Image

കേരളത്തിന് അഭിമാന ദിനം - ആൻസി സാജൻ

Published on 30 March, 2020
കേരളത്തിന് അഭിമാന ദിനം - ആൻസി സാജൻ
കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അന്തസ്സും അഭിമാനവുമുയർന്ന ദിനമായിരുന്നു ഇന്ന് കടന്നു പോയത്. ലോകം മുഴുവൻ ഭയപ്പെട്ട്  വിറുങ്ങലിച്ചു നിൽക്കുന്ന ഈ ആപൽഘട്ടത്തിൽ അടുത്ത രണ്ട് മൂന്ന് ദിവസങ്ങളായി ശുഭ സൂചനകളുയർത്തുന്ന കാഴ്ചകളാണ് നാം കാണുന്നത്. മധ്യകേരളത്തിലെ ഒരു കുടുംബം ഇറ്റലിയിൽ നിന്നും വന്ന് അവരുടെ ബന്ധുക്കൾക്കും പ്രദേശത്തിനാകെയും കൊവിഡ് അങ്കലാപ്പ് പകർന്നു നൽകിയ ഒരു സാഹചര്യം നിർഭാഗ്യവശാൽ വന്നു ചേർന്നിരുന്നു. വയോധികരായ മാതാപിതാക്കളടക്കം കുറച്ച് പേരിൽ രോഗം കണ്ടെത്തുകയും ചെയ്തു. എന്നാൽ അവരെല്ലാം ആരോഗ്യമുള്ളവരായി ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിന് ആശ്വാസവും ആനന്ദവുമേകിയത്.
     ഇത് വെറുതെയങ്ങ് സംഭവിച്ചതല്ല. ഒരു സംസ്ഥാനത്തിന്റെ മുഴുവൻ ശ്രദ്ധയും പരിചരണവും നിതാന്ത ജാഗ്രതയുമാണ് അവരെയെല്ലാം രോഗവിമുക്തരാക്കിയത്.93 ഉം 86 ഉം വയസ്സായ ആ വന്ദ്യ വയോധികരെപ്പോലും ഉപേക്ഷിക്കാതെ ചേർത്തു പിടിച്ചു കേരളം .സ്വന്തം ജീവനെപ്പോലും അവഗണിച്ചാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയത്.മെഡിക്കൽ കോളജിൽ ഇവരെ ശുശ്രൂഷിച്ച ഒരു നഴ്സിന് രോഗം പകർന്ന സാഹചര്യം പോലുമുണ്ടായി.
            സംസ്ഥാന സർക്കാർ നേതൃത്വത്തിനും ആരോഗ്യമന്ത്രിക്കും അഭിമാനിക്കാം.
       രോഗമുണ്ടാവുമ്പോൾ വലിയ വലിയ ആശുപത്രികളിലേക്കാണ് പണമുള്ളവരൊക്കെ പോകുന്നത്.ഇനം തിരിച്ച് ചികിൽസകളുണ്ടെന്ന് പറഞ്ഞാണ് ഇവ മൾട്ടി സ്പെഷ്യാലിറ്റികളാവുന്നത്. എന്നാൽ ധനവാനും ദരിദ്രനും ഒരു പോലെ ഭയക്കുന്ന ഈ കൊറോണയെ മെരുക്കാൻ അവർക്കാർക്കും ആവുന്നില്ല. ശീതീകരിച്ച മുറികളിലിരുന്ന് ഒന്നൊന്നായി കടന്നു വരുന്ന രോഗികളെ നോക്കുന്ന സ്മാർട് ഡോക്ടർമാർക്കാർക്കും ഈ സർക്കാർ ഡോക്ടർമാരുടെ അടുത്ത് നിൽക്കാൻ യോഗ്യതയുണ്ടോ എന്ന കാര്യം ചിന്തനീയമാണ്.
     തിങ്ങിനിറയുന്ന രോഗികൾക്കിടയിൽ പരിമിതമായ സൗകര്യങ്ങൾക്കിടയിലിരുന്നാണ് സർക്കാർ ഡോക്ടർമാർ പരിശോധന നടത്തുന്നത്.
ഒരു ചെറിയ പനി വന്നാൽ പോലും പത്തു കൂട്ടം ടെസ്റ്റുകൾ നടത്തി ഫൈവ് സ്റ്റാർ ആശുപത്രികളെ കൊഴുപ്പിക്കുന്ന ഡോക്ടർമാരെ ഓർക്കുക.
നിപ്പ വന്നാലും കൊറോണ വന്നാലുമൊന്നും ഇക്കൂട്ടരെ മഷിയിട്ട് നോക്കിയാൽ കാണില്ല.
    പറഞ്ഞു വരുന്നത് മറ്റൊന്നാണ്. നമ്മുടെ സർക്കാർ ആശുപത്രികളെയും മെഡിക്കൽ കോളേജുകളെയും ഉയർന്ന നിലവാരത്തിൽ നിർത്തേണ്ടത് സാധാരണ ജനങ്ങളുടെ മാത്രം ആവശ്യമല്ല; ഗുരുതര ഘട്ടങ്ങളിൽ മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെടുമ്പോൾ ജീവന്റെ രക്ഷതേടി പോകാനുള്ള ഇടമാണത്. റിസർച്ചും ശാസ്ത്രീയ അടിത്തറയും കൊണ്ട് മനുഷ്യനെ രക്ഷിക്കേണ്ട സ്ഥാപനങ്ങൾ;ഉപേക്ഷയും അലംഭാവവും കൊണ്ട് നശിപ്പിക്കരുതേ...
    പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി ധനവാൻമാരുടെ കൈകളിലേയ്ക്ക് ചെന്നു ചേർന്നു കൊണ്ടിരിക്കുന്നു. കച്ചവടം പഠിച്ച അവർ ഇഷ്ടം പോലെ ലാഭമുണ്ടാക്കും.അത്യാപത്തുകൾ സംഭവിക്കുമ്പോൾ നക്കാപ്പിച്ചകൾ നൽകി വിളങ്ങി നിൽക്കും.
    അറിവും പരിചയവും കൊണ്ട് ഏതിനും മുൻപന്തിയിൽ നിൽക്കുന്ന മനുഷ്യ ശക്തി നമുക്കുണ്ട്. അവരുടെ ശരിയായ വിന്യാസം എല്ലാ തലങ്ങളിലേക്കും നീളണം. വളർന്നു വരുന്ന തലമുറയെ രാജ്യത്തിന്റെ ശക്തികളായി മാറ്റണം.
    അമേരിക്കയും മറ്റ് വലിയ രാജ്യങ്ങളും കൊറോണയിൽ നടുങ്ങി നിൽക്കുമ്പോൾ അവിടെയൊക്കെയും കേരളത്തിൽ നിന്നുള്ളവർ ആരോഗ്യ പ്രവർത്തകരായി നിലകൊള്ളുന്നത് അഭിമാനകരമാണ്. അവരുടെ ജീവനും സുരക്ഷിതമായി സൂക്ഷിക്കാൻ പ്രതിരോധ സാമഗ്രികളും മറ്റും കാര്യക്ഷമമായി നൽകേണ്ടതുണ്ട്.
    നിപ്പയായാലും കൊറോണയായാലും ആരോഗ്യ പ്രവർത്തകരുടെ അത്യധ്വാനത്താലും ജനങ്ങളുടെ ജാഗ്രതയാലും അകന്നു നിൽക്കുന്ന കാഴ്ചയാണ് ഇവിടെ നാം കാണുന്നത്.മികച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടേ വലിയ ശമ്പളവും മറ്റും നൽകേണ്ടത്. ക്രിക്കറ്റും സിനിമയും കളിച്ചു നടക്കുന്നവരെക്കാൾ അംഗീകാരങ്ങൾ ഇവർക്കല്ലേ നൽകേണ്ടത്...?

ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക