Image

തുറന്നെഴുതിയാല്‍...(മാലാഖൻ)

Published on 23 April, 2020
തുറന്നെഴുതിയാല്‍...(മാലാഖൻ)
നേരിട്ടറിയാവുന്ന പത്ത് കോവിഡ് ബാധിതരെ എടുത്താല്‍, അതില്‍ എട്ടാള്‍ക്കും ആരോഗ്യരംഗവുമായി പ്രത്യക്ഷമായോ പരോക്ഷമായോ അടുത്ത ബന്ധമുണ്ടായിരുന്നവരാകാനാണ് സാധ്യത! കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നവര്‍ അവരറിയാതെതന്നെ രോഗവാഹകരാകുന്ന അവസ്ഥ

ആതുര സേവകരിലൂടെ അവരുടെ വീടുകളിലുള്ളവര്‍ക്കും, അവരോട് അടുത്തിടപഴകുന്നവര്‍ക്കും കോവിഡ് പടര്‍ന്നു പിടിക്കാതെ നോക്കിയാല്‍ ഈ സാംക്രമിക മഹാമാരിയുടെ വ്യാപനം വളരെയധികം കുറയ്ക്കാന്‍ സാധിക്കും. രാജ്യം കാക്കുന്ന പട്ടാളക്കാരെപോലെ തന്നെ, രാജ്യരക്ഷയെ കരുതി ആരോഗ്യരംഗത്തുള്ളവര്‍ക്കും താല്‍ക്കാലികമായെങ്കിലും ജോലി ചെയ്യുന്ന സ്ഥലത്ത് ഭക്ഷണവും താമസവും നിര്‍ബന്ധമാക്കണം.

ലോകം മുഴുവന്‍ കൊറോണാ ഭീതിയില്‍ കേഴുമ്പോള്‍, സ്വന്തം ജീവന്‍ മാത്രമല്ല, തന്റെ കുടുംബത്തിന്റെ ഭാവി പോലും തൃണവല്‍ക്കരിച്ച്, രോഗികളുടെ ശുശ്രൂഷക്കായി മുന്നിട്ടിറങ്ങുന്ന ഡോക്ടര്‍മാരും നേഴ്സുമാരുമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ, അവരുടെ അമൂല്യമായ സേവങ്ങള്‍ക്കുള്ള എല്ലാവിധ ആദരപൂര്‍വ്വ അംഗീകാരങ്ങളോടും കൂടി നമിക്കുന്നു. നേരിട്ട് ഡോക്ടറെ കാണുന്ന ഇന്ത്യന്‍ രീതിയില്‍നിന്ന് വ്യത്യസ്ഥമായി, അമേരിക്കയില്‍ ആപല്‍ക്കരമല്ലാത്ത ആവശ്യം എന്തെങ്കിലും വരികയാണെങ്കില്‍ മിക്കവാറും ആദ്യം വിളിച്ച് അഭിപ്രായം ചോദിക്കുന്നത് അടുത്ത് പരിചയമുള്ള നേഴ്സുമാരോടായിരിക്കും, അവരുടെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് ഡോക്ടറുടെ അടുത്ത് പോകണോയെന്ന് പോലും തീരുമാനിക്കുക.

വേറിട്ടൊരു കണ്ണിലൂടെ നോക്കിയാല്‍, അപായങ്ങളും ആശങ്കകളും ജോലിയുടെ ഭാഗമായ ചുമതലകളുടെ മറ്റൊരു വശമല്ലേ! സ്വന്തം ജീവന്‍ പണയം വെച്ചല്ലേ അഗ്‌നിശമന സേനാനി ആളിക്കത്തുന്ന തീയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്? രാജ്യരക്ഷക്ക് അതിര്‍ത്തി കാക്കുന്ന ഒരു പട്ടാളക്കാരന്റെ ജീവനും പൗരന്മാര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടതല്ലേ? വര്‍ഗ്ഗീയ ലഹളകളും കലാപങ്ങളും അടിച്ചമര്‍ത്തുന്ന പോലീസുകാരനും ചെയ്യുന്നത് സമൂഹത്തിന് കടപ്പാടുണ്ടാവേണ്ട കര്‍ത്തവ്യമല്ലേ?

ഏഴ് സമുദ്രങ്ങളും താണ്ടി അമേരിക്കയിലെത്തിയ ഒട്ടുമിക്ക മലയാളികളും നല്ല ജോലിയുള്ളവരാണ്, സമൂഹത്തില്‍ നല്ല സ്ഥാനമുള്ളവരാണ്, നാട്ടുകാര്‍ ബഹുമാനിക്കുന്നവരാണ്. അവിടേയും കാണാം ആത്മപ്രശംസയും പൊങ്ങച്ചവും മുഖമുദ്രയായി കൊണ്ടുനടക്കുന്ന പരമബോറന്മാരെ! മുള്ളിത്തെറിച്ച ബന്ധത്തിലുള്ള ചരമവാര്‍ത്തകളില്‍ പോലും തന്റെ പേര് അച്ചടിച്ചുകാണാന്‍ ഇച്ഛിക്കുന്ന പ്രാഞ്ചിയേട്ടന്മാര്‍.. 'ഇന്ന കമ്പനി മുതലാളിയുടെ സഹോദരീ ഭര്‍ത്താവ്, ഇന്ന കമ്പനിയില്‍ ജോലി നോക്കിയിരുന്നു, മകളും അതേ കമ്പനിയില്‍ ജോലി ചെയ്യുന്നു'. വാര്‍ത്ത വായിച്ച് കഴിഞ്ഞ വായനക്കാരന്റെ ആശയക്കുഴപ്പം, ഇത് മരണ അറിയിപ്പാണോ അതോ ഒരു കമ്പനിയുടെ പണം മുടക്കാത്ത പരസ്യമോ?

ഗ്രൂപ്പുകളില്‍ വളരെ വൈറലായ വേറെ ഒരു സന്ദേശമാണ്, 'ആതുര സേവനം ചെയ്യുന്ന ഭവതിയുടെ കാലില്‍ ഞാന്‍ കുമ്പിട്ടു നമസ്‌കരിക്കുന്നു'. വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ അവരുടെ സേവനം നിശബ്ദമായി നിര്‍വ്വഹിക്കുമ്പോള്‍, 'ചെറിയ കാര്യങ്ങളാല്‍ ഊതി വീര്‍പ്പിച്ച വലിയ തമ്പ്രാക്കള്‍' വീമ്പുപറച്ചിലും മേനി നടിക്കലും അനുസ്യൂതം തുടര്‍ന്ന് കൊണ്ടേയിരിക്കും! ആതുര സേവന രംഗത്തുള്ളവര്‍ക്ക് വേണ്ടിയാണെന്ന മട്ടില്‍, രാജാവിനേക്കാള്‍ കവിഞ്ഞ രാജഭക്തി പ്രകടമാക്കി, കോവിഡും കൊറോണയും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്ത ചില മുഖ്യന്മാര്‍, പകര്‍ച്ചവ്യാധിയെ തളക്കാന്‍ അരയും തലയും മുറുക്കി ടീവിയില്‍ വാചക സര്‍ക്കസ് ആടികൊണ്ടേയിരിക്കും.

നിസ്വാര്‍ത്ഥതയുടേയും സഹജീവിയോടുള്ള കരുതലിന്റെയും രജതരേഖകള്‍ ചിലയിടങ്ങളിലെങ്കിലും തെളിഞ്ഞു കാണുന്നതാണ് ഒരു പ്രതീക്ഷ അത്യാസന്ന രോഗികള്‍ക്ക് ചേരുന്ന പ്ലാസ്മ ലഭ്യമാക്കാന്‍ അക്ഷീണം യത്നിക്കുന്നവര്‍; ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ എത്തിക്കാന്‍ പരിശ്രമിക്കുന്ന മറ്റു ചില മലയാളികള്‍; പ്രാര്‍ത്ഥനകളിലൂടെയും പാട്ടിലൂടെയും പ്രവാസികളുടെ ആത്മവിശ്വാസം ചോരാതെ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍! എല്ലാ മലയാളികള്‍ക്കും മാതൃകയായി, ഒരു പ്രചോദനമായി മുന്നോട്ടുവരുന്ന എല്ലാ നായകരെയും ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈയടിച്ച് അംഗീകരിക്കുന്നു

'മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം''. പരമാവുധി മൈലേജ് ലക്ഷ്യം വെച്ച് ഫിനിഷിങ് പോയിന്റിലേക്ക് കുതിക്കുന്ന ആമയെ മറികടക്കാന്‍ ആനയുടെ ശ്രമം, ആമയും ആനയും പൂണ്ട് വിളയാടുമ്പോള്‍ അഖില അണ്ണാറക്കണ്ണ ലോക മലയാളിക്ക് വെറുതെയിരിക്കാന്‍ പറ്റുമോ? തന്നാലായത് ചെയ്യാന്‍ അവരും!

ഏതെങ്കിലും ഒരാളുടെ പ്രവര്‍ത്തിക്ക് സമൂഹത്തിന്റെ പരസ്യമായ അംഗീകാരം ലഭിച്ചാല്‍, ഉടനെ പിതൃത്വ അവകാശവാദങ്ങളും വീമ്പിളക്കങ്ങളുമായി, അവര്‍ തങ്ങളുടെ സംഘടനയിലേതാണെന്ന് സ്ഥാപിക്കാന്‍ രംഗത്തിറങ്ങുന്ന, മലയാളിയുടെ പേരിന്റെ ശോഭ കെടുത്തുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ നിര്‍ഭാഗ്യവശാല്‍ മഹാമാരികളുടെ വ്യാപന ഭയാശങ്കകളേയും, ചില ഇന്ത്യന്‍ കുടുംബങ്ങള്‍ക്കുണ്ടായ ദാരുണ സംഭവങ്ങളേയും കോണ്‍ഫറന്‍സ് കോളുകള്‍ നടത്തി വോട്ടാക്കുന്ന പ്രവണത മലയാളികള്‍ക്കിടയില്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചു. ഇലക്ഷന്‍ അടുക്കുമ്പോഴാണ് ചില തന്ത്രങ്ങളുടെ തമ്പുരാന്‍മാര്‍ക്ക് സമൂഹത്തിനോടുള്ള പ്രതിബദ്ധത പെട്ടന്ന് ഓര്‍മ്മയിലെത്തുക. ഉടന്‍ തന്നെ ഉപ്പിനും മുളകിനും ചുക്കിനും ചുണ്ണാമ്പിനും കമ്മിറ്റികള്‍, അതിലോ വഴിയേ പോകുന്ന എല്ലാവരും കണ്‍വീനറുകള്‍!

വന്ന് വന്ന് കൊറോണയേക്കാള്‍ പേടിക്കേണ്ടതായി മാറി, ഇടിവെട്ടുമ്പോള്‍ കൂണ് മുളയ്കുന്നമാതിരി, സ്ഥലത്തെ പ്രധാന ദിവ്യന്മാരെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്ന കോണ്‍ഫറന്‍സ് കോളുകള്‍! ലാട വൈദ്യന്റെ കുറിപ്പടി പോലെ, രാവിലെ ഒന്ന്, ഉച്ചക്ക് ഒന്ന്, വൈകുന്നേരം ഒന്ന്. കേന്ദ്ര മന്ത്രിമാര്‍, MPകള്‍, MLAമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, കോളുകളില്‍ എത്ര VVIPകള്‍ കൂടുതലാണോ അത്രയും കേള്‍വിക്കാര്‍ കൂടും. 'അതുക്കും മേലെ' പുട്ടിന് ഇടക്ക് പീരയായി, ലോക്കല്‍ അസ്സോസിയേഷന്റെ സാധാ കോണ്‍ഫറന്‍സ് കോളുകള്‍!

ഈശ്വരോ രക്ഷിതു...
Join WhatsApp News
Therapist 2020-04-23 19:07:10
കെട്ട്യോളാണോ മാലാഖ, ഭർത്താവാണോ മാലാഖൻ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക