Image

കൊറോണ വൈറസിന്റെ രണകാഹളത്തിന് ഈണം ഇടുന്നവര്‍!!! (കിഞ്ചന വര്‍ത്തമാനം 6: ജോര്‍ജ് നെടുവേലില്‍)

Published on 05 April, 2020
കൊറോണ വൈറസിന്റെ രണകാഹളത്തിന് ഈണം ഇടുന്നവര്‍!!! (കിഞ്ചന വര്‍ത്തമാനം 6: ജോര്‍ജ് നെടുവേലില്‍)
ഇതിനോടകം, കൊറോണാ വൈറസ് ബഹുഭൂരിപക്ഷം രാജ്യങ്ങളെയും ബാധിച്ചിരിക്കുന്നു. ഉത്തരോത്തരം ശക്തിയാര്‍ജ്ജിക്കുന്നു.  ആബാലവൃദ്ധം അതുമൂലം കഷ്ടത്തിലായിരിക്കുന്നു. അനുദിനം അനേകര്‍ കാലനെ അനുഗമിക്കുന്നു. അടുത്തൊന്നും ശമിക്കുന്ന മട്ടില്ലെന്ന് തോന്നുന്നു. “ഒരു നിശ്ചയമില്ല ഒന്നിനും” എന്ന് ആശാന്‍ പണ്ട് പാടിയത് ഇന്ന് പ്രസക്തമായിരിക്കുന്നു. മനുഷ്യരാശിയുടെ നെട്ടപ്പുറത്തേറ്റ ഓര്‍ക്കാപ്പുറത്തൊരടി. അതിന്‍റ്റെ ആഘാതം അതിരറ്റതാണ്. എങ്ങനെ പരിണമിക്കുമെന്ന്, എപ്പോള്‍ ശമനമാകുകുമെന്ന് ആര്‍ക്കും തീര്‍ത്തു പറയാനാവുന്നില്ല. ആരോഗ്യപരിപാലനരംഗത്തു വര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും  അപ്പാടെ സ്വീകരിക്കാന്‍ ചില ഭരണാധികാരികളൂം ജനസമൂഹങ്ങളൂം മടികാണിക്കുന്നു. ലോകജീവിതാമാകെ നിശ്ചലമായിരിക്കുന്നു. പലരുടെയും പാരമ്പരാഗതധാരണകള്‍ തിരുത്തിക്കുറിയിക്കേണ്ടതായി വന്നിരിക്കുന്നു. ചിന്താഗതികള്‍ക്കു മാറ്റം വന്നിരിക്കുന്നു. ജീവിതശൈലിക്ക് കാതലായവ്യതിയാനം സംഭവിച്ചിരിക്കുന്നു. നിയന്ത്രണമില്ലാത്ത വ്യക്തിസ്വാതന്ത്ര്യവും ഉപഭോഗവും അഭിലക്ഷണീയമല്ലെന്ന തിരിച്ചറിവ് നല്ലൊരുഭാഗം ജനങ്ങള്‍ക്ക് ലഭിക്കാന്‍ കൊറോണ കാരണമായെന്ന് തോന്നുന്നു.

ലോകമഹായുദ്ധകാലത്തിനു സമാനമായ ഭീതി മിക്കവാറും എല്ലാ ലോകരാഷ്ട്രങ്ങളെയും ഗ്രസിച്ചിരിക്കുന്നു. അനിശ്ചിതത്വം

ഭയവും പരിഭ്രാന്തിയും ജനിപ്പിക്കുന്നു. അത് പ്രശ്‌നത്തെ ഗുരുതരമാക്കുന്നു. ഭാരതത്തിന്‍റ്റെ ഉന്നത ന്യായാധിപന്‍ എസ്. എ ബോഡ് ഡെ കഴിഞ്ഞ ദിവസം എടുത്തു പറഞ്ഞത് ഭയവും പരിഭ്രാന്തിയും വൈറസിനേക്കാള്‍ അപകടകാരിയാണെന്നാണ്. ആഗോളാടിസ്ഥാനത്തില്‍, ആരോഗ്യപരിപാലനരംഗത്തു സേവനമനുഷ്ഠിക്കുന്നവര്‍ ഇല്ലായ്മകളെയും വല്ലായ്മകളെയും വിഗണിച്ചുകൊണ്ട്  കൊറോണായുടെ വ്യാപനത്തിന് തടയിടാന്‍ പാടുപെടുന്നു. ഭരണാധികാരികള്‍ ആവശ്യം പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. നിയമപാലകര്‍ ജാഗരൂകരായി കര്‍ത്തവ്യം അനുഷ്ഠിക്കുന്നു. ഇതിനിടയില്‍ അനേകരുടെ കഠിനയത്‌നങ്ങളെയും ത്യാഗപൂര്‍ണമായ സേവനത്തെയും ചിലര്‍ മാനിക്കുന്നില്ല, ഗൗനിക്കുന്നില്ല. പ്രശ്‌നത്തിന്‍റ്റെ വരുംവരാഴ്കകളെപ്പറ്റി അവര്‍ക്കു ചിന്തയില്ല.

തികച്ചും നിരുത്തരവാദപരമായി അവര്‍ പെരുമാറുന്നു. അവര്‍ക്കെതിരെ ഫലപ്രദമായി പ്രതികരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു!

അമേരിക്കയിലെ െ്രെകസ്തവരില്‍  ഗണനീയമായ ഒരു വിഭാഗം അറിയപ്പെടുന്നത് മതാന്മക വലതന്മാര്‍ (religious right) എന്ന പേരിലാണ്. അവര്‍ പൊതുവെ ശാസ്ത്രവിരോധികളാണ്. അവരുടെ നിലപാട് കോറോണവൈറസ്സിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ ബലഹീനമാക്കുന്നു. സര്‍ക്കാര്‍ അവരുടെ കൈകളിലാണെന്നുള്ള ഒരു ധാരണ അവര്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!

പ്രതിസന്ധിഘട്ടങ്ങളില്‍ പരമപ്രധാനസ്ഥാനം യാഥാര്‍ഥ്യങ്ങള്‍ക്കായിരിക്കണം എന്നറിയാത്തവരുണ്ടോ?

താന്‍ ഒരു അപ്പസ്‌തോലനാണെന്ന് അവകാശപ്പെടുന്ന ദേഹമാണ് ഗുലീര്‍മോ മല്‍ഡൊണാള്‍ഡോ. മയാമിയിലെ യേശുരാജ കൂട്ടായ്മയുടെ സ്ഥാപകനാണ്.    തന്‍റ്റെ അനുയായികള്‍ പള്ളിക്കര്‍മ്മങ്ങളില്‍ നേരിട്ടു സന്നിഹിതരാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ‘തന്‍റ്റെ ഭവനത്തില്‍ ഒത്തുകൂടുന്ന തന്‍റ്റെ ജനങ്ങള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി പടരുവാന്‍ ദൈവം ഇടയാക്കുമോ? ഒരിക്കലുമില്ല! ഒരിക്കലുമില്ല!’ ചോദ്യവും ഉത്തരവും മല്‍ഡോണായുടേതാണ്! അനുയായികള്‍ കരങ്ങളുയര്‍ത്തി ആമ്മേന്‍ പറയുന്നു, ഹല്ലേലുയ്യാ മുഴക്കുന്നു. അടിച്ചേല്‍പ്പിച്ച വിശ്വാസമാണ് (faith without reason) അനുനായികളെ നയിക്കുന്നത്. അപ്പസ്‌തോലന്‍ ചൂഷണം ചെയ്യുന്നതും അതുതന്നെയാണ്. 

ലൂയിസിയാനായിലെ ഒരു പുരോഹിതനാണ് ടോണിസ്‌പെല്‍. അദ്ദേഹത്തിന്‍റ്റെ,  വിശ്വാസസമൂഹത്തോടുള്ള പ്രഖ്യാപനം: “കൊറോണഭീതിയും ബാധയുമുള്ളവര്‍ക്കായി ഞാന്‍ തൈലാഭിഷേകം നടത്തിയ ഉറുമാല്‍ നല്‍കുന്നുണ്ട്. അത് നിങ്ങളുടെ ഭീതിയേയും വ്യാധിയെയും പമ്പകടത്തും!” ഗവര്‍ണരുടെ നിരോധനാജ്ഞ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സ്‌പെല്ലിന്‍റ്റെ പ്രതികരണം. എന്നാല്‍ ബഹുഭൂരിപക്ഷം പുരോഹിതന്മാരും ഇപ്രകാരമുള്ള  അപകടകരമായ ചിന്താഗതിക്കാരല്ലെന്നുള്ളത് ദൈവാനുഗ്രഹമായി കരുതണം.

മാര്‍ച്ച് 13ന്, ലിബേര്‍ട്ടി യൂണിവേഴ്‌സിറ്റിയുടെ അദ്ധ്യക്ഷനായ ജെറി ഫാല്‍വെല്‍ ഇളയവന്‍ കൊറോണ വൈറസ് വ്യാപന കാര്യത്തില്‍ പ്രതികരിച്ചത് hype, overreaction എന്നീ രണ്ടു വാക്കുകളിലൂടെയാണ്.

മാനന്തവാടിയിലെ വേമത്തു, മിഷനറീസ് ഓഫ് ഫെയ്ത് നടത്തുന്ന ഒരു സെമിനാരി ഉണ്ട്. സര്‍ക്കാരിന്‍റ്റെ നിരോധാജ്ഞയെ അവഗണിച്ചുകൊണ്ട് അടുത്തയിടയില്‍ അവിടെ കൂട്ടപ്രാര്‍ത്ഥന നടത്തുകയുണ്ടായി. പത്തനംതിട്ടയില്‍ ഇപ്രകാരം കൂട്ടപ്രാത്ഥന നടത്തിയത് സിലോണ്‍ പെന്തക്കോസ്തു സഭക്കാരാണ്.

 LGBT സമൂഹത്തെ ശത്രുതാഭാവത്തോടെ വീക്ഷിക്കുന്ന കൃസ്തുമതവിശ്വാസിയാണ് സ്റ്റീവ് ഹോട്‌സ്. വൈദ്യനും എഴുത്തുകാരനുമാണ്. ടെക്‌സാസ്  ജഡ്ജിന്റെ 'വീട്ടിലിരിക്കുക' എന്ന നിര്‍ദേശത്തിനെതിരേ കോടതികയറാന്‍ മുന്‍കൈ എടുത്ത ദേഹമാണ്. കൊറോണ വൈറസ് അമേരിക്കയെ ഭീഷണിപ്പെടുത്തുന്നുവെന്ന വാര്‍ത്തയോട്  അദ്ദേഹത്തിന്‍റ്റെ പെട്ടെന്നുള്ള പ്രതികരണം 'വ്യാജവാര്‍ത്ത' എന്നായിരുന്നു. കൊറോണായുടെ ആദ്യവാരങ്ങളില്‍ അദ്ദേഹത്തിന്‍റ്റെ വ്യാജവാര്‍ത്തക്കു പലയിടങ്ങളില്‍നിന്നും ശക്തമായ താങ്ങ് കിട്ടുകയുണ്ടായി. തല്‍ഫലമായി ആരംഭദശയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തണുപ്പനായിരുന്നു. കൊറോണ ബാധയിലും മരണസംഖയിലും അമേരിക്കയെ മുന്‍പന്തിയിലെത്തിച്ചത് സ്റ്റീവ് ഹോട്‌സന്റെ വ്യാജവാര്‍ത്തയാണെന്നു സംശയിക്കുന്നവര്‍ ഏറെയാണ്!

അഡ്‌ലായ് സ്റ്റീവന്‍സണ്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. അതിനിടയില്‍ ഒരു മഹിള വിളിച്ചുപറഞ്ഞു: "ഗവര്‍ണര്‍, ചിന്തിക്കുന്ന അമേരിക്കന്‍ ജനത ഒന്നാകെ അങ്ങയോടോപ്പം അണിനിരക്കും." നിമിഷനേരത്തെ മൗനത്തിനുശേഷം സ്റ്റീവന്‍സണ്‍ പ്രത്യുത്തരിച്ചു: “പോരാ, ബഹുഭൂരിപക്ഷത്തിന്‍റ്റെ പിന്തുണയാണ്എനിക്കുവേണ്ടത്!” എന്നാല്‍ ബഹുഭൂരിപക്ഷത്തിന്‍റ്റെ പിന്തുണയും സഹകരണവും കൊണ്ട് അമേരിക്കക്ക് കൊറോണായെ ഇണക്കാനാവില്ല! അമേരിക്കന്‍ ജനതയുടെ അസപത്‌നമായ സഹകരണവും പ്രയത്‌നവും അതിനു കൂടിയേ തീരൂ.

"ലോകജനതയില്‍ നല്ലൊരു ഭാഗത്തിന് ചിന്തിക്കുന്നതിനേക്കാള്‍ താല്‍പര്യം മരണംവരിക്കുന്നതാണെന്നു തോന്നുന്നു." ബര്‍ട്രാ0 റസ്സലിന്‍റ്റെ വാക്കുകളാണ് അവ. എത്രശരിയായ കാഴ്ചപ്പാട്. രാഷ്ട്രീയക്കാരും പരസ്യക്കമ്പനിക്കാരും കൈനോട്ടക്കാരും കത്തനാരന്‍മാരും ധ്യാനപസംഗക്കാരും തട്ടിവിടുന്നത്, കേട്ടപാതി കേള്‍ക്കാത്തപാതി അപ്പാടെ വെട്ടിവിഴുങ്ങുന്നവരല്ലേ നമ്മിലധികംപേരും? തന്മൂലം ഉണ്ടാകാവുന്ന മരണം, മാനഹാനി, പണനഷ്ടം കാര്യസിദ്ധിയില്ലായ്മ എന്നിവയെപ്പറ്റി നാം ചിന്തിക്കുന്നതേയില്ല! മഹാബുദ്ധിമാന്മാരെന്നു ഭാവിക്കുന്ന മലയാളികള്‍  പ്രതേകിച്ചും.

ഡല്‍ഹിയിലെ നിസ്സാമുദ്ദീനില്‍, മാര്‍ച്ചു മധ്യത്തില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിനു സ്വദേശികളും വിദേശികളുമാണ്. കൊറോണ പണിതരുന്നതിനിടയിലാണ് ഈ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി. പത്തിലധികം മരണങ്ങളും അനേകര്‍ക്ക്  കൊറോണാ ബാധയും ഇതിനോടകം സംഭവിച്ചിരിക്കുന്നു. തദ്ദേശവാസികള്‍ ഭീതിയില്‍ കഴിയുന്നു. സമ്മേളനത്തില്‍ സംബന്ധിച്ചു തിരിച്ചുപോയവരെത്തേടി പോലീസ് അലയുന്നു. മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യന്‍ മതത്തിനുവേണ്ടിയോ എന്നറിയാത്തവര്‍ മനുഷ്യരാശിക്കാകമാനം എന്തെന്തു ദ്രോഹങ്ങളാണ് വരുത്തിവെക്കുന്നത്!

ടെലവിയുടെ (ഇസ്രായേല്‍) പ്രാന്തപ്രദേശമാണ് ബിനീബ്രാക്. സ്ഥലവാസികളില്‍ 95% കടുത്ത യാഥാസ്ഥിക യഹൂദരാണ്. ഇസ്രായേലിലെ കൊറോണാ ബാധിതരില്‍ 50% അവിടെയാണ്. ഇടതിങ്ങിയുള്ള വാസം, കൂടുതല്‍ അംഗസംഖ്യയുള്ള കുടുംബങ്ങള്‍, ആരോഗ്യപ്രശ്‌നങളെസംബന്ധിച്ച അറിവില്ലായ്മ, മതത്തിന്റെ വിലക്കുമൂലം ടി വി മുതലായ ആധുനിക മാധ്യമങ്ങളുടെ തിരസ്ക്കരണം, നിയമങ്ങളോടുള്ള ബഹുമാനമില്ലായ്മഇവയൊക്കെ അവരുടെ പ്രത്യേകതകളാണ്. സര്‍ക്കാരിന്‍റ്റെ  കര്‍ശന വിലക്കുകള്‍ക്ക് അവര്‍ വില കൊടുക്കാറില്ല. അവരുടെ ദൃഷ്ടിയില്‍ സര്‍ക്കാരുകള്‍ മതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. പ്രാര്‍ത്ഥനയും ടോറാ പഠനവുംകൊണ്ട് ഇസ്രയേലിനെ കൊറോണാബാധയില്‍നിന്നും രക്ഷിക്കാമെന്നാണ് അവരുടെ വിശ്വാസം!

മ്യാന്‍മാറിലെ ഒരു ബുദ്ധസന്ന്യാസിയുടെ കോറോണാ പ്രതിരോധ ഔഷധം ലളിതമാണ്. ചെറുനാരങ്ങാനീരുചേര്‍ത്ത വെള്ളത്തില്‍ മൂന്നു പനങ്കാ ഇട്ടുവയ്ക്കുക. കൂടെക്കൂടെ സേവിക്കുക. ഇറാനില്‍ കാര്യങ്ങള്‍ ലളിതതരമാണ്. ഷൈറ്റു മുസ്ലിം പള്ളികളുടെ ചുമരുകളില്‍ ചുംബനമര്‍പ്പിച്ചാല്‍ രോഗശാന്തി അച്ചട്ടാണ്.

 ടെക്ക്‌സാസിലേക്കു  വരുമ്പോള്‍ നവീന ടെക്‌നോളജി കലര്‍ന്ന പ്രതിവിധിയാണ് പ്രയോഗിക്കുന്നത്. കെന്നെത്ത് കോപ്പ്‌ലാന്‍ഡ് എന്ന വിദൂരപ്രഭാഷകന്‍ ഔഷധം കലര്‍ത്തിയ പ്രഭാഷണങ്ങളാണ് പ്രക്ഷേപണം ചെയ്യുന്നത്. ടി വി സ്ക്രീനിലൂടെ അത് വിശ്വാസികളെ രോഗവിമുക്തരാക്കുന്നു.

മാറോനൈറ്റ് കത്തോലിക്കാ സമൂഹത്തിന്‍റ്റെ ലെബനോനിലെ പുരോഹിത പ്രധാനിയാണ് ഫാദര്‍ അല്ലാവി. കൊറോണാ പ്രശ്‌നത്തില്‍ അദ്ദേഹത്തിന്‍റ്റെ പ്രതികരണം: ‘ജീസസ് ആണ് എന്‍റ്റെ സംരക്ഷകന്‍! ജീസസ് ആണ് എന്നെ ശുദ്ധീകരിക്കുന്നവന്‍!’ അതുകൊണ്ട് കൊറോണായെ ഞാന്‍ ഭയക്കുന്നില്ല. കൊറോണായുടെ ശീഘ്രവ്യാപനത്തിന് ദക്ഷിണ കൊറിയയിലെ ഒരു പള്ളിയില്‍ നടന്ന കൂട്ട പ്രാര്‍ത്ഥന കാരണമായതായി ആരോപണമുണ്ട്. മലയേഷ്യയിലെ ഒരു  മുസ്ലിം പള്ളിയില്‍ തടിച്ചുകൂടിയത് 10000ത്തിലധികം ഭക്തന്മാരാണെത്രെ! ന്യൂയോര്‍ക്കിലെ ന്യൂറോഷെല്ലിലും മോന്‍സിയിലും യാഥാസ്ഥിതിക യഹൂദര്‍ കൊറോണാ വ്യാപനത്തിന് ആക്കം കൂട്ടിയതായി കരുതപ്പെടുന്നു.

ഇങ്ങനെ, ലോകത്തിന്‍റ്റെ എല്ലാ മുക്കിലും മൂലയിലും മതത്തിനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും സ്വാഭിപ്രായങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്തു മേവുന്നവര്‍ വളരെയേറെയാണ്. ജീവന്‍പോലും പണയപ്പെടുത്തി കൊറോണായെ പ്രതിരോധിക്കുവാനും, ബാധിച്ചവരെ രക്ഷിക്കുവാനും പാടുപെടുന്നവരെ അപമാനിക്കുന്നവരല്ലേ അവര്‍? നാശവും മരണവും വിതക്കുന്ന കൊറോണാവൈറസിന്, അറിഞ്ഞോ അറിയാതെയോ, വീര്യവും വിജയവും നല്‍കുന്നവരല്ലേ അക്കൂട്ടര്‍?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക