Image

ന്യു യോര്‍ക്കില്‍ രണ്ടാം ദിനവും മരണ സംഖ്യ കൂടിയില്ല; ലോക്ക് ഡൗണ്‍ 30 വരെ നീട്ടി

Published on 06 April, 2020
ന്യു യോര്‍ക്കില്‍ രണ്ടാം ദിനവും മരണ സംഖ്യ കൂടിയില്ല; ലോക്ക് ഡൗണ്‍ 30 വരെ നീട്ടി
ന്യു യോര്‍ക്ക്: 599 പേര്‍ കൂടി മരിച്ച ന്യു യോര്‍ക്കില്‍ അത്യാവശ്യമല്ലാത്ത ഓഫീസുകളും കടകളുംഅടച്ചിടുന്നത് ഈ മാസം 29 വരെ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ നീട്ടി. ഇതിനായി 'ന്യു യോര്‍ക്ക് ഓണ്‍ പോസ്'എക്‌സിക്യൂട്ടിവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു.

ഇതോടെ ലക്ഷക്കണക്കിനു ജോലിക്കാര്‍ ഈ മാസവും വീട്ടില്‍ തന്നെ ഇരിക്കേണ്ട സ്ഥിതിയിലായി. മാര്‍ച്ച് 22 മുതലാണു ഭാഗികമായ ലോക്ക് ഡൗണ്‍ ആരംഭിച്ചത്. ഗ്രോസറി സ്റ്റോര്‍, മെഡിക്കല്‍ സ്റ്റോര്‍, ഹോട്ടലുകള്‍ എന്നിവ തുറക്കും. പക്ഷെ പലതും ഏതാനും മണിക്കൂര്‍ മാത്രമാണ് തുറക്കുന്നത്. സേവനങ്ങളും കുറച്ചു.
ഇത് സമ്പദ് രംഗത്ത് ദോഷം ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ പൊതുജനാരോഗ്യത്തിനാണു താന്‍ മുന്‍ ഗണന നല്‍കുന്നത്.

മരണ നിരക്ക് കൂടാത്തത് പ്രതീക്ഷ ഉണര്‍ത്തുന്നു.തിങ്കളാഴ്ച പത്ര സമ്മേളനം നടത്തുന്നതിനു മുന്‍പുള്ള 24 മണിക്കൂറില്‍ 599 മരണം.തലേന്നു 594 പേരാണു മരിച്ചത്. അതിനു മുന്‍പുള്ള ദിവസം 630 പേരും.

രണ്ട് ദിവസമായി മരണ നിരക്ക് കൂടാത്തത് വിദൂരത്തില്‍ ഒരു പ്രകാശനാളം കാണുന്നതു പോലെയാണെന്നു ഗവര്‍ണര്‍ പറഞ്ഞു. മരണ നിരക്ക് ഒരേ തലത്തില്‍ നില്‍ക്കുന്നതിനര്‍ഥം നമ്മുടെ സാമൂഹിക അകലം പാലിക്കല്‍പോലുള്ള ശ്രമങ്ങളുടെ വിജയമാണ്. സാമൂഹിക അകലം പാലിക്കുന്നത് തുടരണം. ഈ ശത്രുവിനെ ആദ്യ ദിനത്തില്‍ തന്നെ നാം ചെറുതായി കണ്ടു. അതിനു വലിയ വിലയും കൊടുത്തു.

സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് പിഴ 500 ഡോളറില്‍ നിന്ന് 1000 ഡോളറായി ഉയര്‍ത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.

ന്യു യോര്‍ക്കിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞു. സ്റ്റേറ്റില്‍130,689 പേര്‍ക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. മരണം 4758. ഇതില്‍ 67,820 രോഗബാധിതര്‍ ന്യു യോര്‍ക്ക് സിറ്റിയിലാണ്. സിറ്റിയില്‍ 219 പേര്‍ കൂടി മരിച്ചു. മൊത്തം 24,75 മരണം.

നേവി ആശുപത്രി കംഫര്‍ട്ടില്‍ കോവിഡ് രോഗികളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. 1000 ബെഡ്ഡുള്ള ആശുപത്രിയില്‍ കൊറോണ ഇല്ലാത്ത രോഗികളെ മാത്രമാണു പ്രവേശിപ്പിക്കുന്നത്

ഇതേ സമയം മോര്‍ച്ചറികളും ഫ്യൂണറല്‍ ഹോമുകളും നിറഞ്ഞ സാഹചര്യത്തില്‍ പാര്‍ക്കുകളില്‍ സംസ്‌കാരം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ന്യു യോര്‍ക്ക് സിറ്റി കൗണ്‍സില്മാനും സിറ്റി കൗണ്‍സില്‍ ഹെല്ത്ത് ചെയറുമായ മാര്‍ക്ക് ലിവൈന്‍ ട്വീറ്റ് ചെയ്തു. പത്ത് കാസ്‌കറ്റ് വയ്ക്കാവുന്ന ട്രെഞ്ച് ആണു പരിഗണിക്കുക. ഇത് താല്ക്കാലികമായിരിക്കും. ഇറ്റലിയിലെ സ്ഥിതി ഇവിടെ ഉണ്ടാകാതിരിക്കാനാണിത്. മരണ നിരക്ക് കുറഞ്ഞാല്‍ ഇതിന്റെ ആവശ്യം ഉണ്ടാവില്ല.

എന്നാല്‍ പാര്‍ക്കില്‍ സംസ്‌കരിക്കുന്ന കാര്യം ആലോചിച്ച്ട്ടില്ലെന്നു മേയറും ഗവര്‍ണറും വ്യക്തമാക്കി. താല്ക്കാലിക സംസ്‌കാരത്തിനു സിറ്റിക്കു സംവിധാനമുണ്ടെന്നു മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക