Image

കോവിഡ് 19: സൗദിയില്‍ ഇന്നു നാലു മരണം

Published on 06 April, 2020
കോവിഡ് 19: സൗദിയില്‍ ഇന്നു നാലു മരണം

റിയാദ്: കൊറോണ വൈറസ് ബാധ മൂലം സൗദിയില്‍ ഇന്നു നാലു പേര്‍ കൂടി മരിച്ചതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 38 ആയി. 138 പേര്‍ക്ക് വിവിധ പ്രവിശ്യയില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2523 ആയി. 63 രോഗികള്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ സൗദിയില്‍ പൂര്‍ണമായും അസുഖത്തില്‍ നിന്നും മോചിതരായവരുടെ എണ്ണം 551 ആയി. 1934 പേര്‍ ഇപ്പോള്‍ കോവിഡ് പോസിറ്റീവ് ആയി രാജ്യത്ത് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സാമൂഹ്യ വ്യാപനത്തിനു സാധ്യതയുള്ളതിനാല്‍ രാജ്യത്തെ മുഴുവന്‍ ആളുകളും വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കി. ലോക്ക് ഡൗണ്‍ സമയത്തില്‍ ഇളവുള്ള സമയത്തും വളരെ അത്യാവശ്യമുള്ളവര്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ഇപ്പോഴുള്ള പ്രവിശ്യയില്‍ നിന്നും പുറത്തേക്ക് പോകാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.

വിവിധ രാജ്യങ്ങളിലെ യാത്രാവിലക്ക് കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സൗദി പൗരന്മാര്‍ക്ക് രാജ്യത്തേക്ക് തിരിച്ചെത്താന്‍ സഹായിക്കുന്ന പദ്ധതിക്ക് സൗദി ഭരണകൂടം രൂപം നല്‍കി.പ്രത്യേക വിമാനങ്ങളിലായിരിക്കും ഇവരെ തിരിച്ചെത്തിക്കുക. ഇതിനായി വിദേശങ്ങളിലുള്ള സൗദി പൗരന്മാര്‍ അപേക്ഷ നല്‍കണം. വൈറസ് ബാധ തീവ്രമായി ബാധിച്ചിട്ടുള്ള രാജ്യങ്ങളില്‍ അകപ്പെട്ടിട്ടുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. അതുപോലെ ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആദ്യ പരിഗണന നല്‍കും. ഇവര്‍ രാജ്യത്ത് തിരിച്ചെത്തിയാല്‍ 14 ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയണം. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11000 ഹോട്ടല്‍ മുറികള്‍ സജ്ജീകരിച്ചു കഴിഞ്ഞതായി ടൂറിസം മന്ത്രാലയം അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നും പൗരന്മാരെ കൊണ്ടു വരുന്നതിനായി വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സൗദി വ്യോമയാന അതോറിറ്റിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക