Image

വിറയലിന് മറുമരുന്നായി മദ്യ കുറിപ്പടിക്കുത്തരവ്; വിവാദം നുരയും (ശ്രീനി)

ശ്രീനി Published on 31 March, 2020
 വിറയലിന് മറുമരുന്നായി മദ്യ കുറിപ്പടിക്കുത്തരവ്; വിവാദം നുരയും (ശ്രീനി)
കൊറോണ ലോക്ക് ഡൗണ്‍ കാലത്ത് മദ്യം കിട്ടാതെ അമിത മദ്യാസക്തിയുള്ളവര്‍ ദിനംപ്രതി ആത്മഹത്യ ചെയ്യുകയാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള സാനിറ്റൈസര്‍ വരെ കുടിച്ചതുമൂലം മരണം സംഭവിച്ചു എന്ന് പറയുമ്പോള്‍ മദ്യാസക്തിയുടെ അമ്പരപ്പിക്കുന്ന ആഴവും അസ്വസ്ഥതയും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍  ഡോക്ടറുടെ കുറിപ്പടിയില്‍ ആസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീരുമാനം വലിയ വിവാദം തന്നെ സൃഷ്ടിച്ചിരിക്കുന്നു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, സൈക്യാട്രി സൊസൈറ്റി എന്നീ സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നു. 

ഇതിനിടെ ഒരാള്‍ക്ക് മദ്യം നല്‍കാന്‍ കുറിപ്പടിയെഴുതിയ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ഇത് വാര്‍ത്താമാധ്യമളിലും പിന്നീട് പ്രത്യക്ഷപ്പെട്ടു. ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് കൊച്ചി പറവൂരിലെ ആയൂര്‍വേദ ഡോക്ടര്‍ എം.ഡി രഞ്ജിത്താണ്, പുരുഷോത്തമന്‍ എന്ന 48കാരന് മദ്യം നല്‍കാന്‍ കുറിപ്പടിയെഴുതിയത്. ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണത്തിന് ദിവസം മൂന്ന് തവണ എം.സി വി.എസ്.ഒ.പി ബ്രാണ്ടി 60 മില്ലി സോഡ ചേര്‍ത്ത് നിലക്കടലയും കൂട്ടി കഴിക്കാമെന്നായിരുന്നു കുറിപ്പടി. സംഗതി തമാശയാണെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഡോ. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് പോലീസിനോട് നിര്‍ദ്ദേശിച്ച അതേ എക്‌സൈസ് വകുപ്പ് തന്നെയാണ് അമിത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നതെന്നതാണ് ഏറെ കൗതുകകരം.

ഉത്തരവ് പ്രകാരം വിഡ്രോവല്‍ ലക്ഷണമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ ഓഫീസില്‍ ഹാജരാക്കണമത്രേ. എക്‌സൈസ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാള്‍ക്ക് ഒന്നില്‍ അധികം പാസുകള്‍ ലഭിക്കില്ല. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഈ മാര്‍ഗം മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസങ്ങളില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് എക്‌സൈസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിശ്ചിത അളവിലാകും മദ്യം നല്‍കുക. മദ്യം ലഭിക്കാത്തതു മൂലം അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കുകയും വേണം. 

കൊറോണവ്യാപനം കാരണം മദ്യവില്‍പ്പന ഇല്ലാതാക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായ സാഹചര്യമാണിപ്പോള്‍. അതേസമയം, മദ്യംകിട്ടാതെയുള്ള ആത്മഹത്യകള്‍ ഭീകരമായ ഒരു സാമൂഹിക യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുകയുമാണ്. 'കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കുക...' എന്ന് പറയാറില്ലേ. മദ്യാസക്തികൊണ്ടുണ്ടാകുന്ന രോഗം മാറ്റാന്‍ മദ്യം പര്യാപ്തമാണോ എന്ന ചോദ്യവും തര്‍ക്കവും ഇത്തരുണത്തില്‍ ഉയര്‍ന്നുവരുന്നു. പലരും ചെറിയ അളവില്‍ കഴിച്ച് തുടങ്ങിയാണ് അമിത മദ്യപാനികളായി മാറുന്നത്. അവരെ സംബന്ധിച്ച് മദ്യം ലഭിക്കാതിരിക്കുന്നത് കടുത്ത ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കിടയാക്കും. അതിലൊന്നാണ് ആത്മഹത്യാ പ്രവണത.

ഈ ലോക്ക് ഡൗണ്‍ കാലം മദ്യത്തെയും മദ്യപാനികളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് സജീവമാക്കിയിരിക്കുകയാണ്. മദ്യത്തോടുള്ള ഏതുതരം അടിമത്തവും രോഗമാണെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനും 1955ല്‍ പ്രഖ്യാപിക്കുകയുണ്ടായി. 'ആരുടെയെങ്കിലും മദ്യാശ്രയം ശ്രദ്ധേയമായ മാനസിക തകരാറുകള്‍ വരുത്തിവയ്ക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യം, വ്യക്തിബന്ധങ്ങള്‍, സാമൂഹികവും സാമ്പത്തികവുമായ കര്‍ത്തവ്യങ്ങളുടെ സുഗമമായ നിര്‍വഹണം എന്നിവയ്ക്ക് ശല്യമാവുകയും ചെയ്യുന്നുവെങ്കില്‍ അത്തരം അമിത മദ്യപരത്രേ മദ്യാസക്തി രോഗികള്‍...' എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചനം.

മദ്യം വിഷമാണ് എന്നാണ് അതിനെ എതിര്‍ക്കുന്നവര്‍ പഠിപ്പിക്കുന്നത്. അപ്പോള്‍ വിഷം കിട്ടതെ വരുമ്പോള്‍, അതുമൂലമുണ്ടാകുന്ന വ്യക്തികളുടെ അസ്വസ്ഥതകള്‍ അകറ്റാന്‍ അതേ വിഷം തന്നെ കൊടുക്കുന്നത് മരണത്തിലേയ്ക്കുള്ള ദൂരം കുറയ്ക്കുകയേയുള്ളൂ. മദ്യം താത്കാലികമായോ സ്ഥിരമായോ നിരോധിക്കപ്പെടുന്ന എല്ലാക്കാലത്തും എതിര്‍പ്പുകളും അസ്വസ്ഥകളും ഉണ്ടാവാറുണ്ട്. അപ്പോഴാണ് കള്ളവാറ്റും വ്യാജ മദ്യവും സുലഭമാവുന്നത്. കൂടാതെ മയക്കുമരുന്നുകളുടെ രഹസ്യ വില്‍പനയും സജീവമാകും. ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും ഇല്ലാതായതോടെ മയക്കുമരുന്നിന്റെ ഉപയോഗം പതിന്മടങ്ങ് വര്‍ധിക്കാന്‍ തീര്‍ച്ചയായും സാധ്യതയുണ്ട്. എന്നാല്‍, മദ്യം യഥേഷ്ടം ലഭ്യമാക്കിയാലും മയക്കുമരുന്നു വില്‍പ്പന കുറയില്ല. മാത്രമല്ല, വന്‍തോതില്‍ വര്‍ധിക്കുകയാണുണ്ടായിട്ടുള്ളതെന്ന് മുന്‍കാല അനുഭവങ്ങള്‍ സാക്ഷി.

മദ്യപാനം പലവിധത്തിലാണ്. ഒരു രസത്തിന് മദ്യപിക്കുന്നവരുണ്ട്. എല്ലാം മറക്കാനുംകുടിക്കും. ഉറങ്ങാന്‍ വേണ്ടിയും  ധൈര്യം ലഭിക്കാനും മദ്യപിക്കുന്നവരെ കാണാം. സാമ്പത്തിക പരാജയവും മദ്യപാനത്തിന് കാരണമാണ്. കമ്പനിക്കുവേണ്ടിയും സ്റ്റാറ്റസ് നിലനിര്‍ത്താനും കള്ളുകുടിക്കുന്നവരുണ്ട്. ലൈംഗിക ശേഷി നിലനിര്‍ത്താന്‍ കുടിക്കുന്നവരും ഒരുപാടുണ്ട്. ദഹിക്കാന്‍, ക്ഷീണം മാറാന്‍, കൂടുതല്‍ ജോലി ചെയ്യാന്‍, തണുപ്പകറ്റാന്‍, പ്രായമായി എന്നറയിക്കാന്‍, ഷോ കാണിക്കാന്‍...ഇങ്ങനെ മദ്യപിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. അവര്‍ക്ക് പല ന്യായീകരണങ്ങളുമുണ്ട്. ഞാന്‍ അധികമൊന്നും കഴിക്കുന്നില്ല, വല്ലപ്പോഴുമല്ലേ കുടിക്കുന്നുള്ളൂ, വഴിയില്‍ വീണ് കിടക്കുന്നില്ലല്ലോ, കാശുമുടക്കി വെള്ളമടിക്കുന്നില്ലല്ലോ, നല്ല സാധനം മാത്രമേ കഴിക്കാറുള്ളൂ, എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനറിയാം എന്നൊക്കെയാണ് മദ്യപാനികളുടെ സ്ഥിരം ന്യായങ്ങള്‍. 

ശാരീരികവും മാനസികവുമായ തലങ്ങളില്‍ മദ്യത്തിന്റെ സംഭാവനകള്‍ എന്തൊക്കെയെന്ന് കൊറോണ ആശങ്കയില്‍ തന്നെ പരിശോധിക്കാം. മാനസിക വശം ഇങ്ങനെയാണ്: അമിതമായ പരാശ്രയത്വം, സ്വാര്‍ത്ഥ സ്വഭാവം, അംഗീകാരത്തിനുള്ള ദാഹം, മാനസിക അസ്വസ്ഥത, ഏകാന്തത, പരാജയ ബോധം, അപകര്‍ഷത, ദേഷ്യം, ശത്രുത, അക്രമ വാസന, മായക്കാഴ്ച, തന്നോടുതന്നെയുള്ള വെറുപ്പ്, ചിട്ടയില്ലാത്ത ജീവിത രീതി, ആകാംക്ഷ, മനോരോഗങ്ങളള്‍, ഉറക്കമില്ലായ്മ, സംശയരോഗം, ധാര്‍മികാധപ്പതനം, അമിത ഭക്തി, വികാരത്തിന്റെ വേലിയേറ്റം, വീടുവിട്ടുപോകാനുള്ള ചിന്ത, ആത്മത്യാ പ്രവണത. 

മദ്യം ഗുരുതരമായ ശാരീരിക രോഗാവസ്ഥകളിലേയ്ക്ക് നമ്മെ തള്ളിവിടും. ഞരമ്പുകളുടെ തളര്‍ച്ച, ബുദ്ധിമാന്ദ്യം, ആമാശയ രോഗങ്ങള്‍, കരള്‍ വീക്കം, ഹൃദ്രോഗം, രക്തസമ്മര്‍ദം, മഞ്ഞപ്പിത്തം, ശ്വാസകോശത്തിന് തകരാറ്, ശക്തിക്ഷയം, വൈറ്റമിന്റെ കുറവുകൊണ്ടുള്ള അസുഖങ്ങള്‍, ദഹനക്കേട്, വൃക്കകളുടെ തകരാറ്, ലൈംഗിക ശേഷിക്കുറവ്, അര്‍ശസ്, അള്‍സര്‍, കൈകൈല്‍ മരവിപ്പ്, വിറയല്‍, ഛര്‍ദി, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, ചൊറിച്ചില്‍. ഇത് പ്രഥമികമായോരു വിലയിരുത്തല്‍ മാത്രമാണ്. മദ്യപാന രോഗം സംബന്ധിച്ച് ബൃഹത്തായ പഠനങ്ങള്‍ ലോകവ്യാപകമായി ഉണ്ടായിട്ടുണ്ടല്ലോ.

കേരളത്തിലെ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ ദിവസേന ശരാശരി എട്ടരലക്ഷത്തോളം പേര്‍ മദ്യം വാങ്ങാനെത്തുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ 37 ശതമാനം പേര്‍ മദ്യം കഴിക്കുന്നവരാണ്. ഇതില്‍ 4.8 ശതമാനം പേര്‍ അതായത് ആറുലക്ഷത്തേളം ആളുകള്‍ മദ്യപാനം മൂലമുള്ള മാനസിക രോഗത്തിന് അടിമപ്പെട്ടവരാണ്. ഇവര്‍ വിഭ്രാന്തിയുടെ അവസ്ഥയില്‍ സാനിറ്റൈസറും മണ്ണെണ്ണയും തിന്നറും ഒക്കെ കുടിക്കുന്നതില്‍ അത്ഭുതമില്ല. മദ്യാസക്തിരോഗിയെ സാമൂഹിക വിരുദ്ധനും ക്രമിനലുമായിട്ടാണ് സമൂഹം കാണുന്നത്. എന്നാല്‍ പൂര്‍ണ മദ്യനിരോധനം എവിടെയെങ്കിലും ഫലപ്രദമായതായി ചരിത്രം രേഖപ്പെടുത്തുന്നില്ല. 1920-30 കാലയളവില്‍ അമേരിക്കയിലും 1949-72 കാലഘട്ടത്തില്‍ മഹാരാഷ്ട്രയിലും സമ്പൂര്‍ണ മദ്യനിരേധനം നടപ്പാക്കിയപ്പോള്‍ മദ്യസ്‌നേഹികള്‍ വീര്യം കൂടിയ മയക്കുമരുന്നുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നത്. 

സര്‍ക്കാരിന്റെ വലിയ വരുമാനമാര്‍ഗമാണ് മദ്യം. പക്ഷേ കൊറോണ ഭീതിക്കൊപ്പം അമിത മദ്യാസക്തിയുമായി ബന്ധപ്പെട്ട ആശങ്കയും ഉയരുകയാണ്. മദ്യത്തിന് മറുമരുന്ന് മദ്യമല്ലെന്ന അഭിപ്രായത്തിന് കരുത്തുണ്ട്. ഈ ദുരവസ്ഥയ്ക്ക് ശാസ്ത്രീയവും യുക്തിസഹവുമായ പരിഹാരമാര്‍ഗം തേടുകയാണാവശ്യം. മദ്യാസക്തി രോഗം ഒരു സാമൂഹിക യാഥാര്‍ഥ്യമായി കണ്ട് ഉചിതമായ പ്രതിവിധികള്‍ സ്വീകരിക്കുകയാണ് ഈ ഘട്ടത്തില്‍ ആവശ്യം. ഏതായാലും മദ്യപാനം ഉപേക്ഷിക്കാനുള്ള സുവര്‍ണകാലമായി ഈ കൊറോണക്കാലത്തെ കാണുന്നവരുമുണ്ട്. മദ്യം കിട്ടാതെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം കൊടുത്താല്‍ അതുമാറും. പക്ഷേ തല്‍ക്കാലത്തേയ്ക്ക് മാത്രം. വീണ്ടും അവര്‍ക്ക് അതിനേക്കാള്‍ കൂടിയ തോതില്‍ മദ്യം വേണ്ടിവരുമെന്നത് ശാസ്ത്രീയ യാഥാര്‍ത്ഥ്യമാണ്. മദ്യാസക്തിയുള്ളവരെ യഥാവിധി ചികില്‍സിച്ചാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ അവര്‍ സാധാരണ സ്ഥിതിയ്‌ലേയ്ക്ക് മടങ്ങവരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വാല്‍ക്കഷണം

നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നിലനില്‍ക്കേ നൂറുകണക്കിന് തൊഴിലാളികള്‍ പായിപ്പാടും പെരുമ്പാവൂരും പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയത് കേരളത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങണം എന്നാണ് ഇവരുടെ ആവശ്യമെങ്കിലും ലോക്ക് ഡൗണ്‍ കാലത്ത് അത് സാധ്യമല്ല. ഈ സാഹചര്യത്തില്‍ ചിലര്‍ അതിഥി തൊഴിലാളികള്‍ക്കെതിരെ പച്ചയ്ക്ക് വെറുപ്പും വംശീയതയും പരത്തുന്നുമുണ്ട്. ഇവരെ നാട്ടില്‍ നിന്ന് ഓടിക്കണം എന്നാണ് ചലചിത്ര സംവിധായകനും ബി.ജെ.പി നേതാവുമായ രാജസേനന്‍ ആവശ്യപ്പെട്ടത്. വിവാദമായതോടെ രാജസേനന്‍ മാപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. 

അപ്പന് വിളിച്ചിട്ട് ''സോറി...'' പറയുന്നതുപോലെ...സിംപിള്‍...

 വിറയലിന് മറുമരുന്നായി മദ്യ കുറിപ്പടിക്കുത്തരവ്; വിവാദം നുരയും (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക