Image

വായ് മൂടലിന്റെ കോറോണശാസ്ത്രം (കളിയും കാര്യവും - ഒരോർമ്മ - ബിന്ദു ടിജി)

Published on 07 April, 2020
വായ് മൂടലിന്റെ  കോറോണശാസ്ത്രം (കളിയും കാര്യവും - ഒരോർമ്മ  - ബിന്ദു ടിജി)
ഭൂമി പല രാജ്യങ്ങളായി   വിഭജിക്കപ്പെട്ടതിൽ പിന്നെ ഒരു ലോക ഭരണാധികാരി ഉണ്ടായിട്ടില്ല . ദൈവം കഴിഞ്ഞാൽ  ഓരോ രാജ്യങ്ങളും തങ്ങളാണ് വലുത് എന്ന് വീമ്പിളക്കി കാലം കടന്നു പോയി . അപ്പോഴാണ് കിരീടം വെച്ച രാജാവ് എഴുന്നുള്ളിയത് . കൊറോണ എന്ന ഭീകരവാദി ഭരണം ഏറ്റ തോടെ ഏകാധിപ ത്യം കൊടികുത്തി വാണു .  അധികാര കസേരയിൽ കയറിയത് മുതൽ വിചിത്രമായ ഭരണമാണ് ഈ ജീവനില്ലാത്ത ജീവി  നടത്തിക്കൊണ്ടിരിക്കുന്നത് . ജനങ്ങളുടെ വായ് മൂടിക്കുക എന്നതാണ്  ഏകാധിപത്യത്തിന്റെ ആദ്യ പടി .  കൊറോണ എന്ന ഏകാധിപതി യെ കാണുമ്പോൾ ഇത്ര ചെറിയവൻ  ഈ ലോകം തന്റെ വിരൽത്തുമ്പിൽ കറക്കുന്നു അധികാരം പണം ഇതെല്ലാമുണ്ടായിട്ടും തനിക്കു ഒരു ചുക്കും ചെയ്യാൻ പറ്റുന്നില്ലാലോ എന്ന സുരക്ഷിതത്വ മില്ലായ്മ പലരെയും അലട്ടി . എന്നാൽ പിന്നെ സുക്കറണ്ണന്റെ കയ്യിൽ നിന്ന് ഒരു ചെറിയ നാട്ടുരാജ്യം  തീറെഴുതി വാങ്ങിച്ച് കുറച്ച് ബഹുമാന്യരായ ജനങ്ങളെ കൂട്ടി ഒരു വാട്ട്സ്ആപ്പ്  ഗ്രൂപ്പ് തുടങ്ങാം എന്ന് അവരിൽ പലരും തീരുമാനിച്ചു . അതിന്റെ അഡ്‌മിൻസ്  ആയപ്പോൾ തങ്ങളും രാജാക്കന്മാരായി എന്നൊരു തോന്നൽ അവരെ പുളകം കൊള്ളിച്ചു . തങ്ങൾ കൊറോണ രാജാവിനൊപ്പമോ അതിലും ഉന്നതരോ ആണെന്ന് അവർ സ്വയം അഭിമാനിച്ചു.  പുറത്ത് കൊറോണ വായ് മൂടിക്കുമ്പോൾ നാട്ടുരാജ്യങ്ങളിൽ രാജ പ്രമാണിമാരെ വക വെയ്ക്കാതെ  "തിരുവായ് ക്കെതിർവായ് " പറയുന്നവരുടെ വായ് മൂടിച്ചും, മാസ് ക് വെച്ച് സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാത്തവരെ തള്ളി പുറത്താക്കിയും അഡ്‌മിൻസ് അവരുടെ അധികാര ഗർവ്വ്  വ്യക്തമാക്കി .  എഴുത്തുകാരും പ്രതികരണ ശേഷിയുള്ളവർക്കും  സുക്കറണ്ണൻ അവർക്ക് പണ്ടേ സ്വന്തമായി പതിച്ചു കൊടുത്ത പാട്ട ഭൂമി യിലേക്ക് തിരിച്ചു പോന്നു. അന്തസ്സോടെ അവർ അവിടെ  അവർക്കിഷ്ടമുള്ള പഴം പച്ചക്കറികൾ വിളയിച്ചു പ്രദർശിപ്പിച്ച്‌ തൽക്കാലത്തേക്ക്  പ്രതികരണപ്പനി മാറ്റി . ഭൂമിയിൽ ചിന്താശീലനായ ഒരുവ നെ ചൂട് പിടിപ്പിച്ച് ശ്വാസകോശത്തിൽ കയറി പടർന്നു മരണവെപ്രാളം അനുഭവിപ്പിക്കുന്ന ആശയ വൈറസുകളെ മാസ്‌ക്  വെക്കാതെ പറത്തി വിടാൻ സൗകര്യം നൽകിയ സുക്കറണ്ണനെ ദിവസവും എഴുത്തുകാർ വിള ക്ക് കൊളുത്തി പൂജിച്ചു. ഭൂമിയിലെ ഏറ്റവും വലിയ സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്ക് ആണ് ഈ പാട്ടഭൂമി എന്നവർ ആവേശപൂർവ്വം പ്രസ്താവിച്ചു.

കൊറോണക്കാലത്തെ "ഷെൽട്ടർ ഇൻ പ്ലേ സ് " നിശ്ശബ്‌ദ മായ ഒരു പൂങ്കാവന മാണ് . ഞാൻ ജർമ്മൻ കവിയായ റിൽക്കെ യോട് ചോദിച്ചു . പ്രിയ സ്നേഹിതാ പൂക്കൾ വിരിയേണ്ട ഭൂമി തരിശ്ശായി കിടക്കുന്നു , ലോകമോ സ്വേച്ഛാധിപതികളുടെ പിടിയിൽ. ഞാൻ എന്ത് ചെയ്യണം . റിൽക്കെ പുഞ്ചിരി തൂകി പറഞ്ഞു നീ ഓർമ്മകളിലേക്ക് മുങ്ങാങ്കുഴി യിട്ട് ബാല്യകാലത്തേക്കു തിരിച്ചു പോകൂ . മേല്പറഞ്ഞ പാട്ടഭൂമി യിൽ വിളയിക്കാൻ പാകത്തിന് വിത്തുകൾ നിനക്ക് കിട്ടാതിരിക്കില്ല . മാസ്‌ക്കുകൾ നിന്റെ ഹൃദയത്തെ മൂടാതിരിക്കട്ടെ.

എന്തിനും ഏതിനും തന്റെ വക ഒരഭിപ്രായം പാസ്സാകുക മലയാളിയുടെ ജനിതക ഘടനയിൽ ഉണ്ട് .  കുടുംബ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും അവർ അത് ചെയ്തിരിക്കും . (കൊറോണ രാജാവിന്റെ ഭരണ ത്തെയും ലോകത്തിലെ ഓരോ രാജ്യവും കൊറോണയെ എങ്ങിനെ ഒതുക്കണം എന്നതിനെ പറ്റിയും മലയാളിയെ പോലെ മറ്റാരും വിശകലനം നടത്തിക്കാണില്ല). ഒരു വീട്ടിൽ കുട്ടികൾ എന്ത് പഠിക്കണം , എന്ത് ജോലി തേടണം എന്തിനധികം വിവാഹ കാര്യങ്ങളിൽ വരെ ഏറെ അകന്ന ബന്ധുക്കൾ പോലും ഒരഭിപ്രായം പറയും . കുട്ടിയോ മാതാപിതാക്കളോ ശക്തരല്ലെങ്കിൽ സ്ഥിതി പരിതാപകരം . ഇത്തരം ധാരാളം ഉപദേശങ്ങൾ  ബാല്യത്തിൽ എന്നല്ല എന്നും  എനിക്ക് ലഭിക്കാറുണ്ട്.  ഞാൻ ഈ ഉപദേശത്തെ    "വാക്ക് " എന്ന രൂപകം കൊണ്ട് വെച്ചുമാറട്ടെ  ചില വാക്കുകൾ ജീവിതത്തിൽ വെളിച്ചം  പകർന്നവ, മറ്റു ചിലത് ഇരുട്ടിലേക്ക് തള്ളിയിട്ടവ . ജീവിതവഴി തന്നെ മാറ്റി മറിച്ച വെളിച്ചം  പകർന്ന ചില ” വാക്കുകൾ”  ഇങ്ങനെയായിരുന്നു.

കടുത്ത ഒറ്റപ്പെടലും അച്ചടക്കവും ഏകാന്തതയും നിറഞ്ഞതായിരുന്നു എന്റെ ബാല്യം . അടുത്ത ബന്ധുക്കൾ അവരുടെ സ്വാർത്ഥ ലാഭത്തിനും കാര്യ സാധ്യത്തിനു മായി ത്യാഗമയിയായ എന്റെ അമ്മയെ ആവോളം ചൂഷണം ചെയ്തിരുന്ന കാലം . ബാല്യത്തിൽ ഒരു കുപ്പിവളയോ മുത്തുമാലയോ എന്തിനു എന്റെകാപ്പിരി തലമുടി  കെട്ടിവെയ്ക്കുന്ന ഒരു റിബ്ബൺ പോലും സ്വന്തം ഇഷ്ടത്തിന് വാങ്ങാൻ എനിക്ക് അനുവാദമില്ല . ഒരു ബന്ധു ചാടി ഇടപെടും . ഞാൻ അമർഷം ഉള്ളിലൊതുക്കി പൊരിയും .'അമ്മ എന്തിനാണ് ഇത്ര അടിമത്തം കാട്ടുന്നത് . ഉത്തരമില്ലാത്ത ചോദ്യമാണ് . അണപൊട്ടിയൊഴുകി ഒരു ദിവസം പ്രതികരിച്ചാൽ ചോരയൊഴുകുന്നത് എന്റെ കാൽ മുട്ടുകളിലായിരിക്കും. ഈ അമർത്തിയ രോഷം ഞാൻ ആവാഹിച്ചെടുത്ത് കരുത്ത് സംഭരിച്ചത് എന്റെ വിദ്യാഭ്യാസത്തിലൂടെ യാണ് .

.  അക്കാലത്ത് പുരോഗമന നോവലുകൾ വായിച്ച് തലയിൽ ചിതറിയ വെളിച്ചം വീണ ഒരു ചേട്ടൻ  .   രാത്രി കാലങ്ങളിൽ ഞങ്ങളുടെ തുറന്ന ഉമ്മറത്തിരുന്ന്  അച്ഛനോട് വാഗ്വാദം നടത്തുന്നത് ഞാൻ കേൾക്കാറുണ്ട് . അദ്ദേഹം കെമിസ്ട്രി ബി എസ സി ക്കു പഠിച്ചുകൊണ്ടിരുന്ന മിടുക്കനായ വിദ്യാർത്ഥി ആയിരുന്നു . നിരവധി സ്കോളർഷിപ്പുകൾ , നേടിയിട്ടുണ്ട് . ഒടുവിൽ അവസാന വർ ഷമായപ്പോൾ "ഈ പഠിത്തത്തിലൊക്കെ  എന്താണ് അർത്ഥം ?""ഞാൻ ആരാണ് ""ജീവിതത്തിന്റെ അർത്ഥമെന്ത് " ഇങ്ങനെയുള്ള തലതിരിഞ്ഞ ചോദ്യങ്ങൾ സ്വയം ചോദിക്കുകയും കോളേജ് പഠനം ഉപേക്ഷിക്കുകയും ചെയ്തു ."മാഷേ ഞാൻ എല്ലാം അവസാനിപ്പിച്ചു ,   കോളേജ് വിട്ടു "  എന്നൊരു മുഖവുര യുമായി എത്തി.”താൻ  എന്ത് അബദ്ധ മാടോ ചെയ്തത് ". എന്ന അച്ഛന്റെ ചോദ്യവും ഓർക്കുന്നു .അങ്ങിനെ ബാച്ച്ലർ ഡിഗ്രി മുഴുമിപ്പിക്കാതെ, സർട്ടിഫിക്കറ്റ് ഇല്ലാതെ, പത്താം ക്ലാസ് യോഗ്യത മാത്രം ആവശ്യപ്പെടുന്ന ഒരു സർക്കാർ ഉദ്യോഗത്തിൽ പ്രവേശിക്കുവാനേ ചേട്ടന് സാധിച്ചുള്ളൂ.   ചേട്ടൻ ഒരു ട്യൂഷൻ സെന്റ ർ  തുടങ്ങി . അച്ഛൻ ഒരു ബുദ്ധി കാണിച്ചു എന്നെ കെമിസ്ട്രി യും കണക്കും പഠിപ്പിക്കാൻ ചേട്ടനോട് ആവശ്യപ്പെട്ടു . അത് വീട്ടിൽ വരുമ്പോൾ ഒഴിവു സമയങ്ങളിൽ മാത്രം . അങ്ങനെ വീടിന്റെ ഉമ്മറത്തിണ്ണയിൽ ബുദ്ധിജീവിചർച്ച ക്കു ശേഷം എന്റെ ഊഴം വരും . സദാ വാചകമടി പ്രിയനായ ചേട്ടൻ എന്നെയും ബോധവൽക്കരിക്കുവാനുള്ള ശ്രമങ്ങൾ നടത്തും . മണ്ടി യായ എനിക്ക് ബോധവൽക്കരണ സ്റ്റഡി ക്ലാസ്സ്കൾ നന്നേ ബോധിച്ചു . കാഫ് ക , കാമു ,യതി പിന്നെ ഓഷോ ഒക്കെ മിക്സ് ചെയത്  കെമിസ്ട്രി യിൽ കലക്കി അൽപാൽപം എനിക്ക് നൽകും . മനസ്സിലാക്കാൻ നന്നേ പാടുള്ള സിദ്ധാന്തങ്ങൾ  . എന്നെങ്കിലും ഒരു നാൾ ഇതൊക്കെ എനിക്ക് മനസ്സിലാകും എന്ന് ഞാൻസ്വപ്നം കണ്ടു.  സ്വയം പഠനം ഉപേക്ഷിച്ചെങ്കിലുംപഠിക്കേണ്ടത് അത്യാവശ്യമാണെന്ന് ചേട്ടൻ ആവർത്തിച്ച് എന്നോട് പറഞ്ഞു . അന്ന് പറഞ്ഞ ഒരു കഥ ഏതാണ്ടിങ്ങനെയാണ് . കുറച്ച് കുട്ടികൾ ലെനിനോട് ചോദിച്ചു , "വിപ്ലവം കഴിഞ്ഞു ഞങ്ങൾ ഇനി എന്ത് ചെയ്യണം" . ലെനിൻ പറഞ്ഞു "നിങ്ങൾ  പഠിക്കണം" . കുട്ടികൾ വീണ്ടും ഈ ചോദ്യം ആവർത്തിച്ചു . “നിങ്ങൾ പഠിക്കണം” എന്ന് ലെനിൻ മൂന്നു പ്രാവശ്യം ആവർത്തിച്ചു മറുപടി പറഞ്ഞു  ചേട്ടന് ലെനിൻ ഒഴികെ മറ്റു ദൈവങ്ങൾ  ഇല്ലായിരുന്നു, ഇടയ്ക്കിടെ എന്റെ 'അമ്മ എടാ നിനക്ക് പള്ളിയിൽ പൊയ്ക്കൂടേ എന്ന് ചോദിക്കുന്നതും കാര്യകാരണ സഹിതം വിശദമാക്കി , അമ്മയെ മുട്ടുകുത്തിച്ചു പറഞ്ഞു വിടുന്നതും ഞാൻ കണ്ടിട്ടുണ്ട് .

 സ്‌കൂൾ  വിനോദയാത്ര യ്ക്ക് അവളിപ്പോ പോകേണ്ട എന്ന് വീട്ടു മന്ത്രിസഭ തീരുമാനമെടുത്ത ഒരു ദിവസം കരഞ്ഞു വീർത്ത മുഖവുമായി കാർബണിന്റെ സംയുക്തങ്ങൾ പഠിക്കാൻ ഞാൻ ഇരുന്നു . എന്താ ബിന്ദു എന്ന ചോദ്യത്തിന് പെണ്ണിന് അല്പം നെഗളിപ്പ് ഉണ്ട് . അവൾക്കു കുടുംബ സ്ഥിതി അറിയില്ല എന്ന അശരീരി അകത്തു നിന്ന് വന്നു . അത് കേട്ട്  അല്പം സഹതാപത്തിൽ എന്നെ നോക്കിയ അദ്ദേഹം മഹത്തായ ഒരു “വാക്ക്” എന്നോട് പറഞ്ഞു "ബിന്ദു , നിനക്ക് പാട്ടുപാവാടകളില്ല, സ്വർണ്ണമാലയില്ല , തിളങ്ങുന്ന പാദസരങ്ങളില്ല നിനക്ക് കയ്യിലുള്ള ഒരേ യൊരു ആയുധം പഠിക്കുക  എന്നതൊന്നു മാത്രമാണ് . ജീവിക്കാനാവശ്യമായ ധനം ഉണ്ടാകണം നിനക്ക് , അതിനായ് നീ പഠിക്കുക ആഞ്ഞു തുഴയുക ".  ആ “വാക്ക്”  എന്റെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവായിരുന്നു . പഠനം മാർക്കുകൾ മാത്രമല്ല വിശാലമായ ലോകത്തേക്കുള്ള ഒരു  വാതിൽ  കൂടിയാണ് എന്നെനിക്ക് വെളിച്ചം കിട്ടി. അനേകം ബന്ധുക്കൾ ഉപദേശങ്ങൾ നൽകി കടന്നു പോയിട്ടുണ്ട് . ഇങ്ങനെ വെളിച്ചം പരത്തുന്ന വാക്കുകൾ അവരാരും പറഞ്ഞു കേട്ടിട്ടില്ല  .

 പത്താം  ക്ലാസ് കഴിഞ്ഞാൽ ബിന്ദു എന്ത് ചെയ്യും എന്ന് പതിവ് ബന്ധുക്കൾ അന്വേഷണം തുടങ്ങി . ഭാവി എന്ത് എനിക്കറിയില്ലായിരുന്നു . പത്താം ക്ലാസ്സിലെ ഓണപരീക്ഷ കഴിഞ്ഞു ഫിസിക്സ് ടീച്ചർ ഉത്തരക്കടലാസ് വിതരണം തുടങ്ങി . അന്നൊക്കെ ക്ലാസ്സിൽ മാർക്ക് വായിക്കുക എന്ന പ്രാകൃത സമ്പ്രദായം ഉണ്ടായിരുന്നു .ടീച്ച ർ സ്നേഹാതുരമായി എന്റെ  ഉത്തരക്കടലാസ് മറ്റു കുട്ടികൾക്കഭിമുഖമായി പിടിച്ചു . “നൂറുമാർക്ക് . അരിച്ചു പെറുക്കി ഞാൻ നോക്കി ഒന്നും കുറയ്ക്കാനില്ല . ബിന്ദു എഞ്ചിനീയറിംഗ് നു പോകണം”. എന്നിൽ പ്രകാശം നിറച്ച രണ്ടാമത്തെ “വാക്ക്” .  നേരത്തെ ചേട്ടൻ പറഞ്ഞ ഒരു കാര്യമുണ്ട് ജീവിക്കാനാവശ്യമായ ധനം ഉണ്ടാകണം .ചേട്ടൻ പറഞ്ഞ കാര്യങ്ങൾ പ്രവർത്തികമാ ക്കാനുള്ള വഴിയാണ് ടീച്ചർ എന്നോട് പറഞ്ഞിരിക്കുന്നത് . ഈ വഴി തിരഞ്ഞെടുക്കുക തന്നെ.

  അന്ന്  വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു . എല്ലാവർക്കും  സന്തോഷമായി . ഒരു പട്ടുപാവാട ഓണത്തിന് വാങ്ങി ത രാ ൻ ബഡ്‌ജറ്റ്‌  പാസാക്കി . അങ്ങനെ അതാ പഠിപ്പു കൊണ്ട് കാലങ്ങളായി മോഹിച്ച ഒരു പട്ടു പാവാട കയ്യിൽ വന്നിരിക്കുന്നു . ചേട്ടന്റെ വാക്കിന് ജീവൻ വെച്ച പോലെ . അന്നുമുതൽ തൃശൂർ എൻജിനീയറിങ് കോളേജിന്റെ പച്ച നിറത്തിലുള്ള കോളേജ് ബസ് ആയി എന്റെ സ്വപ്നലോകം . അതിൽ കയറുന്ന ആദ്യദിവസവും .

 ഒരു ദിവസം പത്തു കഴിഞ്ഞാൽ ഇവളെ എന്തിനു പറഞ്ഞയക്കണം എന്ന് അച്ഛനും അമ്മയും കൂടി രഹസ്യ സംഭാഷണം നടത്തുന്നത് ഞാൻ കേട്ടു  പേടിപ്പെടുത്തുന്ന ഒരു സംഗതി അച്ഛൻ അമ്മയോട് പറഞ്ഞു . ഇവൾ ഫിസിക്‌സ് , കെമിസ്ട്രി , കണക്ക് ഇതിൽ തരക്കേടില്ല . നമുക്ക് നെടുപുഴയിലുള്ള വിമൻസ് പോളി ടെക്‌നിക്കിൽ ഇവളെ വിടാം . മൂന്ന് കൊല്ലം കൊണ്ട് ജോലി . ഞാൻ വിറച്ചു ചത്തു . ഒരു ഡിപ്ലോമ യിൽ അവസാനിക്കും ഡിഗ്രി കിട്ടില്ല . വേണ്ട.  പക്ഷെ പറഞ്ഞാൽ ലോകയുദ്ധം പൊട്ടി പുറപ്പെടും . അനുസരണ യാണ് ആ വീടിന്റെ പുണ്യം . പത്താം ക്ലാസ് പരീക്ഷാ ഫലം വന്നു .മാർക്ക്  കുഴപ്പമില്ല, പ്രതീക്ഷിച്ച പോലെ ഒന്നാം കിട കോളേജിൽ പ്രവേശനം കിട്ടും .   വിപ്ലവകാരിയുടെ ആവേശത്തോടെ എന്റെ ആഗ്രഹം  ഞാൻ പറഞ്ഞു . അച്ഛൻ മറ്റു നിർദ്ദേശവും വെച്ചു . ഒരു രാഷ്ട്രീയ ബുദ്ധി തലയിൽ വന്നു . രണ്ടു വർ ഷം  നോക്കാം എഞ്ചിനീറിങ്ങിനു കിട്ടിയാൽ അങ്ങോട്ട് പോകാം അല്ലെങ്കിൽ ഈ വഴി.  സമ്മതിച്ചു . അടുത്ത കടമ്പ പി സി തോമസ് മാഷ് ന്റെ  അടുത്ത് എൻട്രൻസ് പഠനത്തിന് പോകേണ്ടതാണ് . അന്ന് അഞ്ഞൂറ് രൂപയാണ് ഫീസ് . ധൈര്യം സംഭരിച്ച് ആവശ്യം പറഞ്ഞു . അക്കാലത്ത് എന്റെ  ഗ്രാമത്തിൽ നിന്ന്   ഈ വഴിയിൽ  അധികം പെൺകുട്ടികൾ സഞ്ചരിച്ചിട്ടില്ലായിരുന്നു.  വല്ലാത്ത നെഗി ളിപ്പുണ്ട് പെണ്ണിന് ഇവൾ എഞ്ചിനീയർ ആയി വന്നാൽ ഇവൾക്ക് പഠിപ്പൊത്ത ഒരു ചെറുക്കനെ ആര് കൊണ്ട് വരും . സ്ത്രീധനം എവിടെ ? അലമാരിയിൽ നിറഞ്ഞിരിക്കുന്നസാഹിത്യ പുസ്തകങ്ങൾ വിറ്റാൽ അതിനു  തികയുമോ ? അമ്മയുടെ ചോദ്യത്തിന് ഒരു ഭൂമികുലുക്കത്തിന്റെ ഛായ ഉണ്ടായിരുന്നു . ഒരു പെൺകുട്ടി പഠിക്കാൻ പോകുമ്പോൾ ഇത്രയൊക്കെ ചിന്തിക്കണം എന്നെനിക്കു മനസ്സിലായി . പക്ഷേ ഞാൻ പുറകോട്ടില്ല.      തല്ക്കാലം രക്ഷപ്പെടാൻ  അച്ഛൻ ഒരു അബദ്ധം അമ്മയോട് പറഞ്ഞു . നീയൊന്നടങ്ങ് . ഇവൾ മണ്ടിയാണ് . എങ്ങിനെയോ പത്താം ക്ലാസ്സിൽ മാർക്ക് കിട്ടി . പ്രീ ഡിഗ്രി അവൾക്കു താങ്ങാനാവില്ല . നമ്മൾ വിചാരിച്ച തേ  നടക്കൂ . 'അമ്മ അടങ്ങി . കാശ് കിട്ടി . ഞാൻ ഓടി തൃശൂർ കിഴക്കേ കോട്ടയിലെ മാഷുടെ ക്ലാസ്സിലേക്ക് . അർജ്ജുനൻ അമ്പെയ്ത്തിൽ പക്ഷിയുടെ തല മാത്രം കണ്ടതുപോലെ രണ്ടുവർഷം .

. പ്രീഡിഗ്രി റിസൾട്ട് വന്നു . കോഴിക്കോട് ആർ ഇ സി യിൽ അന്ന് മാർക്ക് മാത്രം മതി .എനിക്ക് അവിടെ കിട്ടിയേക്കും . ഞാൻ പറഞ്ഞു . അടുത്തലോകയുദ്ധ ത്തിന്റെ മണി മുഴങ്ങി . മിണ്ടിയില്ല . കാത്തിരുന്നു .ഒടുവിൽ എഞ്ചിനീയറിംഗ് എൻട്രൻസ് ന്റെ റിസൾട്ട് വരുന്നതിനു തലേന്ന് രാത്രി അച്ഛൻ എല്ലാരോടുമായി പറഞ്ഞു . നാളെ പത്രം വരുമ്പോൾ ഒരു നിലവിളി ഉണ്ടാകും ആരും പേടിക്കേണ്ട . അമ്മയും അച്ഛനും സഹോദരനും ഉറങ്ങി . ഒരു പോള  കണ്ണടയ്ക്കാൻ പറ്റാതെ  നേരം വെളുപ്പിക്കാൻ പാട് പെട്ട്  ഞാനും . രാവിലെ എക്സ്പ്രസ്സ്പത്രം വീഴുന്ന ഒച്ച ഒരു വെടിയൊച്ച പോലെ തറച്ചു .  അച്ഛൻ വാതിൽ തുറന്നു , തുണ്ടു കടലാസ്സിൽ എന്റെ രെജിസ്ട്രേഷൻ നമ്പറും . ഞാൻ കണ്ണ് പൂട്ടി കിടന്നു . അച്ഛൻ ഉച്ചത്തിൽ കൂവി ബിന്ദൂന്റെ നമ്പർ ഉണ്ട് ... ഞാൻ ഉറക്കെ കരഞ്ഞു ... സഹോദരൻ ചാടി എണീറ്റു ... കരയുന്ന എന്നെ നോക്കി കിട്ടിയില്ല  അല്ലേ ... പിന്നീട് അവൻ എന്നെ കെട്ടിപിടിച്ചു ചേച്ചീ ..അവനും കരഞ്ഞു .

 പുലി മുറ്റത്തു നിന്ന് പോയില്ല .അമ്മ മൂന്നാം ലോക യുദ്ധം പ്രഖ്യാപിച്ചു . ഇവളെ പറഞ്ഞയക്കില്ല ..  ബന്ധുക്കൾ ഉപദേശത്തിനെത്തി .'അമ്മ പറയുന്നതിൽ കാര്യമുണ്ട് എന്ന് സ്ഥാപിച്ചു . എന്നെ ഇരുട്ടിൽ തള്ളിയിട്ട് അവർ പോയി . പിന്നെ ഒരേ യൊരു ആശ്രയം കരച്ചിലാണ് . ആഹാരം ഉപേക്ഷിച്ച് കരഞ്ഞു.  അച്ഛൻ ധർമ്മസങ്കടത്തിലായി . അടുത്ത ദിവസം 'അമ്മ ദ്വേഷ്യം മൂത്ത് തൊട്ടടുത്ത  ആമിന ഉമ്മയുടെ വീട്ടിൽ ചെന്നു . ഉമ്മയോട് സങ്കടം പറഞ്ഞു . വീട്ടിലെ പരിതസ്ഥികൾ ഓർക്കാതെ അവൾ വലിയ പഠിപ്പിനു  പോകാൻ ഒരുങ്ങുന്നു . അച്ഛന് വിവേകമില്ല . ഓർത്തിട്ടു അമ്മയ്ക്ക് ഒരന്തവുമില്ല .വിരലടയാളം സ്വന്തം ഒപ്പായി ഇടുന്ന നിരക്ഷര  യായിരുന്നു ആമിന ഉമ്മ . ഞാനും അവരെ ഉമ്മ എന്ന് അവരുടെ മക്കളോടൊപ്പം വിളിച്ചിരുന്നു . അവർ അമ്മയെ ഉപദേശിച്ചു .."എന്റെ ടീച്ചറെ , നിങ്ങൾ പറയുന്നു ഇത് മേൽത്തരം പഠിപ്പാണെന്ന് . ആ കുട്ടിക്ക് പടച്ചോൻ നേദിച്ചത് അതാവും . പടച്ചോനെ ഏൽപ്പിച്ച് നിങ്ങൾ ആ കുട്ടീടെ ഇഷ്ടം നടത്തി നെ ന്ന് , ങ്ങള് സമാധാനായി ഈ ചായീ ൻറെ ബെള്ളം കുടിക്കീൻ, ഒക്കെ പടച്ചോൻ നേരെയാക്കും”.അമ്മ ക്ഷോഭം ഒടുങ്ങി ശാന്തമായ കടൽ പോലെ തിരിച്ചു വന്നു . ആമിനുമ്മ പറഞ്ഞപ്പോ എനിക്കൊരു ആശ്വാസം . തമ്പുരാൻ എന്തെങ്കിലും വഴി കാട്ടി തരും . ഇവൾ പൊക്കോട്ടെ.എനിക്ക് ഭാവി വഴി തെളിച്ച മൂന്നാമത്തെ വെളിച്ചമുള്ള "വാക്ക്" , എഴുത്തും വായനയും അറിയാത്ത ആമിന ഉമ്മയുടെ വാക്ക്

കാലങ്ങൾ കടന്നു പോയി . വെക്കേഷന് നാട്ടിൽ എത്തുമ്പോൾ ഞാൻ ചേട്ടനെ കാണാൻ  പോകാറുണ്ട് . ഒരിക്കൽ കവിത എഴുതുന്ന രസം പറഞ്ഞു . നീയോ വല്ല പൈങ്കിളി എഴുതി നിറയ്ക്കുന്നുണ്ടാകും . നിന്നെപോലുള്ളവർ എഴുതി വെറുതെ കടലാസ്സ് കളയരുത് . ഭൂമി നിലനിൽക്കണം . രാസമാറ്റം പുസ്തകം  ഞാൻ അദ്ദേഹത്തിന് എത്തിച്ചു .അച്ഛൻ എന്നെ വിളിച്ചു പറഞ്ഞു . നിന്നോട് സംസാരിക്കണമെന്ന് ചേട്ടൻ പറഞ്ഞു . നേരിട്ട് പറയണം ത്രേ . അവനെ നിന്റെ പുസ്തകം അത്ഭുതപ്പെടുത്തി . ബിന്ദു നീ എഴുതിക്കോളൂ.

 മനുഷ്യന് വിവേചന ശക്തിയും സംസാരശേഷിയും നൽകിയിട്ടുള്ളത് ആവശ്യമുള്ളപ്പോൾ മാത്രം വാ തുറക്കുവാനും അല്ലാത്തപ്പോൾ അത് മൂടി കെട്ടുവാനുമാണ് . അതെപ്പോഴൊക്കെ എന്നറിയാനുള്ള വിവേകം അതീന്ദ്രിയ ശക്തിയാൽ നമുക്കുണ്ടാകട്ടെ . പുറത്തുപോകുന്ന ഒരു വാക്കിന് കൊറോണവൈറസിന്റെ ശക്തിയുണ്ട് എന്ന കരുതൽ നമുക്കുണ്ടാകട്ടെ . ഒരുവന്റെ ജീവിതം  തന്നെ മാറ്റിമറിക്കാൻ  ശക്തിയുള്ള വൈറസ് ആണ് വാക്ക് .പറയുന്ന ഒരു വാക്ക് കേൾക്കുന്നവന്റെ ജീവിതത്തിൽ വെളിച്ചം പകരാ ൻ  സാധിക്കുമെങ്കിൽ മാത്രം പറയുക . വൈറസ് പോലുള്ള വാക്കുകൾ മൂടികെട്ടുക.മറ്റുള്ളവരുടെ ജീവിതങ്ങളിൽ അനാവശ്യമായി കടന്നു ചെല്ലാതെ സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുക . ആരോഗ്യകരമായ അകലം വൈറസ് ബാധ ഒഴിവാക്കും . എത്ര അകലം എപ്പോൾ പാലിക്കണം എത്ര അടുപ്പം അത് എപ്പോൾ അടുക്കണം  എന്നറിയാനുള്ള വിവേകവും അതീന്ദ്രിയ ശക്തി നമുക്ക് നൽകട്ടെ.

 വെളിച്ചം വിതറുന്ന വാക്കുകളാൽ എന്റെ ജീവിതം ധന്യമാക്കിയ ചേട്ടൻ , ഫിസിക്സ് ടീച്ചർ , ആമിന ഉമ്മ , അസാധ്യമെന്നു എന്ന്  ഞാൻ കരുതിയ  പല കാര്യങ്ങളും എനിക്ക് സാധ്യമെന്ന് ഒരു വാക്കിന്റെ ശക്തിയാൽ ആത്മ വിശ്വാസം പകർന്ന  മഹാമനസ്‌ക രേ യും ഞാൻ ഇന്ന് സ്മരിക്കട്ടെ. ഇരുട്ടിലാക്കിയ വാക്കുകൾ കുഴിച്ചു മൂടട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക