Image

പാരഡിയെന്നാൽ വെറും കോമഡിയല്ല (ദിനസരി-3: ഡോ.സ്വപ്ന. സി. കോമ്പാത്ത്)

Published on 18 April, 2020
പാരഡിയെന്നാൽ വെറും കോമഡിയല്ല (ദിനസരി-3: ഡോ.സ്വപ്ന. സി. കോമ്പാത്ത്)
ഹൃദ്യമായ തമാശകളും  ഉള്ളുതുറന്നചിരിയും നിറഞ്ഞ ലോകത്തേക്കാൾ മനോഹരമായ സ്വർഗ്ഗം ഉണ്ടാവില്ല. ചിരി കൊണ്ട് ആയുസ്സ് വരെ വർധിപ്പിക്കാം എന്നാണ്  ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഹാസ്യത്തിന് സർഗാത്മകമായ ഒരു വിപ്ലവം തന്നെ നയിക്കാമെന്ന്  തെളിയിച്ച  പ്രതിഭയാണ് ചാർലി ചാപ്ലിൻ. ചിരികൊണ്ട്  ഹിറ്റ്ലറുടെ ഡംഭിനെ വരെ മുട്ടുകുത്തിച്ച  പ്രതിഭ. ചിരിയേയും ജീവിതത്തേയും കൂട്ടിമുട്ടിക്കുന്ന  നിരവധി  മഹത്‌വചനങ്ങൾ തന്നെ  ചാപ്ലിൻ  ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.  ചിരിക്കാനാവാത്ത ഒരു ദിവസം ജീവിതത്തിലെ ഏറ്റവും  വലിയ നഷ്ടങ്ങളിലൊന്നാണെന്ന് ചാർലിചാപ്ലിൻ നമ്മെ ബോധ്യപ്പെടുത്തുന്നു. ചിരി എന്നാൽ എന്നാൽ ചിന്ത എന്നു കൂടിയാണെന്നാണ് ചാപ്ലിൻ സിനിമകൾ നമ്മോട്  പറഞ്ഞത്. ഹിറ്റ്ലറെ ഹാസ്യാത്മകമായി അനുകരിച്ചുകൊണ്ട്  ശരീരഭാഷയുടെതായ ഒരു പാരഡി  അദ്ദേഹം ആദ്യമായി വെള്ളിത്തിരയിൽ പരീക്ഷിച്ചു.

ഹാസ്യവും പാരഡിയും  ജനപ്രിയ സംസ്കാരത്തോട്  ചേർന്നുനിൽക്കുന്ന  ശാഖകളാണ് .പാരഡി അഥവാ ഹാസ്യനുകരണത്തെക്കുറിച്ചൊക്കെ ആലോചിക്കുമ്പോൾ ഒരു ശരാശരി മലയാളിയുടെ ചിന്ത ചെന്നെത്തി നിൽക്കുന്നത്  വി ഡി  രാജപ്പനിലാണ്.  ഹാസ്യകഥാപ്രസംഗങ്ങളിലൂടെ  ജനപ്രിയനായിത്തീർന്നൊരാൾ . കൊച്ചിൻ കലാഭവൻ  എന്ന സ്ഥാപനമാണ്   ജനപ്രിയ ചിരിയുടെ ഗ്രാഫ്  കുത്തനെ ഉയർത്തിയത് .മിമിക്സ് പരേഡ് എന്ന പേരിൽ ആബേലച്ചന്റെ  നേതൃത്വത്തിൽ അരങ്ങത്തവതരിപ്പിച്ചിരുന്ന  ഹാസ്യാനുകരണപരിപാടി  ലോകമെമ്പാടുമുള്ള  മലയാളികളെ ഏറെ ചിരിപ്പിച്ചു .ഇന്ന് മലയാളസിനിമയിലെ  താരമൂല്യമുള്ള സംവിധായകരിലും  അഭിനേതാക്കളിലും ഏറിയപ്പേരും ഒരു കാലത്ത് കൊച്ചിൻ കലാഭവനിലെ     താരങ്ങളായിരുന്നു .

ഹാസ്യത്തിലൂടെ ഒരു കാസറ്റ് വിപ്ലവം തന്നെ  ഉണ്ടാക്കിയ കലാകാരന്മാരാണ്  ദിലീപും നാദിർഷായും .ദേ മാവേലി കൊമ്പത്ത് ,ഓണത്തിനിടക്ക് പുട്ട് കച്ചവടം തുടങ്ങിയ മിമിക്സ്പാരഡി ഓഡിയോ കാസറ്റുകൾ  വിൽപനയിൽ റെക്കോർഡ് വിജയം നേടിയവയാണ് . എന്നിരുന്നാലും ഹാസ്യത്തിന്റെ തുടക്കം ഇവിടെയൊന്നുമാവില്ലെന്ന് നമുക്കെല്ലാം വ്യക്തമായറിയാം. നാട്യശാസ്ത്രത്തിൽ നവരസങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഹാസ്യത്തെക്കുറിച്ച്  പറയുന്നുണ്ട് .ഹാസ്യത്തിന്റെ സ്ഥായീഭാവം ഹാസമാണെന്നും ഒരുവൻ തന്നത്താൻ ചിരിക്കുന്നത് ആത്മസ്ഥവും, അന്യരെ ചിരിപ്പിക്കുന്നത് പരസ്ഥവുമാണെന്ന് നാട്യശാസ്ത്രം അനുശാസിക്കുന്നു. സ്മിതം, ഹസിതം, വിഹസിതം, ഉപഹസിതം, അപഹസിതം, അതിഹസിതം എന്നിങ്ങനെ ഹാസ്യം ആറ് തരമുണ്ടെന്നും നാട്യശാസ്ത്രം പറയുന്നുണ്ട്.
ഹാസ്യം ആദ്യം അഭിനയിച്ച പ്രതിഫലിപ്പിക്കാൻ  ഏറെ ബുദ്ധിമുട്ടുള്ള ഒരു രസം ആണെന്ന് ഇന്ന് പല അഭിനേതാക്കളും പറഞ്ഞുകേട്ടിട്ടുണ്ട്

എഴുതപ്പെട്ടകാലം പോലും തെളിയിക്കപ്പെടാനാകാത്ത വിധത്തിൽ നാട്യ ശാസ്ത്രത്തിന്റെ  പൗരാണികത്വം നിലനിൽക്കുമ്പോൾ പോലും സാധാരണക്കാർ  തെറ്റിദ്ധരിച്ചു പോകുന്നത് , നമ്മുടെ സാഹിത്യത്തിലെ ഹാസ്യം കുഞ്ചൻ നമ്പ്യാരിൽ  നിന്നാവും തുടങ്ങിയിട്ടുണ്ടാവുക എന്നാണ്.  അത്തരമൊരു അബദ്ധധാരണയിൽ  കഴിഞ്ഞുകൂടുമ്പോഴാണ്, പാരഡി  മലയാളകവിതയിൽ  എന്ന ബൃഹദ്ഗ്രന്ഥം ലഭിക്കുന്നത് .വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രചയിതാവ് ഡോ. നിത്യ പി  വിശ്വമാണ് .അത്ര നിസ്സാരമായ ഒരു സംഭവമല്ല പാരഡിയെന്ന്  ആധാകാരികതയോടെ നിത്യ സമർത്ഥിക്കുന്നു.

 സാഹിത്യത്തിൽ പാരഡി  തുടങ്ങുന്നതെവിടെ നിന്നാണ് എന്നുതുടങ്ങി അടിസ്ഥാനവിവരങ്ങളും,  പാരഡിയുടെ ചരിത്രവും എന്തിന്, സമകാലികപാരഡികളെക്കുറിച്ച് പോലും  വിശദമായി പ്രതിപാദിക്കുന്ന,സത്യം പറഞ്ഞാൽ ശ്വാസം പോലും വിടാതെ വായിച്ചു തീർക്കേണ്ട ഒരു പുസ്തകം. മാർജിനലൈസ് ചെയ്തുപോയ  ഒരു സാഹിത്യശാഖ എന്ന നിലയിലാണ് നിത്യ പാരഡിയെ പരിചയപ്പെടുത്തുന്നത് . 608 പേജുകളുള്ള  ഈ പുസ്തകം ഡോക്ടർ എസ് കെ വസന്തന്റെ കീഴിൽ നിത്യ നടത്തിയ ഗവേഷണത്തിന്റെ എഴുത്തുരേഖകളാണിത്.  ആമുഖം കൂടാതെ ചിരിയുടെ സിദ്ധാന്തങ്ങൾ, മലയാളത്തിലെ പ്രസ്ഥാനവിഡംബനങ്ങൾ, മലയാളത്തിലെ ഹാസ്യാനുകരണകവിത- പൂർവ്വഘട്ടം ,മലയാളത്തിലെ ഹാസ്യാനുകരണകവിത ഉത്തരഘട്ടം തുടങ്ങിയ നാല് അധ്യായങ്ങളായാണ്  പുസ്തകത്തെ ക്രമീകരിച്ചിരിക്കുന്നത് സമാന്തരമായൊരു സാംസ്കാരികചരിത്രമാണ് പാരഡി മുന്നോട്ടു വെക്കുന്നതെന്നാണ് നിത്യയുടെ കണ്ടെത്തൽ . അവ പ്രതികരണത്തിനും പ്രതിരോധത്തിനുമുള്ള മാർഗമാവുന്നതിന്റെ ഉദാഹരണങ്ങൾ വിസ്തരിക്കുന്നുമുണ്ട്.

അനുബന്ധത്തിൽ ഇതുവരെ ഒരു സാഹിത്യ ചരിത്രത്തിന്റേയും ഭാഗമാകാത്ത ഹൂണ പ്രവീര ചരിതം മഹാകാവ്യവും തുടർപഠനങ്ങളിലേക്ക് വഴി നടക്കുന്നവർക്കായി പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടില്ലത്ത പാരഡിക്കവികളുടെയും കൃതികളുടേയും പട്ടികയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
പാരഡിക്കവിതകൾ ഒരു പ്രസ്ഥാനമെന്ന മട്ടിൽ വിപുലവും ശക്തവുമാണെന്ന് ചരിത്രത്തെ സാക്ഷിനിർത്തി വിശകലനത്തിലൂടെ   ബോധ്യപ്പെടുത്തുന്നു.
ഓരോ കാലഘട്ടത്തിലേയും പാരഡി ,സ്വഭാവം ,കൈക്കൊണ്ടവിഷയങ്ങൾ ,ഉത്തരാധുനിക പാരഡിയുടെ സവിശേഷതകൾ എന്നിവയെല്ലാം കൃത്യമായി ഇതിൽ  രേഖപ്പെടുത്തിട്ടുണ്ട്.

തോലൻ മുതൽ കെ ആർ ടോണി വരെയുള്ള ഹാസ്യ, ഹാസ്യാനുകരണകവികളുടെ  കൃതികളുടെ വിശകലനം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .പാരഡിയെന്നാൽ  നിസ്സാരമായി ചിരിച്ചുതളളാവുന്ന  ഒരു വാക്കല്ല എന്ന് ഇന്ന് നിത്യ നമ്മെ ബോധ്യപ്പെടുത്തുന്നു. അത് ഒരു സാഹിത്യ പ്രസ്ഥാനമാണെന്ന് സംശയംവിനാ സ്ഥാപിക്കുകയും ചെയ്യുന്നു. അനേകമനേകം സാധ്യതകളുള്ള ഉള്ള ഒരു വലിയ വിഷയത്തെ ഏറ്റവും ഗഹനമായ രീതിയിൽ  സമീപിച്ച് ,ഗൗരവപൂർവ്വം വിലയിരുത്തി, ആ കണ്ടെത്തലുകളെ  ഔചിത്യപൂർവം ക്രോഡീകരിച്ച് ഒരു പഠനഗ്രന്ഥം തയ്യാറാക്കുന്നതിലെ  സുവ്യക്തമായ മാതൃകയാണ് ഈ കൃതി.  ഒരു ഗവേഷകയുടെ സൂക്ഷ്മത, ഒരു അധ്യാപികയുടെ കൃത്യത ,ഒരു സാഹിത്യകാരിയുടെ സർഗാത്മകത എന്നിവ സമ്യക്കായ ചേർന്ന ഒരു  നൈസർഗികാനുഭവം. ഇതു വരെ നമ്മുടെ ഗവേഷകർ കടന്നു ചെന്നിട്ടില്ലാത്ത ഒരു മേഖലയിലേക്ക് വഴി വെട്ടിത്തെളിച്ചുള്ള മുന്നേറ്റം 

ഗംഭീരമായ ഒരു പഠനം വായിച്ചതിന്റെ സംപ്തിയിൽ ഇരിക്കുമ്പോൾ Simon the Beauvoirയുടെ ഒരു വാചകം ഓർമ്മ വന്നു .
Old Age is Life ' s parody
വാർദ്ധക്യം എന്നു മാത്രമല്ല, ഏതു കാലവും സുന്ദരമാകണമെങ്കിൽ ജീവിതത്തെ ഏറ്റവും  പ്രസാദാത്മകമായി കാണണം .എന്നും സന്തോഷിക്കാൻ വേണ്ടി  ഹാസവും ഹാസ്യവും പാരഡിയുമെല്ലാം   നമുക്ക് ശീലിക്കാം.                                                   

 "I think a lot of the time you just Parody yourself " എന്ന് Dylan  Moran ഒരിക്കൽ സൂചിപ്പിച്ചതു പോലെ, നമ്മുടെ തന്നെ  പാരഡികൾ നമുക്കാലോചിക്കാം രസിക്കാം നമ്മെ തന്നെ പുനർജ്ജീവിപ്പിക്കാം .


പാരഡിയെന്നാൽ വെറും കോമഡിയല്ല (ദിനസരി-3: ഡോ.സ്വപ്ന. സി. കോമ്പാത്ത്)  പാരഡിയെന്നാൽ വെറും കോമഡിയല്ല (ദിനസരി-3: ഡോ.സ്വപ്ന. സി. കോമ്പാത്ത്)
Join WhatsApp News
Ashtamoorthi K V 2020-04-19 02:55:38
പാരഡി എനിക്ക് ഇഷ്ടമുള്ള വിഷയമാണ്. പാരഡിക്കവിതകൾ പ്രിയവുമാണ്. സഞ്ജയൻ, മാധവ്ജി തുടങ്ങിയവരുടെ കവിതകൾ മറക്കാൻ വയ്യ. നിത്യയുടെ പുസ്തകം വായിക്കണം. നല്ല വാതിലാണ് സ്വപ്ന തുറന്നു വെച്ചത്. നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക