Image

കോവിഡ് 19; ദൈവ ശിക്ഷ എന്ന ചിന്ത ദൈവ നിന്ദ; മാനവ ചെയ്തികള്‍ക്കുള്ള തിരിച്ചടിമാത്രം: കര്‍ദിനാള്‍ ലോപ്പസ്

Published on 30 March, 2020
കോവിഡ് 19; ദൈവ ശിക്ഷ എന്ന ചിന്ത ദൈവ നിന്ദ; മാനവ ചെയ്തികള്‍ക്കുള്ള തിരിച്ചടിമാത്രം: കര്‍ദിനാള്‍ ലോപ്പസ്
മൊറോക്കോ: 'ലോകജനതയുടെ ദുഷ്‌ചെയ്തികള്‍ക്കുള്ള പ്രകൃതിയുടെ മറുപടിയായ മഹാദുരിതങ്ങളെ ദൈവത്തിന്റെ ശിക്ഷയായി കാണരുതെന്ന് മൊറോക്കോയിലെ റബാത്തിന്റെ കര്‍ദിനാള്‍ ആര്‍ച്ച് ബിഷപ് ക്രിസ്റ്റബല്‍ ലോപ്പസ് റൊമേറോ.

പാന്‍ഡെമിക് വിഷയത്തില്‍ വിശ്വാസികള്‍ക്ക് എഴുതിയ കത്തില്‍ 'ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് നമ്മെ മോചിപ്പിക്കാന്‍ നമ്മോട് കരുണയായിരിക്കണമേയെന്നു ദൈവത്തോട് പ്രാര്‍ഥിക്കുകയും നമുക്ക് പ്രാര്‍ഥനയില്‍ കൂടുതല്‍ ആഴത്തില്‍ തുടരാനുള്ള അവസരവുമാണ് കിട്ടിയിരിക്കുന്നത്. നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മറന്നു കളയുവാന്‍ പാടില്ല. പകര്‍ച്ചവ്യാധി പകരുന്നത് തടയാനായി വീട്ടില്‍ തുടരാന്‍ നമ്മെ നിഷ്‌കര്‍ഷിക്കുമ്പോള്‍ നാം അത് പൂര്‍ണമായി പാലിക്കണം - ആര്‍ച്ച് ബിഷപ് പറഞ്ഞു.

'എന്നാല്‍ പ്രധാന കാര്യം മറ്റൊന്നാണ്, പ്രാര്‍ഥനയില്‍ മാത്രം മുഴുകി ജീവിക്കുകയല്ല ദൈവം ആഗ്രഹിക്കുന്നത്. 'തന്നെപ്പോലെ മറ്റുള്ളവരെയും സ്‌നേഹിക്കുക' എന്ന ദൈവം പഠിപ്പിച്ച സ്നേഹത്തിന്റെ നിയമങ്ങള്‍ പാലിക്കുവാനായി ലഭിക്കുന്ന ഓരോ അവസരങ്ങളും ഉപയോഗിക്കുവാന്‍ ഏറ്റവും നല്ല സമയമാണ് വീണുകിട്ടിയിരിക്കുന്നത് ആര്‍ച്ച് ബിഷപ് പറഞ്ഞു.

മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയം അമ്പതിലധികം ആളുകളുമായി ഉള്ള ശുശ്രൂഷകള്‍ നിരോധിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതിനുശേഷം, കര്‍ദിനാള്‍ ലോപ്പസ് റബത്ത് അതിരൂപതയിലെ കത്തോലിക്കരോട് അഭ്യര്‍ഥിച്ചു. ''ഭയത്തില്‍ നിന്നല്ല, സ്‌നേഹത്തില്‍ നിന്നാവണം നമ്മുടെ കടമ നിറവേറ്റുക. നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം, മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കുമെന്ന ചിന്ത എന്നത് മറ്റുള്ളവരോടുള്ള സ്‌നേഹമാണ് പ്രകടമാക്കുക. എല്ലാവരുടെയും നന്മയെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. വിശ്വാസികളുമായി ചേര്‍ന്നുള്ള ശുശ്രൂഷകള്‍ എല്ലാം താല്‍ക്കാലികമായി നിലയ്ക്കുമ്പോള്‍, അത് എല്ലാ മനുഷ്യരോടുമുള്ള ഐക്യദാര്‍ഢ്യവും,സദ് പ്രവൃത്തിക്കായും നമ്മുടെ അയല്‍ക്കാരോടും സഹമനുഷ്യരോടും ഉള്ള സ്‌നേഹം ചൊരിയുന്നതിനുമുള്ള അവസരമായും ഇതിനെ ഉപയോഗിക്കണം- ആര്‍ച്ച് ബിഷപ് പറഞ്ഞു.

കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ ഈ സങ്കീര്‍ണമായ സാഹചര്യത്തില്‍ കൂടുതലായി തിരുവചനം നാം പഠിക്കണം. ദൈവവചനത്തിന്റെ വെളിച്ചത്തില്‍, ''നമ്മുടെ പാപങ്ങളില്‍ നിന്നും അനുതപിച്ചു ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ നന്മ പുറപ്പെടുവിക്കാനും സംരക്ഷിക്കുവാനും ദൈവത്തിന് കഴിയും എന്നു തീര്‍ച്ചയാണ്. അവന്‍ കരുണാമയനും ഏക രക്ഷകനുമാണ്.നമ്മള്‍ ദുര്‍ബലരായ മര്‍ത്യരാണ്, സര്‍വശക്തനല്ല. സാങ്കേതികവിദ്യയ്ക്കും ശാസ്ത്രത്തിനും മാത്രമായി എല്ലാം പരിഹരിക്കാന്‍ കഴിയില്ല എന്ന് എല്ലാ മനുഷ്യരാശിയെയും ഓര്‍മിപ്പിക്കാന്‍ കോവിഡ്-19 നു കഴിഞ്ഞുവെന്ന് ആര്‍ച്ച് ബിഷപ് ലോപ്പസ് കൂട്ടിച്ചേര്‍ത്തു.

വൈറസ് രാജ്യാതിര്‍ത്തികളെ മാനിക്കുന്നില്ല, ഒരു രാജ്യത്തെയും മറ്റൊരു രാജ്യത്തെയും തമ്മില്‍ വേര്‍തിരിക്കുന്നില്ല. രോഗം സ്പര്‍ശിക്കുന്ന എല്ലാവര്‍ക്കും വിനയത്തിന്റെ ഒരു പാഠമാക്കി മാറ്റുന്ന ഒരു സത്യം , ഒരു വഴി അല്ലെങ്കില്‍ മറ്റൊന്ന് മനസിലാക്കിക്കൊടുക്കുന്നു. സ്വാര്‍ത്ഥതയ്ക്കും വ്യക്തിവാദത്തിനും സ്ഥാനമില്ല. നാമെല്ലാവരും ഒരേ ബോട്ടിലാണ്. ഇന്നത്തെ മഹാദുരന്തം മാനവികതയുടെ ഈ മഹാ കുടുംബത്തില്‍ ജീവിക്കാനും ഐക്യദാര്‍ഢ്യത്തോടെ ജീവിക്കാനും ലോക പൗരന്മാരെയും അംഗങ്ങളെയും പോലെ തോന്നാനുള്ള അവസരമാണ് പ്രദാനം ചെയ്യുന്നതെന്ന് കര്‍ദിനാള്‍ ലോപ്പസ് പറഞ്ഞു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക