Image

ഭക്ഷ്യധാന്യകിറ്റ് പാവപ്പെട്ടവര്‍ക്ക് വിട്ടുനല്‍കി മണിയന്‍പിള്ള രാജു: ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വീട്ടിലെത്തി അഭിനന്ദിച്ചു

Published on 06 April, 2020
ഭക്ഷ്യധാന്യകിറ്റ് പാവപ്പെട്ടവര്‍ക്ക് വിട്ടുനല്‍കി മണിയന്‍പിള്ള രാജു:  ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വീട്ടിലെത്തി അഭിനന്ദിച്ചു

തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി ചലച്ചിത്രനടന്‍ മണിയന്‍പിള്ള രാജു. ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സ്പെഷ്യല്‍ ഭക്ഷ്യധാന്യകിറ്റ് അര്‍ഹര്‍ക്ക് നല്‍കാനായി ഓണ്‍ലൈനായി സമ്മതപത്രം നല്‍കിയത്. അര്‍ഹനായ ഒരാള്‍ക്ക് തന്റെ സംഭാവന സഹായകമാകുമെങ്കില്‍ അതിലാണ് സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.


സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ (www.civilsupplieskerala.gov.in) 'ഡൊണേറ്റ് മൈ കിറ്റ്' ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാര്‍ഡ് നമ്ബര്‍ നല്‍കിയാല്‍ ലഭിക്കുന്ന ഒ.ടി.പി എന്‍റര്‍ ചെയ്താല്‍ ലളിതമായി കിറ്റ് സംഭാവന ചെയ്യാനാകും.


കഴിഞ്ഞദിവസം റേഷന്‍ കടയില്‍ പോയി റേഷന്‍ ഭക്ഷ്യധാന്യം വാങ്ങിയതിനെക്കുറിച്ചും ഭക്ഷ്യധാന്യത്തിന്റെ ഗുണമേന്‍മയെക്കുറിച്ചും മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇത്രയും ഗുണനിലവാരമുള്ള അരിയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് വാങ്ങിയപ്പോഴാണ് മനസിലായതെന്നും സര്‍ക്കാര്‍ നമുക്കായി ഒരുക്കിത്തരുന്ന ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 


ഇത് കേട്ടറിഞ്ഞ് ഒട്ടേറെപ്പേര്‍ റേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്ന കൊറോണക്കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സേവനം ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക