Image

നിര്‍ഭയേ, നിനക്കിപ്പോള്‍! (കവിത -തൊടുപുഴ കെ ശങ്കര്‍)

Published on 01 April, 2020
നിര്‍ഭയേ, നിനക്കിപ്പോള്‍! (കവിത -തൊടുപുഴ കെ ശങ്കര്‍)
നിര്‍ഭയേ, നിനക്കിപ്പോള്‍, തൃപ്തിയായല്ലോ, നിന്നെ
നിര്‍ദ്ദയം പീഡിപ്പിച്ചോര്‍, ക്കര്‍ഹിച്ച ഫലം  കിട്ടി!
കര്‍മ്മഫലം  കാല, മെത്ര താന്‍ കഴിഞ്ഞാലും
കര്‍മ്മിയെ  തേടി യെത്തും, വേദങ്ങള്‍  ഉല്‍ഘോഷിപ്പു!

പശുക്കളെത്രയുണ്ടെ, ന്നാകിലും തന്നമ്മയാം
പശുവെ തെറ്റാതെ കണ്ടെത്തുന്ന കിടാവെ പോല്‍,
വേടന്റെ വില്ലില്‍ നിന്നും,തൊടുത്തൊരസ്ത്രം തെറ്റി
വേറെങ്ങും തറയ്ക്കാതെ, യിരയില്‍ തറയ്ക്കും പോല്‍,

കര്‍മ്മ ഫലം കാലമെത്ര താന്‍ കഴിഞ്ഞാലും
ജന്മങ്ങളെടുത്താലും, കര്‍മ്മിയെത്തേടി യെത്തും!
മര്‍മ്മമാ മീവാസ്തവം,കര്‍മ്മം ചെയ്യുമ്പോളാരു
മോര്‍മ്മിക്കയില്ലെന്നുള്ള, തല്ലയോ പരമാര്‍ത്ഥം!

കബന്ധന്‍റെ കൈ പോലെ, കര്‍മ്മ ഫലവും, തെല്ലും
കബളിപ്പിക്കാനാവി, ല്ലാര്‍ക്കുമേ, യതു വെല്ലും!
'കാര്യമില്ലതിലെന്നു,' ചിന്തിക്കാം ജന ഗണം
കാതലില്ലതു   വെറും,തെറ്റായ  നിഗമനം!

അച്ഛനമ്മമാരെത്ര,നൊമ്പരപ്പെട്ടു  കാണും
സ്വച്ഛത  നശിച്ചെട്ടു, വര്‍ഷങ്ങള്‍  കഴിച്ചവര്‍!
പിഞ്ചു  പൊന്മകളുടെ, പൂമേനി  പിടഞ്ഞൊരാ
വഞ്ചിത  നിമിഷത്തെ,നിനച്ചു  പോക്കി കാലം!

മനുസ്മൃതിയില്‍പ്പോലും, കാണ്മതില്ലയോ  നമ്മള്‍
മനുഷ്യ  വംശത്തിനു  മാറ്റുവാനാവാ  ധര്‍മ്മം!
"കൗമാരെ പിതാവാലും, യൗവ്വനെ ഭര്‍ത്താവാലും
വാര്‍ദ്ധക്യെ പുത്രനാലും" രക്ഷിക്കപ്പെടേണ്ടവള്‍!

അമ്മയു മതോടൊപ്പം, പത്‌നിയും, സോദരിയും
അവളിലൊരു  നല്ല  സുഹൃത്തും  അന്തര്‍ലീനം!
ആര്‍ഷ ഭാരത  ഭൂവില്‍,അനാദി കാലം  തൊട്ടേ
ആബാല വൃദ്ധം  നാരിയ്ക്കാദര  വേകുന്നു നാം!

മൃഗങ്ങള്‍  പോലും കേട്ടാല്‍, ലജ്ജിച്ചു  തല  താഴ്ത്തും
മട്ടിലല്ലയോ  മര്‍ത്ത്യന്‍, കാട്ടുമീ കടും  കൈകള്‍!
'നാരിയെ സ്വമാതാവായ്, സോദരിയായ് നാം കാണും
നാളിലേയുണ്ടാകുള്ളൂ, നന്മയും  ഉല്‍ക്കര്‍ഷവും!

മനുഷ്യാ,മൃഗങ്ങളെ ക്കണ്ടു നീ  പഠിക്കണം
മനുവിന്‍ കുടുംബത്തില്‍, പിറന്നോരല്ലോ നമ്മള്‍!
നീതിയും  സദാചാര  ബോധവും, കര്‍മ്മഫല
ഭീതിയുമുണ്ടേല്‍, ലോക, ജീവിതം ധന്യമാകും!

നിര്‍ഭയേ, നിന്നാത്മാവു, നിത്യവും  വര്‍ത്തിക്കട്ടെ
നിത്യ  ശാന്തിയും, സമാ, ധാനവും വരിച്ചെന്നും!
പുരുഷ  വംശമേ, ഇനി, മേലിലെങ്കിലും സ്ത്രീയോ
ടരുതീ കാട്ടാളത്വം! ക്രൂരമാം  പെരുമാറ്റം!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക