Image

കൊറോണ കുമ്പസാരങ്ങൾ (ഷിബു ഗോപാലകൃഷ്ണൻ)

Published on 15 April, 2020
കൊറോണ കുമ്പസാരങ്ങൾ (ഷിബു ഗോപാലകൃഷ്ണൻ)
എൻബിസി ന്യൂസ് കൊറോണ കുമ്പസാരങ്ങൾ എന്നൊരു പേജ് തുടങ്ങിയിട്ടുണ്ട്. കൊറോണക്കാലത്ത് ചെയ്തുപോയ പാപങ്ങൾ ഏറ്റുപറയാൻ വായനക്കാർക്കൊരു അവസരം. ആരാണെന്നു പറയാതെ പാപഭാരങ്ങൾ കഴുകിക്കളയാനൊരു പൊതു കുമ്പസാരക്കൂട്.

ഇന്നു വായിച്ച കുമ്പസാരങ്ങൾ.

ഞാൻ ഡോക്ടറുടെ ഓഫീസിൽ ലിഫ്റ്റിൽ നിൽക്കുകയായിരുന്നു, പെട്ടെന്നൊരു പേഷ്യന്റ് അകത്തേക്ക് കയറാൻ ശ്രമിച്ചു, ഞാൻ നോ എന്നുപറഞ്ഞു വിലക്കി, എനിക്കറിയാം ഞാൻ ചെയ്തത് വലിയ ക്രൂരതയാണ്.

എനിക്കെന്റെ കുട്ടികളെ കുറിച്ചോർക്കുമ്പോൾ കരച്ചിൽ വരും, സ്‌കൂളുകൾ അടച്ചിരിക്കുന്നതിനാൽ അവരിൽ ചിലർക്കെങ്കിലും ഭക്ഷണം ഉണ്ടായിരിക്കില്ല.

എനിക്ക് എന്റെ ഭർത്താവിനെയും കുട്ടികളേയും ആണ് ഈ ലോകത്തു ഏറ്റവും ഇഷ്ടം, ഇപ്പോൾ ഞാൻ മനസിലാക്കുന്നു എന്റെ സഹപ്രവർത്തകരെ എത്രയധികം സ്നേഹിച്ചിരുന്നു എന്ന്.

എല്ലാ ദിവസവും എന്റെ കുട്ടികൾ വീട്ടിൽ ഉണ്ടാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. അവരോടൊപ്പം മൂന്നുനേരം കഴിക്കുന്നു, ഒരുമിച്ചു ഞങ്ങൾ കളിക്കുന്നു, വായിക്കുന്നു. എനിക്കീ ദിവസങ്ങൾ അവസാനിക്കുകയേ വേണ്ട എന്നു തോന്നാറുണ്ട്.

ഞാൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പതിവുപോലെ കുളിക്കുകയും ഡ്രസ്സ് ചെയ്യുകയും മേക്കപ്പ് ഇടുകയും ചെയ്യാറുണ്ട്, എവിടെയോ പോകാനുണ്ടെന്നുള്ളത് പോലെ. അത്രയും നേരമെങ്കിലും വ്യാജമെങ്കിലും ഞാൻ സന്തോഷിക്കാറുണ്ട്.

എനിക്കെന്റെ ഒരു വയസായ മകളെ മിസ് ചെയ്യുന്നു, എനിക്ക് പക്ഷെ ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകാനാവില്ല ഇപ്പോൾ, എങ്കിലും എനിക്കവളെ മിസ്സ്‌ ചെയ്യുന്നു.

കഴിഞ്ഞ 22 ദിവസമായി ഞാനും എന്റെ ഭർത്താവും ഈ ഫ്ലാറ്റിൽ തനിച്ചാണ്, എനിക്കിപ്പോൾ തീർച്ചയായും ഈ വിവാഹബന്ധം വേർപെടുത്തിയാൽ കൊള്ളാമെന്നുണ്ട്.

എനിക്ക് എന്റെ അമ്മയെ കെട്ടിപ്പിടിക്കുന്നത് മിസ്സ് ചെയ്തിട്ടില്ല, ഒരിക്കലും, കാരണം അമ്മയാണ് എന്നെ വല്ലപ്പോഴുമെങ്കിലും ഹഗ് ചെയ്യാറുള്ളത്, എന്നാൽ എനിക്കിപ്പോൾ ഇതാദ്യമായി അത് മിസ്സ് ചെയ്യുന്നു.

ഞാൻ തനിച്ചാണ്, ഞാൻ മാത്രമാണ് ഇവിടെയുള്ളത്. ഇപ്പോൾ എനിക്ക് തോന്നുന്നു, എന്റെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു എന്ന്.

ഞാൻ ഇന്നെന്റെ വിൽപത്രം എഴുതിവെച്ചു, 33 വയസുള്ള എമർജൻസി മെഡിസിനിലെ ഒരു അസിസ്റ്റന്റ് ഫിസിഷ്യൻ ആണ് ഞാൻ.

എന്റെ മാതാപിതാക്കൾ മരിച്ചുപോയതിൽ ഞാനിപ്പോൾ സത്യമായും സന്തോഷിക്കുന്നു. അവർക്ക് ഇതൊന്നും കാണേണ്ടിയും അനുഭവിക്കേണ്ടിയും അനാഥരായി മരിച്ചുപോവേണ്ടിയും വന്നില്ലല്ലോ?

എനിക്കിപ്പോൾ 57 വയസ്സുണ്ട്, ജീവിതം വളരെയധികം ദുസ്സഹമായി തോന്നുന്നു. 17 വയസ്സുള്ളപ്പോൾ ഞാൻ ആദ്യമായി പ്രണയിച്ച പെൺകുട്ടിയെ ഓർക്കുന്നു, അതുമാത്രമാണ് എന്നെയിപ്പോൾ സന്തോഷിപ്പിക്കുന്നത്.

കഴിഞ്ഞ 3 വർഷമായി ഞങ്ങൾ ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നു, ഇപ്പോൾ ഞാൻ ഗർഭിണിയാണ്, ഒരിക്കലും കരുതിയിരുന്നില്ല എന്നെങ്കിലും ഗർഭിണിയാകുമ്പോൾ വേണ്ടിയിരുന്നില്ല എന്നു ഞാൻ ചിന്തിക്കുമെന്ന്.

എല്ലാ ഞായറാഴ്‌ചയും ഞാൻ നഴ്‌സിംഗ് ഹോമിൽ അവളെ കാണാൻ പോകും. എന്റെ ഗിത്താറുമായിട്ടാണ് പോകുന്നത്. ചില പാട്ടുകൾ ഞാൻ വായിക്കും, 50 വർഷങ്ങൾക്കു മുൻപ് പാരീസിൽ വച്ച് ഞങ്ങൾ ആദ്യമായി കണ്ടതും വിവാഹിതരായതും ഞാൻ പറയും. അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു അധികനേരം അവിടെ ഇരിക്കും. ചില ദിവസങ്ങളിൽ മാത്രം ഒരു തവണ, ഒരേ ഒരു തവണ അവൾ പുഞ്ചിരിക്കും, അതിനുവേണ്ടി മാത്രമാണ് ഞാൻ പോകുന്നത്. എന്നെ അവൾ ഇപ്പോഴും ഓർത്തിരിക്കുന്നു എന്നറിയാൻ വേണ്ടി മാത്രം. അതുകൊണ്ടു മാത്രമാണ് അവൾ ജീവിച്ചിരിക്കുന്നത്. ഇപ്പോൾ നഴ്‌സിംഗ് ഹോം അടച്ചിരിക്കുകയാണ്, സന്ദർശകരെ ആരെയും അനുവദിക്കുന്നില്ല. അവൾ മരിച്ചു പോകുമായിരിക്കും. എങ്കിലും ഞാൻ കാണാൻ പോകില്ല, ഞാൻ പോയിരുന്നത് അവൾ ജീവിച്ചിരിക്കാൻ വേണ്ടിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക