Image

ഹൈഡ്രോക്സി ക്ളോറോക്യുൻ സ്വയം മേടിച്ചു കഴിയ്ക്കരുത് (ഡോ. ഗംഗ. എസ്)

(ഡോ. ഗംഗ. എസ്) Published on 09 April, 2020
ഹൈഡ്രോക്സി ക്ളോറോക്യുൻ സ്വയം മേടിച്ചു കഴിയ്ക്കരുത് (ഡോ. ഗംഗ. എസ്)
ഒരു ചിക്കൻ ഗുനിയ കാലം. എനിയ്ക്കും കിട്ടി അനുഗ്രഹം. . 'കുനിയാപ്പനി ' എന്ന് നാട്ടു ഭാഷയിൽ പറയുന്ന വൈറൽ രോഗം .കൊതുക് പരത്തുന്നത് ആണ്. വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിഞ്ഞു. മറ്റാർക്കും പകർന്നില്ല.

അസഹ്യമായ സന്ധിവേദന ആണ് ലക്ഷണം. അസുഖം മാറിയാലും ഉടനെ ഒന്നും ഞൊണ്ടൽ മാറില്ല,

ടൈഫോയിഡ് ഭീമനെ നീണ്ട കാലം ചുമന്നിട്ടുള്ള ചരിത്രം ഉള്ളത് കൊണ്ട് ഗുനിയ വെറും ശിശു.

നാടൊട്ടുക്ക്, ഒരു വീട്ടിൽ ഒരാൾ മിനിമം എന്ന നിലയിൽ ആണ് അന്ന് ഞങ്ങളുടെ നാട്ടിൽ രോഗം പടർന്നത്. ഗ്രാമ പ്രദേശം ആണ്. എവിടെ തിരിഞൊന്ന് നോക്കിയാലും അവിടെല്ലാം മുടന്തുന്ന മനുഷ്യരെ കാണാം.

ചന്ത, കല്യാണവീട്, ആശുപത്രി, അമ്പലം അങ്ങനെ എവിടെയും പത്താളിനിടയിൽ ഒരാൾ മുടന്തും.

"ങ്ങാ ഇയാൾക്കും കുനിയപ്പനി ആരുന്നു ല്ലേ "
ന്നു ആയിരുന്നു മിക്കവാറും തമ്മിൽ കണ്ടാലുള്ള വിശേഷം ചോദിയ്ക്കൽ.

അതൊരു പുതിയ അസുഖം അല്ലെങ്കിലും അതിന് മുൻപ് അവിടങ്ങളിൽ ഇങ്ങനെ വ്യാപകമായി കണ്ടിട്ടില്ല.

.മോഡേൺ മെഡിസിനിൽ വേദന സംഹാരി അല്ലാതെ കാര്യമായി മരുന്നില്ല, വലിയ കുഴപ്പക്കാരൻ അല്ലാത്ത വൈറസ് അല്ലേ, അത് അതിന്റെ വിരുന്ന് കാലം കഴിയുമ്പോൾ ആരും അടിച്ചിറക്കാതെ തന്നെ സ്ഥലം വിടും.

മരിച്ചു പോകില്ല എങ്കിലും വേദന കടുത്തത് ആണ്.അസുഖ കാലം കഴിഞ്ഞാലും സന്ധി വേദന കുറച്ചു ദിവസങ്ങൾ കൂടി നീണ്ടു നിൽക്കും , വേദന കൊണ്ട് കുനിഞ്ഞു പോകും. അതാണ് കുനിയാപ്പനി.

അതോടെ ആൾക്കാർ ആകെ പരിഭ്രാന്തർ ആയി. പല വഴിയ്ക്ക് പാഞ്ഞു. പലരും കമ്മ്യൂണിസ്റ്റ് പച്ച, അരച്ച് ഇടുന്നു. ചിലർ ഇടിച്ചു പിഴിഞ്ഞ് ഉള്ളിൽ കഴിയ്ക്കുന്നു.

അപ്പോൾ ആണ്, ഒരിടത്തു ആൾക്കാർ ചികിത്സയ്ക്ക് കൂട്ടത്തോടെ പോകുന്നതായി അറിഞ്ഞത്.

ഇതിന് മുൻപ് കേട്ടിട്ടില്ലാത്ത ഒരു നാട്ടു വൈദ്യൻ ചികിത്സ തുടങ്ങിയത്രെ ! ചിക്കൻ ഗുനിയ സ്പെഷ്യലിസ്റ്റ്.

അവിടെ പുതിയ ബസ് സ്റ്റോപ്പ്‌ വന്നു. ബസുകാർ ആ സ്ഥലത്തിന് കുനിയാ മുക്ക് എന്നും പേരിട്ടു.

. ആശുപത്രികളിലേക്കാൾ തിരക്ക് ആണ് അയാൾക്ക്. അവിടെ ആൾക്കാർ ദൂരെ നിന്നും വരെ വരുന്നു.

സർക്കാർ വകയും സ്വകാര്യ മേഖലയിലുമായി പേരെടുത്ത 4 - 5 ആശുപത്രികൾ കൊല്ലത്തു ഏതാനും കി മി ചുറ്റുവട്ടതായി ഉള്ളപ്പോൾ ആണ് ഈ ഗംഭീര ചികിത്സ.

രോഗികൾ കൂടി കൂടി വന്നു. റോഡ് ബ്ലോക്കി വണ്ടികൾ കിടന്നു. ചിക്കൻഗുനിയ പെട്ടെന്ന് ഭേദം ആവും അത്രേ. രോഗം മാറിയവർ സാക്ഷ്യപ്പെടുത്തിയത് കേട്ടും കണ്ടും ആൾക്കാർ കൂടുതൽ ആയി പൊയ്ക്കൊണ്ടിരുന്നു.

എന്നോടും സാക്ഷ്യം പറഞ്ഞു ചിലർ, ഒരു നേരത്തെ മരുന്ന് കഴിച്ചപ്പോൾ തന്നെ ഭേദം ആയി ന്ന്.

അധികം ആയില്ല, ഒരു ദിവസം കേട്ടു ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു, ക്ലിനിക് പൂട്ടി എന്ന്..

മൂപ്പര് കൊടുത്തു കൊണ്ടിരുന്നത് കാൻസർ രോഗികളിൽ ഉപയോഗിയ്ക്കുന്ന വേദന സംഹാരിയും കുളമ്പ് രോഗത്തിന്റെ മരുന്നും കൂടിയാണ്.

കാൻസർ രോഗത്തിന് കൊടുക്കുന്ന മരുന്ന് എന്ന് ഉദ്ദേശിച്ചത് വേദന സംഹാരി ട്രമഡോൾ ആവും. അത് സാധാരണ അത്ര കുഴപ്പമില്ല, അമിത ഡോസ് അല്ലെങ്കിൽ.

കുളമ്പ് രോഗത്തിന്റെ മരുന്ന് എന്താണെന്ന് പിടിത്തം കിട്ടിയില്ല . കാടിയിൽ കലക്കി കുടിയ്ക്കാൻ പറഞ്ഞാലും ആൾക്കാർ ചെയ്യും. ഉറപ്പ് ആണ്.

വൈദ്യൻ അല്ല കംബൗണ്ടർ ആണ്. എന്ന് വച്ചാൽ ഏതോ മൃഗാശുപത്രിയിൽ കുറച്ചു നാൾ സഹായി ആയോ മറ്റോ നിന്നിരുന്നു. അത്രേ ഉള്ളു യോഗ്യത.

( നാട്ടിലുള്ള നാൽക്കാലികൾക്ക് അത് തന്നെ ധാരാളം എന്ന് അയാൾ വിചാരിച്ചു കാണും.)

എത്ര ഡോസിൽ ആണോ കൊടുത്തിരുന്നത് എന്നറിയില്ല. എന്തോ ഭാഗ്യത്തിന് രോഗികൾ ആരും മരിച്ചതായി കേട്ടില്ല.
.........

ഓരോ അസുഖത്തിനും എന്തെങ്കിലും കേട്ട പാതി കേൾക്കാത്ത പാതി മരുന്നോ പച്ചിലയോ ചെടിയോ അതാത് വിഷയത്തിൽ അടിസ്ഥാന യോഗ്യത ഉള്ളവർ പറഞ്ഞാലല്ലാതെ കഴിയ്ക്കരുത്.

കമ്മ്യൂണിസ്റ്റ് പച്ച കാടുപോലെ വളരുന്ന ചെടി ആണ്. അത് മനുഷ്യനോ മൃഗത്തിനോ ഭക്ഷണം അല്ല. മരുന്നും അല്ല.

അത് പോലെ ഒരു ഡോക്ടർ, രോഗ വിവരം കേട്ടോ രോഗിയെ കണ്ടോ എഴുതാത്ത മരുന്നുകൾ കഴിവതും കഴിയ്ക്കരുത്.

മരുന്നായാലും വിഷം ആയാലും എല്ലാം കടന്ന് പോകേണ്ട രണ്ട് പ്രധാനപ്പെട്ട പാവം അവയവങ്ങൾ ഉണ്ട് ശരീരത്തിൽ. അവയെ ധർമ്മ സങ്കടത്തിൽ ആക്കരുത്.

ഒന്ന് , മനുഷ്യ ശരീരത്തിലെ അടുക്കള ആയ കരൾ.. അവിടെ ആണ് മെറ്റബോളിസം നടക്കുന്നത്. അതായത് പാചകം. ആമാശയത്തിൽ നിന്ന് ഭക്ഷണം വലിച്ചെടുത്തു, പോർട്ടൽ വെയ്ൻ വഴി എത്തുന്നത് കരളിൽ ആണ്. അത് പോലെ വിഷ വസ്തുക്കളുടെ നിർവീര്യമാക്കൽ (ഡീറ്റോക്സിഫിക്കേഷൻ ) നടക്കുന്നത് കരളിൽ ആണ് .മരുന്നുകൾ വിഘടിച്ചു വേർതിരിച്ചു എടുക്കുന്നതും മൂപ്പര് ആണ്.
മദ്യം ഉൾപ്പെടെ.

കീടനാശിനികൾ, രാസവസ്തുക്കൾ ( മീനിലിടുന്ന അമോണിയ, ഫോർമാലിൻ, ബെന്സോയിക് ആസിഡ്, ബ്രോയ്‌ലർ കോഴിയിലെ ആന്റിബയോട്ടിക്, കൃഷിയിൽ ഉപയോഗിയ്ക്കുന്ന രാസ വളങ്ങൾ ) തുടങ്ങി എല്ലാം കരളിൽ എത്തുന്നു.

നമ്മൾ കഴിയ്ക്കുന്ന വസ്തുക്കളിൽ ശരീരത്തിന് ദോഷം ആയവ നിർവീര്യം ആക്കാൻ കരൾ പരമാവധി ശ്രമിയ്ക്കും. . ചിലപ്പോൾ അതിന് കഴിഞ്ഞില്ല എന്ന് വരും.

ഇനി കരളിന്റെ പാചകം കഴിഞ്ഞു, ഭക്ഷണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പാർസൽ ആയി കൊടുത്തയയ്‌ക്കേണ്ടത് ഊബർ വിഭാഗം ആയ ധമനികളിൽ കൂടി ആണ്.

ആവശ്യത്തിനുള്ളത് അയച്ചു കഴിഞ്ഞാൽ ബാക്കി അടുക്കളയിൽ, കരളിൽ, തന്നെ സംഭരിച്ചു വയ്ക്കും. അതിൽ ചിലപ്പോൾ വിഷകരമായതും കാണും.

ഉദ. ആവശ്യത്തിലും അധികം ആയ ഇരുമ്പ്, ചെമ്പ്, കൊഴുപ്പ്, ഒക്കെ അടുക്കളയിൽ തന്നെ സൂക്ഷിയ്ക്കും. അങ്ങനെ ഉള്ള വസ്തുക്കൾ കരളിന്റെ പ്രവർത്തനം തകരാറിൽ ആക്കും.

ശരീരം ഉപയോഗിച്ച് കഴിഞ്ഞു ബാക്കി ആയ അവശിഷ്ടങ്ങൾ പുറത്ത് കളയുന്ന കാന ആണ് വൃക്കകൾ. അവിടെ യൂറിയ ഉൾപ്പെടെ ഉള്ള അവശിഷ്ടങ്ങളും വിഷവും മരുന്നുകളും പുറം തള്ളുന്നു.
വൃക്കകൾക്ക് ചില വിഷവസ്തുക്കൾ, മരുന്നുകൾ, (അമിത അളവിൽ വേണം എന്നില്ല ചിലപ്പോൾ ചെറിയ അളവിലും മതിയാവും പ്രത്യേകിച്ച് വൃക്കകൾക്ക് പ്രവർത്തനത്തകരാർ ഉണ്ടെങ്കിൽ ) തുടങ്ങി അരിയ്ക്കുമ്പോൾ കേട് വന്നേക്കാം.

ചിലപ്പോൾ വൃക്ക മുൻപേ തന്നെ പ്രവർത്തന തകരാർ ഉള്ളത് ആയിരിയ്ക്കും.ചിലപ്പോൾ കയ്യാലപ്പുറത്തെ തേങ്ങ പോലെ കേട് ആവാൻ കാത്തിരിയ്ക്കുക ആവാം. ഉന്തിന്റെ കൂടെ തള്ള് എന്ന പോലെ ആവും വിഷവസ്തുക്കൾ കൂടി അരിപ്പയിൽ എത്തുമ്പോൾ.
മൂപ്പര് ചിലപ്പോൾ കാന അങ്ങടച്ചു ലോക്ക് ഡൗൺ ചെയ്തു കളയും.

വൃക്കയിലൂടെ അരിച്ചു പുറത്തു പോയില്ലെങ്കിൽ അവ, മരുന്നുകൾ ഉൾപ്പെടെ രക്തത്തിൽ കൂടി വെറുതെ ചുറ്റി കറങ്ങി, ഇഷ്ടം തോന്നുന്ന മറ്റ് അവയവങ്ങളിൽ ചെന്ന് കേറും അവിടെ കസേരയിട്ടിരിയ്ക്കും.

അത് കൊണ്ടു ആണ് കണ്ണിൽ കണ്ടതോ കേട്ടറിഞ്ഞതോ ആയ മരുന്നുകളോ, ചെടിയോ, ഭസ്മമോ ( ലോഹങ്ങൾ ആണ് ഉള്ളത് ചിലതിൽ മെർക്കുറി ) ഒന്നും കഴിയ്ക്കരുത് എന്ന് പറയുന്നത്.

കാര്യം അവനവന്റെ അടുക്കളയും ഡ്രയിനേജും ആണെങ്കിലും എത്രത്തോളം പ്രവർത്തന ക്ഷമം ആണെന്ന് ചിലപ്പോൾ അറിയണം എന്നില്ല.

കൊറോണയ്ക്ക് hcq അഥവാ ഹൈഡ്രോക്സി ക്ളോറോക്യുൻ ഫലപ്രദം എന്ന് കേട്ടും വായിച്ചും സ്വയം മേടിച്ചു കഴിയ്ക്കരുത്.

അത് മലേറിയ, sle ( systemic lupus erythramatosis ), ആമവാതം ( rheumatoid arthritis ) തുടങ്ങി അസുഖങ്ങൾക്കു കൊടുക്കുന്ന മരുന്ന് ആണ്. ഹൃദയം സംബന്ധമായ അസുഖങ്ങൾ, കണ്ണിന് അസുഖം (retinopathy ), മരുന്നിനോട് അലർജി ഉള്ളവർ ശ്രദ്ധിക്കണം.

ഒരു മരുന്ന് ഒരാളിൽ പ്രവർത്തിയ്ക്കും പോലെ അല്ല ചിലപ്പോൾ മറ്റൊരാളിൽ.

ഒരു മരുന്ന് രോഗിയ്ക്ക് കൊടുക്കുമ്പോൾ
അറിയേണ്ടതും ശ്രദ്ധിയ്‌ക്കേണ്ടതും ആയ ഘടകങ്ങൾ

1:മറ്റ് എന്തെല്ലാം അസുഖങ്ങൾ ഉണ്ട് ( co morbidities )

2: വയസ്സ്,

3 :ശരീര ഭാരം,

4 : ശാരീരിക അവസ്ഥ (ഗർഭിണി )

5 : നിലവിൽ കഴിയ്ക്കുന്ന മറ്റ് മരുന്നുകളുമായിട്ടുള്ള ഇന്റർ ആക്ഷൻസ് (പ്രതിപ്രവർത്തനം )

6 :മരുന്നിന്റെ പാർശ്വഫലങ്ങൾ

7 : മരുന്നുകളോടുള്ള അലർജിയുടെ മുൻ ചരിത്രം,

ഇങ്ങനെ എല്ലാം പരിഗണിച്ചിട്ട് ആണ് ഒരു ഡോക്ടർ മരുന്ന് എഴുതുന്നത്.

സംശയം ഉണ്ടെങ്കിൽ lft (liver function test ) rft (renal function test ) യും ചെയ്ത് നോക്കും.

അത് കൊണ്ട് hcq മേടിച്ചു വച്ചിട്ടുണ്ടെങ്കിൽ സ്വയം കഴിയ്ക്കും മുൻപ് ഡോക്ടറുടെ ഉപദേശം തേടുക.

ഹൈഡ്രോക്സി ക്ളോറോക്യുൻ സ്വയം മേടിച്ചു കഴിയ്ക്കരുത് (ഡോ. ഗംഗ. എസ്)
Join WhatsApp News
തന്നെ ചികിത്സിക്കരുത് 2020-04-10 14:25:21
ഹൈഡ്രോക്സിക്ലോറോക്വിൻ:- പ്ലാക്വിനിൽ (Plaquenil ) എന്ന വ്യാപാരനാമത്തിൽ വിൽക്കപ്പെടുന്ന ഒരു മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ (HCQ). ചില തരത്തിലുള്ള മലേറിയ തടയുന്നതിന് ഇത് ഉപയോഗിക്കുന്നു. ക്ലോറോക്വിൻ -സെൻസിറ്റീവ് മലേറിയയ്ക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ്, പോർഫിറിയ കട്ടാനിയ ടാർഡ എന്നിവയുടെ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്. വായിലൂടെ നൽകുന്ന മരുന്നാണിത്. കൊറോണ വൈറസ് രോഗം 2019 (COVID-19) നുള്ള പരീക്ഷണാത്മക ചികിത്സയായും ഇത് ഉപയോഗിക്കുന്നു. വളരെയേറെ പാർശ്വഫലങ്ങൾ ഉള്ളതിനാൽ, ഒരു ആരോഗ്യവിദഗ്ദന്റെ നിർദ്ദേശപ്രകാരം മാത്രമേ ഇതുപയോഗിക്കാവൂ ഛർദ്ദി, തലവേദന, കാഴ്ചയിലെ മാറ്റങ്ങൾ, പേശികളുടെ ബലഹീനത എന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ. കഠിനമായ പാർശ്വഫലങ്ങളിൽ അലർജി പ്രതിപ്രവർത്തനങ്ങൾ ഉൾപ്പെടാം. എല്ലാ അപകടസാധ്യതകളും ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഇത് ഗർഭകാലത്ത് റുമാറ്റിക് രോഗത്തിനുള്ള ചികിത്സയായി തുടരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ 1955-ൽ വൈദ്യശാസ്ത്ര ഉപയോഗത്തിനായി ഹൈഡ്രോക്സിക്ലോറോക്വിൻ അംഗീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഇതിനെ പെടുത്തിയിട്ടുണ്ട്. മെ ഡിക്കൽ ഉപയോഗം:- മലേറിയ, സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, പോർഫിറിയ കട്ടാനിയ ടാർഡ, ക്യു പനി തുടങ്ങിയ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ച് ചികിത്സിക്കുന്നു. പോസ്റ്റ്-ലൈം ആർത്രൈറ്റിസ് ചികിത്സയിൽ ഹൈഡ്രോക്സിക്ലോറോക്വിൻ വ്യാപകമായി ഉപയോഗിക്കുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സയ്ക്ക് സമാനമായ ആന്റി- സ്പിറോകീറ്റ് പ്രവർത്തനവും വിരുദ്ധ ബാഹ്യാവിഷ്ക്കാര പ്രവർത്തനവും (anti-inflammatory activity) ഇതിന് ഉണ്ടാകാം. ദോഷഫലങ്ങൾ:- -അമിനോക്വിനോലിൻ സംയുക്തങ്ങളോട് ഹൈപ്പർസെൻസിറ്റിവിറ്റി ഉള്ള വ്യക്തികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നിർദ്ദേശിക്കരുതെന്ന് മയക്കുമരുന്ന് ലേബൽ ഉപദേശിക്കുന്നു. രോഗികൾക്ക് ഹൃദയ സംബന്ധമായ അസുഖം, പ്രമേഹം, സോറിയാസിസ് തുടങ്ങിയവ ഉണ്ടെങ്കിൽ ജാഗ്രത ആവശ്യമാണ്. പാർശ്വ ഫലങ്ങൾ:- side effects- ഓക്കാനം, വയറിളക്കത്തോടെയുള്ള, ഇടയ്ക്കിടെയുള്ള വയറുവേദന എന്നിവയാണ് ഏറ്റവും സാധാരണമായ പ്രതികൂല ലക്ഷണങ്ങൾ. ഗുരുതരമായ പ്രതികൂല ഫലങ്ങൾ കണ്ണിനെ ബാധിക്കുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗം നിർത്തലാക്കിയതിനുശേഷവും ഡോസുമായി ബന്ധപ്പെട്ട റെറ്റിനോപ്പതി നിലനിൽക്കാം. ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ശ്രദ്ധയോടെ ഉപയോഗിക്കണം. ബ്രാൻഡ് പേരുകൾ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ ബ്രാൻഡ് നാമങ്ങളിൽ പ്ലാക്കെനിൽ, ഹൈഡ്രോക്വിൻ, ആക്സെമൽ (ഇന്ത്യയിൽ), ഡോൾക്വിൻ, ക്വൻസിൽ, ക്വിനോറിക് എന്നിവ ഉൾപ്പെടുന്നു. കൊറോണ വൈറസ് രോഗം 2019-ചികിത്സ (ഗവേഷണം) COVID-19 ന്റെ പരീക്ഷണാത്മക ചികിത്സയ്ക്കായി ചൈനീസ്, ദക്ഷിണ കൊറിയൻ ആരോഗ്യ അധികൃതർ ഹൈഡ്രോക്സിക്ലോറോക്വിൻ, ക്ലോറോക്വിൻ എന്നിവ ശുപാർശ ചെയ്തിട്ടുണ്ട്. സെൽ കൾച്ചർ പഠനങ്ങൾ‌ തെളിയിക്കുന്നത്‌ SARS-CoV-2 നെതിരെയുള്ള ചികിത്സയിൽ, ക്ലോറോക്വിനിനേക്കാൾ‌ ഹൈഡ്രോക്സിക്ലോറോക്വിൻ ശക്തിയുള്ളതാണെന്നാണ്. 2020 മാർച്ച് 17 ന് ഇറ്റാലിയൻ മെഡിസിൻസ് ഏജൻസിയുടെ ഐഫ സയന്റിഫിക് ടെക്നിക്കൽ കമ്മീഷൻ SARS-CoV-2 അണുബാധയുടെ ചികിത്സയ്ക്കായി ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക