Image

സ്വപ്ന നഗരം ( ചെറുകഥ: ദീപ ബിബീഷ് നായർ)

Published on 02 April, 2020
സ്വപ്ന നഗരം ( ചെറുകഥ: ദീപ ബിബീഷ് നായർ)
അവർ 4 പേരുണ്ട് ആ റൂമിൽ. ഒരു തമിഴനും, ഒരു യു.പിക്കാരനും, കൂടാതെ രണ്ട് മലയാളികൾ - നിസാറും രവിയും. നിസാർ മലപ്പുറം കാരനാണ്, രവി കൊല്ലത്തുള്ളതും. 

പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ ക്ഷീണത്തിലാണ് എല്ലാവരും.രാവിലെ 8 മണിക്ക് പോകുന്നതാണ്, രാത്രി 7 മണിയാകും തിരികെ റൂമിലെത്താൻ, കമ്പനിയുടെ ബസിലാണ് പോക്കും വരവും. എന്നും സന്ധ്യ മയങ്ങിക്കഴിഞ്ഞ് റൂമിലെത്തിയാലും നിരത്തുകളിലും അടുത്ത റൂമുകളിലുമൊക്കെ ബഹളമയമാണ്, അതിൻ്റെ കൂടെ TV യും പരസ്പരമുള്ള ബഹളവുമൊക്കെ. പക്ഷേ ഇപ്പോ കുറച്ചു ദിവസമായി എങ്ങും ശ്മശാന മൂകത മാത്രം. എവിടെയും പേടിപ്പെടുത്തുന്ന നിശബ്ദത. ഇന്നലെവരെക്കണ്ട സ്വപ്നനഗരി ഇപ്പോൾ ഏതോ ദുസ്വപ്നത്തിലകപ്പെട്ടത് പോലെ.പുറത്തിറങ്ങാനാകാതെ എല്ലാവരും വീർപ്പുമുട്ടലിൻ്റെ വിങ്ങലിൽ.

എന്നത്തെയും പോലെ അത്താഴമൊക്കെ കഴിച്ച് നാലാളും, അവരവരുടെ മൊബൈലുമായി കട്ടിലിലേക്ക്. കുറച്ചു നേരം വീട്ടുകാരുമായി വർത്തമാനം, പിന്നീട് കൂട്ടുകാരുമായി കുശലാന്വേഷണം. അതു കഴിഞ്ഞ് ഉറക്കത്തിലേക്ക്.

രാത്രി 1 മണിയായിക്കാണും, രവി എന്തോ ഞെട്ടിയെണീറ്റു, കണ്ണു തുറന്നു നോക്കുമ്പോ ഒരു ചെറിയ വെട്ടം, നിസാർ ഇതുവരെ ഉറങ്ങിയില്ലേ? പതുക്കെ തല പൊക്കി നോക്കി, ഇല്ല അവൻ കരയുകയാണെന്ന് തോന്നി. പെട്ടെന്ന് രവി എഴുന്നേറ്റ് നിസാറിൻ്റെ അടുത്തു ചെന്നു."അളിയാ, എന്തു പറ്റി?" ഒന്നുമില്ല എന്ന് നിസാർ തലയാട്ടി." അല്ല എന്തോ ഉണ്ട്, എന്നോട് പറയാൻ പറ്റുന്നതാണേൽ പറയ്" രവി ആരാഞ്ഞു. പൊതുവേ അന്തർമുഖനായിരുന്നു നിസാർ എങ്കിലും അടക്കിപ്പിടിച്ച ശബ്ദത്തിൽ അവൻ പറഞ്ഞു, "രവീ, ഷംനാക്ക് ഇന്ന് 9 മാസം തികയുവാണ്, കഴിഞ്ഞ 8 വർഷക്കാലായിട്ടുള്ള പ്രാർത്ഥനയാണ്, ഓളുടെ പ്രസവത്തിനെത്തുമെന്ന് വാക്ക് കൊടുത്തിരുന്നതാ ഞാൻ, അതിപ്പോ ഈ അവസ്ഥയിൽ എങ്ങനെ പോകാനാ?."

ഇതു കേട്ട രവിക്കും വല്ലാത്ത സങ്കടം തോന്നി. "അളിയാ, എന്തു ചെയ്യാം നമ്മുടെ വിധി". എന്നും സ്വപ്നങ്ങൾ കാണാൻ വിധിക്കപ്പെട്ടവരാണ് നമ്മളെപ്പോലെ  മിക്ക ഗൾഫുകാരും. ഇതിപ്പോ ഇങ്ങനെയൊരു മഹാവ്യാധി വരുമെന്ന് നമ്മളറിഞ്ഞിരുന്നില്ലല്ലോ? നീ വിഷമിക്കാതെ, നിനക്കറിയാമോ? കഴിഞ്ഞ 2 വർഷമായി നാട്ടിൽ പോയിട്ട്, ഈ അവധിക്ക് ഭാര്യയേയും മക്കളേയും ഇവിടേക്ക് കൊണ്ടുവരണമെന്ന് കരുതിയാണ് പോകാതിരുന്നത്, എൻ്റെ ഇളയ മോളെ പ്രസവിച്ചതിന് ശേഷം ഇതുവരെ നേരിൽ കണ്ടിട്ടില്ല, ഇനി എങ്ങനെ കൊണ്ടുവരാനാണ്?"

''15 വർഷമായി ഈ പ്രവാസ ജീവിതം തുടങ്ങിയിട്ട്, കുടുംബത്തിലെ ഓരോ ആവശ്യങ്ങൾ നിറവേറ്റാനായി ഈ മരുഭൂമിയിൽ വന്ന് കൊടുംചൂടിൽ വിശ്രമമില്ലാതെ പണി എടുക്കുന്നു. വേറെ വഴിയില്ലല്ലോ? നല്ല പ്രായം മുഴുവൻ ഇങ്ങനെ ഒറ്റപ്പെട്ട് ജീവിക്കാനായിരിക്കും നമ്മുടെയൊക്കെ വിധി, കുംടുംബം സന്തോഷമായിരിക്കുമല്ലോ എന്ന ഒറ്റ ആശ്വാസമേയുള്ളു അളിയാ, അല്ലാതെ ഇതൊക്കെയാണോ ജീവിതം. ഓരോ തവണയും നാട്ടിലെത്തുമ്പോൾ അടുത്ത വരവോട് കൂടി നിർത്തിപ്പോരണം എന്നു കരുതും, പക്ഷേ... കഴിയില്ല അതാണ് സത്യം..നീ കിടന്ന് ഉറങ്ങാൻ നോക്ക്, രാവിലെ 5 മണി മുതൽ അടുക്കളയിൽ യുദ്ധം തുടങ്ങണ്ടെ? നാളെ ഡ്യൂട്ടിക്ക് പോണ്ടതല്ലെ, നമ്മളൊക്കെ തുല്യ ദു:ഖിതർ മാത്രം "...രവി നിസാറിൻ്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു..

  നിസാറിനെ ആശ്വസിപ്പിച്ചെങ്കിലും ആകെ  വിഷമിച്ച മനസുമായാണ് രവി ഉറങ്ങാൻ കിടന്നത്. രണ്ടാളും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.. അവരുടെ ഉറക്കത്തിന് അകമ്പടിയായി സുഖമുള്ള സ്വപ്നങ്ങൾ കൂട്ടിനെത്തി, ആ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത് നാടും, തോടും, പാടങ്ങളും, വീടും, കുടുംബവും മാത്രമായിരുന്നു........

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക