Image

ഇറ്റലിക്ക് കൈത്താങ്ങായി കൊളോണ്‍ അതിരൂപതയും

Published on 31 March, 2020
ഇറ്റലിക്ക് കൈത്താങ്ങായി കൊളോണ്‍ അതിരൂപതയും


കൊളോണ്‍: ഇറ്റലിയില്‍ നിന്നുള്ള കൊറോണ രോഗികളെ കൊളോണ്‍ അതിരൂപതയുടെ ക്ലിനിക്കുകളില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കിയതായി കൊളോണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി.ലാസറിന്റെ പുനരുത്ഥാനം പോലെ കൊറോണയില്‍ നിന്നും ഒരു പുനര്‍ജ്ജനി ഇറ്റലിക്ക് നല്‍കാനാണ് കര്‍ദ്ദിനാളിന്റെ വാക്കുകളിലെ പൊരുള്‍.

'ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സമയമാണ്. ഇവിടെയാണ് കാരുണ്യത്തിന്റെ കൈകള്‍ നീട്ടേണ്ടത്. സഹാനുഭൂതിയുടെ വാതില്‍ തുറക്കേണ്ടത്' - കര്‍ദ്ദിനാള്‍ വോള്‍ക്കി പറഞ്ഞു.

സംസ്ഥാനത്തിന്റെ മേലധികാരികളുമായി ഒരുമിച്ച് ആശ്വാസ പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്ത് അതിരൂപതയിലെ കത്തോലിക്കാ ക്ലിനിക്കുകളില്‍ ഇറ്റാലിയന്‍ കൊറോണ രോഗികള്‍ക്കായി തീവ്രപരിചരണ വിഭാഗങ്ങളില്‍ അടിയന്തരമായി ആവശ്യമായ സ്ഥലങ്ങള്‍ നല്‍കി ജീവന്‍ രക്ഷിക്കാനാണ് മുന്നിട്ടിറങ്ങുന്നത്.

തുടക്കത്തില്‍, ആറ് രോഗികളെ അതിരൂപതയിലെ വിവിധ കത്തോലിക്കാ ആശുപത്രികളില്‍ പാര്‍പ്പിക്കാനും തീവ്രമായ വൈദ്യസഹായം നല്‍കാനും കഴിയുമെന്ന് കര്‍ദ്ദിനാള്‍ വോള്‍ക്കി പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഐക്യദാര്‍ഢ്യത്തിന്റെയും അയല്‍ക്കാരോടുള്ള പ്രായോഗിക സ്‌നേഹത്തിന്റെയും പ്രോത്സാഹജനകമായ ഉദാഹരണമാണിതെന്ന് വോള്‍ക്കി ചൂണ്ടിക്കാട്ടി.

ഇറ്റലിയില്‍ നിന്നും കൊറോണ രോഗികളെയും വഹിച്ചുള്ള ആദ്യത്തെ വിമാനം ശനിയാഴ്ച കൊളോണില്‍ ഇറങ്ങിയിരുന്നു. ജര്‍മനി വിമാനസര്‍വീസുകള്‍ക്കു പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വടക്കന്‍ ഇറ്റലിയില്‍ നിന്ന് കൊറോണ രോഗികള്‍ക്ക് പരിചരണം നല്‍കാന്‍ നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. രോഗികളെയും വഹിച്ചുള്ള ഗതാഗതത്തിന് വ്യോമസേനയുടെ പ്രത്യേക എയര്‍ബസ് ആംബലന്‍സുകള്‍ വഴിയാണ് രോഗികളെ ഇവിടെ എത്തിക്കുന്നത്. ഇറ്റലിയില്‍ കൊറോണ കേസുകള്‍ കൂടുതലായതിനാല്‍ അവിടുത്തെ ആശുപത്രികള്‍ക്ക് അമിതഭാരമുണ്ട്. എല്ലാറ്റിനുമുപരിയായി, തീവ്രപരിചരണ സ്ഥലങ്ങളുടെയും വെന്റിലേറ്ററുകളുടേയും അഭാവമുണ്ട്.

സംസ്ഥാനത്തിലെ വിവിധ ആശുപത്രികളില്‍ സഹായപ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ കുടിയേറ്റക്കാരെന്നോ അഭയാര്‍ഥികളെന്നോ അന്യനാട്ടുകാരെന്നോ ഉള്ള വ്യത്യാസം ഇല്ലാതെ സഹായിക്കുക മാത്രമാണ് ഏക ലക്ഷ്യം.

അതേസമയം, കൊളോണ്‍ അതിരൂപതയുടെ സന്ദേശത്തില്‍ വൃദ്ധരോ രോഗികളോ ആയ ആളുകളെ കുടുംബത്തിലോ ഫ്‌ളാറ്റുകളിലോ തനിച്ചാക്കരുതെന്ന് ആവശ്യപ്പെട്ടു. അവര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ഏറ്റവും ഉചിതമായ രീതിയില്‍ നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

ലോകത്തിലെ ദുരിതങ്ങള്‍ ദൈവം ആഗ്രഹിക്കുന്നില്ല. യൂറോപ്പിന്റെ അരികിലുള്ള അഭയാര്‍ഥി ക്യാന്പുകളില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അവിടെ പരിശോധനകള്‍ക്ക് ഡ്രൈവ് ഇന്നുകളോ തീവ്രപരിചരണ സ്റ്റേഷനുകളോ ഒന്നും ഇല്ല. അവര്‍ക്കായി ജര്‍മനിയിലെ ഭവനരഹിതര്‍ക്കായി സെമിനാരികള്‍ തുറന്നു നല്‍കാനും കര്‍ദ്ദിനാള്‍ തീരുമാനിച്ചു. അന്തിയുറങ്ങാന്‍ ഇടമില്ലാതെ നട്ടംതിരിയുന്ന ഭവനരഹിതര്‍ക്ക് വിശ്രമിക്കാന്‍ സെമിനാരിയുടെ വാതില്‍ തുറന്നു നല്‍കി. ഇക്കാര്യം കര്‍ദ്ദിനാള്‍ തന്നെയാണ് ട്വിറ്ററിലൂടെ പൊതു സമൂഹത്തെ അറിയിച്ചത്.

കൊറോണ മുന്‍കരുതലിന്റെ ഭാഗമായി അതിരൂപതയിലെ വൈദിക വിദ്യാര്‍ഥികള്‍ സ്വന്തം ഭവനങ്ങളിലേക്ക് പോയതിനാല്‍, സെമിനാരിയിലെ താമസസൗകര്യവും മറ്റും ഭവനരഹിതര്‍ക്ക് തുറക്കുകയാണെന്നും അവര്‍ക്കായി ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ട്വീറ്റില്‍ വ്യക്തമാക്കി. അതുപോലെ അഭയാര്‍ഥികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന മുറികളും അപ്പാര്‍ട്ടുമെന്റുകളും അതിരൂപത നല്‍കിയിട്ടുണ്ട്.

നിലവില്‍ അറുപത്തിനായിരത്തിനടുത്ത് ആളുകള്‍ക്ക് ജര്‍മനിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു രാജ്യത്തു ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പു കൂടിയായ കര്‍ദ്ദനാളിന്റെ തീരുമാനം.

2018 ജൂലൈയില്‍ കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ 1,50,000 യൂറോയുടെ സഹായവും അന്ന് കൊളോണ്‍ അതിരൂപത നല്‍കിയിരുന്നു.

കൊളോണ്‍ അതിരൂപതയുടെ കീഴിലാണ് ജര്‍മനിയിലെ ഏറ്റവും വലിയ മലയാളി കമ്യൂണിറ്റി. സുവര്‍ണനിറവിലെത്തിയ കമ്യൂണിറ്റിയില്‍ ഇന്ത്യക്കാര്‍ക്കായി പ്രത്യേകിച്ച് മലയാളികള്‍ക്കായി ഒരു വൈദികനെയും അതിരൂപത നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി സിഎംഐ സഭാഗം ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ചുമതലക്കാരനായി സേവനം ചെയ്യുന്നു. അതുപോലെ തന്നെ അതിരൂപതയില്‍ ഒട്ടനവധി സിഎംഐ വൈദികരും മറ്റു സഭാംഗങ്ങളും വിവിധ ആശുപത്രികളിലായി നിരവധി സന്യാസിനികളും ജോലി ചെയ്യുന്നുണ്ട്.

നോര്‍ത്ത്‌റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന കൊളോണ്‍ അതിരൂപത ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അതിരൂപതയാണ്. 1,94 മില്യണ്‍ കത്തോലിക്കരാണ് അതിരൂപതയിലുള്ളത്.

ജര്‍മനിയില്‍ കോവിഡ് ബാധിച്ച മലയാളികള്‍ എല്ലാവരുംതന്നെ സുഖം പ്രാപിച്ചുവരുന്നു. ജര്‍മനിയില്‍ ഇതിനകം 57,298 പേര്‍ക്കു കോവിഡ് ബാധ ഉണ്ടായതില്‍ 455 പേര്‍ മരിച്ചതായി പ്രമുഖ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ ബര്‍ലിനിലെ റോബര്‍ട്ട് കോഹ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. എന്നാല്‍ അമേരിക്ക ആസ്ഥാനമായ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കില്‍ 63,079 പേര്‍ രോഗം ബാധിച്ചതായും മരണ സംഖ്യ 545 ല്‍ എത്തിയതായും പറയുന്നു. അതേസമയം കൊറോണ ബാധ സംശയിച്ച ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇപ്പോഴും ക്വാറന്റൈനിലാണ്.

കൊറോണ വൈറസ് മൂലം രാജ്യത്തുണ്ടായ വന്‍ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 156 ബില്യണ്‍ യൂറോയുടെ സാന്പത്തിക പാക്കേജിലെ സഹായം നല്‍കിത്തുടങ്ങി.ചെറിയ സംരംഭകര്‍ക്ക് 9000 യൂറോയും 10 വരെയുള്ള ചെറിയ സംരംഭകര്‍ക്ക് 15,000 യൂറോയും സഹായം മൂന്നു മാസത്തേക്കാണ് നല്‍കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ മാസവരുമാനമായിരിക്കും ലഭിക്കുക. 30 ലക്ഷം പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. സര്‍ക്കാര്‍ പണം സൗജന്യമായിരിക്കും. ശന്പളം, വാടക എന്നീ ഇനങ്ങള്‍ക്കായി ഈ പണം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക