Image

തുഴ പോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും (മധു കൊട്ടാരക്കര)

Published on 07 April, 2020
തുഴ പോയ തോണിയില്‍ തകരുന്ന  നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും (മധു കൊട്ടാരക്കര)
ലോകത്തെ ഒരു ഫ്രയിമിനകത്താക്കി നമ്മള്‍ വിവിധ രാജ്യക്കാര്‍ അണനിരന്നു ഫോട്ടൊയ്ക്ക് പോസ് ചെയ്യുകയാണെന്നു സങ്കല്‍പ്പിക്കുക. ആ ഫ്രയിമിന്റെ ഇരുവശത്തുമുള്ള ആളുകള്‍ മരിച്ചുവീഴുന്ന കാഴ്ചയാണ് നമ്മള്‍ കുറച്ചു ദിവസങ്ങളായി കാണുന്നത്. അതായത്  നമ്മളില്‍ പലരിലേക്കും  ഇനി അധിക ദൂരമില്ലെന്നര്‍ഥം. അമേരിക്കക്കാരനെന്നോ ആഫ്രിക്കക്കാരനെന്നോ ഏഷ്യക്കാരനെന്നോ വ്യത്യാസമില്ലാതെ നമ്മള്‍ കാണാല്‍പോലും പറ്റാത്ത വൈറസിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നു. ഇതുവരെയുണ്ടായിരുന്ന പകയും വിദ്വേഷവും അലിഞ്ഞില്ലാതാകുന്നു. വലിപ്പച്ചെറുപ്പമില്ലാതെ രാജ്യങ്ങള്‍ പകച്ചുനില്‍ക്കുന്നു.

 എന്നാലും നമുക്കൊക്കെ ആശ്വാസം തരുന്ന കാര്യങ്ങള്‍ പലതും ഉണ്ട്. 730 കോടിയുള്ള ലോക ജനസംഖ്യയില്‍ 12 ലക്ഷംപേര്‍ക്കെ അസുഖം ബാധിച്ചൊള്ളു. 730 കോടി ജനങ്ങളില്‍ 63000 പേര്‍ക്കേ ജീവഹാനി സംഭവിച്ചുള്ളു. ഇറ്റലയിലും സ്‌പെയിനിലും കോവിഡിന്റെ പീക്ക് ടൈം കഴിഞ്ഞു എന്നും പറയാം. കൊവിഡ് ബാധിച്ചു മരിച്ചവരില്‍ കൂടുതലും മറ്റ് അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ ആണ്. 70 വയസിനു മുകളിലുള്ളവരുടെ പ്രതിരോധ ശക്തി കുറവായിരിക്കും. അവരൊക്കെ ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ മറ്റുപല അസുഖങ്ങള്‍ കൊണ്ടും പ്രയാസം അനുഭവിക്കുന്നവരും ആണ്. മരണം തട്ടിയെടുക്കുന്ന ചെറുപ്പക്കാര്‍ക്കും അവരുടെ മെഡിക്കല്‍ ഹിസ്റ്ററി   ലഭ്യമാകുന്ന വിവരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ശ്വാസ കോശ ബുദ്ധിമുട്ടുകളും മറ്റ് ശാരീരിക വഷമ്യതകളും കാണാന്‍ കഴിയും . കൃത്യമായ കാരണങ്ങള്‍ക്ക് ഇനിയും ഒരുപാടു കാത്തിരിക്കേണ്ടി വരും . ശ്വാസകോശത്തെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

ലോകത്തെ 206  രാഷ്ട്രങ്ങള്‍ കൊവിഡിനെതിരേ പോരാട്ടത്തിലാണ്. അമേരിക്കയിലും സ്ഥിതി മറിച്ചല്ല. എന്നാല്‍ ചിലരെങ്കിലും കേരളത്തെയും അമേരിക്കയേയും പ്രത്യേകിച്ച് ന്യുയോര്‍ക്ക് നഗരത്തെ താരതമ്യം ചെയ്ത് വാര്‍ത്തകള്‍ക്ക് നിറം പിടിപ്പിക്കുന്നതായി കാണുന്നു.ഇതൊരു താരതമ്യത്തിന്റെ സമയമല്ല സുഹൃത്തുക്കളെ , തെറ്റു കുറ്റങ്ങളുമൊക്കെ കൊറോണ കഴിഞ്ഞ ജീവന്‍ ബാക്കിയുണ്ടെങ്കില്‍ നമുക്ക് സം വദിക്കാം .എന്നാല്‍  രണ്ടു  പ്രദേശങ്ങളുടെയും കരുത്ത് മനസ്സിലാക്കിയിരിക്കുന്നതെപ്പോഴും നല്ലത്.  ഈ രണ്ടു പ്രദേശങ്ങളും  ലോകത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു.

 ന്യൂയോര്‍ക്ക് ഒരു രാജ്യമാണ്. മഹാരാജ്യത്തിനുള്ളിലെ രാജ്യം. ലോകത്തിന്റെ പരിച്ഛദമാണീ സംസ്ഥാനം. ലോകരാജ്യങ്ങള്‍ ഒരു പാര്‍ലമെന്റ് കൂടിയാല്‍ അതിനു സാക്ഷ്യം വഹിക്കുന്നത് ന്യൂയോര്‍ക്ക് ആയിരിക്കും.
 
ന്യൂയോര്‍ക്കിന്റെ ജിഡിപി എന്നു പറയുന്നത് മിക്ക രാജ്യത്തിന്റെയും ജിഡിപിക്കു മുകളിലാണ്. ന്യൂയോര്‍ക്ക് നഗരത്തിന്റെ ജിഡിപിതന്നെ മൂന്നര ശതമാനത്തിനു മുകളിലാണ് കാനഡ എന്ന രാജ്യത്തെ മുഴുവനായി എടുത്താലും.

 ഏറ്റവും വലിയ രാജ്യങ്ങളുടെ സമ്പദ്ഘടനയില്‍ 10 ാം സ്ഥാനത്താണ് ന്യൂയോര്‍ക്ക് നഗരം കിടക്കുന്നത്. ഏകദേശം 1.71 ട്രില്യന്‍ ഡോളര്‍. അതും ബ്രസീലിന്റെ തൊട്ടുപിറകില്‍. ഈ നഗരമാണ് അമേരിക്ക എന്ന രാജ്യത്തിന്റെ നട്ടെല്ല്.

 കൊവിഡ് കേസുകള്‍ പരിഗണിച്ചാല്‍ അമേരിക്കയിലെ ഏകദേശം 40 ശതമാനം ന്യുയോര്‍ക്ക് നഗരത്തില്‍തന്നെയാണ്. ന്യുയോര്‍ക്കിനെയും ന്യുജേഴ്‌സിയേയും ഡിലിറ്റ് ചെയ്ത് അമേരിക്കയിലെ കേസുകള്‍ നോക്കിയാല്‍ വളരെ കുറവാണ്. മരണനിരക്കും കുറവാണ്.

 രാജ്യത്തെ ഏറ്റവും പുതിയ കണക്കെടുത്ത് പരിശോധിച്ചാല്‍ വര്‍ഷംതോറും ഫഌ വന്നു മരിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്.

 കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കെടുത്ത് പരിശോധിച്ചാല്‍ തന്നെയും മറ്റ് അസുഖങ്ങള്‍ പിടിപെട്ടു മരിക്കുന്നവരുടെ കണക്കുകള്‍ ഇപ്പോള്‍ വേര്‍തിരിച്ചുവരുന്നില്ല എന്നും കാണുന്നു.

 മറ്റസുഖങ്ങള്‍ ഉള്ളവര്‍ക്ക് കൊറോണ വൈറസ് ശരീരത്തില്‍പ്രവര്‍ത്തിക്കുന്നതു മൂലം രോഗം മാരകമാകാനുള്ള സാധ്യത വളരെകൂടുതലാണ് എന്നു മാത്രം.

 അതിലൊരു പ്രധാനകാരണം അമേരിക്കക്കാരുടെ  രോഗപ്രതിരോധ ശക്തി നമ്മള്‍ കേരളീയരെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതാണ്. നമ്മുടെ കേരളത്തിലെ ജീവിത സാഹചര്യങ്ങളാണ് നമ്മുടെ പ്രതിരോധ ശക്തി വര്‍ധിപ്പിച്ചത്. അമേരിക്ക ഒരു സാനിറ്റൈസ്ഡ് രാജ്യമായതിനാലാണ് പ്രതിരോധ ശക്തി കുറഞ്ഞുപോയത് എന്നും പറയാം.

 രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുണ്ടായ  ബേബി ബൂം അമേരിക്കയിലെ ജനസംഖ്യ 76.4  മില്യന്‍ വരെ കൂട്ടിയിട്ടുണ്ട്. അമേരിക്കയുടെ മൊത്തം ജനസംഖ്യ 329 മില്യന്‍ വരും. ഇതില്‍ 72 മില്യനോളം ഈ ബേബി ബൂമേഴ്‌സ് ആണ്.

 70 വയസുകഴിഞ്ഞ ഇവര്‍ക്കെല്ലാം എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും?.പ്രത്യേകിച്ച് കൊറോണ പോലെയുള്ള ഒരു ഭീകര വൈറസിനെ നേരിടുക ഒരു സാഹസം തന്നെയാണ്  . ന്യുയോര്‍ക്ക് ഗവര്‍ ണര്‍ പറഞ്ഞതു പോലെ, കോവിഡ് ഇല്ലായിരുന്നെങ്കില്‍ ഇവരൊന്നും ഇപ്പോള്‍ മരിക്കില്ലായിരുന്നു,

 ന്യൂയോര്‍ക്ക് എല്ലാ രാജ്യക്കാരുടേയും സംഗമ ഭൂമിയാണ് . പല സംസ്കാരങ്ങളാണ് ഇവിടെ. പല പല രീതികളാണ്. ലോകത്തിന്റെ ഏറ്റവും വലിയ വിപണന കേന്ദ്രമാണ്.നമ്മുടെ വീട്ടിലേക്ക് പെട്ടെന്നൊരു 20   ക്ഷണിക്കപെടാത്ത അതിഥികളെത്തുകയാണെന്ന് കരുതുക.നമ്മള്‍ തുടക്കതിലൊന്നു പതറുമെങ്കിലും സമയമെടുത്ത് അവര്‍ ക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ സാധിക്കും . തുടക്കത്തിലെ പാളിച്ച ഒരിക്കലും നമ്മുടെ ഒരു വീഴ്ചയായി കാണാന്‍ സാധിക്കില്ല. ക്ഷണിക്കാതെ വന്ന കോവിഡിന്റെ കാര്യത്തിലും ന്യുയൊര്‍ക്കിനു സംഭവിച്ചതു ഇതു തന്നെയാണ്.
 ഇനി കേരളത്തെ നോക്കിയാലോ

 1970 കള്‍ക്കു ശേഷമാണ് കേരളം രാജ്യത്തിനു ചില സൂചനകള്‍ കാണിച്ചു തുടങ്ങിയത്. ആരോഗ്യ, ക്രമസമാധാന മേഖലകളില്‍ ഇന്ത്യക്കു മാതൃകയാകുന്നതാണ് തുടര്‍ന്നിങ്ങോട്ടു നാം കണ്ടത്. 'കേരള മോഡല്‍' എന്നൊരു പദം തന്നെ രൂപപ്പെട്ടു. ഒട്ടനവധി സംസ്ഥാനങ്ങള്‍ കേരള മോഡല്‍ പഠനവിഷയമാക്കി.

 വിദേശരാജ്യങ്ങളില്‍നിന്നുപോലും ഇതു പഠിക്കാന്‍ പ്രതിനിധികളെത്തി. സംസ്ഥാനത്തിന്റെ രൂപീകരണം മുതല്‍, ആരോഗ്യസംരക്ഷണം സര്‍ക്കാര്‍ സര്‍ക്കാരുകളുടെ ഉടമസ്ഥതയിലൊന്നായിരുന്നു. 1986 മുതല്‍ 1996 വരെയുള്ള കാലഘട്ടങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ കേരളത്തില്‍ ഉയര്‍ന്നുപൊങ്ങി.

 ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ പലപ്പോഴും രാജ്യത്തിനു മാതൃകയാണ്.
 നമ്മുടെ ആരോഗ്യ സൂചികകള്‍ വികസിത രാജ്യങ്ങളുടേതിനു തുല്യമാണ്. കുറഞ്ഞ ജനനമരണ നിരക്ക്, ആരോഗ്യ സംവിധാനങ്ങളുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, കുടുംബാസൂത്രണ രീതികള്‍, ഉയര്‍ന്ന് ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ സംസ്ഥാനം വികസിത രാജ്യങ്ങളോടു കിടപിടിക്കുന്നതാണ്.

 ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം. അലോപ്പതി (വെസ്‌റ്റേണ്‍ മെഡിസിന്‍), ആയുര്‍വേദം, ഹോമിയോപ്പതി എന്നിങ്ങനെ. സിദ്ധ, യുനാനി സംവിധാനങ്ങള്‍ വേറേയും. ആരോഗ്യ പരിചരണത്തിന് വിഭാഗങ്ങളെല്ലാം ഉപയോഗിക്കുന്നു എന്നതാണ് ഇന്ത്യയുടെ പ്രത്യേകത. കേരളവും ഈ മൂന്നു വിഭാഗങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്നു.

 അലോപ്പതിയെ മാത്രം നമ്മള്‍ ആശ്രയിക്കുന്നില്ല. ഒരോ പഞ്ചായത്തിലും ഹോമിയോ, ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ കേരളത്തിലുണ്ട്. ജനങ്ങള്‍ക്ക് അവര്‍ക്കു തോന്നുന്ന ചികിത്സാ രീതികള്‍ ഉപയോഗപ്പെടുത്താം.

 ത്രീ ടയര്‍ സിസ്റ്റമാണിവിടെ. ഓരോ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും (സിഎച്ച്‌സി) ഏകദേശം 23,000 ആളുകള്‍ക്ക് മാസം സേവനം നല്‍കുന്നു. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രവും (പി.എച്ച്.സി) ഏകദേശം 26,000 പേര്‍ക്ക് സഹായകമാകുന്നു. ജില്ലാ ആശുപത്രികള്‍ ഉപയോഗിക്കുന്നവര്‍ ഒരു മാസം ഒരു ലക്ഷത്തിനു മുകളിലാണ്.
 മൂന്നോ നാലോ വാര്‍ഡുകള്‍ക്ക് ഒരു സിഎച്ച്‌സിയും പഞ്ചായത്തില്‍ ഒരു പിഎച്ച്‌സിയും ഉണ്ട്. 40 മുതല്‍ 50 കിടക്കകള്‍ വരെ ഒരോ പിഎച്ച്‌സിയിലും ഉണ്ട്.

 അതുമാത്രമല്ല ഒരോ വ്യക്തിയുടേയും ആരോഗ്യവിവരങ്ങള്‍ അങ്കണവാടി മുഖേന ശേഖരിച്ചുവയ്ക്കുന്നു. അതുകൊണ്ടുതന്നെ ഒരു മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ പ്രദേശാടിസ്ഥാനത്തില്‍ ജനങ്ങളുടെ ആരോഗ്യസംവിധാനം നോക്കി അതിനുവേണ്ട മുന്‍കരുതലെടുക്കാന്‍ സംസ്ഥാനത്തിനു കഴിയുന്നുണ്ട്.

 താഴെത്തട്ടിലേക്കു വ്യാപിക്കുന്ന ഈ വിപുലമായ ശൃംഖല ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. സാംക്രമിക, സാംക്രമികേതര രോഗങ്ങളെ തടയാന്‍ വര്‍ഷാവര്‍ഷം ശ്രമങ്ങള്‍ നടത്തുന്നു. ഇപ്പോഴും ബിസിജി വാക്‌സിന്‍ എല്ലാകുട്ടികള്‍ക്കും കൊടുക്കുന്നു. പോളിയോ അടക്കമുള്ള കുത്തിവയ്പ്പുകള്‍ യഥാസമയം നടത്തുന്നു. അതുകൊണ്ടുതന്നെയാണ് ണഒഛ മേധാവി ഇന്ത്യയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്  ആ രാജ്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് പേടിയില്ല. വസൂരിയും മലേരിയയും കോളറയും പോളിയോയും പടികടത്തിയ നാടാണ്ത്.

 നമ്മളെല്ലാം അമേരിക്കക്കാരാണ്, ഇന്ത്യക്കാരാണ് എന്നു പറയുന്നതില്‍ ഒരു ചെറിയ മാറ്റംവരുത്തി നമ്മളെല്ലാം ഈ ലോകത്തുള്ളവരാണെന്ന് പറയണം. ലോകത്തിന്റെ ഫ്രയിമില്‍നിന്ന് മാഞ്ഞുപോകാതിരിക്കാന്‍ വേണ്ടിയാകണം നമ്മുടെ പ്രവര്‍ത്തികള്‍. വെള്ളക്കാരനും കറുത്തവനും ഇരുനിറമുള്ളവനും ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോ കാണുമ്പോഴാണ് കണ്ണിന് ഇമ്പമുണ്ടാകുന്നത്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം.

 അതേ...നമ്മളെല്ലാം ഒരു കുടുംബത്തിലുള്ളവരാണ്


Join WhatsApp News
Raju Mylapra 2020-04-08 09:36:07
പഠനാർഹമായ ഒരു അവലോകനം. സമഗ്രം, സമ്പൂർണ്ണം. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക