Image

മരണമെന്ന മാജിക്കൽ റിയലിസം (കവിത: അന്ന മേരി ഹസ്കൽ)

Published on 09 April, 2020
മരണമെന്ന മാജിക്കൽ റിയലിസം (കവിത: അന്ന മേരി ഹസ്കൽ)
കനത്ത പരാജയങ്ങളുടെ
രുചിയിൽ
സന്തോഷം കണ്ടെത്തികൊണ്ടിരുന്ന
വല്യപ്പൻ
ഇന്ന്
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ
മരിച്ചു.
മുറിക്കു വെളിയിലെ
വാതിലിൽ
ശല്യപ്പെടുത്തരുത്,
അന്നമ്മ അകത്തുണ്ട്
എന്ന ബോർഡും
അടിയിൽ ഫൂക്കോയെന്നും എഴുതിയതിനാൽ
ശവമടക്കിയില്ല.
രക്തചന്ദനം മണക്കുന്ന
മുറിയുടെ
വികാരസംശ്ലേഷണത്തിൽ
നൂറ്റിയെഴുപത് യാത്രക്കാരുമായ്
അപ്രത്യക്ഷമായ
വിമാനംപോലെ
കിളവൻ
ചിരിച്ചുതന്നെ കിടന്നു.
അയാളെ നോക്കി മാത്രം കറങ്ങിയ
ഫാൻ
ഇനിയെന്ത് എന്ന ഭാവത്തിൽ
തലകറങ്ങി.
അയാളുടെ അന്ത്യവാചകത്തിൽ
മാർക്കേസ് ഒടുവിൽ നീ വരുമെന്ന് മാത്രമെഴുതി.
മരണം
മാജിക്കൽ റിയലിസമാകുന്ന
ദിനത്തിനുവേണ്ടി
ഞാനെന്റെ ആപൽക്കരമായ
ജീവിതത്തെ
ഈ കിടക്കയിൽ
മൂത്രമൊഴിച്ചു
അതിജീവിക്കുകയായിരുന്നു മാർക്കേസ്.
ഈ ഒറ്റമുറി സായാഹ്‌നങ്ങൾ
ഒരു മൂത്രപ്പുരയായ് മാറ്റിയതിന്റെ
നിർവൃതിയിലാണെങ്കിലും
കുട്ടിക്കാലത്ത്
ആലിംഗനം ചെയ്യാനാവാതെ
ഉമ്മവെക്കാനാകാതെപോയ
പെൺകുട്ടികളുടെ പേരെഴുതി,
നടുവിലൂടെ
അമ്പും വില്ലും വരച്ച
അമ്ലകാലത്തിന്റെ
ഛായാചിത്രങ്ങളെ
ഞാനിപ്പോഴുമീ
അവരോഹണ മുറിയിൽ ആണിയടിച്ചിട്ടുണ്ട്.
സങ്കൽപ്പത്തിനും
യാഥാർഥ്യത്തിനും
നടുവിലൂടെ
മൂത്രമൊഴുകുമ്പോൽ
നരഭോജിശലഭങ്ങൾ
ചുറ്റിനും കാവൽ നിൽക്കുന്നു.
പൊളിഞ്ഞ
കെട്ടിടത്തിന്റെ
ഏകാന്തജ്വരങ്ങളിൽ
സ്വപ്നങ്ങളും
വിപ്ലവങ്ങളും
ഏറ്റുമുട്ടുമ്പോൾ
ഒരു കൗമാരകാരി
റോസാ ലക്‌സംബർഗിന്റെ
ടീ ഷർട്ടുമിട്ട് നടന്നുപോകുന്നത്
നൂറാം നിലയിൽ നിന്ന് കാണാം.
ഞാനെന്റെ അന്ത്യാഭിലാഷങ്ങൾ
താഴേക്ക് വലിച്ചെറിഞ്ഞു
അവൾക്ക് അഭിവാദ്യമർപ്പിക്കുന്നു
അവൾക്കെതിരെ വരുന്നത്
മൂലധനമില്ലാത്ത
സെക്കൻഡ് ഹാൻഡ്
മനുഷ്യരാണ്.
അവരുടെ കൊച്ചു ചുമയ്ക്ക് പോലും
മഞ്ഞയോടും
രക്തത്തിനോടുമാണ്
ആസക്തി.
എനിക്കും.
അനിവാര്യമായ നിമിഷങ്ങളിൽ
ആപ്പിളിൽ മൊട്ടുസൂചികൾ
കുത്തിയും
പ്രേതസിനിമകൾ കണ്ടും,
സ്വന്തം പോസ്റ്റിലേക്ക്
എണ്ണമറ്റ ഗോളുകൾ
കടത്തി വിട്ടും ഞാനെന്റെ വാർധക്യത്തെ
വിരിയിച്ചെടുക്കുന്നു.
അപക്വനിലയിൽ
ഈ വയസ്സന്റെ
ജീവിതമെന്നത്
ഒരിന്ത്യൻ ബാറിലേക്ക് കയറിവന്ന
മലയാളി പെൺകുട്ടിയുടെ
മാനസികാവസ്‌ഥപോലെയാണ്.
നിങ്ങൾ നുണയാത്ത മുറികളെയോർത്ത്
മദ്യപിച്ച്‌
നുണകൾ പറയുമ്പോഴാണ്
വയസ്സൻമാർ ഉണ്ടാകുന്നതെന്ന്
ഞാൻ അറിയുന്നു.
യൗവനം ജ്ഞാനത്തിന്റെ പറവകളുമായി
ഉയരങ്ങളിൽ കൂട് വെയ്ക്കുന്നു.
വാർധക്യം മരം കുലുക്കുന്നു.
ബഹുരൂപികളുടെ
ജനാലക്കരികിൽ
കുറുകികൊണ്ടിരുന്ന
പ്രാവുകൾക്ക്
ഷുഗർഗുളിക കൊടുത്തും,
പച്ചമീനുകളുടെ
അക്വേറിയത്തിൽ
ചൂണ്ടയിട്ടും,
പിടിച്ചെഴുന്നേൽക്കാനുള്ള
കയറിൽ
മാജിക് റിയലിസ്റ്റിക്കായ്
തൂങ്ങിയ മരണത്തിലാണ്
മാർക്കേസെ
വല്യപ്പന്റെ
ഹൃദയം പൊട്ടി ചിതറിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക