Image

എഴുതി തീരും മുമ്പേ... (ശ്രീ ജോസഫ് പടന്നമാക്കലിന് ആദരാജ്ഞലികള്‍)

Published on 09 April, 2020
എഴുതി തീരും മുമ്പേ... (ശ്രീ ജോസഫ് പടന്നമാക്കലിന് ആദരാജ്ഞലികള്‍)
ശ്രീ ജോസഫ് പടന്നമാക്കല്‍,  ആ നാമം അമേരിക്കന്‍ മലയാള സാഹിത്യത്തിലെ നിറസാന്നിധ്യമായി നിത്യവും നിലകൊള്ളും. സര്‍ഗസങ്കല്‍പ്പങ്ങളുടെ പുത്തന്‍ഭാവങ്ങള്‍ അക്ഷരങ്ങളിലൂടെ വിരിയിച്ച അദ്ദേഹം സഹൃദയലോകത്തിനു അറിവിന്റെ വിശാലമായ ലോകം തുറന്നുകാട്ടി. അക്ഷരങ്ങളുടെ കളിത്തോഴനായിരുന്നു സാര്‍. വിജ്ഞാനം തേടുകയും നല്‍കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന സര്‍ഗ്ഗപ്രതിഭാധനനായ എഴുത്തുകാരന്‍. ഇമലയാളിയുടെ താളുകളെ  അദ്ദേഹത്തിന്റെ രചനകള്‍ ധന്യമാക്കി. ഇനിയും എഴുതാന്‍ ഏറെയുള്ളപ്പോള്‍ അതെല്ലാം എഴുതി തീരും മുമ്പേ അദ്ദേഹം കടന്നുപോയി. അത് വായനക്കാരുടെ നിര്‍ഭാഗ്യം. ഭാഷയുടെ തീരാനഷ്ടം..  തിരിച്ചുവരാത്ത ആ  എഴുത്തുകാരന്റെ  ഓര്‍മ്മകള്‍  പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കടലാസ് താളുകളില്‍ ദുഃഖം ഘനീഭവിച്ച് അക്ഷരങ്ങള്‍ തെളിയുന്നില്ല.

അമേരിക്കന്‍ മലയാള സാഹിത്യത്തെയും എഴുത്തുകാരെയും അദ്ദേഹം സ്‌നേഹിച്ചു. അദ്ദേഹത്തിന്റെ  വരികള്‍ വായിക്കുക. “ഞാന്‍ സ്‌നേഹിക്കുന്നത് അമേരിക്കന്‍ മലയാളസാഹിത്യത്തെ മാത്രമേയുള്ളു. നാട്ടിലെ സാഹിത്യകാരന്മാര്‍ പൊതുവെ അമേരിക്കന്‍ എഴുത്തുകാരെ പരിഹസിക്കാന്‍ താല്പര്യപ്പെടുന്നു. അവരുടെ അജ്ഞതയും വിവരക്കേടുമാണ് കാരണം. കേരളത്തിലെ എഴുത്തുകാരില്‍ കൂടുതലും ഇടുങ്ങിയ മതചിന്താഗതിക്കാരും പലരും മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നും എഴുതുന്നവരുമാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരുടെ പിന്ബലത്തിലു മായിരിക്കും സാഹിത്യത്തെ വളര്‍ത്തുന്നത്. പണത്തിനുവേണ്ടി സാഹിത്യത്തെ വ്യഭിചാരിക്കുന്ന എഴുത്തുകാരും ധാരാളം.”

വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങളും ഇവിടത്തെ എഴുത്തുകാരുടെ പുസ്തകങ്ങളെക്കുറിച്ച് നിരൂപണങ്ങളും അദ്ദേഹം എഴുതി.  നല്ല രചനകള്‍ക്ക് പ്രോത്സാഹനം നല്‍കികൊണ്ട് ഇമലയാളിയുടെ കമന്റ് കോളത്തിലും അദ്ദേഹം സജീവമായിരുന്നു.  വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അവ വിശകലനം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ മികവ് വായനക്കാരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.  അദ്ദേഹത്തിനു സര്‍ഗ്ഗരചന ഒരു ഉപാസനയായിരുന്നു. അയത്‌നലളിതമായ ശൈലിയില്‍ ഒഴുകിവരുന്ന ഭാഷയുടെ സൗകുമാര്യം അദ്ദേഹത്തിന്റെ ഓരോ കൃതിയിലും പ്രകടമായിരുന്നു. അറിവ് പകരുക എന്ന ഉദാത്ത സേവന സന്നദ്ധത വായനക്കാരെ ഉദ്ബുദ്ധരാക്കാന്‍ പര്യാപ്തമായി. ഇമലയാളി തുറക്കുമ്പോള്‍ ശ്രീ പടന്നമാക്കലിന്റെ രചനയുണ്ടെങ്കില്‍ അത് വായിച്ചതിനുശേഷമേ മറ്റു കൃതികള്‍ നോക്കാറുള്ളു.  കുറെ പുസ്തകങ്ങള്‍ ഒന്നിച്ച് വായിച്ച ഒരനുഭവം പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അമേരിക്കന്‍ മലയാള സാഹിത്യത്തിന് അദ്ദേഹത്തിന്റെ അഭാവം നികത്താനാവാത്തത് തന്നെ.

വിജ്ഞാനത്തിന്റെ ആ ജ്യോതിപ്രകാശം മറഞ്ഞാലും മറയാതെ അങ്ങനെ നില്‍ക്കും.  ഫിയോദര്‍ ദസ്തയേവ്‌സ്കി ഇങ്ങനെ എഴുതീട്ടുണ്ട്. ഇരുണ്ട രാത്രിയില്‍ നക്ഷത്രങ്ങളുടെ ശോഭ കൂടുതലായിരിക്കും. ദുഃഖം തീവ്രമാകുമ്പോള്‍  നാം ദൈവത്തോട് കൂടുതല്‍ അടുത്താകുന്നു.  ശോകഭാരതത്തില്‍ നമ്മള്‍ ആണ്ടുപോകുമ്പോള്‍ ദൈവസാമീപ്യം നമ്മെ ശക്തരാക്കുന്നു. ശ്രീ പടന്നമാക്കല്‍ സാറിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട്  അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മുങ്ങി തപ്പാം. നിനച്ചിരിക്കാത്ത നിമിഷത്തില്‍ അദ്ദേഹം നമ്മെ വിട്ടുപോയി.  അവിശ്വസനീയമായ ആ ദുഃഖവാര്‍ത്തഅദ്ദേഹത്തിന്റെ വലിയ സുഹൃത് ലോകത്തില്‍  ഇരുള്‍ പരത്തി. പ്രാര്‍ത്ഥനയോടെ നമുക്കെല്ലാം ആ നല്ല മനുഷ്യന്റെ, വലിയ എഴുത്തുകാരന്റെ ആത്മശാന്തിക്കായി ദൈവത്തോട് അപേക്ഷിക്കാം.  സ്‌നേഹത്തിന്റെ വാടാമലരുകള്‍ ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ അര്‍പ്പിക്കാം. ബൈബിള്‍ വചനം ആലോചിക്കാം.“ദുഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്ക് ആശ്വാസം ലഭിക്കും.” (മത്തായി 5.4).


എഴുതി തീരും മുമ്പേ... (ശ്രീ ജോസഫ് പടന്നമാക്കലിന് ആദരാജ്ഞലികള്‍)
Join WhatsApp News
വിദ്യാധരൻ 2020-04-09 22:24:09
"ദൂരെയാണെന്നാലും നീ മാമകാത്മാവിൽ പ്രേമ ധാര പെയ്തണയുന്നു നിൻ മൗന സന്ദേശങ്ങൾ " (C .K .P) വിദ്യാധരൻ
George Oalickal 2020-04-10 08:27:45
I read all of his articles he wrote in emalayalee, his analysis and presentation were superb for the subject he presented. I missed you in emalayalee...My heartfelt Condolences and Prayers
Grace Fernandez 2020-04-18 07:35:11
Josetta there is a lot going on in your behalf. Please don’t forget to be there. I can just see your smile now ‘ l didn’t know I was this famous’
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക