Image

ലോകശ്രദ്ധയില്‍ ന്യൂജേഴ്‌സി, വിരമിച്ചവരെ തിരിച്ചെടുക്കുന്നു, ഭീതിയോടെ മലയാളികളും (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 06 April, 2020
ലോകശ്രദ്ധയില്‍ ന്യൂജേഴ്‌സി, വിരമിച്ചവരെ തിരിച്ചെടുക്കുന്നു, ഭീതിയോടെ  മലയാളികളും (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 71 മരണങ്ങളും 3,482 പോസിറ്റീവ് ടെസ്റ്റുകളും സംഭവിച്ചതോടെ കോവിഡ്-19 ന്റെ രാജ്യത്തെ രണ്ടാമത്തെ ഹോട്ട് സ്‌പോട്ടായി ന്യൂജേഴ്‌സി മാറി. ഇതുവരെ ഇവിടെ 917 മരണങ്ങളാണുള്ളത്. സംസ്ഥാനത്തൊട്ടാകെ 37,505 രോഗികളും. ഇതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുരുതരാവസ്ഥയിലുണ്ട്. 

ബര്‍ഗന്‍ കൗണ്ടിയില്‍ 189 മരണങ്ങളുണ്ടായി. ഇവിടെ 6187 പേര്‍ രോഗികളായുണ്ട്. തൊട്ടുപിന്നിലായി എസെക്‌സ് കൗണ്ടിയുണ്ട്, 172 മരണങ്ങളുമായി. 4,082 രോഗികള്‍ ഗുരുതരാവസ്ഥയില്‍ ഇവിടെയുണ്ട്. ഹഡ്‌സണ്‍ കൗണ്ടിയില്‍ 87 പേര്‍ മരിച്ചു. 3,924 രോഗികളാണ് ഇവിടെയുള്ളത്. 

പസ്സെയിക്ക് കൗണ്ടിയില്‍ 42 മരണങ്ങളും 3,227 രോഗികളും. യൂണിയന്‍ കൗണ്ടിയില്‍ 71 മരണങ്ങളും 3,216 രോഗികളും. മിഡില്‍സെക്‌സ് കൗണ്ടിയില്‍ 80 മരണങ്ങളും 2,950 രോഗികളും. മന്‍മത്ത് കൗണ്ടിയില്‍ 58 മരണങ്ങളും 2,354 പോസിറ്റീവ് കേസുകളും. ഓഷ്യന്‍ കൗണ്ടിയില്‍ 62 മരണങ്ങളുണ്ടായി. രോഗികളുടെ എണ്ണം 2,177. 

മോറിസ് കൗണ്ടിയില്‍ ഇതുവരെ 55 പേര്‍ മരിച്ചു, രോഗികള്‍ 1,800. സോമര്‍സെറ്റില്‍ 26 മരണങ്ങള്‍, രോഗികളായത് 833 പേര്‍. മെര്‍സര്‍ കൗണ്ടിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 16 മരണങ്ങളും 654 കേസുകളും. 

കാംഡനില്‍ എട്ടു മരണങ്ങള്‍, 556 രോഗികളും. ബര്‍ലിംഗ്ടണ്‍ കൗണ്ടിയില്‍ 11 മരണങ്ങളും 547 രോഗികളും. സസെക്‌സില്‍ 9 മരണം, ഗ്‌ളൂക്കോസ്റ്ററില്‍ 3 മരണങ്ങള്‍ വാറന്‍ കൗണ്ടിയില്‍ 6 മരണങ്ങള്‍, ഹണ്ടര്‍ഡണില്‍ രണ്ടു മരണം, അറ്റ്‌ലാന്റികില്‍ ഒരാളും കേപ്‌മേയില്‍ രണ്ടു പേരും കംബര്‍ലാന്‍ഡില്‍ രണ്ടു പേരും സേലം കൗണ്ടിയില്‍ രണ്ടു പേരും മരിച്ചു. ഇവിടൊക്കെയും പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. 

ലൈസന്‍സുകള്‍ സൗജന്യമായി വീണ്ടും

കൊറോണ വൈറസിനെതിരെ പോരാടാന്‍ ന്യൂജേഴ്‌സിയെ സഹായിക്കുന്നതിന് വിരമിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നേഴ്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും ഇപ്പോള്‍ അവരുടെ ലൈസന്‍സുകള്‍ സൗജന്യമായി വീണ്ടും അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരം റെസ്പിറ്റോറി കെയര്‍ തെറാപ്പിസ്റ്റുകള്‍ക്കും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സജീവമായിരുന്ന ലൈസന്‍സുള്ള മറ്റുള്ളവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ സേവനമനുഷ്ഠിക്കുന്ന ന്യൂജേഴ്‌സി ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമേകാന്‍ ഈ പ്രവൃത്തി സഹായിക്കുമെന്ന് പഞ്ചാബി വംശജനായ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ ഗ്രേവല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരത്തില്‍ ഏകദേശം 1,000 ത്തിലധികം ഡോക്ടര്‍മാര്‍ക്കും പതിനായിരക്കണക്കിന് നഴ്‌സുമാര്‍ക്കും യോഗ്യതയുണ്ടെന്ന് ഗ്രേവലിന്റെ ഓഫീസ് പറയുന്നു. ഒരു ദിവസത്തിനകം അവര്‍ക്ക് ഗ്രീന്‍സിഗ്നല്‍ ലഭിക്കും. പുതിയ ലൈസന്‍സുകള്‍ സംസ്ഥാനത്തിന്റെ പൊതു അടിയന്തരാവസ്ഥയിലുടനീളം പ്രാബല്യമുണ്ടായിരിക്കും.

ഇപ്പോഴത്തെ സാഹചര്യത്തില്‍, ന്യൂ ജേഴ്‌സിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ചില വിദേശ ഡോക്ടര്‍മാരെയും ഈ ഉത്തരവ് അനുവദിക്കുന്നു. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മരുന്നുകളുടെ കുറിപ്പുകള്‍ക്കും അനുമതി നല്‍കും. പുറമേ, ഫിസിഷ്യന്‍ അസിസ്റ്റന്റുമാര്‍ക്കും അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സുമാര്‍ക്കും ഡോക്ടറുടെ മേല്‍നോട്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ അവസരവും നല്‍കും. സംസ്ഥാനത്തെ ആശുപത്രികളിലെ ബുദ്ധിമുട്ട് ലഘൂകരിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് മാറ്റങ്ങള്‍. ഗ്രേവലിന്റെ ഓഫീസ് പറയുന്നതനുസരിച്ച് 4,000 ത്തോളം സംസ്ഥാന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ താല്‍ക്കാലിക ലൈസന്‍സുകള്‍ ലഭിച്ചിട്ടുണ്ട്. 5,200 ആരോഗ്യ പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ആഹ്വാനത്തിന് ഇതിനകം മറുപടി നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. കൂടാതെ, ചില നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ ഫോണിലൂടെ ഹോം ചെക്കപ്പുകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.

സാധാരണഗതിയില്‍, സൂപ്പര്‍വൈസിംഗ് നഴ്‌സുമാര്‍ ചില വൃദ്ധരെയും വികലാംഗരെയും 60 ദിവസത്തിലൊരിക്കല്‍ പ്ലാന്‍ ഓഫ്‌ കെയര്‍ വിലയിരുത്തലുകള്‍ക്കായി സന്ദര്‍ശിക്കണം. പകരം ഫോണ്‍ കോളുകളോ വീഡിയോ ചാറ്റുകളോ അനുവദിക്കുന്നതിനാണ് ഈ നിയമം ഒഴിവാക്കിയതെന്ന് ഉപഭോക്തൃ കാര്യ വിഭാഗം അറിയിച്ചു. ആയിരത്തിലധികം സ്വകാര്യ ഗാര്‍ഹികആരോഗ്യ ബിസിനസുകള്‍ സംസ്ഥാനത്തുണ്ട്, ഓരോന്നിനും കുറഞ്ഞത് ഒരു സൂപ്പര്‍വൈസിംഗ് നഴ്‌സെങ്കിലും വേണം. ദിവസേനയുള്ള ഹോം കെയര്‍ നല്‍കുന്ന നഴ്‌സുമാര്‍ക്ക് ഈ ഇളവ് ബാധകമല്ല.


ന്യൂജേഴ്‌സിയിലെ ചെറി പൂക്കള്‍

കൊറോണ വൈറസ് എല്ലാതരത്തിലുമുള്ള ആഘോഷങ്ങള്‍ റദ്ദാക്കി. പക്ഷേ, ന്യൂജേഴ്‌സിയിലെ ചെറി പൂക്കള്‍ പുഷ്പിച്ചു നില്‍ക്കുന്നതു കാണാന്‍ കഴിയും, എങ്ങനെയെന്നോ? ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്നു മാത്രം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം, പിങ്ക്, വൈറ്റ് പൂക്കള്‍ കാണാന്‍ ന്യൂവാര്‍ക്കിലെ ബ്രാഞ്ച് ബ്രൂക്ക് പാര്‍ക്കിലൂടെ കാല്‍നടയായി പോകുന്ന ആയിരങ്ങളെ പിന്തിരിപ്പിച്ചു കഴിഞ്ഞു. നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യുകയോ പുറത്തുകടക്കുകയോ ചെയ്യാത്തിടത്തോളം കാലം നിങ്ങള്‍ക്ക് പാര്‍ക്കിലൂടെ വാഹനമോടിക്കാന്‍ കഴിയുമെങ്കിലും ചെറി ബ്‌ളോസം ഫെസ്റ്റ് റദ്ദാക്കി. 

കൂടുതല്‍ എന്‍95 മാസ്‌കുകളും മറ്റ് ആവശ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും സംസ്ഥാനത്തിന് ഉടന്‍ ലഭിക്കുമെന്ന് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു. 70,000 ത്തിലധികം എന്‍95 മാസ്‌കുകളും 5,000 ഗ്ലൗസുകളും സംസ്ഥാനത്തിന് ലഭിക്കും. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി സംസാരിച്ച അദ്ദേഹം 1,650 വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് കൂടുതല്‍ സപ്ലൈസ് ആവശ്യമുണ്ടെന്ന് അറിയിച്ചിരുന്നു.


സെനറ്റര്‍ വിന്‍ ഗോപാല്‍

മന്‍മത്ത് കൗണ്ടിയിലെ അഞ്ച് ആശുപത്രികള്‍ക്കും 75 പോലീസ് വകുപ്പുകള്‍ക്കും പ്രഥമശുശ്രൂഷാ സ്‌ക്വാഡുകള്‍ക്കും ആയിരക്കണക്കിന് മാസ്‌കുകള്‍, ലാറ്റക്‌സ് ഗ്ലൗസുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ സ്‌റ്റേറ്റ് സെനറ്ററും മലയാളിയുമായ വിന്‍ ഗോപാല്‍ (ഡി 11-ാമത് ഡിസ്ട്രിക്റ്റ്) സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചു.
വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ക്കും മറ്റ് സാധനങ്ങള്‍ക്കുമായി വിന്‍ ഗോപാല്‍ ഫൗണ്ടേഷന്‍ 25,000 ഡോളര്‍ ഇതുവരെ സ്വരൂപിച്ചു. മന്‍മത്ത് കൗണ്ടിയിലെ ജനങ്ങള്‍ക്കായി സംഭാവനകളിലൂടെ സ്വരൂപിക്കാന്‍ ഗോപാലിനു ഈറ്റണ്‍ ടൗണ്‍ പോലീസ് മേധാവി ബില്‍ ലൂസിയയുടെ പിന്തുണയുമുണ്ടായിരുന്നു. ഫ്രീഹോള്‍ഡിലെ സെന്റര്‍സ്‌റ്റേറ്റ് ഹോസ്പിറ്റല്‍, ഹോംഡെലിലെ ബേഷോര്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, ലോംഗ് ബ്രാഞ്ചിലെ മന്‍മത്ത് മെഡിക്കല്‍ സെന്റര്‍, നെപ്റ്റിയൂണിലെ ജേഴ്‌സി ഷോര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍, റെഡ് ബാങ്കിലെ റിവര്‍വ്യൂ ഹോസ്പിറ്റല്‍ എന്നീ അഞ്ച് ആശുപത്രികളിലേക്ക് 1,40000 എന്‍95 മാസ്‌കുകള്‍ നല്‍കുമെന്ന് വിന്‍ ഗോപാല്‍ പറഞ്ഞു. 

പണം സ്വരൂപിക്കുന്നതിനു പുറമേ, ടോംസ്‌റിവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സര്‍ജിക്കല്‍ സപ്ലൈയില്‍ നിന്നുള്ള ആയിരക്കണക്കിന് മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ലഭിച്ചുവെന്ന് ഗോപാല്‍ പറഞ്ഞു. സംഭാവനകള്‍ സ്വീകാര്യമാണെങ്കിലും സാധനങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനായി അവ സംസ്ഥാന ആരോഗ്യ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗോപാല്‍ പറഞ്ഞു.

ആബര്‍ഡീന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുതല്‍ വെസ്റ്റ് ലോംഗ് ബ്രാഞ്ച് ഫസ്റ്റ്എയിഡ് സ്‌ക്വാഡ് വരെയുള്ള കൗണ്ടിയുടെ 53 മുനിസിപ്പാലിറ്റികളില്‍ പകുതിയിലധികം സഹായവുമായി മുന്നിട്ടിറങ്ങിയെന്നു കോള്‍ട്ട്‌സ് നെക്കിലെയും ഫ്രീഹോള്‍ഡിലെയും മുന്‍ സന്നദ്ധസേവകനായ ഗോപാല്‍ പറഞ്ഞു. ലോംഗ് ബ്രാഞ്ച് നിവാസിയായ 34 കാരനായ രാഷ്ട്രീയക്കാരന്‍ 2017 നവംബറില്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അദ്ധ്യക്ഷനായിരുന്നു. സംഭവാനകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ vingopalcivic.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


ഡോ. ആന്റണി ഫൗച്ചി 

ഇതിനിടയിലും അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട പൊതു വ്യക്തികളില്‍ ഒരാളായി മാറിയിരിക്കുന്ന ഡോ. ആന്റണി ഫൗച്ചി  ന്യൂജേഴ്‌സിക്കാരുടെ പ്രിയപ്പെട്ടവനാകുന്നു. അതിനു കാരണമുണ്ട്. 

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് എപ്പിഡെമിക് ഡിസീസസ് ഡയറക്ടര്‍ എന്ന നിലയില്‍, കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് രാജ്യത്ത് ഏറ്റവും വലിയ ഹീറോ ആയ അദ്ദേഹത്തിന്റെ ഭാര്യ ന്യൂജേഴ്‌സി സ്വദേശിയാണ്. ഡോ. ക്രിസ്റ്റിന്‍ ഗ്രേഡി ലിവിംഗ്സ്റ്റണില്‍ നിന്ന്. പിതാവ് ജോണ്‍ എച്ച്. ജൂനിയര്‍ 1976 മുതല്‍ രണ്ട് ടേം നഗരത്തിലെ മേയറായി സേവനമനുഷ്ഠിച്ചയാളാണ്. ജോര്‍ജ്ജ്ടൗണില്‍ നഴ്‌സിംഗ്, ബയോളജി എന്നിവയില്‍ ബിരുദവും ബോസ്റ്റണ്‍ കോളേജില്‍ നിന്ന് നഴ്‌സിംഗില്‍ ബിരുദാനന്തര ബിരുദവും നേടുന്നതിന് മുമ്പ് അവര്‍ ലിവിംഗ്സ്റ്റണ്‍ ഹൈസ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. പീന്നിടവര്‍ ജോര്‍ജ്ജ്ടൗണിലേക്ക് പോയി പിഎച്ച്ഡി നേടി, ഫിലോസഫിയില്‍. 1980 കളില്‍ എയ്ഡ്‌സിനെതിരെ പോരാടി, എച്ച്‌ഐവി പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ കമ്മീഷനില്‍ സേവനമനുഷ്ഠിക്കുകയും എച്ച്‌ഐവി വാക്‌സിന്‍ തിരയുന്നതിനെക്കുറിച്ചുള്ള പ്രബന്ധം 1995 ല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ക്ലിനിക്കല്‍ സെന്ററിലെ ബയോളജിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ. ഗ്രേഡിയെ 35 വര്‍ഷം മുന്‍പാണ് ഡോ. ഫൗച്ചി  വിവാഹം കഴിക്കുന്നത്. ബ്രസീലിലെ ഒരു ഒരു മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് അവര്‍ കണ്ടുമുട്ടിയത്. ഇപ്പോഴവര്‍ക്ക് മൂന്ന് മുതിര്‍ന്ന പെണ്‍മക്കളുണ്ട്, എല്ലാവരും വാഷിംഗ്ടണ്‍ ഡി.സിയില്‍ താമസിക്കുന്നു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ ഡോ. ഫൗസി ദിവസേന 20 മണിക്കൂര്‍ ജോലിചെയ്യുമ്പോള്‍, ഡോ. ഗ്രേഡി കൂട്ടായി ഒപ്പമുണ്ട്. 

മരണാനന്തര ചടങ്ങുകള്‍ 

കൊറോണ പടരുമ്പോഴുള്ള ഏറ്റവും വലിയ ദുഃഖം മരണാസന്നരായരെ ഒരു നോക്കു കാണാനോ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിയില്ലെന്നതാണ്. ഇത് സ്പാനിഷ് പനി പോലെയല്ല. ആളുകള്‍ക്ക് ഇപ്പോഴും ശവസംസ്‌കാരം നടത്താന്‍ കഴിയുമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, ഇറ്റലി ശവസംസ്‌കാരം ഉള്‍പ്പെടെയുള്ള സിവില്‍, മതപരമായ ചടങ്ങുകള്‍ നിരോധിച്ചതിനു തൊട്ടു പിന്നാലെ അമേരിക്കയും ഈ തീരുമാനമെടുത്തു. മരണാനന്തര ചടങ്ങുകളില്‍ ഹാജരാകുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുന്ന 'വെര്‍ച്വല്‍' ശവസംസ്‌കാരങ്ങള്‍ കുടുംബങ്ങള്‍ നടത്തണമെന്ന് രോഗ നിയന്ത്രണ കേന്ദ്രങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കോവിഡ്-19 മൂലം മരണമടഞ്ഞയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്കു മാത്രമല്ല സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ബന്ധ ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം ഇനിമേല്‍ മറ്റൊരു സംസ്‌ക്കാര ചടങ്ങുകള്‍ക്കും സംസ്ഥാനത്ത് ഒത്തുചേരാനാവില്ല എന്നത് ദുഃഖത്തിന്റെ വ്യാപ്തി വൈകാരികമായി വര്‍ദ്ധിപ്പിക്കുന്നു. 

ചില ആധുനിക ശവസംസ്‌കാര സമ്പ്രദായങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശം ആദ്യഘട്ടത്തില്‍ ഉയര്‍ന്നെങ്കിലും വൈറസിന്റെ പ്രഭാവം ശക്തിപ്പെട്ടതോടെ അതു മാറ്റി. ഇപ്പോള്‍ കുടുംബാംഗങ്ങള്‍ക്കു ചെയ്യാനാവുന്നത് ഒന്നു മാത്രം, അവരുടെ ഭൗതികശരീരങ്ങള്‍ക്കപ്പുറം അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാം. ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ, ഗ്ലാസ് വിന്‍ഡോയ്ക്ക് അപ്പുറത്ത് നിന്ന് അനുവദിച്ചാല്‍ മാത്രം, പ്രിയപ്പെട്ടവരെ കാണാനാവൂ എന്നതാണ് സ്ഥിതി. നിരവധി മലയാളികള്‍ നമ്മെ വിട്ടുപിരിഞ്ഞു പോയി. ഇനിയാരൊക്കെയെന്നും എപ്പോഴെന്നും ആര്‍ക്കറിയാം. മണ്‍മറഞ്ഞു പോയവര്‍ക്കു മുന്നില്‍ ആദരാഞ്ജലികളുടെ കണ്ണീര്‍ കൂപ്പുകൈ, അവരുടെ വിയോഗത്തില്‍ വിലപിക്കുന്നവരുടെ ദുഖഃത്തില്‍ പങ്കുചേരുന്നതിനൊപ്പം അനുശോചിക്കുകയും ചെയ്യുന്നു.

ലോകശ്രദ്ധയില്‍ ന്യൂജേഴ്‌സി, വിരമിച്ചവരെ തിരിച്ചെടുക്കുന്നു, ഭീതിയോടെ  മലയാളികളും (ജോര്‍ജ് തുമ്പയില്‍)ലോകശ്രദ്ധയില്‍ ന്യൂജേഴ്‌സി, വിരമിച്ചവരെ തിരിച്ചെടുക്കുന്നു, ഭീതിയോടെ  മലയാളികളും (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക