Image

ദുരന്തമുഖത്തിനി അതിജീവനം ( ജോയ്‌സ് തോന്ന്യാമല)

Published on 18 April, 2020
ദുരന്തമുഖത്തിനി അതിജീവനം ( ജോയ്‌സ് തോന്ന്യാമല)
'ഒരു വ്യാധി  നമ്മെയെല്ലാം വിഴുങ്ങിയിരിക്കുകയാണ്. എന്നാല്‍ ദൈവം, ജീവികളില്‍ പ്രത്യേകിച്ച് മനുഷ്യരില്‍ അതീവ കരുണയുള്ളവനാണ്...' എന്ന ആത്മീയ ചിന്തയുടെ ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് കൊറോണയില്‍ ലോക്ക് ഡൗണായ വീടിന് പുറത്തേയ്ക്കിറങ്ങിയത്. ഈ ഗുരുതര പകര്‍ച്ചവ്യാധിക്കാലത്ത് ഞാന്‍ കണ്ട ഹൂസ്റ്റണ്‍ പട്ടണത്തിന്റെ മുഖം വല്ലാതെ മാറിയിരിക്കുന്നു. ശാരീരികമായ ചെറിയ അവശതകളാല്‍ ഒന്നും ചെയ്യാനാവാതെ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതനായ സമയത്ത് ഞാന്‍ കുടുംബസമേതം താമസിക്കുന്ന ഹൂസ്റ്റണിലൂടെ നടത്തിയ ഓട്ടപ്രദക്ഷിണം മറക്കാനാവാത്ത അനുഭവമായി. കാരണം എനിക്ക് പരിചിതമായ നഗരക്കാഴ്ചകളൊന്നും അവിടെയുണ്ടായിരുന്നില്ല.

രാപ്പകല്‍ ഭേദമെന്യേ ചീറിപ്പായുന്ന പതിനായിരക്കണക്കിന് വാഹനങ്ങളുടെ ഇരമ്പല്‍ ഇല്ലാതെ വഴികളിലെല്ലാം ഭയപ്പെടുത്തുന്ന വിജനത. ആളൊഴിഞ്ഞ പൂരപ്പറമ്പ് കണക്കെയാണ് ഹൂസ്റ്റണ്‍ സിറ്റിയും പ്രാന്തപ്രദേശങ്ങളും. ആ ശ്മശാന മൂകതയിലൂടെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ മനസില്‍ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമായിരുന്നു. എത്രയോ സജീവമായ ജനപദങ്ങളാണ് കൊറോണയെന്ന ഭീകര സത്വത്താല്‍ നിശ്ചലമായിപ്പോയത്. ജനസാന്ദ്രതയിലും വലിപ്പത്തിലും അമേരിക്കയിലെ നാലാമത്തെ വലിയ സിറ്റിയായ ഹൂസ്റ്റണ്‍ ഇങ്ങനെ ആളനക്കമില്ലാതെയായിത്തീരുമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിയിട്ടുണ്ടാവില്ല. മറ്റെല്ലായിടത്തും ഇതു തന്നെയാണ് സ്ഥിതി. എസന്‍ഷ്യല്‍ ബിസിനസ് ഗണത്തില്‍പ്പെട്ടവയൊഴിച്ച് ഒരു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ആശുപത്രികള്‍, ഫാര്‍മസി, ലോ ഫേംസ്, ഗ്യാസ് സ്റ്റേഷന്‍, കണ്‍വീനിയന്റ് സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ലിക്വര്‍ സ്‌റ്റോറുകള്‍ എന്നിങ്ങനെ 16 വിഭാഗങ്ങളാണ് എസന്‍ഷ്യല്‍ ബിസിനസ് പട്ടികയിലുള്ളത്.

അമേരിക്കയില്‍ മദ്യവും അവശ്യ വസ്തുവില്‍പ്പെട്ടതണോ എന്ന് നാട്ടില്‍ നിന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടിയപ്പോള്‍ മദ്യം കിട്ടാനാവാതെ പലരും ആത്മഹത്യ ചെയ്യുകയും തുടര്‍ന്ന് പല വിവാദങ്ങള്‍ ഉയരുകയും ചെയ്തുവല്ലോ. സര്‍വതന്ത്ര സ്വതന്ത്രരായി നടന്നയാളുകള്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീടുകളില്‍ അടച്ചിരിക്കാന്‍ വിധിക്കപ്പെട്ടതോടെ അവര്‍ പല വിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നുണ്ട്. ആ അവസ്ഥ ലഘൂകരിക്കുന്നതിന് മദ്യവും കൂടി വേണമെന്നതിനാലാണ് ലിക്വര്‍ സ്റ്റോറുകളെയുമിവിടെ എസന്‍ഷ്യല്‍ ബിസിനസ് സ്ഥാപനങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയത്.

ഹൂസ്റ്റണ്‍ ഡൗണ്‍ ടൗണിലൂടെ കാറോടിക്കുമ്പോള്‍ രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാനാവാത്ത വിധം തിരക്കുണ്ടായിരുന്ന നഗരം പെട്ടെന്ന് ഉറക്കത്തിലാണ്ടുപോയ പോലെയാണ് തോന്നിയത്. ആ യാഥാര്‍ത്ഥ്യവുമായി സമരസപ്പെടാന്‍ മനസ് അനുവദിക്കുന്നുമില്ല. കളിയാരവങ്ങള്‍ നിറഞ്ഞ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍, മധുചഷകങ്ങള്‍ നിറഞ്ഞു തുളുമ്പിയ ബാറുകള്‍, ഒത്തുകൂടലിന്റെ വിനോദ നിമിഷങ്ങള്‍ പങ്കുവച്ച ക്ലബ്ബുകള്‍, അറിവിന്റെ വിളനിലമായ യൂണിവേഴ്‌സിറ്റികള്‍... അങ്ങനെ സമസ്ത മേഖലകളും തഴുതിട്ട് പൂട്ടിയിരിക്കുന്നു. മുമ്പൊക്കെ ഈ നഗരത്തിലെ ട്രാഫിക്കില്‍ കുരുങ്ങി സ്വയം ശപിക്കുമ്പോള്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ വണ്ടിയോടിക്കാന്‍ വല്ലാതെ കൊതിച്ചിട്ടുണ്ട്. ആ മോഹം പക്ഷേ, അറംപറ്റിയതുപോലെയായിപ്പോയി.

ആശുപത്രികളില്‍ മാത്രമാണിപ്പോള്‍ തിരക്കുള്ളത്. ആതുരാലയങ്ങളുടെ മുക്കും മൂലയും കോവിഡ് ബാധിതരെയും അവരെ നെഞ്ചേറ്റി പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ആയിടങ്ങളില്‍ പരിഭ്രാന്തിയുടെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കാം. ഇടനാഴികളിലെവിടെയൊക്കെയോ മരണദൂതുമായി അദൃശ്യമായ വൈറസുകള്‍ പതിയിരിപ്പുണ്ട്. സുഹൃത്തുക്കളായ ചില ഡോക്ടര്‍മാരോടും നേഴ്‌സുമാരോടുമൊക്കെ ആശങ്കയുടെ തത്സമയ വാര്‍ത്തകളറിയാന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവരുടെ ശ്വാസഗതിയില്‍ നിന്ന് സാഹചര്യത്തിന്റെ ഗുരുതരസ്വഭാവം അറിയാന്‍  കഴിഞ്ഞു.

രോഗഭീതിയുണ്ടെന്നത് സത്യമാണ്. പക്ഷേ, പുഞ്ചിരിക്കുന്ന മുഖത്തോടെ, ശുഭാപ്തി വിശ്വാസത്തിന്റെ കരുത്തുമായാണവര്‍ രോഗീപരിചരണത്തിലേര്‍പ്പെടുന്നത്. രോഗികള്‍ക്ക് മരുന്നേകുന്നതിനൊപ്പം സ്‌നേഹമന്ത്രങ്ങളോതിയും ആരോഗ്യ പ്രവര്‍ത്തകര്‍ ഈ കൊറോണയെ നേരിടുന്നു. മരുന്നും മന്ത്രവും ഫലിച്ചുകിട്ടാനായി പ്രാര്‍ത്ഥിക്കുന്നു. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍, ലാബ് ജോലിക്കാര്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങിയവരൊക്കെയാണ് രോഗനിര്‍മാര്‍ജനത്തിനായി സ്വന്തം ജീവനും ജീവിതമോഹങ്ങളും വകവയ്ക്കാതെ ധീരയോധാക്കളെപ്പോല യുദ്ധഭൂമിയിലുള്ളത്. വൈറസിനെ പാടേ തുരത്തുക എന്നതില്‍ക്കവിഞ്ഞൊന്നും അവരുടെ ചിന്തയിലും പ്രവര്‍ത്തിയിലുമില്ല.

കൊറോണ രോഗികളെ ഹൈറിസ്‌ക്കെടുത്ത് പരിചരിക്കുമ്പോള്‍ തങ്ങള്‍ക്കും രോഗം പകര്‍ന്നു കിട്ടിയേക്കാമെന്ന ബോധം അവര്‍ക്കുണ്ട്. പക്ഷേ, ആതുരസേവനമാണ് മഹത്തായ പുണ്യപ്രവര്‍ത്തിയെന്ന ദൃഢപ്രതിജ്ഞയുമായി നേഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും വൈറസ് വ്യാപന ലോകത്ത് അസാമാന്യമായ മനക്കരുത്തോടെ തങ്ങളിലര്‍പ്പിതമായ കടമ നിര്‍വഹിക്കുമ്പോള്‍ അവരുടെ സേവനങ്ങള്‍ സ്വര്‍ഗീയമാകുന്നു. ഒരു രോഗിയെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരുന്നത് എത്രയോ അനുഗ്രഹീതമായ കര്‍ത്തവ്യമാണ്. അതേസമയം വീട്, കുടുംബം, തൊഴില്‍, മാന്യത, സാമൂഹ്യ പദവി എന്നീ ഭൗതിക നേട്ടങ്ങളൊക്കെ സമൃദ്ധമായി ഉണ്ടായിരിക്കുമ്പോഴും മനുഷ്യന് മീതെ രോഗവും മരണവും എത്ര ശക്തമായി പിടിമുറുക്കുന്നുവെന്ന് നാമിപ്പോള്‍ തിരിച്ചറിയുന്നു. കൊറോണയ്ക്കുമുന്നില്‍ എല്ലാവരും തുല്യരാണിപ്പോള്‍.
ഹൂസ്റ്റണ്‍ ആന്റ് സബര്‍ബ് ഏരിയയില്‍ ഒരു ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. മലയാളികളുടെ എണ്ണം ഇരുപതിനായിരത്തോളം വരും. അതില്‍ 70 ശതമാനം പേരും ഹെല്‍ത്ത് കെയറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. കൊറോണ വ്യാപനത്തില്‍ ആശുപത്രികളിലെല്ലാം രോഗികള്‍ നിറയുമ്പോള്‍ നിറമനസോടെ അവരെ പരിചരിക്കുന്ന മലയാളികളുടെ സേവനത്തിനു മുന്നില്‍ കൂപ്പുകൈകളോടെ ശിരസ് നമിക്കുകയാണ്.

അവശ്യ സര്‍വീസുകളില്‍പ്പെടുന്ന പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവ ഏതൊരു അടിയന്തിരഘട്ടത്തിലും വിളിച്ചാല്‍ വിളിപ്പുറത്തുണ്ട്. സ്വന്തം കുടുംബത്തെപ്പോലും മറന്നുകൊണ്ടുള്ള അവരുടെ ത്യാഗോജ്വലമായ ഇടപെടലുകള്‍ നല്‍കുന്ന ആശ്വാസം വാക്കുകള്‍ക്കതീതമാണ്.

അത്യന്തം സങ്കടകരമാണ് പ്രിയപെട്ടവരുടെ  അപ്രതീക്ഷിത ദേഹവിയോഗം. ഇന്നലെ വരെ നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിലും സന്താപ വേളകളിലും ഒപ്പമുണ്ടായിരുന്നർ കോവിഡിന്റെ ആക്രമണത്തില്‍ മടക്കമില്ലാതെ  നോക്കെത്താ ദൂരത്തേയ്ക്ക് പോയിരിക്കുന്നു. വിധിയുടെ ഈ നിശ്ചയത്തില്‍ വേദനയോടെ അവര്‍ക്ക് അന്ത്യപ്രണാമര്‍പ്പിക്കാതെ മറ്റു വഴികളില്ല. രോഗബാധിതര്‍ എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യത്തോടെ മടങ്ങിവരാനായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. അന്ത്യശ്വസം വലിച്ചവരെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കുന്നതിനാല്‍ ചേതനയറ്റ  അവരുടെ മുഖം അവസാനമായി ഒരുനോക്കു കാണാന്‍ പോലും പറ്റാത്തതും അന്ത്യചുംബനം നല്‍കാനാവാത്തതും സങ്കടം ഇരട്ടിപ്പിക്കുന്നു. അതേസമയം, നാളെയാരെന്ന ചോദ്യവും നമ്മെ നിരന്തരം വേട്ടയാടുന്നു.

ഹൃദയം നുറുങ്ങുന്ന ഇത്തരമൊരു അനിശ്ചിതത്വത്തെ മാനവരാശി ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലല്ലോ. നമ്മുടെ പ്രിയപ്പെട്ടവര്‍, നാനാ ജാതിമതസ്ഥര്‍, എന്നും നമ്മുടെ കണ്‍വെട്ടത്തു കൂടെ നടന്നുപോയവര്‍, നമ്മളെ നോക്കി പുഞ്ചിരിച്ച് ഹായ് പറഞ്ഞവര്‍...അങ്ങനെ പലരും മണ്‍മറഞ്ഞു. ഇന്നു കണ്ട മുഖങ്ങളെ നാളെ കാണാനാവുമോ എന്നറില്ല...

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും ചെല്ലുമ്പോള്‍ ഓപ്പണ്‍ കൗണ്ടറുകളില്‍ ജോലി ചെയ്യുന്നവര്‍ നമ്മെ ഭയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് പറയാതെ വയ്യ. അത് സ്വാഭാവികം. പക്ഷേ, ഒന്നിനും ഒരു ക്ഷാമവുമില്ല. പാലിനും ബ്രെഡിനും ഉണ്ടാകുന്ന കുറവ് പെട്ടെന്നു തന്നെ നികത്തുകയും ചെയ്യും. ഓഫീസുകളും ബാങ്കുകളും സാമൂഹിക അകലം പാലിക്കുക എന്ന നിര്‍ദ്ദേശമനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും വ്യസ്തമായി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും നിയമങ്ങളും അക്ഷരം പ്രതി അമേരിക്കയില്‍ പാലിക്കപ്പെടുന്നു. ആ അനുസരണയും നിയമഭയവും വൈറസ് വ്യാപനത്തെ ചെറുക്കാന്‍ പര്യാപ്തമാണ്.

കോവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയ്‌ക്കെതിരെ വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ ലോകവ്യാപകമായിത്തന്നെ പ്രചരിക്കപ്പെട്ടു. അമേരിക്കന്‍ സമ്പദ്ഘടന തകര്‍ന്ന് തരിപ്പണമായി, രോഗികളെ തിരിഞ്ഞ് നോക്കുന്നില്ല, കോവിഡ് അമേരിക്കയെ ചുടലപ്പറമ്പാക്കും... എന്നു തുടങ്ങിയ പ്രചാരവേലകള്‍ അസ്ഥാനത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.  ഇവിടെ ജനങ്ങള്‍ക്കൊപ്പം തന്നെയാണ് ഭരണസംവിധാനം. മോര്‍ട്ട് ഗേജ് മൂന്നു മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തു. വാഹനങ്ങളുടെ ലോണ്‍ തിരിച്ചടവിന് മൂന്ന് മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പേഴ്‌സണല്‍ ലോണിന് പലിശയടയ്‌ക്കേണ്ട. വാഹന ഇന്‍ഷുറന്‍സും മൂന്നു മാസത്തേയ്ക്ക് പലിശയില്ലാത്ത വിധം ക്രമീകരിച്ചതും വലിയ ആശ്വാസമാണ്.

ബിസിനസുകാര്‍ക്ക്  ദുരിതാശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബാങ്ക് അക്കൗണ്ടിലെത്തിക്കൊള്ളും. നാട്ടിലെപ്പോലെ സഹായം കിട്ടാന്‍ മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ തേടി ദിവസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടതില്ല. രാഷ്ട്രീയക്കാരുടെ ശുപാര്‍ശ വേണ്ട, കൈക്കൂലി കൊടുക്കേണ്ട, പിന്നെ ആപ്പീസര്‍മാരുടെ കാലും പിടിക്കേണ്ട. അമേരിക്കയിലെ ബന്ധപ്പെട്ട ഓഫീസുകളില്‍ വ്യക്തികളുടെ വിവരങ്ങള്‍ ഉണ്ട്. ധനസഹായമെത്തിക്കാന്‍ അത് മതി.
കൊറോണ ദുരിതാശ്വാസമായി ഒരു വ്യക്തിക്ക് പ്രതിമാസം 1200 ഡോളറും കുടുംബത്തിന് 2400 ഡോളറും സമാശ്വാസ സഹായത്തിന്റെ ആദ്യ മാസ ഗഡുവായി സര്‍ക്കാര്‍ വിതരണം ചെയ്ത് കഴിഞ്ഞു. മാതാപിതാക്കളെ  ആശ്രയിച്ച് കഴിയുന്ന കുട്ടികള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ ആനുപാതികമായ തുകയും ലഭിക്കുന്നു. കൈക്കൂലിയും കൈയിട്ടു വാരലും അമേരിക്കയില്‍ ഇല്ലാത്തതിനാല്‍ അര്‍ഹിക്കുന്നവരുടെ കൈകളില്‍ സര്‍ക്കാരിന്റെ സഹായം എത്തുമെന്നതില്‍ ഒരു സംശയവും വേണ്ട. എന്റെ അക്കൗണ്ടില്‍ ആദ്യമാസത്തെ തുകയായ 2400 ഡോളര്‍ ഇതിനോടകം ക്രെഡിറ്റായിക്കഴിഞ്ഞു. അതുപൊലെ എല്ലാവരുടെയും.

ഇതാണ് അമേരിക്ക. സുസ്ഥിരമായ സാമ്പത്തിക അടിത്തറയുള്ള ഒരു രാഷ്ട്രത്തിനേ അടിയന്തിര ഘട്ടങ്ങളില്‍ ഇങ്ങനെ  ജനങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്താനൊക്കൂ. അതേ സമയം ഒരു ചെറിയ വീഴ്ചയുണ്ടായാല്‍ പോലും അടുത്ത നിമിഷം അതില്‍ നിന്ന് കരകയറാന്‍ അമേരിക്കന്‍ സമ്പദ് ഘടനയ്ക്ക് പ്രയാസമില്ല. ഭരിക്കുന്ന വ്യക്തികള്‍ക്ക് പാളിച്ച സംഭവിച്ചാലും രാഷ്ട്രത്തിന്റെ കെട്ടുറപ്പുള്ള സംവിധാനത്തിന് ഒരു പോറല്‍ പോലുമേല്‍ക്കില്ലെന്ന് അനവസരത്തില്‍ അപഹസിക്കുന്നവര്‍ ഓര്‍ത്താല്‍ നന്ന്. ഈ രാജ്യത്തെത്തി അതിന്റെ സൗഭാഗ്യങ്ങള്‍ വേണ്ടുവേളം, ഒരുപക്ഷേ വേണ്ടതിലധികം അനുഭവിച്ചിട്ട് പിന്നെ തള്ളിപ്പറയുന്നതിനെ സഭ്യമായ ഭാഷയില്‍ 'നന്ദികേട്' എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു.

അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങള്‍ ഈയടുത്ത ദിവസങ്ങളില്‍ കനത്ത പ്രകൃതിക്ഷോഭത്തിനിരയായി. നിരവധി ജീവനുകള്‍ പൊലിഞ്ഞു.നൂറു കണക്കിന്  വീടുകള്‍ തകര്‍ക്കപ്പെട്ടു. ഇതുപോലെ കൊടുങ്കാറ്റ്, പേമാരി, കാട്ടുതീ, ഭൂകമ്പം തുടങ്ങി നിരവധി പ്രകൃതിക്ഷോഭങ്ങളെ കാലാകാലങ്ങളില്‍ മനസാന്നിധ്യത്തോടെ നേരിട്ട കടുത്ത ദുരനുഭവങ്ങളുടെ പാഠം അമേരിക്കയുടെ ഉള്‍ക്കാമ്പിലുണ്ട്. അതിനെയൊക്കെ ഇഛാശക്തി കൊണ്ട് ജയിച്ചു കയറിയ ചരിത്രവും തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പണം കൊണ്ടും മരുന്നുകൊണ്ടും ആശുപ്രത്രിവാസം കൊണ്ടും ഇല്ലാതാക്കാനോ ഒഴിവാക്കാനോ കഴിയുന്നതാണ് രോഗ ജീവിതം എന്നതാണ് ആധുനികമതം. കോവിഡ് 19 മാനവ സമൂഹത്തോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ''എനിക്ക് ശേഷം സമീപ ഭാവിയില്‍ ഗൗരവമുള്ള മറ്റൊരു രോഗം വരുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് ആശങ്കയുണ്ടോ. ഉണ്ടെങ്കില്‍ അത് തടയാന്‍ നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും..?'' എന്നാണ് ആ ചോദ്യം.

ഉത്തരമുണ്ട്...ഭക്ഷണം, വിശ്രമം, വൃത്തി, വ്യായാമം, ഉപവാസം, സ്വകാര്യത, ധ്യാനം, കുടുംബം, സ്‌നേഹിതര്‍, ജീവിതമൂല്യങ്ങള്‍ തുടങ്ങിയവയെയെല്ലാം വിവേകത്തോടെ സമന്വയിപ്പിക്കുക. അപ്പോള്‍ സമഗ്രമായ ഒരു ഔഷധം ലഭിക്കും. അതാണ് അതിജീവനത്തിനുള്ള മൃതസഞ്ജീവനി.

മാനവരാശി മഹായുദ്ധങ്ങളെയും മഹാമാരികളെയും അതിജീവിച്ചിട്ടുണ്ട്. പക്ഷേ, ഇന്ന് നമ്മള്‍ ഏറെ സുഖസൗകര്യങ്ങളിലൂടെ ജീവിച്ചു വരുന്നതുകൊണ്ട് ദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ പ്രയാസപ്പെടുന്നു. പക്ഷേ, മനസിന്റെയും ശരീരത്തിന്റെയും പ്രതിരോധശേഷി വീണ്ടെടുത്ത് അതിജീവനയുദ്ധത്തില്‍ ശാശ്വത വിജയം നേടുന്നതിന് മനുഷ്യരെ പ്രാപ്തരാക്കാന്‍ അവതരിച്ചതാണ് കോവിഡ് 19. ആ അന്തിമ വിജയം ഇങ്ങ് അടുത്തെത്തിക്കഴിഞ്ഞുവെന്ന് പ്രത്യാശിക്കാം.

ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതയില്‍ ഇപ്രകാരം പറയുന്നു...''സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്. ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്. നഷ്ടപ്പെട്ടതോര്‍ത്ത് എന്തിന് ദുഖിക്കുന്നു..? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടു വന്നതെന്നോ..? നശിച്ചതെല്ലാം നീ സൃഷ്ടിച്ചതാണോ..? നീ നേടിയതെല്ലാം നിനക്കു ഇവിടെ  നിന്ന് ലഭിച്ചതാണ്..ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടെയോ ആയിരുന്നു... നാളെ അത് മാറും. മാറ്റം പ്രകൃതിനിയമം ആണ്. ജീവിതത്തില്‍ ഒരിക്കലും നമ്മള്‍ ആരെയും ആശ്രയിക്കരുത്. നിഴലിനെപ്പോലും. കാരണം, ഒരിക്കല്‍ നമ്മള്‍ ഇരുട്ടിലകപ്പെടുമ്പോള്‍ നിഴല്‍ പോലും നമ്മളെ ഒറ്റപ്പെടുത്തും...''

മനുഷ്യ ജീവിതത്തെപ്പറ്റിയുള്ള തത്വചിന്താപരമായ ഈ കാഴ്ചപ്പാട് തന്നെയാണ് ഇതര മതങ്ങളിലും വിവക്ഷിക്കപ്പെടുന്നത്. ഭൗതിക ജീവിതത്തിന്റെ ആകെതുകയെന്തെന്ന് ഇത്തരത്തില്‍ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. ഈ ദീനകാലത്ത് നമുക്ക് ആത്മബലം നല്‍കാന്‍ ആശ്രയമിതൊക്കെത്തന്നെയാണ്. നഷ്ടപ്പെടാന്‍ നമുക്കൊന്നുമില്ലാത്തതിനാല്‍ എന്തിന് നിരാശപ്പെടണം...?
Join WhatsApp News
Ponmelil Abraham 2020-04-19 04:46:17
A very good, detailed unbiased and informative artiicle on Corona Virus and the social life in this great nation of USA.
കൊറോണക്ക് ശേഷം ദാരിദ്രം 2020-04-19 16:23:04
കൊറോണ പോലെയുള്ള ദുരന്തങ്ങൾക്കു ശേഷം ഉള്ള കുറേക്കാലത്തേക്കു ദാരിദ്രം, പട്ടിണി, തൊഴിൽ ഇല്ലായ്മ, മോഷണം, കുടുംബ കലഹം, ഒക്കെ വർദ്ധിക്കും. ഇവയുടെ പ്രധാന കാരണം പണം ഇല്ലായ്‌മ ആണ്. അപ്പോൾ നിങ്ങൾ ആസ്വസിപ്പീൻ! നിങ്ങൾ ദേവാലയങ്ങൾക്കു വാരി കോരി കൊടുത്ത നിക്ഷേപങ്ങൾ അവിടെ ഉണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക