Image

കോവിഡ് : സൗദിയിലെ ഇന്ത്യന്‍ എംബസി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു

Published on 16 April, 2020
കോവിഡ് : സൗദിയിലെ ഇന്ത്യന്‍ എംബസി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു

റിയാദ്: സൗദിയിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും തയാറാണെന്നും ഏതു പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതായും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയിദ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സൗദിയിലുള്ള 27 ലക്ഷം ഇന്ത്യക്കാരെ സഹായിക്കാനായി എംബസി നടത്തുന്ന ശ്രമങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യയില്‍ ഇതുവരെ ലഭ്യമായ വിവരമനുസരിച്ച് കോവിഡ് ബാധിതരായി 186 പേരാണുള്ളത്. ഇതില്‍ രണ്ടു പേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ ചികിത്സയിലാണെങ്കിലും ആരും അപകടനിലയില്‍ അല്ല. മരിച്ച രണ്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മദീനയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കണ്ണൂര്‍ പൂക്കോം സ്വദേശി പി. ഷബ്നാസും റിയാദില്‍ മരണപ്പെട്ട മലപ്പുറം ചെമ്മാട് സ്വദേശി എന്‍.പി സഫ്വാനും ആണിവര്‍. നിലവില്‍ സൗദിയില്‍ രോഗം ബാധിച്ചവരില്‍ 70 പേരും വിദേശികളാണ്. അതുകൊണ്ടു തന്നെ വിദേശി സമൂഹത്തിനിടയില്‍ രോഗം പടരാതിരിക്കാനുള്ള എല്ലാ നിയന്ത്രണങ്ങളും ഇപ്പോള്‍ സൗദി ആരോഗ്യ മന്ത്രാലയം എടുത്തു വരുന്നു. ഇതിന്റെ ഭാഗമായി 26 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട് എന്ന് ഡോ. ഔസാഫ് സയ്യിദ് പറഞ്ഞു.
കോവിഡ് 19 സംബന്ധിച്ച എന്ത് സംശയങ്ങള്‍ക്കും ഇന്ത്യന്‍ സമൂഹത്തിന് എംബസിയിലെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ വിളിക്കാവുന്നതാണ്. കോവിഡ് 19 പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ +966 546103992 ആണ്. അതേപോലെ covid19indianembassy@gmail.com എന്ന ഈ മെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷക്കായി വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും കൂടുതല്‍ സൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നതായും അംബാസഡര്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന ഓണ്‍ലൈന്‍ ഇന്ത്യന്‍ വോളന്റിയര്‍മാരുടെ യോഗത്തില്‍ ലഭിച്ച നിര്‍ദ്ദേശങ്ങളും പരിഗണനയിലാണ്. ലേബര്‍ ക്യാമ്പുകളിലുള്ള ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കമ്പനി മാനേജ്മെന്റും നിരന്തരം എംബസി വെല്‍ഫെയര്‍ വിഭാഗം ബന്ധപ്പെടുന്നുണ്ട്.

ഭക്ഷണസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നവരുണ്ടെങ്കില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി സഹകരിച്ചു എത്തിച്ചു കൊടുക്കുന്നതാണ്. ഇതിനുള്ള പണം ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും കണ്ടെത്തും. ഈ വിഷയങ്ങളില്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിക്കാന്‍ താല്പര്യമുള്ള ഇന്ത്യന്‍ പ്രവാസി വ്യവസായികളും സ്ഥാപങ്ങളുമായും എംബസി ബന്ധപ്പെടുന്നുണ്ടെന്നും അംബാസഡര്‍ അറിയിച്ചു.

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള പാസ് ലഭ്യമാക്കാന്‍ സൗദി അധികൃതരുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പരമാവധി സാമൂഹ്യ സമ്പര്‍ക്കം ഒഴിവാക്കുന്നതിന് ഇത്തരം പാസുകള്‍ കുറക്കാനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് എംബസി പ്രത്യേകം പാസുകള്‍ നല്‍കാനുള്ള ശ്രമം നടന്നു വരുന്നു.

ഇന്ത്യന്‍ എംബസി പ്രത്യേകം ആംബുലന്‍സുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. മക്കയിലും ജിദ്ദയിലും ഹജ്ജ് സമയത്ത് ഉപയോഗിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ആംബുലന്‍സുകള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കും. ഇന്ത്യന്‍ ഡോക്ടര്‍മാരുടെ പാനലും തയാറാക്കിയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സേവനത്തിന് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സേവനം തത്ക്കാലം ആവശ്യപ്പെടില്ല എന്നും ഡോ. ഔസാഫ് സയ്യിദ് പറഞ്ഞു. ഡോക്ടര്‍മാരുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയില്‍ കോവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നിയമപരമായ തടസങ്ങളുണ്ട്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ തീര്‍ച്ചയായും പരിഗണിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

അടിയന്തരമായി ഇന്ത്യയിലേക്ക് പോകേണ്ട ആളുകളെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുന്നതിന് ഇപ്പോള്‍ സാധ്യമല്ല. മേയ് ആദ്യവാരത്തിനു ശേഷം മാത്രമേ ഈ ഒരു ആവശ്യം പരിഗണിക്കാന്‍ പോലും സാധിക്കുകയുള്ളു എന്നും അംബാസിഡര്‍ സൂചിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറുപതോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത്, എംബസി ഇന്‍ഫര്‍മേഷന്‍ വിഭാഗം മേധാവി അസീം അന്‍വര്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫിസിലെ പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുലും മലയാളിയുമായ ഹംന മറിയം എന്നിവരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക