളവര്‍ക്കൊക്ക അറിയാം. അതിനര്‍ത്ഥം വലിയ സാമൂഹിക മാറ്റം ഉള്‍ക്കൊള്ളാനുള്ള വിവേകമൊന്നും ഇപ്പോഴും കേരളീയ ജനതയ്ക്കില്ല എന്നതാണ്.

കുറച്ചു നാളുകള്‍ക്ക് മുമ്പ് പൂര്‍ണ നഗ്‌നരായ ജൈന സന്യാസിമാര്‍ക്ക് സ്ത്രീകള്‍ പാദപൂജ ചെയ്യുന്ന വീഡിയോ കേരളത്തില്‍ പോലും വാട്ട്‌സാപ്പിലൂടെ പ്രചരിച്ചിരുന്നു. ജൈനരുടെ ആചാരങ്ങള്‍ ഇങ്ങനെയൊക്കെ ആണ്. പുരോഗമനകാരികളും, യുക്തിവാദികളും അതില്‍ പരിഭവിച്ചിട്ട് കാര്യമില്ല. സത്യം നഗ്‌നമാണ്; ഭക്തിയും നഗ്‌നമാണ്.  വസ്ത്രം ഒരു 'ഫാള്‍സ്  കോണ്‍ഷ്യസ്സ്‌നെസ്സ്' കൊടുക്കുന്നു എന്നാണ് ഇന്ത്യന്‍ യോഗിമാരൊക്കെ അഭിപ്രായപ്പെടുന്നത്. വസ്ത്രം ധരിക്കാത്ത ദിഗംബരരുടെ നാടാണ് ഇന്ത്യ. കൗപീന ധാരികളായവരും ഇഷ്ടം പോലെ. നമ്മുടെ ക്ഷേത്രങ്ങളില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത ജീവന്‍ തുളുമ്പുന്ന രതി ശില്‍പ്പങ്ങള്‍ ഉണ്ട്. ആധുനികത എന്നാല്‍ വസ്ത്രത്തിലൂടെ മാത്രം മനസിലാക്കേണ്ട ഒന്നല്ല എന്ന് കാണിച്ചു കൊടുക്കുവാന്‍ വേണ്ടിയാണ് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ഒറ്റമുണ്ടുടുത്തുകൊണ്ട് ബ്രട്ടീഷ് ചക്രവര്‍ത്തിയെ സന്ദര്‍ശിച്ചത്. അതിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ 'The King was wearing enough clothes for both of us' എന്ന് തമാശ പറയുക കൂടി ചെയ്തു ഗാന്ധി. വസ്ത്രത്തിലല്ല ഒരാളുടെ മഹത്ത്വം കുടികൊള്ളുന്നത്. രമണമഹര്‍ഷി വെറും കൗപീനധാരിയായിരുന്നു. പക്ഷെ രമണ മഹര്‍ഷിയുടെയും, മഹാത്മാ ഗാന്ധിയുടേയും ആ മഹത്തായ സന്ദേശം ആധുനിക സമൂഹം ഉള്‍ക്കൊള്ളണമെന്നില്ല.

ശരീരത്തിന്റ്റെ രാഷ്ട്രീയം പറഞ്ഞു സമൂഹത്തിന്റ്റെ ചിന്താഗതി മാറ്റാന്‍ ശ്രമിക്കുന്നത് അത്ര നിസാരമായ കാര്യമല്ല. അര്‍ദ്ധനഗ്‌നയായി മത്തിക്കറി വെച്ചുകൊണ്ട് ഇത്തരത്തില്‍ ഒരു 'സാമൂഹ്യ വിപ്ലവം' സൃഷ്ടിക്കുവാന്‍ രഹന ഫാത്തിമക്കു സാധിക്കുമോ??? ഇല്ലെന്നാണ് തോന്നുന്നത്. ശരീരമെന്ന ടൂള്‍ ഉപയോഗിച്ച് സമൂഹത്തോട് സംവദിക്കുമ്പോള്‍ നമ്മുടെ അങ്ങേയറ്റം യാഥാസ്ഥിതികമായ സമൂഹം പലപ്പോഴും അത് ഉള്‍ക്കൊള്ളണമെന്നില്ലാ. ഇവിടെയാണ് രഹന ഫാത്തിമയെ പോലുള്ളവര്‍ക്ക് പിഴക്കുന്നതും. ഇവിടെയാണ് സാമൂഹ്യ മാറ്റങ്ങളുടെ കാര്യത്തില്‍ ഗാന്ധി പറഞ്ഞ 'One Step Ahead is Enough'- എന്ന വാചകത്തിനു പ്രസക്തി ഉള്ളതും.

പാശ്ചാത്യ രാജ്യങ്ങളില്‍ 'ന്യൂഡ് റാലിയും', 'ന്യൂഡ് ബീച്ചും', 'ന്യൂഡ് സൈക്കിള്‍ റാലിയും' ഒക്കെ ഉണ്ട്. പക്ഷെ കേരളത്തിലോ, ഇന്ത്യയിലോ ഇങ്ങനെയുള്ള ഒരു നഗ്‌നതാ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞാല്‍ പറയേണ്ട താമസം അടി വീഴും. അതെ സമയം തന്നെ ജനം നഗ്‌നത ആസ്വദിക്കുന്നുമുണ്ട്; പ്രത്യേകിച്ച് സ്ത്രീകളുടെ നഗ്‌നത. ഉളിഞ്ഞു നോട്ടം കാലാകാലങ്ങളായി കേരളത്തിലും, ഇന്ത്യയുടെ പല ഭാഗങ്ങളിലും ജനം വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു കല ആണല്ലോ. ഉളിഞ്ഞു നോട്ടത്തിനപ്പുറം നഗ്‌നതാ പ്രതിഷേധം പോലുള്ള ഒരു സമര പരിപാടി സ്ത്രീ ശരീരം ഉപയോഗിച്ച് കൊണ്ട് നടത്തിയാല്‍ നമ്മുടെ അങ്ങേയറ്റം യാഥാസ്ഥികമായ സമൂഹം വളരെ വൈകാരിതയോടെ പ്രതികരിക്കും. അതുകൊണ്ടാണ് മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത രഹന ഫാത്തിമക്കു നേരത്തേ 18 ദിവസം ജയിലില്‍ കഴിയേണ്ടി വന്നത്. രഹന ഫാത്തിമയുടെ ഫെയിസ് ബുക്ക് പോസ്റ്റുകള്‍ കണ്ട പലരും അവര്‍ ശബരിമല തകര്‍ക്കാന്‍ പോവുകയായിരുന്നു എന്ന് വിശ്വസിച്ചു പോയാല്‍ അവരെ ഇന്നത്തെ മൂല്യ ബോധത്തില്‍ നിന്നുകൊണ്ട് കുറ്റം പറയാന്‍ ആവില്ല.

സത്യത്തില്‍ നമ്മള്‍ നഗ്‌നതയെ എങ്ങനെ നോക്കികാണുന്നു എന്നനുസരിച്ചായിരിക്കും നമ്മുടെ വൈകാരികമായ റെസ്‌പോണ്‍സ്. അമേരിക്കയിലും പാശ്ചാത്യ നാടുകളിലും ന്യൂഡ് ബീച്ചസും, ന്യൂഡ് സൈക്കിള്‍ റാലികളും ഉണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയാവുന്നതാണ്. ന്യൂഡ് മാര്‍ച്ചുകളും അവിടെ സ്ഥിരം സംഘടിപ്പിക്കാറുണ്ട്. അധികമാരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. ഇന്‍ഡ്യാക്കാരെ പോലെ ഞരമ്പ് രോഗികളല്ല അവിടങ്ങളില്‍ ഉള്ളതെന്ന് സാരം. നമ്മുടെ നാട്ടില്‍ ഞരമ്പ് രോഗികള്‍ കണ്ടമാനം ഉള്ളത് ഒളിച്ചുവെക്കുന്നതും, മൂടി വെക്കുന്നതും കൊണ്ടു മാത്രമാണ്. മാനസിക വൈകല്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഒളിച്ചുവെക്കുന്നതിലൂടെ കൂടാന്‍ മാത്രമേ പോകുന്നുള്ളൂ.

ഉത്സവങ്ങളിലും, പെരുന്നാളുകളിലും, വലിയ ജനക്കൂട്ടങ്ങള്‍ക്കിടയിലും മലയാളി പുരുഷന്‍ അവന്റ്റെ ഞരമ്പ് രോഗം പുറത്തു കാട്ടുന്നു. ആളുകള്‍ ഒരു പരിധിക്കപ്പുറം തടിച്ചു കൂടുന്ന ഇടങ്ങളിലെല്ലാം ഇത്തരം ലൈംഗിക ചേഷ്ടകള്‍ കാണാം. ജനക്കൂട്ടത്തിലുള്ള പുരുഷന്മാരുടെ ഒരു വല്ലാത്ത മാനസികാവസ്ഥയാണ് ഇത്. പലരും ഇതിനെക്കുറിച്ചൊന്നും തുറന്നു പറയാറില്ല എന്ന് മാത്രം. മലയാളി പുരുഷന്മാരുടെ ഈ ഞരമ്പു രോഗം  മാറേണ്ടിയിരിക്കുന്നു. ഈ ഞരമ്പ് രോഗത്തിന് ജാതിയുമില്ല; മതവുമില്ല. കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ക്രമാതീതമായ തിരക്കുണ്ടാവുന്ന ഏരിയകളിലെല്ലാം സ്ത്രീകള്‍ക്കെതിരെ 'ഞെക്കിനോക്കല്‍' ഉണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. അടിച്ചമര്‍ത്തപ്പെട്ട പുരുഷകാമം മുതല്‍ 
പെരുമാറ്റസംസ്‌ക്കാരത്തിന്റ്റെ അഭാവം വരെ ഈ ലൈംഗിക ബോധത്തില്‍ നിഴലിച്ചു കാണാം. യാഥാര്‍ഥ്യബോധത്തോടെ ഈ സമൂഹത്തെ നിരീക്ഷിച്ചു ജീവിക്കുന്ന ഒരാള്‍ക്ക് നിഷേധിക്കാനാവാത്ത വസ്തുതകളാണിത്. ലൈംഗിക കടന്നുകയറ്റങ്ങള്‍ ഇല്ല എന്ന് പറയുന്നത് യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യമാണ്. ആള്‍ക്കൂട്ടത്തിലെ ലൈംഗിക കടന്നുകയറ്റം എന്ന ജനറലൈസേഷനിലില്‍ പലരും ഈ ലൈംഗികാക്രമണം ഒതുക്കുകയാണ് പതിവ്. ഇത്തരം ലൈംഗിക ബോധ്യങ്ങള്‍ മാറണമെങ്കില്‍ ഇതിനെ കുറിച്ചൊക്കെയുള്ള ഒരു 'തുറന്നു പറച്ചില്‍' അത്യന്താപേക്ഷിതമാണ്.

ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ വേഷവിധാനങ്ങള്‍ ബ്‌ളാക് ആന്‍ഡ് വയിറ്റ് ചിത്രങ്ങളിലൂടെ ഇന്നും ലഭ്യമാണ്. നഗ്‌നതയെ സംബന്ധിച്ച് മൂല്യബോധം അന്ന് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് അന്നത്തെ മാറ് മറക്കാതിരുന്നവര്‍ക്കും അരയില്‍ ഒറ്റ മുണ്ട് മാത്രം ധരിച്ചവര്‍ക്കും എന്തെങ്കിലും ആത്മവിശ്വാസക്കുറവ് ഇല്ലായിരുന്നു. രാജസ്ഥാനില്‍ ഇന്നും മാന്‍കുഞ്ഞുങ്ങള്‍ക്ക് പരസ്യമായി മുലയൂട്ടുന്ന നാടോടി സ്ത്രീകള്‍ ഉണ്ട്. വലിയ പുരോഗമനം നടിക്കുകയും അതേസമയം മനസ്സില്‍ കടുത്ത യാഥാസ്ഥികത കൊണ്ടു നടക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം പുരുഷ കേസരികളും. അത്തരക്കാര്‍ ഇന്നും നഗ്‌നതയുടെ രാഷ്ട്രീയം ഉള്‍ക്കൊള്ളണമെന്നില്ല. മലയാളികളുടെ ഫ്യൂഡല്‍ മനസ്സില്‍ ഇന്നും കണ്ടമാനം കപട സദാചാരം മാത്രമാണുള്ളത്.

വെനിസ്വല, കൊളംബിയ - തുടങ്ങിയ രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഭാഗമായി ധാരാളം കുറ്റ കൃത്യങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷെ ലിബറല്‍ മൂല്യങ്ങളാണ് അവിടെയൊക്കെ പുലരുന്നത്. കേരളത്തിലെ പോലെ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ ഉളിഞ്ഞു  നോക്കുകയും, സദാചാരം വിളമ്പുകയും ചെയ്യുന്നവരല്ല വെനിസ്വലയിലും കൊളംബിയയിലും ഉള്ളവര്‍. അതുകൊണ്ട് അവിടെയൊക്കെ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് പരസ്യമായി മുലയൂട്ടുന്നു. ലോകത്തിന്റ്റെ മറ്റു ഭാഗങ്ങളിലുള്ള ആണുങ്ങളെല്ലാം കേരളത്തിലുള്ളത് പോലെ കടുത്ത യാഥാസ്ഥികരല്ലാ. പുരോഗമനകാരികള്‍ എന്ന് സ്വയം നടിക്കുന്ന മലയാളികള്‍ ഇതൊക്കെ  മനസിലാക്കുകയാണെങ്കില്‍ അത് നല്ലതാണ്. പക്ഷെ ഇതൊക്കെ പറയാമെന്നേയുള്ളൂ. പരസ്യമായ സ്ഥലങ്ങളില്‍ ഒരു രീതിയിലുള്ള സ്ത്രീകളുടെ നഗ്‌നതയും 'ടോളറേറ്റ്' ചെയ്യുന്ന സാമൂഹ്യ ബോധമല്ല നമുക്കുള്ളത്.

കേരളത്തിലെ മിക്ക ഹിന്ദു കുടുംബങ്ങളിലുള്ള സ്ത്രീകളും ഒരു നൂറ്റാണ്ട് മുമ്പ് മാറു മറച്ചിരുന്നില്ല. തകഴി ശിവശങ്കരപിള്ളയുടെ ജ്ഞാനപീഠം കിട്ടിയ 'കയര്‍' എന്ന നോവലില്‍ കരക്ക് നാഥന്മാര്‍ വരുമ്പോള്‍ സ്ത്രീകള്‍ മേല്‍മുണ്ട് മാറ്റുന്ന കാര്യം പറയുന്നുണ്ടല്ലോ. അതുപോലെ തന്നെ വൈക്കം മുഹമ്മദ് ബഷീറിന്റ്റെ 'ഒരു ഭഗവദ് ഗീതയും കുറെ മുലകളും' എന്ന രചനയും വളരെ പ്രസിദ്ധമാണല്ലോ. ആ പുസ്തകത്തില്‍ ബഷീര്‍ മാറ് മറക്കാത്ത സ്ത്രീകളെ വിവരിക്കുന്ന രംഗമുണ്ട്. പക്ഷെ ഇപ്പോള്‍ സദാചാരത്തിന് വേണ്ടിയും, സംസ്‌കാരത്തിന് വേണ്ടിയും കേരളത്തില്‍ വാദിക്കുന്നവരോട് ഇതൊന്നും പറയാന്‍ പാടില്ലല്ലോ. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ കണ്ടമാനം സദാചാര ബോധം കാണിക്കുന്നവരുണ്ട്. അതേസമയം നരവംശ ശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ ഇതെഴുന്നയാളുടെ ഒരു സുഹൃത്ത് പറഞ്ഞത് ഉത്തരേന്ത്യയില്‍ പോലും ഇപ്പോള്‍ കാണുന്ന വേഷ വിധാനങ്ങള്‍ക്കും, മൊറാലിറ്റിക്കും ഏതാനും നൂറ്റാണ്ടിന്റ്റെ പഴക്കം മാത്രമേ അവകാശപ്പെടാനുള്ളൂ എന്നാണ്.

നായര്‍ സ്ത്രീകള്‍ മാറ് മറക്കാന്‍ തുടങ്ങിയിറ്റ് അധിക കാലമൊന്നും ആയിട്ടില്ല എന്നത് അവരുടെ പഴയ ബ്‌ളാക് ആന്‍ഡ് വയിറ്റ് ഫോട്ടോകള്‍ കാണുമ്പോള്‍ ആര്‍ക്കും മനസിലാകും. പക്ഷെ മന്നത്ത് പത്മനാഭന്‍ തന്നെ പണ്ടൊരു പ്രസംഗത്തില്‍ പറഞ്ഞത് നമ്മുടെ സ്ത്രീകളെ ശീലാവതികളാക്കി മാറ്റണം എന്നാണ്. അങ്ങനെ ശീലാവതികളാക്കി മാറ്റാനുള്ള യജ്ഞമായിരുന്നു ഈയടുത്ത കാലം വരെ. അപ്പോള്‍ 'ബോഡി പൊളിറ്റിക്‌സ്' പറഞ്ഞുകൊണ്ട് അത്തരക്കാരുടെ അടുത്തേക്ക് ചെന്നാല്‍ എത്ര മാത്രം സ്വീകാര്യത കിട്ടും എന്ന് രഹനാ ഫാത്തിമയെ പോലുള്ളവര്‍ അത്തരത്തില്‍ ഒരു ഉദ്യമത്തിന് പുറപ്പെടും മുമ്പ് ചിന്തിക്കേണ്ടതുണ്ട്.

പുരോഗമന രാഷ്ട്രീയം പറയുന്നവര്‍ക്ക് പോലും രഹന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്'  ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല. അത് രഹന ഫാത്തിമയുടെ കുറ്റമല്ല; സമൂഹത്തിലുള്ള യാഥാസ്ഥിതിക മൂല്യ ബോധത്തിന്റ്റെ കുഴപ്പമാണത്.  നിയമത്തിന്റ്റെ ഭാഷയില്‍ നോക്കുകയാണെങ്കില്‍ രഹന ഫാത്തിമയ്ക്ക് സ്വന്തം ശരീരം കൊണ്ട് സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വന്തം ശരീരത്തെ പ്രതിഷേധത്തിന് ഉപകരണമാക്കുമ്പോള്‍ അത് വിശാലമായ അര്‍ദ്ധത്തില്‍ സാമൂഹ്യ മാറ്റത്തിനാണെന്നുള്ള ബോധം ജനത്തിനു വരണമെന്നില്ല. ജനത്തെ മാറി ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് എന്ന ബോധം തന്നെ വരണമെങ്കില്‍ സമൂഹത്തിന്റ്റെ  കണ്ണില്‍ പ്രതിഷേധിക്കുന്നവര്‍ ഗുണവാന്മാരായിരിക്കണം. ഇവിടെയാണ് ഗാന്ധിയെ പോലുള്ളവരുടെ 'ഇമേജിന്റ്റെ' പ്രസക്തി. ജനത്തെ പ്രകോപിപ്പിച്ചുകൊണ്ടല്ല ആരും സാമൂഹ്യ മാറ്റത്തിനിന് വേണ്ടി ശ്രമിക്കേണ്ടത്. ഇവിടെയാണ് ഗാന്ധി പറഞ്ഞ 'One Step Ahead is Enough'- എന്ന വാചകത്തിനു പ്രസക്തി ഉള്ളതും.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

രഹ്ന ഫാത്തിമയുടെ 'ബോഡി പൊളിറ്റിക്‌സ്' ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല  (വെള്ളാശേരി ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക