Image

ഏപ്രില്‍ ആണു ഏറ്റവും ക്രൂരമായ മാസം (ന്യു യോര്‍ക്ക് കത്ത്)

ജിജെ Published on 02 April, 2020
ഏപ്രില്‍ ആണു ഏറ്റവും ക്രൂരമായ മാസം (ന്യു യോര്‍ക്ക് കത്ത്)
ഇപ്പോഴത്തെ ന്യു യോക്കിലെ സ്ഥിതിയെപറ്റി പറയുമ്പോള്‍ ലോകത്തിലെ ഏറ്റവും അതിശയകരമായ കാര്യം എന്തെന്നു യുധിഷ്ടിരന്‍ വിശദീകരിക്കുന്നതാണ് ഓര്‍മ്മയില്‍ വരുന്നത്. യുധിഷ്ടിരന്‍ പറഞ്ഞു, 'നമ്മുടെ ചുറ്റും അനേകം മനുഷ്യര്‍ മരിച്ചു വീഴുന്നു. എന്നാല്‍ താന്‍ ഒരിക്കലും മരിക്കില്ല എന്ന ചിന്തയോടെയാണ് ഓരോരുത്തരും ജീവിക്കുന്നത്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ അതിശയം.'

ന്യു യോര്‍ക്കില്‍ഇത്അക്ഷരാര്‍ഥത്തില്‍ ശരി. ചുറ്റും, മനുഷ്യര്‍ക്ക് കൊറോണ വരുന്നു. ഒട്ടേറെ പേര്‍ മരിക്കുന്നു. ന്യു യോര്‍ക്ക് സിറ്റിയില്‍ മാത്രം 1500-ല്‍ പരം. ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ 2300 ല്‍ പരം.

പക്ഷെ ഇതൊന്നും തനിക്കു ബാധകമല്ല എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ കഴിഞ്ഞോട്ടെ. വിശ്വാസം അതല്ലെ എല്ലാം.

വന്നതൊന്നും സാരമില്ല, വരാനുള്ളതാണു ഭയങ്കരം എന്നാണു പ്രസിഡന്റ് ട്രമ്പ്, ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ, ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ എന്നിവര്‍ പറയുന്നത്. ഇപ്പോള്‍ നിത്യേന നൂറില്‍ പരം പേര്‍ ന്യു യോര്‍ക്ക് സിറ്റിയില്‍ മരിക്കുന്നത് അത് പല ഇരട്ടി കൂടും. അതിനായി വമ്പന്‍ ട്രക്കുകളില്‍ മൊബൈല്‍ മോര്‍ച്ചറികള്‍ ഒരുങ്ങി. ആശുപത്രി പരിസരങ്ങളില്‍ താല്ക്കാലിക മോര്‍ച്ചറികളായി കൂറ്റന്‍ ടെന്റുകള്‍ ഉയര്‍ന്നു. ഇപ്പോള്‍ തന്നെ ബോഡി ബാഗുകള്‍ നീക്കം ചെയ്യുന്നത് ഫോര്‍ക്ക് ലിഫ്റ്റ് ഉപയോഗിച്ച്.

മരണത്തിനു ഇപ്പോള്‍ പഴയ ശൗര്യമില്ല. ആരെങ്കിലും മരിച്ചു എന്നു കേട്ടാല്‍ അമ്പരപ്പോ വിഷമമോ തോന്നുന്നില്ല. നിര്‍വികാരത മാത്രം. ഇത്തരമൊരു അവസ്ഥ മനുഷ്യകുലത്തിനു എങ്ങനെ വന്നു? എവിടെ നമ്മൂടെ പുരോഗതി?

അടുത്ത രണ്ടോ മൂന്നോ ആഴ്ചക്കുള്ളീല്‍ വൈറസ് ബാധ അതിന്റെ ഉച്ച സ്ഥായിയില്‍ എത്തുമെന്നാനു അധിക്രുതര്‍ പറയുന്നത്. കൂടുതല്‍ രോഗബാധിതര്‍, കൂടുതല്‍ മരണം ഒക്കെ ഉണ്ടാകും.

ഇന്ത്യാക്കാരടക്കുമുള്ള കുടിയേറ്റക്കാര്‍ ഏറെയുള്ള ന്യു യോര്‍ക്ക് സിറ്റിയിലെ ക്വീന്‍സ് ബോറോ, റോക്ക് ലാന്‍ഡ് കൗണ്ടി, ന്യു ജെഴ്‌സിയിലെ ബെര്‍ഗന്‍ കൗണ്ടി എന്നിവിടങ്ങളിലാണു ഏറ്റവുമമധികം രോഗം പരക്കുന്നത്
രോഗം കുറവുള്ള മറ്റു സ്റ്റേറ്റുകളിലുള്ളവര്‍ ആഹ്ലാദിക്കണ്ട. അവിടെയും ഇതൊക്കെ വരും.

നോബല്‍ സമ്മാനം കിട്ടിയ ടി.എസ്. എലിയട്ട്  വെയ്സ്റ്റ് ലാന്‍ഡില്‍ എഴുതി (സ്വതന്ത്ര തര്‍ജുമ!)

ഏപ്രില്‍ ആണു ഏറ്റവും ക്രൂരമായ മാസം
മരിച്ച മണ്ണില്‍ നിന്ന് ലൈലാക്കുകള്‍ മുളക്കുന്നു
ഓര്‍മ്മകളും മോഹങ്ങളും കൂട്ടിക്കുഴച്ച്
വസന്തത്തിലെ മഴയില്‍ വേരുകള്‍ നനയുന്നു 

("APRIL is the cruellest month, breeding  
Lilacs out of the dead land, mixing 
Memory and desire, stirring  
Dull roots with spring rain.")

ന്യു യോര്‍ക്കിലിപ്പോള്‍ വസന്തത്തിന്റെ തുടക്കം. വ്രുക്ഷലതാദികളില്‍ മൊട്ടുകള്‍ വിരിയുന്നു. അത് പൂവും കായും ഇലയും ആകാന്‍ വെമ്പുന്നു.

എന്നിട്ടും തണുപ്പ് തീര്‍ന്നിട്ടില്ല. ഇക്കൊല്ലം കനത്ത മഞ്ഞുവീഴ്ച ഉണ്ടായില്ല. ഒരടിയിലും അതിലേറേയും പെയ്തിറങ്ങുന്ന മഞ്ഞില്‍ എപ്പോള്‍ നിയന്ത്രണം പോകും എന്നു പേടിച്ച് കാറോടിക്കുമ്പോള്‍ സ്വപ്നം കാണുന്നതാണു വസന്തത്തെ. 

If the winter comes, can the spring be far behind?

ഈ വസന്തത്തില്‍ ഞങ്ങള്‍ക്ക് പഴയ സന്തോഷമില്ല. പൂവുകള്‍ പൊട്ടി വിടരുന്നതും പ്രക്രുതി മൊത്തം പൂങ്കാവനമാകുന്നതും ഒന്നും ഞങ്ങളെ ആഹ്ലാദിപ്പിക്കുന്നില്ല.

എപ്പോഴാണു കൊറോണ എന്ന ഭീകരന്‍ എത്തുന്നതെന്ന ഭീതി. അദ്രുശ്യനായ ശത്രു. ജീവനും കൊണ്ടു പോകാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ശത്രു...

ന്യു യോര്‍ക്ക് സിറ്റിയില്‍ പുതിയ നിയമം. ഹാര്‍ട്ട് അട്ടാക്ക് ആയി ആംബുലന്‍സ് വിളിച്ചാല്‍ അശുപത്രിയില്‍ എത്തിക്കുമെന്ന് ഉറപ്പില്ല. രോഗിയുടെ ഹ്രുദയം നിലച്ചു, അത് പുനരുജ്ജീവിപ്പിക്കാന്‍ എമര്‍ജന്‍സി ടെക്‌നീഷന്‍സ് വിചാരിച്ചിട്ടു നടന്നില്ലെങ്കില്‍ പിന്നെ ആശുപത്രിയിലോട്ടു കൊണ്ടു വരരുതെന്നാണു ഉത്തരവ്. ഇതുവരെ ഏതവസ്ഥയിലും രോഗിയെ ആശുപത്രിയിലെത്തിച്ച് പരമാവ്ധി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമായിരുന്നു.

അതു പോലെ തന്നെ പ്രായമായവരും താരതമ്യേന പ്രായം കുറഞ്ഞവരും ചികില്‍സക്കെത്തുമ്പോള്‍ മുന്‍ ഗണന പ്രായം കുറഞ്ഞവര്‍ക്ക്. വെന്റിലേറ്ററും മറ്റും അവര്‍ക്ക് നല്‍കും. ജീവിതകാലം മുഴുവന്‍ സമ്പദിച്ച തുകയോ സൗകര്യങ്ങളോ ഒന്നും വാര്‍ധക്യത്തില്‍ ഉപകരപ്പെടുന്നില്ല.

ആരെ പഴിക്കണം?

കേരളം പോലെ, ഇന്ത്യ പോലെ എല്ലാം അടച്ചിട്ടു കൂടായിരുന്നോ എന്ന് ഇന്ത്യയിലിരുന്ന് ചോദിക്കുന്നവര്‍ ധാരാളം. ന്യു യോര്‍ക്കില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു എന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞപ്പോള്‍ തന്നെ അത് നിയമപരമായി നിലനില്കണമെന്നില്ല എന്നാണു ഗവര്‍ണര്‍ ക്വോമ്മൊ പറഞ്ഞത്.
ഇന്ത്യയിലെ പോലെ നേതാവ് പറഞ്ഞാല്‍ ഉടനെ രാജ്യം അടച്ചിടുക വിഷമം. സ്വാതന്ത്യത്തിനൊക്കെ ഇപ്പോഴും അര്‍ഥമുണ്ട്.

ഇന്ന് (വ്യാഴം) ഉച്ചക്കു ഗവര്‍ണര്‍ ക്വോമോ നടത്തിയ പതിവു പത്രസമ്മേളനത്തില്‍ പറഞ്ഞ കണക്കുകള്‍: സ്റ്റേറ്റില്‍ രോഗബാധിതര്‍ 92,381.അവരില്‍ പകുതി ന്യു യോര്‍ക്ക് സിറ്റിയിലാണ്. 51,809 പേര്‍. സിറ്റിയില്‍ മാത്രം പുതുതായി 4300-ല്‍ പരം പേര്‍ക്ക് രോഗ ബാധ.

മരണ സംഖ്യ സ്റ്റേറ്റില്‍ 2373. തലേന്നത്തേക്കാല്‍ 432 കൂടുതല്‍. സ്റ്റേറ്റില്‍ രണ്ടര ലക്ഷത്തോളം പേരെ ടെസ്റ്റ് ചെയ്തു. 13,000-ല്‍ പരം പേര്‍ ആശുപത്രിയില്‍. 33,00-ല്‍ പരം ഐ.സി.യുവില്‍. രോഗം ഭേദമായി 7300-ല്‍ പരം പേര്‍ ആശുപത്രി വിട്ടു.

ആറു ദിവസത്തേക്കു കൂടിയുള്ള വെന്റിലേറ്റര്‍ മാത്രമാണുള്ളത്.

രോഗം വ്യാപകമാകുന്നത് ഏപ്രില്‍ അവസാനത്തോടേ ആകാമെന്നും ഗവര്‍ണര്‍ പറഞ്ഞു. വേനല്ക്കാലം വരെ രോഗം ഇല്ലാതാവില്ല.
ഏപ്രില്‍ ആണു ഏറ്റവും ക്രൂരമായ മാസം (ന്യു യോര്‍ക്ക് കത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക