Image

ഏപ്രില്‍ തന്നെ എറ്റവും ക്രൂരമായ മാസം (ഫിലിപ്പ് ചെറിയാന്‍)

Published on 21 April, 2020
ഏപ്രില്‍ തന്നെ എറ്റവും ക്രൂരമായ മാസം (ഫിലിപ്പ് ചെറിയാന്‍)
ഏപ്രില്‍ ആകുന്നു ഏറ്റവും കൂരമായ മാസം, എന്ന തലക്കെട്ടില്‍ ഇ-മലയാളി എഴുതിയ ടി സ് എലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡ് എന്ന കവിത വായിക്കാന്‍ ഇടയായി. ആയിരത്തി തൊള്ളായിരത്തി ഇരുത്തുപത്തി രണ്ടില്‍ എഴുതിയ ഈ കാവ്യം ഇപ്പോള്‍ എന്തു കൊണ്ടും മനസിലാക്കേണ്ടത് തന്നെ.

കൊറോണ എന്ന മഹാമാരി ഇന്നു വരെ മനുഷ്യരാശിക്ക് ഉണ്ടാകാത്ത മഹാ വിപത്തായി. ലോകമഹായുദ്ധങ്ങളെക്കാള്‍ നാം ഭയപ്പെടുന്നു. മനുഷ്യര്‍ മറ്റു ഗ്രഹങ്ങളില്‍ വരെ പോയി. ഇനിയും പുതിയ ഗ്രഹങ്ങളിലേക്കെ ചേക്കേറാന്‍ നാം വെമ്പുമ്പോള്‍ ഇന്ന് നാം ഇവിടെയാണു എത്തി നില്‍കുന്നതെന്നു കൂടി ചിന്തിക്കുന്നത് നല്ലത്.

മരണം അനിശ്ചിതവും സുനിശ്ചിതവും. ജനിച്ചാല്‍ മരിക്കും. എന്നാല്‍ ജീവിതം മുന്നില്‍ കണ്ടുകൊണ്ട്, പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത ആഗ്രഹങ്ങളുമായി, നിനച്ചിരിക്കാതെ, മൈക്രോസ്‌കോപ്പില്‍ പോലും കാണാന്‍ പറ്റാത്ത ജീവനില്ലാത്ത ഈ വൈറസ് മുഖേന നമ്മള്‍ മരണത്തിനു അടിമപ്പെട്ടാലോ? നമ്മുടെ അഹങ്കാരം എവിടെ? നമ്മള്‍ അറിയാതെ നമ്മുടെ ശരീരത്തില്‍ കയറി പെറ്റുപെരുകി, മറ്റുള്ളവരിലേക്കെ എത്തി വ്യാപിക്കുമ്പോള്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ നാം പകച്ചു നില്‍കുന്നു.

ചില രാഷ്ട്രങ്ങള്‍ ജനം മരിക്കുന്നതിന് മുന്‍പ് തന്നെ, അവര്‍ക്കു വിശ്രമ സ്ഥലങ്ങള്‍ ഒരുക്കുന്നു. ഫ്യൂണറല്‍ ഹോം മരിച്ചവരെ എടുക്കാന്‍ ഭയപ്പെടുന്നു. എടുത്താല്‍ തന്നെ, ചിലപ്പോള്‍ അടക്കിയ സ്ഥലം വീട്ടുകാര്‍ ഒരു പേപ്പറിലൂടെ അറിയുന്നു. മരിച്ചവര്‍ക്കുജാതി ഇല്ല. അവര്‍ക്കു മതം ഇല്ല. സമുദായം ഇല്ല, എല്ലാവരും ഒരുപോലെ. മരണത്തിനു കുടിലൊ കൊട്ടാരമോ ഇല്ല. എന്തിനു പറയുന്നു എല്ലാവരും സമം ആകുന്നു.

അന്ത്യ കര്‍മം കാണാന്‍ മക്കളില്ല, ഭാര്യയില്ല, സുഹൃത്തുകള്‍ ഇല്ല. നീ നേടിയതൊക്കെ എവിടെ? എന്തിനു വേണ്ടി നീ നിന്റെ ജന്മം പാഴാക്കി. നിന്റെ സമ്പത്തിനെയോ, വീടോ, കാറോ, നിനക്കുള്ളതൊക്കെയും ഇവിടെ ഉപേക്ഷികേണ്ടി വരും. എങ്കില്‍ നിന്റെ സമ്പത്തില്‍ അഹങ്കരിച്ചതെന്തെ, സൗന്ദര്യത്തില്‍ അഹകരിച്ചതെന്തേ. ആറടി മണ്ണിന്റെ ജന്മി. പ്രളയം വന്നു, ഒന്നല്ല രണ്ടു പ്രവാശ്യും. അപ്പോള്‍ മാത്രം ജാതിയും മതവും നോക്കാതെ ഒന്നിച്ചു ഉറക്കം, ഭക്ഷണം ഒന്നിച്ചു. അത് കഴിയുമ്പോള്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുനേല്‍ക്കും, ജാതിയും മതവും പറഞ്ഞു കൊണ്ട് തന്നെ

മുപ്പതു വര്‍ഷമായി ഞാന്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു. ലോകത്തിന്റെ തലസ്ഥാനമായ സ്ഥലത്തു ജീവിക്കുന്നത് തന്നെ ഒരു മുന്‍ ജന്മ സുഹൃദമായി ഞാന്‍ കരുതട്ടെ!, താഴ്ചയും കയറ്റവും ഉണ്ടാകാം. ചൈന ടൗണ്‍ ന്യൂ യോര്‍കില്‍ തന്നെ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ കാണാന്‍ ആഗ്രഹിക്കുന്നതും ഇവിടെ തന്നെ. ന്യൂ യോര്‍ക്ക് സുന്ദരിയാണ്.സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയും, അതിനോട് ചുറ്റിപറ്റിനില്‍കുന്ന കാഴ്ചകളും എന്നും മുപ്പതുവര്‍ഷമായ എനിക്ക് ഒരു പുതുമ തന്നെ.

മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഒന്നും ഇല്ലെങ്കില്‍ തന്നെ, ഒരാപത്തു വന്നാല്‍നോക്കാന്‍ ഇവിടെ സംവിധാനം ഉണ്ട്. ഒരു ന്യൂയോര്‍ക്കര്‍ എന്ന നിലയില്‍ ഞാന്‍ സംതൃപ്തനാണ്. എനിക്ക് ഇന്നുള്ള സൗഭാഗ്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ ഇവിടെ നിന്ന് തന്നെ. അവസ്ഥ ഏതായാലും, എന്തായാലും ന്യൂ യോര്‍ക്ക് എന്നും എനിക്കൊരു മധുരപതിനേഴുകാരി തന്നെ.

ഉള്ളവന് നീക്കിയിരുപ്പുണ്ട്. ഇതിനിടയില്‍ കൈ നീട്ടാന്‍ പറ്റാത്ത ഒരു വലിയ സമൂഹമുണ്ട്. അവരാണ് കഷ്ട്ടപെടുന്നവര്‍. അവരാണ് അഭിമാനം കൊണ്ട് മുഖത്തു അലങ്കാരം തീര്‍ക്കാനായി ബുദ്ധിമുട്ടുന്നവര്‍. അങ്ങനെയുള്ളവരെ നാം കരുതണം.

കൊറോണ പടരുമ്പോള്‍ ഞങ്ങൊളൊക്കെ തന്നെ അസ്വസ്ഥരാണ്. ഇത്രയും വലിയ രാജ്യത്തെ ഞങ്ങള്‍ ഭീരുക്കള്‍ അല്ല. ഏറ്റവും നല്ല ചികിത്സ കിട്ടുന്ന ഇടവും ഇവിടെ തന്നെ. മറ്റു രാഷ്രങ്ങളുമായി ഞങ്ങളെ കൂട്ടി വായിക്കരുത്.

സ്വാതന്ത്ര്യമുള്ള നാട്. മാസ്‌ക് വേണോ ഉപയോഗിക്കാം. ഗ്ലൗസ് വേണോ ഉപയോഗിക്കാം. ഉപയോഗിച്ചില്ലെന്നു കണ്ടു മറ്റു രാജ്യങ്ങളെ പോലെ ഞങ്ങളെ തല്ലിചതിക്കില്ല എന്ന് കൂട്ടി വായിക്കണം. പ്രസിഡന്റ് പോലും പറഞ്ഞിട്ടുണ്ട് അദ്ദേഹം മാസ്‌ക് ധരിക്കില്ല എന്ന്. വേണ്ടവര്‍ ഉപയോഗിക്കുക, അതവരുടെ ഇഷ്ടം. എന്നാല്‍, മറ്റുള്ളവര്‍ക്ക് അതൊരു പ്രശ്‌നമാകാന്‍ പാടില്ല.

അത്യാവശ്യ ഓഫീസുകളില്‍ ജോലിയിലുള്ള പലരും മുന്‍പേ പറഞ്ഞത് പോലെ സിക്ക് ആണ്, അല്ലെങ്കില്‍ ആകുന്നു. വെള്ളവും മറ്റും അല്ലെങ്കില്‍ അതുപോലെ ഉള്ള സാധനങ്ങള്‍ ഞങ്ങള്‍ കുറെ നാളെത്തേക്കു സംഭരിക്കുന്നു. കൃഷിയുടെ സമയമായി എനിക്ക് ജോലിക്കാരെ വിളിക്കാന്‍ ഭയം, അവര്‍ക്കു എന്നെ ഭയം. സുഹൃത്തുകള്‍ക്ക് പോലും തമ്മില്‍ കാണാന്‍ ഭയം. നൂറു കണക്കിന് അല്ലെങ്കില്‍ ആയിരക്കണക്കിന് ഡോളേഴ്സ് നഷ്ടം. കര്‍ഷക ശ്രീ അവാര്‍ഡു വാങ്ങിയ എനിക്ക്, ഒരിക്കല്‍ കൂടി അതിന്റെ ഇരട്ടി ഫലവുമായി വീണ്ടും നിങ്ങളുടെ മുന്‍പില്‍വരാന്‍ ഒരു ബാല്യം കൂടി ഉണ്ടാകുമോ?

ആരെയും കാണാതെ, എനിക്ക് ശ്വാസം മുട്ടുന്നതുപോലെ. ഭാര്യ ലാബ് ടെക്‌നോളോജിസ്റ്റായി ജോലി ചെയുന്നു. ഞാനും മക്കളും, മരുമോളും വീട്ടില്‍ തന്നെ. അവരൊക്കെ ഓണ്‍ലൈന്‍ വഴി വര്‍ക്ക് ചെയ്യുന്നു. മെഡിക്കല്‍ ഫീല്‍ഡില്‍ വര്‍ക്കു ചെയ്യുമ്പോള്‍ അവരുടെ റിസ്‌ക് നാം ചിന്തിക്കുന്നതിനപ്പുറം. യൂണിഫോം ഇട്ടു ഗ്യാസ് അടിക്കാന്‍ പോയ നേഴ്‌സിനെ വെടിവെച്ചത് ഞാന്‍ വായിച്ചു.

ചിലര്‍ വീട്ടില്‍ പോകാതെ കുടുംബത്തിന്റെ ഭദ്രതക്കുവേണ്ടി റൂമുകളില്‍ താമസിക്കുന്നു. എന്റെ അടുത്ത സുഹൃത്തുക്കള്‍ സിക്കാണ്, അവരൊക്കെ എന്റെ സന്തത സഹചാരികള്‍ തന്നെ. ന്യൂ യോര്‍കില്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്താണ് കൂടുതല്‍ രോഗികള്‍. എന്റെ അടുത്ത സുഹൃത്തുക്കളായ, റെസ്പിറ്ററി തെറാപ്പിസ്റ്റായ ജോസ് സെബാസ്റ്റനോടും, തോമസ് ജോര്‍ജിനോടും സംസാരിച്ചതില്‍നിന്നും ഞാന്‍ മനസിലാക്കിയത് ആവശ്യത്തിനുള്ള വെന്റിലേറുകള്‍ ഇല്ല എന്നുള്ളത് തന്നെ. ഇപ്പോള്‍ ആ സ്ഥിതി മാറി എന്നു തോന്നുന്നു.ജോസിന്റെ അഭിപ്രായത്തില്‍, വെന്റിലേറ്ററുകള്‍ നമ്മക്ക് എമെര്‍ജന്‍സിയായി നിര്‍മ്മിക്കാം, എന്നാല്‍ അതുപോലെ, ഒരു ഡോക്ടര്‍, നഴ്‌സസ്, റെസ്പിറ്ററി തെറാപ്പിസ്റ്റ് ഇവരെ ഒന്നും ഒരാഴ്ചക്കകം നിര്‍മിക്കാന്‍ ആകില്ലല്ലോ?

ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ രോഗികളുമായി അടുത്ത് ഇടപെടേണ്ടിവരുമ്പോള്‍ അവരുടെ സുരക്ഷയില്‍ ഞാന്‍ ആശങ്കാകുലനാണ്. അവരൊക്കെ തന്നെ വളരെ അടുത്തവര്‍ എന്നറിയുംപോള്‍ ഞാന്‍ ചിലപ്പോള്‍ സ്വാര്‍ത്ഥനായിപോകുന്നു.

പ്രതിഭലേച്ഛ കൂടാതെ നമ്മള്‍ക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവരെ ഒരിക്കലും മറന്നു കൂടാ.

പ്രേമിച്ചു കൊതി തീരും വരെ ജീവിക്കാന്‍ കഴിയാതെ നമ്മളെ വിട്ടുപോകുന്ന എത്രയോ ഇളംതലമുറക്കാര്‍. മക്കളെ വളര്‍ത്തി വലുതാക്കി പ്രതീഷിച്ചിരിക്കാതെ അവരെ വിട്ടുപോകുബോള്‍, നാം അറിയുന്നില്ലെങ്കില്‍ക്കൂടി , അവരുടെ ആയുഷ്‌കാലം വരെ ഉള്ള ദുഃഖം. ജീവിച്ചു കൊതിതീരും മുന്‍പേ വിടപറയുമ്പോള്‍ വരുന്ന ഒരു അവസ്ഥ. ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍, നാം എവിടെ നിന്നോ വന്ന സ്വന്ത നിലനില്പില്ലാത്ത ജീവിയെ ഭയപ്പെടുന്നു. ഈ േപാക്ക് എങ്ങോട്ട്!

എവിടെ ആയിരുന്നാലും എല്ലാവരും സുഖമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

''ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മ കൂടി
എനിക്കിനിയൊരു ജന്മം കൂടി..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ....
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ.....''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക