Image

പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ - അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത

ജോര്‍ജ് കറുത്തേടത്ത് Published on 30 March, 2020
പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ - അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത
അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ യോഗം ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മഹനീയ അധ്യക്ഷതയില്‍ കൂടി ലോകം ഇന്ന് അഭിമുഖീകരിക്കുന്ന 'കോവിഡ് 19' എന്ന ഭീകര വ്യാധിമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ അവലോകനം ചെയ്തു.

ലോകമെമ്പാടും ഈ മഹാവ്യാധിമൂലം ദുരിതം അനുഭവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ക്കുവേണ്ടിയും, അതിനെ പ്രതിരോധിക്കുന്നതിനായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രാപകലില്ലാതെ അക്ഷീണ യത്‌നം നടത്തുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി മറ്റ് ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ ഓര്‍ത്തും, ദൈവസന്നിധിയില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത സഭാംഗങ്ങളെ ഉത്‌ബോധിപ്പിച്ചു.

ഈ പ്രത്യേക സാഹചര്യത്തില്‍ 2020 ജൂലൈ 22 മുതല്‍ 25 വരെ പെന്‍സില്‍വേനിയ ലാന്‍കാസ്റ്റര്‍ വിന്റം റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരുന്ന യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ക്യാന്‍സല്‍ ചെയ്തതായി ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട് അറിയിച്ചു. രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്ക് ഫുള്‍ റീഫണ്ട് ലഭിക്കുന്നതിലേക്കായി ഭദ്രാസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന അതാത് സിറ്റി, കൗണ്ടി, സ്റ്റേറ്റ് ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നത് ക്രൈസ്തവ ധര്‍മ്മമാണെന്നും അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ അതാത് ഇടവക വികാരിയുടെ നിര്‍ദേശാനുസരണം അവരവരുടെ ഭവനങ്ങളിലായി ഓണ്‍ലൈന്‍ വഴി നടത്തുന്ന വി. ആരാധനയിലും, പ്രാര്‍ത്ഥനകളിലും പങ്കുചേരണമെന്നു നിര്‍ദേശിക്കുന്നതോടൊപ്പം, എത്രയുംവേഗം ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഏവര്‍ക്കും സര്‍വ്വശക്തനായ ദൈവം കൃപയും ശക്തിയും നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും അഭിവന്ദ്യ തിരുമേനി അറിയിച്ചു.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക