Image

മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്ക്കും സഹായമെത്തിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

Published on 09 April, 2020
മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്ക്കും സഹായമെത്തിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ നല്‍കാനുള്ള കോടികളുടെ കുടിശ്ശിക തീര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച നിവേദനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും അഭ്യര്‍ഥിച്ചു.

കോവിഡ് ഭീതിയും നിയന്ത്രണങ്ങളും മാധ്യമങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. പരസ്യങ്ങള്‍ പൂര്‍ണമായി നിലച്ചു. വിതരണത്തിലെ പ്രതിസന്ധികളും ജനങ്ങള്‍ക്കിടയിലെ ഭീതിയും കാരണം സര്‍ക്കുലേഷനും ഇടിയുന്നു. പല സ്ഥാപനങ്ങളിലും കടുത്ത പ്രതിസന്ധി കാരണം നേരത്തേതന്നെ ശമ്പളം മാസങ്ങളായി മുടങ്ങുകയോ അനിശ്ചിതത്വത്തിലാകുകയോ ചെയ്യുന്ന സാഹചര്യമായിരുന്നു. കോവിഡ് അത് രൂക്ഷമാക്കി. വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് സൂചന.

മാസങ്ങളായി ശമ്പളമില്ലാതെ കടുത്ത പ്രതിസന്ധി നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂന്നു മാസത്തേക്കെങ്കിലും പ്രതിമാസം 10,000 രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കണം. വന്‍ വരുമാന നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിക്കണം. പത്രക്കടലാസിന് ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവ പിന്‍വലിച്ച് 25 ശതമാനം സബ്‌സിഡി അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക