Image

ഓസ്ട്രിയയിലെ സ്ഥിതി 'കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത' മാത്രം: സെബാസ്റ്റ്യന്‍ കുര്‍സ്

Published on 31 March, 2020
 ഓസ്ട്രിയയിലെ സ്ഥിതി 'കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത' മാത്രം: സെബാസ്റ്റ്യന്‍ കുര്‍സ്

വിയന്ന: ഓസ്ട്രിയയിലെ സ്ഥിതി നിസാരമല്ല. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നാണ് മാര്‍ച്ച് 30നു സര്‍ക്കാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്നും മനസിലാകുന്നത്. രാജ്യത്തെ സ്ഥിതിയെക്കുറിച്ചു 'കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത' മാത്രമാണിതെന്നാണ് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് മാധ്യമങ്ങളോടു പറഞ്ഞത്.

ഏറ്റവും ഒടുവിലായി രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 108 ആയി. അതേസമയം വൈറസ് പോസറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം 9600 കവിഞ്ഞു. അണുബാധയുടെ വ്യാപനം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ബുധനാഴ്ച മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മാസ്‌ക് സൂപ്പര്‍മാര്‍ക്കറ്റിന്റെ കവാടത്തില്‍ നിന്നും വാങ്ങിക്കാവുന്നതാണ്.

'ഒരു അധിക കര്‍ശന നടപടി' എന്ന നിലയിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സ്വയം നിര്‍മിക്കുന്ന മാസ്‌കുകളും ഉപയോഗിക്കാനുള്ള അനുവാദം നിലവിലുണ്ട്. വായും മൂക്കും സംരക്ഷിക്കുന്നതു സ്വയം സംരക്ഷണത്തിന്റെ ഭാഗം മാത്രമല്ല മറിച്ച് മറ്റുള്ളവരെകൂടി സംരക്ഷിക്കുന്നതിനാണ് - കുര്‍സ് പറഞ്ഞു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാത്രമാണോ മാസ്‌ക് എന്ന ചോദ്യത്തിന് മറ്റു ആളുകളുമായി ബന്ധപ്പെടുന്നിടത്തെല്ലാം അത് നിര്‍ബന്ധമാക്കുന്നതാണ് ഉചിതമെന്നു കുര്‍സ് മറുപടി നല്‍കി. ആരോഗ്യസംരക്ഷണ സംവിധാനത്തെ ഏതെങ്കിലും തരത്തില്‍ തളര്‍ത്തുന്നത് തടയേണ്ട സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ശന നടപടികള്‍.

റിസ്‌ക് ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കും. ഹ്രസ്വകാല ജോലികള്‍ക്കായി ലഭ്യമാക്കിയിരുന്ന 400 മില്യണ്‍ യൂറോയില്‍ നിന്നും ഒരു ബില്യണ്‍ യൂറോ വരെ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി വന്നേക്കും. കമ്പനികള്‍ക്കുള്ള സാമ്പത്തിക സംരക്ഷണം കഴിഞ്ഞ വെള്ളി മുതല്‍ പ്രാബല്യത്തില്‍ വന്നു.

കഴിയുന്നത്ര വീട്ടില്‍ തുടരുകയും സാമൂഹിക സമ്പര്‍ക്കങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിയുന്നതൊക്കെ ചെയ്യണമെന്നും കുറഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരം പാലിക്കണമെന്നുമുള്ള നിബന്ധനകള്‍ കര്‍ശനമായിത്തന്നെ തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തെ ഐസിയു സംവിധാനങ്ങള്‍ എല്ലാം നിറഞ്ഞു കവിയും. സാമൂഹ്യസമ്പര്‍ക്ക നിരോധന നടപടികള്‍ ഈസ്റ്റര്‍ വരെയാണെങ്കിലും സമ്പര്‍ക്ക വിലക്ക് വീണ്ടും നീളുമെന്നാണ് വിവരം.

അണുബാധയുമായി ബന്ധപ്പെട്ടു നല്‍കിയ മുന്നറിയിപ്പ് ലംഘനങ്ങളുടെ പേരില്‍ ഇതിനകം രാജ്യവ്യാപകമായി പതിനായിരത്തിലധികം റിപ്പോര്‍ട്ടുകള്‍ പോലീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം രണ്ടായിരത്തിലധികം കേസുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ആശുപത്രികളില്‍ അധിക സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും പത്രസമ്മേനത്തില്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ടൂറിസം മേഖല അടഞ്ഞുതന്നെ കിടക്കും. 2,000 ആളുകളില്‍ നടത്തുന്ന റാന്‍ഡം സാമ്പിള്‍ ടെസ്റ്റ് ഈ ആഴ്ച അവസാനത്തോടെ പൂര്‍ത്തിയായേക്കും. അതിനുശേഷം എത്രപേര്‍ക്ക് രോഗം ബാധിച്ചുവെന്ന് കണക്കാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മെഡിക്കല്‍ രംഗത്തുള്ളവര്‍ക്കും ഉചിതമായ പരിശോധനകള്‍ നടക്കും.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ ഫെസ്റ്റിവലായ ഡാനൂബ് ദ്വീപ് ഫെസ്റ്റിവല്‍ സെപ്റ്റംബറിലേക്ക് മാറ്റി. വിയന്നയില്‍ നടക്കുന്ന പരമ്പരാഗത എസ്പിഒ മേയ് മാര്‍ച്ച് റദ്ദാക്കി.

അതേസമയം പുതിയ അണുബാധകളുടെ എണ്ണം ഗണ്യമായി കുറയുകയാണെങ്കില്‍, കാര്യങ്ങള്‍ പഴയപടിയിലേക്കു കൊണ്ടുവരാന്‍ ബിസിനസ് രംഗം ആദ്യമേ സജീവമാക്കും. പിന്നീടായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക