Image

റംസാന്‍ വ്രതവും കോവിഡ് നിയന്ത്രണങ്ങളും

Published on 22 April, 2020
റംസാന്‍ വ്രതവും കോവിഡ് നിയന്ത്രണങ്ങളും


റിയാദ് : റംസാന്‍ മാസം സമാഗതമായതോടെ സൗദി അറേബ്യയില്‍ കര്‍ഫ്യു സമയങ്ങളിലും മറ്റ് നിയന്ത്രണങ്ങളിലും സമയമാറ്റം. 24 മണിക്കൂര്‍ കര്‍ഫ്യു നിലവിലില്ലാത്ത പ്രദേശങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ പിറ്റേന്ന് രാവിലെ ഒമ്പതു വരെ ആയിരിക്കും കര്‍ഫ്യു. മുഴുവന്‍ സമയം കര്‍ഫ്യു പ്രഖ്യാപിക്കാത്ത സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ക്കായി രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുറത്തിറങ്ങാം. റമദാന്‍ മാസത്തില്‍ പൊതുവേ രാത്രി കാലങ്ങളിലാണ് സൗദിയില്‍ തിരക്കനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളിലെ ഓഫീസ് സമയവും ഏതാനും മണിക്കൂറുകള്‍ രാത്രികളിലേക്ക് മാറ്റാറുണ്ട്. 24 മണിക്കൂര്‍ കര്‍ഫ്യു നിലവിലുള്ള സ്ഥലങ്ങളില്‍ റമദാനിലെ അത്യാവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ പുറത്തിറങ്ങാം.

ഇത്തവണ കോവിഡ് 19 നെ തുടര്‍ന്ന് നേരത്തെ സാധാരണ നമസ്‌കാരങ്ങളും ഉംറയും നിര്‍ത്തി വെച്ച ഇരു ഹറമുകളിലും റമദാനിലും ഇതേ നില തുടരും. ബാങ്ക് വിളിയും തറാവീഹ് നമസ്‌കാരവും ഉണ്ടാകുമെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

സൗദിയിലെ വിവിധ പള്ളികളിലും റംസാനില്‍ നമസ്‌കാരം ഉണ്ടായിരിക്കില്ല. ജുമുഅ നിര്‍ത്തിയ പള്ളികളില്‍ റംസാനിലെ തറാവീഹ് നമസ്‌കാരവും ഉണ്ടാകില്ല. സാധാരണക്കാരായ പതിനായിരക്കണക്കിന് പ്രവാസികളടക്കമുള്ളവര്‍ ഇഫ്താറിനു വേണ്ടി ആശ്രയിച്ചിരുന്ന പള്ളികളിലെ ഇഫ്താര്‍ ടെന്റുകള്‍ ഇത്തവണ ഉണ്ടായിരിക്കില്ല. പ്രാര്‍ത്ഥനകള്‍ എല്ലാം വീടകങ്ങളില്‍ മതിയെന്നാണ് ഗ്രാന്‍ഡ് മുഫ്തിയുടെ തീരുമാനം.
കൂട്ടായ പ്രാര്‍ത്ഥനകളില്‍ നിന്നും മാറി നിന്ന് കൊണ്ട് ക്ഷമാപൂര്‍വ്വം പ്രാര്‍ത്ഥനകള്‍ വീട്ടില്‍ നിര്‍വ്വഹിക്കാനാണ് സൗദി ക്യാബിനറ്റ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇരു ഹറമുകളിലും ഇത്തവണ ഇഹ്തികാഫ് ഇരിക്കുന്നതിനും അനുമതി ഉണ്ടായിരിക്കില്ല.

ചൊവ്വാഴ്ച മുതല്‍ ഏകീകൃത കര്‍ഫ്യു പാസ്സ് നിലവില്‍ വന്നു. നിയമം ലംഘിച്ചു പുറത്തിറങ്ങിയാല്‍ 10000 റിയാലാണ് പിഴ. ഇങ്ങനെ പിഴ കുടുങ്ങിയ നിരവധി മലയാളികളടക്കമുള്ളവര്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ്. ശമ്പളവും ജോലിയും ഇല്ലാത്ത സമയത്ത് ലഭിച്ച പിഴ പ്രവാസികള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കും.

റമദാനില്‍ ബാങ്കിന്റെ സമയക്രമത്തിലും വ്യത്യാസമുണ്ട്. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരേയ്ക്കും പ്രവര്‍ത്തനം. മണി ട്രാന്‍സ്ഫര്‍ കേന്ദ്രങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കും.

എല്ലാ നിയന്ത്രണങ്ങളും അനിശ്ചിത കാലത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന സൗദി അറേബ്യയില്‍ ജനങ്ങളുടെ സഹകരണം കൂടിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വൈറസ് നിയന്ത്രണ വിധേയമാക്കി പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടു വരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ മന്ത്രാലയം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക